Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴത്താളങ്ങൾ

mazha മഴ പെയ്തു തുടങ്ങി. പല താളത്തിൽ എഴുതപ്പെട്ട കവിത പോലെ...

മഴ പെയ്തു തുടങ്ങി. പല താളത്തിൽ എഴുതപ്പെട്ട കവിത പോലെ, ചിലപ്പോൾ വെയിലിന്റെ അകമ്പടിയോടെ ഒരു ചെറുചാറൽ, അപ്പോൾ മഴയ്ക്ക് പ്രണയത്തിന്റെ ഭാവം. ചിലപ്പോള്‍ മനസ്സിൽ കുഴിച്ചുമൂടിയ സർവ്വദുഖങ്ങളെയും ആവാഹിച്ചിട്ടെന്ന പോലെ ഇരുണ്ടു മൂടിയ മാനം. പിന്നെ ആർത്തലച്ച് ഒരു ഇരമ്പൽ മണ്ണിനെയും മനസ്സിനെയും കഴുകി ശുദ്ധമാക്കാനെന്ന പോലെ. മഴയ്ക്കായിനിയും കാത്തിരിക്കുന്ന പ്രദേശങ്ങളിൽ മഴയ്ക്ക് വരുമെന്ന പ്രതീക്ഷയുടെ താളം കാത്തിരിപ്പിന്റെ ഭാവം. മലയാളത്തെ മഴയുടെ കുളിരണിയിച്ച ചില മഴക്കവിതകൾ

∙ മഴ– വിജയലക്ഷ്മി

രാത്രിവീണയുമായി, ഏകാകിയാം

യാത്രികൻ വന്നു വീണ്ടുമീ കർക്കടം

എത്രയെത്രയോ കാലമായെങ്കിലും 

അല്പനാൾ മുമ്പിലെന്നപോൽ ജന്നലിൽ

ഒറ്റമിന്നലിൽ വീണ്ടും പഴയ ഞാൻ.

ഇടയ്ക്കെങ്കിലും പ്രകൃതിയുടെ മാറ്റങ്ങൾ നമ്മുടെ മറവികളെ തിരിച്ചുവിളിക്കാറില്ലേ? ഓർമ്മകളായി അവ ഓടി എത്താറില്ലേ? ഓർമകളും, വിരഹവും കാത്തിരിപ്പുമെല്ലാം വിജയലക്ഷ്മിയുടെ മഴ എന്ന കവിതയിൽ നിറയുന്നു.

ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്

ഓടിവന്ന വസന്തം തിരിച്ചുപോയ്

ഓർമ്മകൾക്കില്ല ചാവും ചിതകളും

ഊന്നുകോലും ജരാനരാദുഖവും  

മഴയ്ക്കായുള്ള കാത്തിരിപ്പ് പ്രതീക്ഷയും മഴ ആശ്വാസവുമാണ്. കാത്തിരിപ്പിനെകുറിച്ച് കവിയത്രി പറയുന്നതിങ്ങനെ

ജാലകങ്ങളിൽ വർഷാന്തരങ്ങളിൽ

നീ വരാൻ കാത്തിരിക്കുകയാണു ഞാൻ

ആടിമാസമേ, നിന്നസിതം മുഖം

നീലകേശം, നിലയ്ക്കാത്ത സാന്ത്വനം.

ആവണിക്കു തുമ്പ തേടുമ്പോഴും ജീവന്റെ, വിത്തിന്റെ, പുല്ലിന്റെ, വടുവൃക്ഷത്തിന്റെ നിലനിൽപിനെ കാക്കുന്ന ആടിമാസത്തെയല്ലാതെ ആരെയാണ് ഞാൻ ഓർക്കേണ്ടത് എന്ന ചോദ്യത്തോടെയാണ് വിജയലക്ഷ്മി മഴ എന്ന കവിത അവസാനിപ്പിക്കുന്നത്.

∙ മഴ– സച്ചിദാനന്ദൻ

മഴയുടെ ഭാവലോകം എത്ര വിശാലമാണ്. ചിലപ്പോൾ മുളയ്ക്കുന്ന വിത്തിന്റെ, വളരുന്ന ജീവന്റെ ഭാവം. ചിലപ്പോൾ കർക്കിടക ദാരിദ്ര്യങ്ങളുടെ, നനയാത്ത ഒരു കൂരയില്ലാത്തവന്റെ നെടുവീർപ്പിന്റെയും വ്യസനത്തിന്റെയും ഭാവം. ഇവയൊക്കെ സച്ചിദാനന്ദന്റെ കവിതയിൽ കാണാം. വർഷം ചെല്ലുന്തോറും മഴയുടെ അളവിലുണ്ടാകുന്ന കുറവ് നാളെ മഴ തന്നെ ഒരു ഓർമ്മ മാത്രമായി മാറുമോ എന്ന ആശങ്കയും ഈ കവിതയിൽ നിഴലിക്കുന്നു. മഴ മാത്രമല്ല മഴയിൽ കുളിച്ച മരങ്ങളും പതിയെ ഇന്നലെയുടെ ഓർമ്മകളായി മാറുകയാണ്.

sachidanandan സച്ചിദാനന്ദൻ

മഴയിൽ കുളിച്ച മരങ്ങളേ, കണ്ടുവോ

മറവിയിലെൻ പോയ ബാല്യം?

ഒരു വേള കാണുമേ കാതലിൽ പണ്ടെന്റെ

ചെറുനഖം കോറിയ ചിത്രം

ഒരുകൊമ്പിലുണ്ടാകാം ഞാൻ തൂങ്ങിയാടിയ

വിരലടയാളങ്ങളിന്നും

ഇലകളെല്ലാം പുതുതെങ്കിലും വേരിലെൻ

പനിയുടെ കുളിരല്പം കാണും

മഴയിൽകുളിച്ച മരങ്ങളും, മഞ്ചാടിക്കുരുവും, നെല്ലിപ്പൂവും മളതേൻ തുള്ളിയും ബാല്യത്തിന്റെ ഓർമ്മയാകുമ്പോൾ ഒരു കരിക്കട്ടതന്നെരിയും കിനാക്കളും മഴയുടെ മറുപുറമാകുന്നുണ്ട്.   

തടവനിന്നൊരു ഭ്രാന്തി കരയുമ്പോൾ വീശിയൊ–

രിടിമിന്നലിന്റെ തീപ്പൊരിയും

ഒരു പെങ്ങൾതൻ നെടുവീർപ്പും ഒരമ്മതൻ

വ്യസനത്തിൻ നേർച്ചയും കാണും

മഴ ചിലപ്പോഴൊക്കെ എരിയുന്ന സ്വപ്നങ്ങൾ ഇല്ലാതായ കരിക്കട്ടയുടേത് കൂടിയായിരുന്നു.

∙ രാത്രിമഴ– സുഗതകുമാരി

ചുമ്മാതെ കേണും ചിരിച്ചും, വിതുമ്പിയും നിർത്താതെ പിറുപിറുത്തും, നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിയ്ന്നോരു യുവതിയാം ഭ്രാന്തിയെപ്പോലെയാണ് രാത്രി മഴയെന്ന് സുഗതകുമാരി പറയുന്നു. രാത്രിമഴയിൽ മഴയുടെ ഭാവങ്ങൾ തീവ്രമാകുന്നത് കാണാം.

രാത്രിമഴ 

പണ്ടെന്റെ സൗഭാഗ്യ രാത്രികളിൽ 

എന്നെച്ചിരിപ്പിച്ച കുളിർ കോരിയണിയിച്ച 

വെണ്ണിലാവെക്കാൾ പ്രിയം 

തന്നുറക്കിയൊരന്നത്തെയെൻ 

പ്രേമസാക്ഷി.

രാത്രിമഴ 

ഇന്നെന്റെ രോഗോഷ്ണശയ്യയിൽ 

വിനിദ്രയാമങ്ങളിൽ, ഇരുട്ടിൽ 

തനിച്ചുകരയാനും മറന്നു ഞാൻ ഉഴലവെ 

ശിലപോലെയുറയവെ 

എൻ ദുഖസാക്ഷി

Sugathakumari സുഗതകുമാരി

രാത്രിമഴയുടെ ശോകാർദ്ര സംഗീതവും, അലിവും അമർത്തുന്ന രോഷവും, തേങ്ങി കരച്ചിലും. പുലരിയെത്തുമ്പോൾ മുഖം തുടച്ചുള്ള ചിരിയും എല്ലാം കവിയത്രി തിരിച്ചറിയുന്നുണ്ട് ഈ കവിതയിൽ.

∙ തോരാമഴ– റഫീഖ് അഹമ്മദ്

വേർപാട് നൽകിയ തോരാത്ത കണ്ണീരിന്റെ താളവും സങ്കടങ്ങളുടെ ഭാവവുമാണ് റഫീഖിന്റെ തോരാമഴ എന്ന കവിതയ്ക്ക്. 

ഉമ്മുക്കുലുസു മരിച്ചന്ന് രാത്രിതൊട്ട് ഇന്നോളം ആ മഴ തോർന്നുമില്ല. എന്ന് പറഞ്ഞ് അവസാനിക്കുമ്പോൾ ആ മഴകവിതയ്ക്ക് കണ്ണീരിന്റെ ഉപ്പുരസത്തിന്റെ രുചി.

ഇനിയുമെത്ര മഴകള്‍... മഴകവിതകൾ... മഴയ്ക്കെത്ര ഭാവങ്ങൾ...