Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയ നഷ്ടം പ്രാണനഷ്ടമോ?

savithri-rajeevan മലയാളികളുടെ ഉള്ളുതൊട്ട കവികൾ അവരുടെ ഉള്ളു തൊട്ട രണ്ട് പ്രണയ കവിതകൾ തിരഞ്ഞെടുക്കുന്നു. ആ കവിതകളിലൂടെ മലയാള കവിത നടന്ന പ്രണയ വഴികളിലൂടെയുള്ള സഞ്ചാരം... സാവിത്രി രാജീവൻ തിരഞ്ഞെടുത്ത കവിതകള്‍

പാരതന്ത്ര്യം മൃതിയെന്ന് കുമാരനാശാൻ; പ്രണയ നഷ്ടം പ്രാണനഷ്ടമെന്ന് സാവിത്രി. സാവിത്രി രാജീവന്റെ കവിതകളെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് കെ ജി ശങ്കരപ്പിള്ളയാണ്. പ്രണയത്തിന്റെ സത്യം എവിടെയാണ്? സത്യം, ശരി ഇവയൊക്കെ ഒന്നിലാവണമെന്നുണ്ടോ? പലരുടെ കാഴ്ചപ്പാടുകളിൽ പലതാവില്ലേ സത്യം? ഒന്നിലാവില്ലാ സത്യം, രണ്ടായാൽ മുറിഞ്ഞു പോകും. രണ്ടുകൾ ചേരുന്നേടത്തിരിപ്പു സത്യം എന്ന് കണ്ടെത്തിയത് അയ്യപ്പപണിക്കരാണ്. സാവിത്രി രാജീവൻ എന്ന കവിയത്രിയുടെ ഉള്ളു തൊട്ട മലയാള പ്രണയ കവിത അയ്യപ്പപണിക്കരുടെ പകലുകൾ രാത്രികളാണ്. പ്രണയം, വിരഹം, ജീവിതം തുടങ്ങി പ്രണയത്തിന്റെ വിവിധ ഭാവങ്ങളുടെ തന്മയത്വത്തോടെയുള്ള അവതരണമാണ് ഈ കവിത തിരഞ്ഞെടുക്കാൻ കവിയത്രിയെ പ്രേരിപ്പിക്കുന്നത്.

മനസ്സൊരു പാഴ്് വേലയാണ്, ചിന്ത ഒരു തന്ത്രവും. ഈ പാഴ്്വേല അവസാനിക്കുമ്പോഴേക്കും ജീവിതവും അവസാനിക്കുന്നു. മനസ്സും മനസ്സിലെ ചിന്തകളും ആ ചിന്തകളിൽ പ്രണയവുമില്ലാതെ ജീവിതം ഉണ്ടോ? ഒന്നുമില്ലായ്മയിൽ നിന്ന് സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ, ജീവിതത്തിന്റെ ഉന്നതികൾ പ്രണയിക്കുന്നവർ സൃഷ്ടിച്ചെടുക്കുന്നു. തങ്ങളെ തന്നെയും ചുറ്റുമുള്ളതിനെ ഒക്കെയും മാറ്റിമറിക്കാനുള്ള, രണ്ട് പേർക്ക് സാധ്യമാക്കാൻ കഴിയുന്ന ഒരു വിപ്ലവത്തിനുള്ള ശക്തി അവർ ആർജിച്ചെടുക്കുന്നു. പിന്നീടെപ്പോഴോ ആ ഉന്നതിയിൽ ഒരാളെ തനിച്ചാക്കി മറ്റൊരാൾ മറയുമ്പോൾ മറ്റൊന്നു കൊണ്ടും നികത്താനാവാത്ത ഒരു ശൂന്യത. ഓരോ പ്രണയവും മനസ്സിന്റെ ആഴങ്ങളിലേക്ക് ചിന്തയെന്ന പാഴ്്വേലയുടെ അകമ്പടിയോടെ ആഴ്ന്നിറങ്ങുന്നു. ഒടുവിൽ പ്രണയം ഇല്ലാതാകുമ്പോൾ അതേ ആഴത്തിൽ ആ ശൂന്യസ്ഥലം മനസ്സിൽ അവശേഷിക്കുന്നു. പൂഴിമണ്ണിൽ കുഴിയാനക്കുഴി എന്ന പോലെ. ഈ ശൂന്യതയെ ഒരിക്കലും പ്രണയിച്ചിട്ടില്ലാത്തവർക്കുപോലും അനുഭവപ്പെടും വിതത്തിൽ അവതരിപ്പിച്ചിരിക്കുന്നു അയ്യപ്പപണിക്കർ തന്റെ കവിതയിൽ.

പ്രതീക്ഷയുടെ പച്ചപ്പ് ഒട്ടുമവശേഷിപ്പിക്കാതെ ജീവിതം വറ്റിവരണ്ടു കഴിഞ്ഞാലും ഒരു കുളിർമഴയിലെന്നപോലെ സർവതും തിരിച്ചു പിടിക്കാനുള്ള കഴിവ് പ്രണയത്തിനുണ്ട്.  ജീവിതത്തിന്റെ അത്തരം ഒരു വീണ്ടെടുപ്പ് കവിതയിൽ കാണാം. പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും, പതിവായി നീ വന്ന നാളിൽ, പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ ചെരുവിൽക്കിടന്നുവോ നമ്മൾ? എന്ന് കവി ചോദിക്കുന്നിടത്ത് പ്രണയത്തിനുമുമ്പുള്ള ജീവിതത്തിന്റെ വിരസവും പ്രണയ നാളുകളിലെ രസവും വ്യക്തമാകുന്നുണ്ട്. പിന്നീടെപ്പോഴോ പ്രണയത്തിൽ നിന്ന് ഒരാൾ മാത്രം പടിയിറങ്ങി പോകുന്നു. ഒച്ചകളൊന്നുമില്ലാതെ വളരെ നിശബ്ദമായി തന്നെ. 

ayappa-panicker

ഒരു വാതിൽ മെല്ലെ–

ത്തുറന്നിറങ്ങുന്നപോൽ,

കരിയില കൊഴിയുന്നപോലെ,

ഒരു മഞ്ഞുകട്ട

യലിയുന്നപോലെത്ര

ലഘുവായി, ലളിതമായ്

നീ മറഞ്ഞു

പ്രണയത്തിന്റെ കാല്പനികതകളിൽ ഒന്നായ, ജീവിതയാഥാർത്ഥ്യങ്ങളിൽ ഒന്നിച്ച് മുമ്പോട്ട് പോകാൻ കഴിയാത്ത രണ്ട് വ്യത്യസ്ഥ വ്യക്തിത്വങ്ങളാണ് തങ്ങളെന്ന് തിരിച്ചറിയുമ്പോൾ, ഒന്നിച്ച് ചവിട്ടിക്കയറിയ പ്രണയത്തിന്റെ പടികൾ ഒന്നിച്ചു തന്നെ തിരിച്ചിറങ്ങി രണ്ട് വഴിക്ക് തിരിഞ്ഞു നടക്കാൻ ധൈര്യം കാണിക്കുന്ന പ്രണയികൾക്ക് അഭിനന്ദനങ്ങൾ. എന്നാൽ ഒരാൾ മാത്രം ഇറങ്ങിപോയിടത്ത് ഒറ്റയ്ക്കാവുന്ന മറ്റൊരാൾ അന്നും ഇന്നും എന്നും പ്രണയലോകത്തുണ്ട്. എന്തും വേണ്ടന്നു വെയ്ക്കുക എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. എന്നാൽ അത് മനുഷ്യനും മനുഷ്യനും തമ്മിലാകുമ്പോൾ മറ്റൊരുമാനം കൂടി രൂപപ്പെടുന്നു. നിങ്ങൾ വേണ്ടന്ന് വയ്ക്കുന്നത് അത് ആരുമാകട്ടെ അയാൾക്ക് നിങ്ങളെ വേണമെങ്കിലോ? പെട്ടെന്നൊരു ദിവസം ഒറ്റയ്ക്കായി പോയ പ്രണയിയുടെ മനസ് അയ്യപ്പപണിക്കർ വരച്ച് കാട്ടുന്നതിങ്ങനെ–

നിദ്രകൾ വരാതായി

നിറകണ്ണിൽ നിൻ സ്മരണ

മുദ്രകൾ നിഴൽ നട്ടു നിൽക്കെ

വരികില്ല നീ–

യിരുൾക്കയമായി നീ,–

യിന്നു ശവദാഹമാണെൻ

മനസ്സിൽ

വരികില്ലെന്നറിയാമെ–

ന്നായിട്ടും വാനം നിൻ

വരവും പ്രതീക്ഷിച്ചിരുന്നു

ചിരകാലമങ്ങനെ

ചിതൽ തിന്നു പോയിട്ടും 

ചിലതുണ്ടു ചിതയിന്മേൽ വയ്ക്കാൻ

ഇന്നലകൾ എല്ലാം ഇല്ലെന്നായിട്ടും പ്രണയത്തിന്റെ ഓർമ്മകളെ, പ്രണയിയെ മറവിയിൽ ഉപേക്ഷിക്കാനാവാത്തവിധം തീവ്രമാണ് അയ്യപ്പപണിക്കർ കവിതയിലെ പ്രണയവും പ്രണയ നൈരാശ്യവും. ഇനി വരും കൂരിരുൾക്കയമോർത്തു കാമുകി​/കാമുകൻ കനിയുമെന്നു പോലും വിരഹി പ്രതീക്ഷിക്കുന്നുണ്ട്. പ്രതീക്ഷകൾക്കെല്ലാമൊടുവിൽ യാഥാർത്ഥ്യത്തെ കവി ഉൾക്കൊള്ളുന്നത് ഇങ്ങനെ,

ചിരി മാഞ്ഞുപോയൊരെൻ

ചുണ്ടിന്റെ കോണിലൊരു

പരിഹാസമുദ്ര നീ കാണും

ഒരു ജീവിതത്തിന്റെ–

യൊരു സൗഹൃദത്തിന്റെ

മൃതിമുദ്ര നീയതിൽ കാണും

ഇനിയുള്ള കാലങ്ങ–

ളിതിലേ കടക്കുമ്പോ–

ഴിതുകൂടിയൊന്നോർത്തുപോകും

എരിയാത്ത സൂര്യനും

വിളറാത്ത ചന്ദ്രനും

വിറയാത്ത താരവും വന്നാൽ,

അലറാത്ത കടൽ, മഞ്ഞി–

ലുറയാത്ത മല, കാറ്റി–

ലുലയാത്ത മാമരം കണ്ടാൽ

അവിടെൻ പരാജയം

പണിചെയ്ത സ്മാരകം

നിവരട്ടെ, നിൽക്കട്ടെ സന്ധ്യേ

നഷ്ടപ്രണയത്തോടുള്ള പരിഭവം കവിതയിൽ വീണ്ടും തുടർന്നുകൊണ്ടിരിക്കുന്നു. പ്രണയത്തിന്റെ വൈകാരിക തലവും അതിന്റെ ആഴവും വായനക്കാരനും കവിതയിൽ അനുഭവിക്കാം.

ചിറകറ്റ പക്ഷിക്കു

ചിറകുമായ് നീയിനി–

പ്പിറകേ വരൊല്ലേ, വരൊല്ലേ

അവസാനമവസാന–

യാത്രപറഞ്ഞു നീ–

യിനിയും വരൊല്ലേ, വരൊല്ലേ

ഇനിയില്ല ദീപങ്ങ–

ളിനിയില്ല ദീപ്തിക–

ളിനിയും വെളിച്ചം തരൊല്ലേ

ഇത് ആ പഴയ വേദാന്തമല്ലേ, ഇതിനെകുറിച്ച് ഞാൻ എത്ര പ്രബന്ധമെഴുതിയിരിക്കുന്നു അതിനപ്പുറം അതിന് എന്ത് വില? എന്ന് കവി സ്വയം ചിന്തിക്കുന്നു. പ്രണയത്തെയും വിരഹത്തെയും കുറിച്ച് എത്ര കവിതകൾ, കഥകൾ, പ്രബന്ധങ്ങൾ. എന്നിട്ടും എഴുത്തുകാർക്ക് ചെന്നെത്താൻ കഴിയുന്നതിലും വേഗത്തിൽ പുതിയ ചില്ലകൾ തേടി പ്രണയികൾ പറക്കുന്നു. പുതിയ ലോകങ്ങൾ അവർ സൃഷ്ടിക്കുന്നു. പഠിക്കാനാവുന്നത് പഠിപ്പിക്കാനാവില്ല എന്ന നിഗമനത്തിൽ കവിത അവസാനിക്കുന്ന പോലെ തന്നെ അയ്യപ്പപണിക്കരുടെ ഈ കവിതയും പഠനങ്ങൾക്കുള്ളതല്ല. അത് വായിക്കാനും വായിച്ച് അനുഭവിക്കാനുമുള്ളത്. 

'പ്രണയവും സ്വാതന്ത്ര്യവും ഒന്നാണ് സാവിത്രിയുടെ പല കവിതകളിലും. പ്രണയവും ജീവിതവും ഒന്നാകുന്നു ചില കവിതകളിൽ. സ്വാതന്ത്ര്യവും ജീവനും പുതുകാലവും ഒന്നിക്കുന്നിടം ഈ കവിതകളിൽ പ്രണയത്തിന്റെ ആവാസ പരിസ്ഥിതി. സംസ്കാരവും രാഷ്ട്രീയവും ചരിത്രവും ഓർമ്മയുള്ളവയായി പലപ്പോഴും സാവിത്രിയുടെ പ്രേമകവിതകൾ' സാവിത്രി രാജീവന്റെ കവിതകളുടെ അവതാരികയിൽ കെ. ജി ശങ്കരപ്പിള്ള പറയുന്നു. സ്വന്തം രചനകളിൽ സാവിത്രി രാജീവന്റെ ഉള്ളുതൊട്ട പ്രണയ കവിത 'നോക്കിക്കൊണ്ടിരിക്കെ പ്രണയം' എന്ന കവിതയാണ്. 

savithri

വർത്തമാനത്തിന്റെ പടവുകളിലൂടെ തനിച്ചിറങ്ങി നടക്കാൻ മാത്രം സ്വതന്ത്രമാണ് സാവിത്രി രാജീവന്റെ ഈ കവിതയിൽ പ്രണയം. കണ്ണുകളിൽ നിന്ന്, ചുണ്ടുകളിൽനിന്ന്, ഹൃദയത്തിൽ നിന്ന് പ്രണയം വർത്തമാനത്തിലേക്ക് ഇറങ്ങി നടന്നു എന്ന ആദ്യ വരികളിൽ തന്നെ പ്രണയത്തെ കവിയത്രി ശരീരത്തിൽ നിന്നും കാൽപനികതയിൽ നിന്നും മോചിപ്പിക്കുന്നു. ആവർത്തിച്ച് പറഞ്ഞ് പറഞ്ഞ് പൈങ്കിളിയായി മാറിയ പ്രണയം എന്ന വാക്ക് ഉടലിന്റെ ഭംഗി, ഉള്ളിലെ വൈകാരികത എന്നിവയ്ക്കപ്പുറം ഇവിടെ സ്വന്തമായി ഒരു വ്യക്തിത്വം ആർജിച്ചിടുക്കുന്നു.

നോക്കിക്കൊണ്ടിരിക്കെ

എന്റെ പ്രണയം

കണ്ണുകളിൽനിന്നും ചുണ്ടുകളിൽനിന്നും

ഹൃദയത്തിൽനിന്നും ഇറങ്ങി

വർത്തമാനത്തിന്റെ പടവുകളിലൂടെ നടന്നു നീങ്ങുന്നത്

നവംബറിലെ 

തണുത്ത സന്ധ്യയിലാണ് ഞാൻ കണ്ടത്

മുൻ വിധികളൊന്നുമില്ലാതെ, പ്രണയത്തിന്റെ കാമ്പ് തിരഞ്ഞുള്ള യാത്രയിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചുള്ള ആശങ്കകൾ അടുത്തവരികളിൽ വായിച്ചെടുക്കാം.

രോമക്കുപ്പായമില്ലാത്തതിനാൽ

അതിന്

തണുക്കുന്നുണ്ടാകുമോ എന്നും

അനാഥയായതിനാൽ

അതിന് 

പേടിയുണ്ടാകുമോ എന്നും

ലക്ഷ്യങ്ങൾ ഇല്ലാത്തതിനാൽ

ക്ലേശങ്ങൾ അതിനെ കാത്തിരിക്കുന്നുണ്ടാകുമോ എന്നും

ഞാൻ വെറുതെ ഭയപ്പെട്ടു;

പണമോ പ്രശസ്തിയോ സ്ഥാനമാനങ്ങളോ ജാതിയോ മതമോ ഒന്നും തന്നെ പ്രണയത്തിൽ പ്രസക്തമാവുന്നില്ല. പ്രണയം തേടുന്നത് ഇവയൊന്നുമല്ലെന്ന് സാരം.

വിടർന്ന ഒരു കണ്ണിലേക്കും

അത് 

സൂക്ഷിച്ചുനോക്കില്ലെന്നും

നൃത്തം ചെയ്യുന്ന കാലുകൾ

അതിന് ആവേശമാവില്ലെന്നും

എനിക്കുറപ്പായിരുന്നു

വെളുത്ത കോട്ടണിഞ്ഞ

ഒരു മാന്യനേയും

അത്

കുനിഞ്ഞു വണങ്ങില്ലെന്ന്

യൂണിഫോമിനോട്

അതിന് ബഹുമാനമില്ലെന്ന്

എനിക്കറിയാമാരുന്നു

പ്രണയത്തിനൊപ്പം കെട്ടിപൊക്കുന്ന സങ്കൽപലോകത്തിന് യഥാർഥ്യങ്ങളുടെ ലോകത്ത് സ്ഥാനമില്ലെന്നും, പ്രണയത്തിൽ വ്യക്തിത്വം അടിയറവ് പറയേണ്ടതില്ലെന്നും തിരച്ചറിഞ്ഞ  പ്രണയം, സമൂഹം കൽപിച്ചു നൽകിയ ശരി തെറ്റുകളെ കുറിച്ച് ആശങ്കയില്ലാത്ത പ്രണയം. ഉപദേശങ്ങൾ ആവശ്യമില്ലാത്ത പ്രണയം. അത്തരത്തിൽ പക്വത കൈവരിച്ച പ്രണയമാണ് സാവിത്രിയുടെ കവിതയിലേത്.

മനശ്ശാസ്ത്ര വിദഗ്ധനെത്തേടി

ആശുപത്രിയിലേക്കോ

കുമ്പസാരക്കൂടു തേടി

പള്ളിയങ്കണത്തിലേക്കോ

അത് പ്രവേശിക്കില്ലെന്നും

റഫറൻസിനായി ഗ്രന്ഥശാലകൾ

സന്ദർശിക്കില്ലെന്നും ഞാൻ വിചാരിച്ചു.

പ്രണയത്തിന് വഴി തെറ്റുന്നില്ല. കൃത്യമായി തന്നെ അത് യാഥാർത്ഥ്യം കണ്ടെത്തുന്നു. ചരിത്രം മനസ്സിലാക്കി തന്നെ കാലത്തിനൊപ്പം വളർന്നു കൊണ്ടിരിക്കുന്നു. ബാഹ്യമായ ഇടപെടലുകളുടെ സഹായമില്ലാതെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രണയം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു.