Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പെയ്യുന്ന മഴയിലിതാ ഞാനിങ്ങനെ...

മഴ

"ഒരു മഴപ്പൊടി നിന്റെ കൺപീലിയിൽ

സ്ഫടികബിന്ദുപോൽ മിന്നിത്തിളങ്ങുന്നു.

അതിലൊരായിരം ദീപങ്ങൾ കത്തുമെൻ

പ്രണയതാരകക്ഷേത്രം വിളങ്ങുന്നു!",

അത്രമേൽ പ്രിയമുള്ളൊരാൾ ബാലൻ മാഷിന്റെ(ബാലചന്ദ്രൻ ചുള്ളിക്കാട്) കവിതകളെ രാവിലെ മൊബൈൽ ഭിത്തിമേൽ പതിച്ചു നൽകുമ്പോൾ പുറത്ത് മഴയുണ്ടായിരുന്നു. "മഴപ്പൊടി" എന്ന കവിത വായിക്കുകയായിരുന്നില്ല, കണ്മുന്നിൽ കടന്നു പോവുകയായിരുന്നു. വാതിലിനു പുറത്തെ ആദ്യ നടയിൽ നിന്നു വായിക്കുമ്പോൾ അപ്പോൾ വീശി കടന്നു പോയ കുഞ്ഞു കാറ്റ് ആഞ്ഞു പെയ്യുന്ന മഴയെ കണ്പീലിയിലേയ്ക്ക് തെറുപ്പിച്ചു. കൺപീലിയിലെ മഴപ്പൊടികൾ അപ്പോൾ സ്ഫടികം പോലെ തിളങ്ങിയത് എവിടെയായിരുന്നിരിക്കണം? ചില വരികൾ കാലം കടന്നും എത്രയോ കൃത്യമായി ചിലരിലേക്ക് പെയ്തിറങ്ങുന്നത് കാവ്യനീതിയായിരിക്കാം! എണ്ണമറ്റ കവിതകൾ കൊണ്ട് കവിത്വം എന്ന പേര് അടയാളപ്പെടുത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കലികാല നിയോഗമോർക്കുമ്പോൾ കനമുള്ള മീശ നഷ്ടമായ അഭ്രപാളികളിൽ ദയനീയ മുഖമുള്ള മറ്റൊരു ബാലൻ മാഷ് ഒരുകാലത്തെ കനത്ത മുഖവുമായി അദ്ദേഹത്തിന്റെ കവിതകളിൽ എവിടെയോ ഉറങ്ങുന്നു. തീ പാറുന്ന കവിതകളിൽ നഷ്ടപ്പെട്ടു പോയ യൗവ്വനം വീണ്ടുമൊരു മഴപ്പൊടിയിൽ കിതപ്പാറ്റുന്നു. ഇവിടെ ഇപ്പോഴും മഴ പെയ്തു തോരുന്നതേയില്ല!. 

Balachandran_Chullikkad ബാലചന്ദ്രൻ ചുള്ളിക്കാട്

"ശാഖയോരോന്നിലും

പെയ്തു പെയ്തു നീ

നിജ വനം തേടി 

എങ്ങോ മറഞ്ഞു പോയ്

ഗത നിമിഷ സ്മൃതി -

കളിൽ, പിന്നെയും

ജലകണം പെയ്തു

ഞാനെന്ന പൂമരം"

ഹരിനാരായണൻ ബി കെ എന്ന പേരിനോളം മലയാള സിനിമയിലെ പാട്ടെഴുത്തുകാരിൽ അടുപ്പം വേറെ ആരുമായുമില്ല. മഴ പെയ്യുമ്പോൾ എന്തെങ്കിലും എഴുതാതെയിരിക്കാൻ ഒരു കവിയ്ക്ക് എങ്ങനെ കഴിയും, ഓരോ ശാഖകളിലും പെയ്തു പെയ്തു ഒരു മഴയെ മുഴുവൻ ഓരോ ഇലകളിലും ശാഖികളിലും ഏറ്റു വാങ്ങിയ പൂമരം ഞാനാകുന്നു... അതോ നീയോ? പിന്നീടെപ്പോഴോ കണ്ണുനീരവശേഷിപ്പിച്ച് മഴ അടുത്ത കാടകം പൂകുമ്പോൾ പ്രണയം പങ്കിട്ടു പോയ മഴയെ ഓർത്തു പിന്നെയും പെയ്യുന്ന നമ്മളാകുന്ന പൂമരം... 

hari ഹരിനാരായണൻ ബി കെ

മരങ്ങൾ മഴ പെയ്യിക്കുന്ന അത്ര ഭംഗി ഒരുപക്ഷെ മറ്റൊരു മഴക്കാഴ്ചയ്ക്കുമുണ്ടാകില്ല. ഓരോ ഇലയെയും ചുംബിച്ച് മരത്തിന്റെ ഹൃദയം തൊട്ടു ആത്മാവിനെ ശ്വസിച്ച് നിലത്തേക്ക് വീഴുമ്പോൾ മരവും മണ്ണും ഒന്നാകുന്നു. പ്രകൃതിയുടെ അപൂർവ്വമായ സംയോജനം. മരങ്ങൾ ഇപ്പോഴും മഴ പെയ്യിക്കുക തന്നെയാണ്!

"മേഘമായി

അലയാൻ പോവുകയാണ്

ഒറ്റയ്ക്ക്

വഴിക്കെങ്ങാൻ

നിന്നെ കണ്ടു പോയാൽ

പെയ്തു പോയേക്കും

എന്നു പേടിയുണ്ട്", വയലറ്റിനുള്ള കത്തുകളിൽ നിന്നും മഴയിലേക്ക് നടക്കാനിറങ്ങുകയാണ് കവി കുഴൂർ വിൽസൺ. എപ്പോഴും ഒറ്റയ്ക്ക് അലഞ്ഞു നടക്കുന്നവനാണ് കവി എന്നത് മറക്കുന്നില്ല. പ്രത്യേകിച്ച് കുഴൂർ വിൽസൺ കവികളിലെ ഭ്രാന്തനും ഭ്രാന്തന്മാരിലെ കവിയുമാണ്. ഒരു ഫോൺ വിളിയുടെ അറ്റത്ത് എപ്പോഴും ഒരായിരം കവിതകൾ നാവിൻ തുമ്പിൽ തുള്ളിത്തുളുമ്പുന്ന ഭ്രാന്തനായ കവി. സംസാരിക്കുമ്പോൾ പോലും മറ്റൊന്നും പറയാനില്ലാത്തവൻ. ജീവിതവും ബന്ധങ്ങളും ജോലിയും എല്ലാം കവിതയായി മാറിയവൻ. മഴ പോലും കവിതയായി തീരുന്നു. ഒരു മഴ കവിത ചോദിച്ചവൾക്കു മുന്നിലേയ്ക്ക് ഒരു കെട്ടു മഴത്തണുപ്പുള്ള വാക്കുകളെ ചൊരിഞ്ഞവൻ. അയാൾക്ക് എപ്പോഴും കവിതയിൽ ഒറ്റയ്ക്ക് അലയാൻ തന്നെയാണിഷ്ടവും. മേഘമായി അലയാൻ ആഗ്രഹിക്കുമ്പോൾ പോലും പ്രിയപ്പെട്ടൊരാളെ കണ്ടുപോയാൽ, അവളുടെ സ്പർശം ഏറ്റു പോയാൽ അറിയാതെ പെയ്തു പോയേക്കുമോ എന്ന ഭീതിയിലും കവി ആ മഴ ആഗ്രഹിക്കുന്നു എന്ന് മനസ്സ് പറയുന്നുണ്ട്. പെയ്യട്ടെ... കവിയും കവിയുടെ ഉള്ളിലുള്ള പ്രണയവും മഴ പോലെ അവളിലേക്ക് പെയ്തു നിറയട്ടെ!!!

kuzhoor കുഴൂർ വിൽസൺ

"അകമഴക്കാലങ്ങൾ 

കവിതയും കണ്ണീരും

തോരാപ്രളയദുഖഃ-

ത്തിനുന്മാദനർത്തനം!"-

arya-gopi ആര്യാ ഗോപി

മഴ ദുഖമാണെന്നും ഭ്രാന്തുപിടിച്ചലറുന്ന പെണ്ണാണെന്നും പറഞ്ഞത് സുഗത ടീച്ചറായിരുന്നല്ലേ? രാത്രിമഴയുടെ ദുഃഖം... ഇപ്പോഴിതാ പ്രിയപ്പെട്ട ആര്യാഗോപിയ്ക്കും മഴയുടെ ദുഃഖങ്ങൾ കണ്ടു കണ്ണ് ചോരുന്നു. എന്തുകൊണ്ടാകണം മഴ പെൺകുട്ടികൾക്ക് ദുഃഖം പകരുന്നത്? കവിതയും കണ്ണുനീരും നിറഞ്ഞ അകമഴക്കാലങ്ങൾ തോരാത്ത പ്രളയത്തിന്റെ, ദുഖത്തിന്റെ ഉന്മാദ നർത്തനത്തിന്റെ വേദിയാകുമ്പോൾ വാക്കുകൾ പോലും ഇടറിപ്പോകുന്നു. സമകാലീക സംഭവങ്ങളോട് എപ്പോഴും കണ്ണ് തുറന്നു നിൽക്കുന്നതുകൊണ്ടാകണം മഴയെ അത്ര പെട്ടെന്ന് പ്രണയത്തിന്റെയും ആശ്രയത്തിന്റെയും പ്രതീകമാക്കാൻ ആര്യയ്ക്ക് കഴിയാതെ പോകുന്നത്. മഴയുടെ ഉന്മാദ നർത്തനങ്ങൾ കണ്ടിട്ടുള്ളവളാണ് കവയത്രി. അത് ചില നേരങ്ങളിൽ അലറിക്കൊണ്ട് പാഞ്ഞു പോകുന്നത് സ്വന്തം ഹൃദയം തുളച്ചായിരുന്നില്ലേ? ആര്യയ്‌ക്കൊപ്പം വായനക്കാരിലേയ്ക്കും ആ മഴ തുളഞ്ഞിറങ്ങുന്നു. ചില മഴകൾ സങ്കടത്തിന്റേതുമാണ്. എത്ര ഉറക്കെ കരഞ്ഞാലും കണ്ണുനീർ മഴ കട്ടോണ്ട് പോകുന്നതിനാൽ കരച്ചിലൊട്ട് അറിയുകയുമില്ല... മഴ സ്വയം കരച്ചിലായി ചിലപ്പോഴെങ്കിലും മാറുന്നുമുണ്ടല്ലേ!!!

"ഇനിയുമേറെ നനയാനുണ്ടെന്ന് ഞാൻ...

ഇതിലുമേറെ പെയ്യാനുണ്ടെന്ന് നീ..

പ്രണയത്തിന്റെ ഒളിയിടങ്ങളിറങ്ങി വന്ന്

മഴച്ചുണ്ടുകളാൽ നീയെന്നെ ദംശിക്കുമ്പോൾ

ഇനിയുമിനിയും നനയുന്നതിനെക്കുറിച്ച് മാത്രം

ഞാൻ സ്വപ്നം കാണുന്നു..."

jiji ജിജി ജോഗി

ജിജി ജോഗിയെന്നാൽ പ്രണയമെന്നാണ്. അപ്പോൾ പിന്നെ മഴയെന്നാൽ ഇനിയുമേറെ പെയ്യാനുള്ള എത്ര കണ്ടാലും മതിവരാത്ത ഒരു സ്വപ്നമായി തീരുന്നതിൽ എന്തിനു അതിശയം? ഒരു ഫോൺ വിളിയിൽ ഓരോ വാക്കിലും ഇത്രയേറെ പ്രണയം പരന്നൊഴുകിയ മറ്റൊരു സ്ത്രീയുമായി സംസാരിച്ചിട്ടില്ല. കൊരുത്തു വലിക്കുന്നത് ആത്മാക്കളാണെന്നു തോന്നുന്നു. മഴ പെയ്യുമ്പോൾ മുഖപുസ്തകത്താളുകൾ മഴ നനഞ്ഞ വരികളെ കൊണ്ട് നിറയ്ക്കാതെ ജിജി ജോഗിയ്ക്ക് പിന്നെയെങ്ങനെ മഴ പൂർണമാകാൻ! എത്ര നനഞ്ഞാലും കൊതി തീരാത്തവളാണ്... ഇനിയുമേറെ പെയ്യാനുണ്ടെന്നു പറഞ്ഞു മഴ പോലെയൊരാൾ ആകാശ ചരുവിൽ നിന്നു കൊതിപ്പിക്കുന്നുണ്ട്... പ്രണയത്തിന്റെ ഒളി സങ്കേതങ്ങളിൽ നിന്നും ഇറങ്ങി വന്നു മഴ ചുണ്ടുകൾ കൊണ്ട് ചുംബനങ്ങൾ കൊരുക്കുമ്പോൾ എത്ര മഴ നനഞ്ഞാലും തീരാത്ത പോലെ പിന്നെയും ബാക്കി കിടക്കുന്നു. അതിനെ കുറിച്ച് മാത്രം കിനാവുകൾ കാണുന്നു... പ്രണയത്തിന്റെ മഴ പിന്നേയും പിന്നെയും നിർത്താതെ പെയ്യുന്നു. അങ്ങ് ദൂരെയിരുന്നാരോ മഴനൂൽ കൊണ്ട് പ്രണയിക്കുന്നതുമാകമല്ലേ!

"പെരുമഴപേടിച്ച്

മുറിയടച്ചുകിടന്ന്,

സ്ക്രീൻ സേവറായിട്ട

പുഴയിലേക്ക് നുഴഞ്ഞ്,

കുത്തൊഴുക്കിലാഞ്ഞ്

ജലഭോഗമാടവേ

ചാർജറിലൂടൊളിച്ചുവന്ന

മിന്നൽക്കീറൊന്ന്

പൊറുന്നനെ പടർത്തുന്നൂ

മാനത്തേയ്ക്കെന്നെ...

ഉടലെടുക്കാനിടകിട്ടാഞ്ഞത്

നന്നായി..

പേടികൂടാതിനി

പെയ്യാലോ

നിത്യവും."- 

ശൈലനിസം എന്നാൽ മഴക്കാലമാണെങ്കിലും ഉഷാറായി മഴപ്പെയ്ത്തുകളുണ്ടാകണം എന്ന് അനുശാസിക്കുന്നു എന്ന് കവി ശൈലൻ പറയുന്നു. മഴയും രതിയും അത്രമേൽ ഒന്നായുരുകി ചേർന്നുകൊള്ളുന്നുണ്ട്. ഒട്ടും പേടിയില്ലാതെ ഒരു മഴപെയ്തതിൽ പെയ്തു തോരാൻ ഒറ്റയാവുക തന്നെ വേണമോ? 

sylan ശൈലൻ

ഒറ്റയാവുകയെങ്കിലും വേണം എന്ന് ശൈലൻ ഉറപ്പിക്കുന്നു. മഴയിൽ നനഞ്ഞു, വെറുതെയൊരു പുഴയിലേക്ക് നുഴഞ്ഞു കയറി, കുത്തൊഴുക്കിൽ സ്വയം കൈപ്പിടി നഷ്ടമായി ഒഴുകി പോകുമ്പോൾ മൊബൈലിന്റെ സ്ക്രീൻസേവറിലെ ആ പ്രണയത്തിന്റെ ശരീരം മഴവേഗങ്ങളാകുന്നു. ഉടൽ ഉടഞ്ഞു തകരുന്നുണ്ട്. മഴ ഭിത്തികൾ തുളഞ്ഞത് രതിയുടെ വന്യതാളത്തിനു സമമാകുന്നു. മഴയും രതിയും എത്രത്തോളം വന്യമാകുന്നുന്നുവല്ലേ!

"മഴ 

കൊണ്ട്

ഒടുങ്ങാതെ

പരക്കാനാണ്.

ഒരിക്കലും

തീരാത്ത

അതിന്റെ

മൂളലിനൊപ്പം

നടക്കാനാണ്.

അത് പറയുന്ന

വാക്കുകളെയെല്ലാം

kadabari കാദംബരി വൈഗ

ഒന്നുവിടാതെ

കേട്ട് കിടക്കാനാണ്.", - എത്ര നിഷ്കളങ്കമായ വാക്കുകളിലേക്ക് മഴ പറന്നു വീഴുന്നു. കുട്ടി കവയത്രി കാദംബരി വൈഗയുടെ മഴവരികൾ അത്രമേൽ മനോഹരമാണ് എഴുത്തുകാരിയെ പോലെ തന്നെ. മുഖപുസ്തകത്തിലെ താളുകളിൽ കവിതകൾ നിറഞ്ഞൊഴുകുന്ന ദിവസങ്ങളിൽ കാദംബരി സന്തോഷത്തിലാവും. പ്രകൃതിയും ചുറ്റും കാണുന്ന ലോകവുമൊരുക്കി തരുന്ന വരികൾക്കുള്ള മാന്ത്രികത. അതുകൊണ്ടാണ് മഴ കണ്ടു അതിനൊപ്പം പരക്കാനും ഒരിക്കലും തീരാത്ത മഴ മൂളലിനൊപ്പം നടക്കാനും മഴ വാക്കുകളെ കേട്ടു കിടക്കാനും കദംബരിയ്ക്ക് തോന്നുന്നതും. ചില എഴുത്തുകാരികൾ മഴ പെയ്യും പോലെയാണ്. മഴതുള്ളി വീഴുന്നത് പോലെ ചിരിക്കുകയും, മഴ പെയ്യുന്നതു പോലെ കരയുകയും ചെയ്യും. അത്രമേൽ കവിതയോടു ഒട്ടി നിൽക്കുന്നത് കൊണ്ട് അവർ മഴ പോലെ ആയിപ്പോയതാകാം. പ്രകൃതിയുടെ ഏറ്റവും ലോലവും ഭീകര ഭാവവുമെന്ന നിലയിൽ എഴുത്തുകാരികളുമായി തന്നെ കവിതയെ താരതമ്യപ്പെടുത്തണം. ഒരേ സമയം രണ്ടു മാറ്റങ്ങളിൽ സഞ്ചരിച്ചു വരാൻ അവർക്കല്ലാതെ ആർക്കു കഴിയാൻ! എന്തായാലും ഒരുപാട് തർക്കങ്ങൾക്ക് നിൽക്കണ്ട, കാദംബരി മഴ നനഞ്ഞു കവിതകളെഴുതട്ടെ... മഴയിൽ സ്വയം പരക്കുകയും മഴയ്‌ക്കൊപ്പം പാട്ടു മൂളുകയും ചെയ്യട്ടെ... പെൺകുട്ടികളും മഴയും ഒന്നായി തീരുന്നത് ഇങ്ങനെയാവില്ലേ!