Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി കിട്ടാന്‍ കഥയെഴുതി തുടങ്ങിയ ബഷീര്‍

basheer-bday ജൂലൈ അഞ്ച്. ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം.

അനുഭവിച്ച ജീവിതത്തിന്റെ പാതി പോലും എഴുതിതീര്‍ക്കാതെ കടന്നുപോയ എഴുത്തുകാരന്‍. അതായിരുന്നു സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍. അനുഭവങ്ങളുടെ കടലില്‍ നിന്ന് കൈവെള്ളയില്‍ കോരിയെടുത്തത് മാത്രമായിരുന്നു അദ്ദേഹം മലയാളത്തിന് നൽകിയ സാഹിത്യസംഭാവനകള്‍. ഇത്തിരിയോളം കോപ്പുകള്‍ മാത്രം കൈയിലുള്ളപ്പോള്‍ പോലും പാരാവാരങ്ങള്‍ തീര്‍ക്കാന്‍ മാത്രം അനുഭവങ്ങളുടെ സമൃദ്ധി തങ്ങള്‍ക്ക് ആവോളമുണ്ടെന്ന് അവകാശപ്പെടുന്ന നമ്മുടെ വര്‍ത്തമാനകാല രചനാശീലങ്ങളെ പരിചയപ്പെടുമ്പോഴാണ് ബഷീറിന്റെ വ്യക്തിത്വം നമുക്ക് കൂടുതല്‍ ആദരണീയമാകുന്നത്.  

അദ്ദേഹത്തെ എഴുത്തുകാരനാക്കിയത് പോലും സാഹചര്യമായിരുന്നു എന്നതാണ് സത്യം. ജീവിതത്തിലെ വിവിധ വേഷപ്പകര്‍ച്ചകള്‍ക്കൊടുവില്‍ ജോലി തേടി അന്ന് ബഷീര്‍ എത്തിയത് ജയകേസരി എന്ന പ്രസിദ്ധീകരണശാലയില്‍. പത്മനാഭ പൈ ആയിരുന്നു പത്രാധിപര്‍. ജോലിയില്ല പകരം കഥയെഴുതിതന്നാല്‍ അതിന് കാശുതരാമെന്നായിരുന്നു പത്രാധിപരുടെ വാഗ്ദാനം. അതിന് മുമ്പില്‍ ബഷീര്‍ പതറിയില്ല. കാരണം ജീവിക്കാന്‍ ജോലിയല്ല കാശാണ് വേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. കാശ് ലഭിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണല്ലോ ജോലി. അങ്ങനെയെഴുതിയ കഥയായിരുന്നു തങ്കം.

കറുത്തിരുണ്ട് വിരൂപയായ നായികയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകന്‍ നായകനുമായിരുന്നു അതിലെ കഥാപാത്രങ്ങള്‍. അത് എഴുത്തിന്റെ രാജവീഥിയിലേക്കുള്ള ഒരു ചക്രവര്‍ത്തിയുടെ രംഗപ്രവേശമായിരുന്നു. മലയാളം അന്നുവരെ പരിചയിക്കാതിരുന്ന പല ജീവിതയാഥാര്‍ത്ഥ്യങ്ങളും വ്യക്തികളും ആ പ്രതിഭയുടെ സര്‍ഗ്ഗസിദ്ധിയില്‍ നിന്ന് മിഴിവാര്‍ന്ന് പുറത്തുവന്നു. 

സ്വവര്‍ഗ്ഗാനുരാഗികള്‍ അതുവരെ പ്രത്യക്ഷപ്പെടാതിരുന്ന മലയാള സാഹിത്യത്തിലേക്കാണ് ബഷീര്‍ അത്തരക്കാരെ കൈ പിടിച്ചുകൊണ്ടുവന്നത്. സ്വവര്‍ഗ്ഗപ്രണയികളുടെ മാനിഫെസ്റ്റോ രൂപപ്പെടുന്ന ഇക്കാലത്തിനും എത്രയോ മുമ്പ് എന്തൊരു ധൈര്യമായിരുന്നു ബഷീര്‍ കാണിച്ചതെന്നോര്‍ത്ത് അത്ഭുതം തോന്നുന്നു. സ്വവര്‍ഗ്ഗാനുരാഗികള്‍ എല്ലാ കാലത്തും എല്ലാ ലോകത്തിലും ജീവിച്ചിരുന്നു എന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു അത്. 

ജീവിതത്തിന്റെ ലാളിത്യം ഭാഷയിലും അവതരിപ്പിച്ചതായിരുന്നു ബഷീറിന്റെ  മറ്റൊരു പ്രത്യേകത. ഏതൊരാള്‍ക്കും മനസ്സിലാവുന്നതായിരുന്നു ബഷീറിന്റെ ഭാഷയും അതിലെ കഥാപാത്രങ്ങളുടെ ജീവിതവും. 

വലിച്ചെറിഞ്ഞ പൂവിനെ നോക്കി അത് ഓ എന്റെ ഹൃദയമായിരുന്നു എന്ന് കഥാപാത്രം നെടുവീര്‍പ്പെടുമ്പോഴും അനുവദിച്ചുകിട്ടിയ സ്വാതന്ത്ര്യം പോലും പ്രിയപ്പെട്ടവരുടെ അസാന്നിധ്യത്തില്‍ പാരതന്ത്ര്യമായി തോന്നുമ്പോള്‍ ആര്‍ക്കുവേണം സ്വാതന്ത്ര്യം എന്ന അലറിനിലവിളിക്കലിനും പിന്നിലെ ഹൃദയം അറിയാന്‍ നമുക്കൊരു സാഹിത്യനിരൂപകന്റെയും ആവശ്യമില്ലാതെ വരുന്നു. കാരണം അത് നമ്മുടെ തന്നെ വിചാരമായിരുന്നു. നാം കടന്നുവന്ന ജീവിതത്തിന്റെ ഏതൊക്കെയോ ചില ഘട്ടങ്ങളില്‍ അങ്ങനെ നമുക്കും തോന്നിയ കാര്യങ്ങളായിരുന്നു അവ. 

നിര്‍മമതയുടെ തലമുണ്ടായിരുന്നു ബഷീറിന്റെ എഴുത്തിന്. ബഹുജനഭിന്ന വിചിത്രമായ ജീവിതങ്ങളുടെ നിരീക്ഷകനായതുകൊണ്ടാവും ആ നിര്‍മമ്മത അദ്ദേഹത്തില്‍ നിഴലിച്ചിരുന്നത്. ഒരു പോക്കറ്റടിക്കാരനില്‍ പോലും നന്മയുടെ തിളക്കമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നവിധത്തിലുള്ള അസാമാന്യമായ കണ്ടെത്തലുകള്‍ക്ക് പിന്നിലുണ്ടായിരുന്നതും ജീവിതം നൽകിയ പാഠവും അതിന് പ്രേരിപ്പിച്ച യാത്രകളുടെ പിന്തുണയുമായിരുന്നു.

വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്ന് ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. അതെ, വല്ലാത്തൊരു വെളിച്ചമുണ്ടായിരുന്നു ബഷീറിന്റെ എഴുത്തുകള്‍ക്ക്.  ബഷീര്‍ കൊളുത്തിയ വെളിച്ചം ഇന്നും അണഞ്ഞുപോയിട്ടില്ല. എണ്ണയില്ലാത്ത വിളക്കുകളേ അണഞ്ഞുപോകാറുള്ളൂ. എഴുതിരിയിട്ട നിലവിളക്ക് പോലെ ബഷീറിന്റെ എഴുത്തുകള്‍ ഇന്നും പ്രകാശിച്ചുനിൽക്കുന്നു. എന്നും പ്രകാശിക്കുകയും ചെയ്യും.