Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടൂരും സക്കറിയയും ഭാസ്കരപട്ടേലരും പിന്നെ ദിലീപിന്റെ ജീവിതവും

sacariya-adoor

ദിലീപ് വിഷയത്തിൽ സക്കറിയയുടെയും അടൂർ ഗോപാലകൃഷ്ണന്റെയും നിലപാടുകൾ സാഹിത്യ ലോകത്ത് ചർച്ചയാകുന്നു. യുവനടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചനയുടെ ഉത്തരവാദിത്തം നടന്‍ ദിലീപിലാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ദിലീപിനെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്തിരിക്കയാണ്. തെളിവെടുപ്പ് നടക്കുന്നതേയുള്ളു. കുറ്റപത്രം നല്‍കിയിട്ടില്ല. കുറ്റവിചാരണയുടെ ഘട്ടം ഇനിയും അകലെയാണ്. പക്ഷേ ദിലീപ് തന്നെയാണ് കുറ്റവാളി എന്നു വിധിയെഴുതിക്കഴിഞ്ഞതു പോലെയാണ് മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതും അതു വിശ്വസിക്കുന്ന ജനങ്ങള്‍ പ്രതികരിക്കുന്നതെന്നും സക്കറിയ ഫെയ്സ്ബുക്കിൽ കുറിച്ചു. അടൂരിന്റെ നിലപാടും ദിലീപിന് അനുകൂലമായിരുന്നു. എന്നാൽ ഈ അഭിപ്രായങ്ങളോട് ശക്തമായി തന്നെയാണ് മറ്റ് എഴുത്തുകാർ പ്രതികരിച്ചത്. എൻ എസ് മാധവൻ, ശാരദക്കുട്ടി, ബെന്ന്യാമിൻ, മനില സി മോഹൻ, കരുണാകരൻ, സുസ്മേഷ് ചന്ത്രോത്ത് തുടങ്ങിയ എഴുത്തുകാരൊക്കെ എതിരഭിപ്രായവുമായി രംഗത്തെത്തി. 

'ഭാസ്കര പട്ടേലരും എന്റെ ജീവിതവും' എന്ന സക്കറിയയുടെ കഥയെ ആസ്പദമാക്കി അടൂർ സംവിധാനം ചെയ്ത ചലചിത്രമാണ് 'വിധേയൻ'. ഇതിൽ ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. ദിലീപ് വിഷയത്തിൽ ഇരുവരും ഒന്നിക്കുന്നതിനെ ഹാസ്യാത്മകമായി തന്നെ എൻ എസ് മാധവനും ബന്യാമിനും വിമർശിച്ചു.

ഇപ്പോൾ ഈ ന്യായബോധം ഉണരുന്നത്‌ പ്രതിയെ സഹായിക്കാൻ; എൻ. എസ് മാധവൻ 

ns-madhavan

ദൈവം അകറ്റിയവരെ ദിലീപ് യോജപ്പിച്ചു. എന്ന് എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചു. ഐസ്‌ക്രീം, സോളാർ തുടങ്ങി വമ്പന്മാർ സംശയിക്കപ്പെട്ട കേസുകളിൽ കണ്ട ജനരോഷവും പരദു:ഖഹർഷവും മാത്രമേ ദിലീപിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളൂ. അസ്വാഭാവികമായിട്ടുള്ളത്‌ കഴിഞ്ഞ 2 ദിവസമായി ശിക്ഷിക്കുന്നത്‌ വരെ ദിലീപ്‌ കുറ്റക്കാരനല്ല എന്ന SMലും പുറത്തും നടക്കുന്ന ശക്തമായ പ്രചരണമാണു. ആർക്കാണിത്‌ അറിയാത്തത്‌? ഇപ്പോൾ ഈ ന്യായബോധം ഉണരുന്നത്‌ പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാക്കുകയേയുള്ളൂ. എന്ന് ട്വിറ്ററിൽ കുറിച്ച എൻ.എസ് മാധവൻ മലയാളസിനിമാപ്രേമിയുടെ ദുരന്തം തൊണ്ടിമുതലിനെയോ ഏദൻതോട്ടത്തെയോ കുറിച്ച്‌ ആവേശത്തോടെ സംസാരിക്കേണ്ടയിടത്ത്‌ വിഷയം അമ്മയും ദിലീപും മാത്രമാകുന്നു. എന്നും അഭിപ്രായപ്പെട്ടു. 

അഹ്ലാദംകൊണ്ടെനിക്കിരിക്കാൻ വയ്യേ; ബെന്യാമിൻ

bennyamin

'ഭാസ്‌കര പട്ടേലരിന്റെ പേരിൽ പിണങ്ങിയ അടൂരും സക്കറിയയും ദിലീപിന്റെ പേരിൽ ഒന്നിക്കുമ്പോൾ അഹ്ലാദംകൊണ്ടെനിക്കിരിക്കാൻ വയ്യേ.' എന്നായിരുന്നു ബെന്യാമിന്റെ വിഷയത്തോടുള്ള പ്രതികരണം.

ബലപ്പെടുന്നത് സമൂഹത്തിലെ പുരുഷാധിപത്യമനോഭാവം; സുസ്മേഷ് ചന്ത്രോത്ത്

susmesh-chandroth

'ഒരു അക്രമത്തെ അടൂരും സക്കറിയയും മയപ്പെടുത്തുമ്പോള്‍ ബലപ്പെടുന്നത് സമൂഹത്തിലെ പുരുഷാധിപത്യമനോഭാവം തന്നെയാണ്.' സുസ്മേഷ് ചന്ത്രോത്ത് ഫെയ്സ്ബുക്കിൽ കുറിച്ചു.

എഴുത്തുകാരും കലാകാരന്മാരും മാത്രമല്ല, ആരും ഞെട്ടി പോകും; കരുണാകരൻ

karunakaran-1

'നിഗൂഡമായ വിചാര വ്യാപാരത്തിലേയ്ക്കും നിഷ്ഠൂരമായ പ്രവര്‍ത്തികളിലേയ്ക്കും ഓരോ മനുഷ്യനും എപ്പോള്‍ വേണമെങ്കിലും സഞ്ചിരിക്കാമെന്നിരിക്കെ, ഒരുപക്ഷെ അതുകൂടിയാണ് ‘കലയുടെയും സാഹിത്യ’ത്തിന്റെയും ഒരാസ്തി എന്നിരിക്കെ, “ഞാനറിയുന്ന ദിലീപ്‌ ഇങ്ങനെയുള്ള ഒരാളല്ല” എന്ന് അടൂര്‍ പറയുമ്പോള്‍, എഴുത്തുകാരും കലാകാരന്മാരും മാത്രമല്ല, ആരും ഞെട്ടി പോകും. അദ്ദേഹം പോരടിച്ച ‘കമ്പോളകലയുടെ’ കുറ്റവാസനകളില്‍ ഒന്ന് പൊതുസമൂഹത്തിന്റെ മുഴുവന്‍ ആധിയാവുന്ന ഈ നേരത്ത് വിശേഷിച്ചും.'

അവൾ ഇവിടെയും തോൽക്കുമെന്നു മനസ്സ് പിടയുന്നു; ശാരദക്കുട്ടി

saradakutty

അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി നിഷേധിക്കപ്പെടുമോ എന്ന സന്ദേഹം ശാരദക്കുട്ടിയുടെ രണ്ട് പോസ്റ്റുകളിലും കാണാം

'അടിച്ചേല്പിക്കപ്പെടാത്തതും എന്നാൽ സ്വയമേ സംസ്കരിച്ചെടുത്തതും ആയ ഒരച്ചടക്കത്തിന്റെ ആവശ്യകത ഗുരുതരമായ സാമൂഹികപ്രശ്നങ്ങളെ നേരിടുമ്പോൾ ആവശ്യമാണ്. വികാരത്തിന്റെ കുതിരപ്പുറത്തു കയറി പാഞ്ഞു നടക്കുകയാണ് കുറ്റാരോപിതന്റെ അനുകൂലികൾ. പെട്ടെന്ന് പ്രതികൂലികൾ അപ്രത്യക്ഷമായതു പോലെ.എന്തോ വലിയ മാജിക് നടന്നുവോ.ചോദ്യം ചെയ്യലിൽ ഏറെക്കുറെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ട കാര്യങ്ങൾ പോലും അതി വൈകാരികതയാൽ ദുർബ്ബലപ്പെടുത്തുവാൻ കാര്യമായ ശ്രമം നടക്കുന്നു. ഇത് ശരിയായ നീതി നടപ്പാക്കുന്നതിന് തടസ്സമാകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇന്നലെ മുതൽ പണക്കൊഴുപ്പിന്റെയും ആൾബലത്തിന്റെയും ഭയപ്പെടുത്തുന്ന ആസൂത്രണങ്ങൾ വെളിപ്പെടുന്നു.സാമൂഹിക മാധ്യമങ്ങളുടെ ജാഗ്രത നഷ്ടപ്പെടുന്നത് അപകടമാണ്.ദൃശ്യമാധ്യമങ്ങൾ നിയന്ത്രണം വിട്ടു കുറ്റാരോപിതനെ പിന്തുടരുന്നതും വിപരീതഫലം ഉണ്ടാക്കുമോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഇടപെടലുകൾ തുടങ്ങുമ്പോൾ ഉണ്ടാകേണ്ടതിനെക്കാൾ കരുതൽ അത് തക്ക സമയത്തു അവസാനിപ്പിക്കുന്നതിലും സ്വയം നിയന്ത്രിക്കുന്നതിലും മാധ്യമങ്ങളും വ്യക്തികളും ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടമാകും സംഭവിക്കുക.അകത്തുള്ളതിനെക്കാൾ എത്രയോ പ്രബലരാണ് പുറത്ത്. ജീവിതം പണയപ്പെടുത്തി ഒരു പെൺകുട്ടി നടത്തുന്ന പരിശ്രമങ്ങൾ വിഫലമായി പോകാതിരിക്കുവാൻ പ്രബുദ്ധതയുള്ള സമൂഹം കരുതലോടെ പ്രവർത്തിക്കണം. അപേക്ഷയാണ്..'

'കേട്ട പാഠങ്ങൾ ആദിമൂലത്തിൽ ഉള്ളതാകാം. ഇല്ലാത്തതാകാം. പക്ഷെ എല്ലാം ഭയപ്പെടുത്തിയിട്ടെ ഉള്ളൂ. തലമുടിക്കു കുത്തിപ്പിടിച്ചു വലിച്ചിഴച്ച ദുശ്ശസനൻ ആജ്ഞാനുവർത്തി മാത്രം. ബുദ്ധിമാന്മാർ വേറെയുണ്ട്. കയ്യും കെട്ടി തല കുനിച്ചു നിന്ന ധർമ്മപുത്രരോടും തുടയിൽ കയ്യടിച്ചു മദിച്ച ദുര്യോധനനോടും ദാസി ദാസി എന്ന് ആർത്ത സഭാവാസികളോടും ,ആക്രമിക്കപ്പെട്ടവളെ പുച്ഛിച്ചുകൊണ്ട്, നിനക്കൊപ്പം അനീതിയോട് ചേർന്ന് നിൽക്കാം എന്ന് തീരുമാനിച്ച കർണ്ണനോടും, കണ്ണടച്ച് മൗനമായിരുന്ന് നിസ്സഹായത നടിച്ച ഗുരുകാരണവന്മാരോടും ഒടുവിൽ സന്ധി സംഭാഷണത്തിൽ കാര്യങ്ങൾ ഒതുക്കിയേക്കാം എന്ന് ഇറങ്ങി പുറപ്പെട്ട സാക്ഷാൽ ഗോപാലകൃഷ്ണനോടും അന്ന് കുട്ടിക്കാലത്തു ഒരേ അളവിൽ തോന്നിയ പക സത്യമായിരുന്നു. ഇപ്പോൾ അടൂർ ഗോപാലകൃഷ്ണനോടും മറ്റും തോന്നൂന്നത് തന്നെ..."കേശമിത് കണ്ടു നീ കേശവാ ഗമിക്കേണം" എന്ന ഒരാവസാന അപേക്ഷ ഉണ്ടായിരുന്നു... വലിയവരുടെ വില പേശലുകളിൽ മുങ്ങിപ്പോയ അപേക്ഷ.. വിതുരയിലും സൂര്യനെല്ലിയിലും കിളിരൂരിലും എന്നത് പോലെ എവിടെ നിന്നും അത് കേൾക്കുന്നു...അവളുടെ ചിരിയാണ് ഈ മഹായുദ്ധങ്ങൾക്കെല്ലാം കാരണം എന്ന് കേട്ടു കൊണ്ടേ ഇരിക്കുന്നു. അവൾ എന്തിന്. അത് ചെയ്തു..അവൾ എന്തിന് ചിരിച്ചു.. അവൾ അവൾ അവൾ....,ഇവിടെയും തോൽക്കുമെന്നു മനസ്സ് പിടയുന്നു. അഹന്തകൾ സിംഹാസനങ്ങൾ വിട്ടു കൊടുക്കില്ല...അഹന്തകളിൽ ലോകം പിളരുകയാണ്..'

സക്കറിയയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം-

'പ്രിയ സുഹൃത്തുക്കളെ,

ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും ചെയ്ത യുവ നടിയോടൊപ്പം ഉറച്ചു നില്‍ക്കുന്ന ഒരുവനാണ് ഞാന്‍- അനേക ലക്ഷം മലയാളികളെപ്പോലെ.പക്ഷേ എന്നെ അലട്ടുന്ന ഒരു വസ്തുത പങ്കുവെക്കാനാണ് ഈ കുറിപ്പെഴുതുന്നത്.യുവനടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചനയുടെ ഉത്തരവാദിത്തം നടന്‍ ദിലീപിലാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ദിലീപിനെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്തിരിക്കയാണ്. തെളിവെടുപ്പ് നടക്കുന്നതേയുള്ളു. കുറ്റപത്രം നല്‍കിയിട്ടില്ല. കുറ്റവിചാരണയുടെ ഘട്ടം ഇനിയും അകലെയാണ്. പക്ഷേ ദിലീപ് തന്നെയാണ് കുറ്റവാളി എന്നു വിധിയെഴുതിക്കഴിഞ്ഞതു പോലെയാണ് മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതും അതു വിശ്വസിക്കുന്ന ജനങ്ങള്‍ പ്രതികരിക്കുന്നതും.

ഇത് സാമാന്യ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് പറയാതെ വയ്യ. പൗരന്മാരായ നമ്മെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരവുമാണ്. കാരണം ആരുടെ മേലും ഇത്തരമൊരു മുന്‍വിധി അടിച്ചേല്‍പിക്കപ്പെട്ടേക്കാം. കുറ്റം ആരോപിക്കപ്പെട്ടവനില്‍ നിന്ന് നിഷ്‌കളങ്കതയുടെ സാദ്ധ്യത തന്നെ എടുത്തു കളയുന്ന അവസ്ഥ ഗരുതരമായ മനുഷ്യാവകാശ ലംഘനമാണ്- കുറ്റകൃത്യത്തിന്റെ സ്വഭാവം എത്രമാത്രം ഗുരുതരമായാലും. ഒരു വ്യക്തിയില്‍ ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കുംവരെ അയാളെ നിഷ്‌കളങ്കനായി കരുതണമെന്നത് ലോകമെങ്ങും പരിപാലിക്കപ്പെടുന്ന ധാര്‍മ്മിക നിയമമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയും മനുഷ്യാവകാശങ്ങളും പ്രഹസനങ്ങളായി മാറുന്നു.

ഉപദ്രവിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത നമ്മുടെ സഹോദരിയായ യുവനടിയോടുള്ള ഐക്യദാര്‍ഢ്യം നില നിര്‍ത്തുമ്പോള്‍ തന്നെ നാം ഒരു കാടന്‍ സമൂഹത്തേപ്പോലെ- രക്ത ദാഹികളെപ്പോലെ- പെരുമാറുന്നത് നമ്മോടു തന്നെയും നമ്മുടെ ഭാവി തലമുറയോടും ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണെന്നാണ് എന്റെ എളിയ അഭിപ്രായം. ദിലീപിന്റെ കുറ്റം തെളിയിക്കാന്‍ പോലീസിനേയും കോടതിയേയും അനുവദിക്കുക. ദിലീപാണ് കുറ്റവാളിയെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അദ്ദേഹത്തിനു ലഭിക്കട്ടെ.'