Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിതകളുടെ മൊഴിമാറ്റത്തെപ്പറ്റി മനോജ് കുറൂർ

മനോജ് കുറൂർ

അകലെയകലെനിന്നുള്ള ഒരു നോട്ടത്തിൽ, കാൾ സാഗൻ പറഞ്ഞതുപോലെ ഭൂമി വിളറിയ ഒരു നീലപ്പൊട്ടു മാത്രമാണ്. അനന്തവും അജ്ഞാതവുമായ ലോകഗോളം തിരിയുന്ന മാർഗത്തിൽ എവിടെയോ കഥയറിയാതിരുന്നു നോക്കുന്ന മനുഷ്യനെപ്പറ്റി നാലപ്പാട്ടു നാരായണമേനോനും വിചാരപ്പെടുന്നുണ്ട്. അടുത്തുവന്നു നോക്കിയാലോ? വലിയ സമുദ്രങ്ങൾക്കും കടലുകൾക്കുമിടയിൽ വലിയ ഭൂഖണ്ഡങ്ങൾ. അവയോരോന്നിലും പർവതങ്ങളും പുഴകളുംകൊണ്ടു വേർതിരിക്കപ്പെട്ട വലുതും ചെറുതുമായ നിരവധി പ്രദേശങ്ങൾ. അങ്ങനെ ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ഒറ്റപ്പെട്ട രാജ്യങ്ങളുണ്ട്. ഒരേ ഭൂവിഭാഗമെങ്കിലും സംസ്കാരത്തിന്റെയോ വംശത്തിന്റെയോ മതത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടവയുണ്ട്. ഒരേ ദേശത്തുതന്നെ വിവിധമതങ്ങളും വംശങ്ങളും ഭാഷകളും നിലനിർത്തുന്നവയുണ്ട്. അവ തമ്മിലുള്ള സംഘർഷങ്ങളും പൊരുത്തപ്പെടലുകളുമുണ്ട്. ഒരേ ഭാഷയോ മതമോ വംശമോ പല നാടുകളിലായി ചിതറിയും കൂട്ടായും കിടക്കുന്നുണ്ട്. രാഷ്ട്രീയമായ കാരണങ്ങളാൽ വിഭജിക്കപ്പെട്ടപ്പോൾ ഭൂമിശാസ്ത്രപരമായ അതിരുകളും സാംസ്കാരികമായ അതിരുകളും മിക്കപ്പോഴും പൊരുത്തപ്പെടാത്ത നിലയുമുണ്ട്. മാത്രമല്ല ഇവയ്ക്കൊക്കെ ഒന്നു മറ്റൊന്നിലേക്കു പരിണമിച്ചതിന്റെയും മാഞ്ഞുപോയതിന്റെയും പുതുതായി വന്നതിന്റെയും പലതും കലർന്നതിന്റെയും മാറാതെ നില്ക്കാൻ ശ്രമിച്ചതിന്റെയുമൊക്കെ വിപുലവും സങ്കീർണവുമായ ചരിത്രവുമുണ്ട്. അതായത് സ്ഥലം മാത്രമല്ല കാലവും നടത്തുന്ന വലിയ ചില ഇടപെടലുകളുണ്ട്. കാൾ സാഗനോ നാലപ്പാടിനോ അകന്നുനിന്നു നോക്കിയപ്പോഴുണ്ടായ അമ്പരപ്പ് പതിന്മടങ്ങാവും, ഓരോന്നും അടുത്തുനിന്നു കാണാൻ ശ്രമിച്ചാൽ.

vkn-vijayan വി.കെ.എൻ, ഒ.വി. വിജയൻ

'ലോകസാഹിത്യം' എന്ന നീലപ്പൊട്ടുകാഴ്ചയിലും ഇപ്പറഞ്ഞതൊക്കെ ബാധകമാണ്; പ്രത്യേകിച്ച് കവിതയുടെ കാര്യത്തിൽ. കാരണമുണ്ട്. കവിത അതെഴുതപ്പെടുന്ന ഭാഷയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വിവർത്തനത്തിൽ നഷ്ടപ്പെടുന്നതെന്തോ അതാണു കവിത എന്നു പറയാറുള്ളത് അതുകൊണ്ടാണല്ലൊ. കഥാസാഹിത്യത്തിലും മറ്റും പൊതുവേ സാന്ദർഭികമായ വിവരണങ്ങളും സാംസ്കാരികമായ വിശദാംശങ്ങളുമുള്ളതുകൊണ്ട്, ഭാഷയെയും അതിന്റെ ഭാഷാശാസ്ത്രപരമായ വക്രോക്തികളെയും പ്രാദേശികഭാഷാഭേദങ്ങളെയും വലിയ തോതിൽ ആശ്രയിക്കുന്നവയൊഴികെയുള്ള കൃതികൾ മറ്റു ഭാഷകളിലേക്കു വിവർത്തനം ചെയ്താലും കുറേയൊക്കെ വിനിമയം സാധ്യമാണ്. മലയാളത്തിൽനിന്നു സി.വി. രാമൻപിള്ള, ബഷീർ, വിജയൻ, വി.കെ.എൻ തുടങ്ങിയവരെ വിവർത്തനം ചെയ്യാൻ ബുദ്ധിമുട്ടാകുന്നത് ഈ മൊഴിപ്പറ്റുകൊണ്ടാണെന്നും മറക്കുന്നില്ല. ഒരർത്ഥത്തിൽ ഏതു കൃതിയും അതതു ഭാഷയിലുള്ളവർക്കേ അതതായിത്തന്നെ വായിക്കാനാവുകയുള്ളു എന്നും വ്യക്തമാണ്. എങ്കിലും കവിതയിൽ ഇപ്പറഞ്ഞ മൊഴിപ്പറ്റ് വളരെ കൂടുതലാണ്. ഭാഷാഭേദങ്ങൾ, വൃത്ത-താളഭേദങ്ങൾ, പലതരം മൊഴിച്ചേർക്കലുകൾ, സാംസ്കാരികവും രാഷ്ട്രീയവുമായ സൂചനകൾ എന്നിവ മാത്രമല്ല, അക്ഷരവും ചിലപ്പോൾ ലിപിയും പോലും ഓരോ കവിതയിലും സവിശേഷമായിത്തീരാം. ഇങ്ങനെയൊക്കെ, സാധ്യതകളെക്കാൾ പരിമിതികളാണു കൂടുതലെങ്കിലും വിവർത്തനങ്ങളിലൂടെയാണ് ഓരോ ഭാഷയിലെയും കവിത പുഷ്ടിപ്പെട്ടത്. അവയാണ്, കവിത മറ്റു വിധങ്ങളിലുമാവാം എന്ന് ഓരോ ഭാഷയിലും വന്ന് പറയാതെ പറഞ്ഞത്.

മലയാളകവിതയും മറ്റു നാടുകളിലെ കവിതകളുമായി പരിചയിച്ചുകൊണ്ടാണ് കാലങ്ങൾ പിന്നിട്ടത്. പഴയ കൃതികളിൽത്തന്നെ പലതും വിവർത്തനങ്ങളാണെങ്കിലും അവയ്ക്കൊരു സ്വതന്ത്രപദവികൂടിയുണ്ടായിരുന്നു. ആധുനികതയുടെയും നവോത്ഥാനത്തിന്റെയും ആദ്യനാളുകളിൽ മലയാളം വിവർത്തനങ്ങളിലാണു ശ്രദ്ധിച്ചത്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതവും വള്ളത്തോൾ ഋഗ്വേദവും പരിഭാഷപ്പെടുത്തി. കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ ശാകുന്തളവിവർത്തനത്തെ നാം ആദ്യമലയാളനാടകമായി കൊണ്ടാടി. പരദേശി മോക്ഷയാത്രയും ആൾമാറാട്ടവും ഘാതകവധവുമൊക്കെയായി ഗദ്യത്തിലും പല വിവർത്തനങ്ങളുണ്ടായി. എഡ്വിൻ ആർനോൾഡിന്റെ Light of Asia കുമാരനാശാന്റെ ശ്രീബുദ്ധചരിതമായി. ജി ശങ്കരക്കുറുപ്പും വൈലോപ്പിള്ളിയും മറ്റു നാടുകളിലെയും കവിതയുമായി അടുത്ത ചാർച്ചയുണ്ടായിരുന്നവരാണ്. ചങ്ങമ്പുഴയെപ്പറ്റി ഇവിടെ എടുത്തുപറയേണ്ടതുണ്ട്. അദ്ദേഹത്തിന്റെ മോഹിനി, റോബർട്ട് ബ്രൗണിങ്ങിന്റെ 'പോർഫിറിയായുടെ കാമുക'നോടു കടപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ കവിതയിലെ നായകനായ സോമശേഖരന്റെ മനോനില മറ്റൊന്നാണെന്ന് കവിതന്നെ ആമുഖത്തിൽ കുറിക്കുന്നുണ്ട്. മാത്രമല്ല, സാഡിസം, മസോക്കിസം, പിഗ്മാലിയാനിസം തുടങ്ങിയ മന:ശാസ്ത്രസങ്കല്പനങ്ങളെക്കൂടി അദ്ദേഹം അവിടെ പരിചയപ്പെടുത്തുന്നു. സോളമന്റെ ഉത്തമഗീതം ചങ്ങമ്പുഴയുടെ ദിവ്യഗീതമായി. ടഗോറിന്റെ 'വിക്ടറി' എന്ന ചെറുകഥ അദ്ദേഹത്തിന്റെ 'യവനിക' എന്ന കാവ്യമായി. ചങ്ങമ്പുഴയുടെ 'മയൂഖമാല' പൂർണമായും വിവർത്തനം ചെയ്ത കവിതകളുടെ സമാഹാരമാണ്. ഇംഗ്ലീഷ്, ഗ്രീക്ക്, ലാറ്റിൻ, ജർമ്മൻ, പേഴ്സ്യൻ കവിതകളാണതിലുള്ളത്. അദ്ദേഹത്തിന്റെ 'മഞ്ഞക്കിളികൾ' എന്ന സമാഹാരവും ഇത്തരത്തിൽത്തന്നെ. ആധുനികതയുടെ പ്രസ്ഥാനവൈവിധ്യവും പല മട്ടിലുള്ള കവിതാരീതികളും മലയാളത്തിലും പരീക്ഷിക്കാനുള്ള വെമ്പൽ ചങ്ങമ്പുഴയിൽക്കാണാം. പക്ഷേ പരമ്പരാഗതകാവ്യാസ്വാദകർക്ക് അവയെല്ലാം തലയ്ക്കു മുകളിലൂടെ പോയതേയുള്ളു. അവരുമായി സെൻസിബിലിറ്റിയുടെ കാര്യത്തിൽ കോർക്കേണ്ടിവരുന്നതിന്റെ അസ്വസ്ഥത 'ഗളഹസ്തം', 'പാടുന്ന പിശാച്' തുടങ്ങി ഒട്ടേറെ കവിതകളിൽ കാണാനാവും. മറ്റു പലരും തങ്ങൾക്കു പരിചയമുള്ള കാല്പനികതാപ്രസ്ഥാനത്തിൽ ചങ്ങമ്പുഴയെയും പ്രതിഷ്ഠിച്ചു. ഫ്രഞ്ച് സിംബലിസത്തിന്റെയും സർറിയലിസത്തിന്റെയും സ്വാധീനം ചങ്ങമ്പുഴയിൽ കണ്ടെത്തുന്ന കേസരി ഏ ബാലകൃഷ്ണപിള്ളയാണ് ചങ്ങമ്പുഴയുടെ പല മട്ടുകൾ അക്കാലത്തു കുറച്ചെങ്കിലും തിരിച്ചറിഞ്ഞ ഒരാൾ. മറ്റുള്ളവർക്ക് അദ്ദേഹം ഒരു കാല്പനികകവി മാത്രമായി. അതു മിക്കവാറും ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു.

ayyappapanicker അയ്യപ്പപണിക്കർ

ആധുനികകവിതയുടെ അടുത്ത ഘട്ടത്തിലാണ് കവിതാവിവർത്തനവും അതിന്റെ വൈവിധ്യത്തെ സാക്ഷാത്കരിച്ചത്. അയ്യപ്പപ്പണിക്കരും ആർ രാമചന്ദ്രനും ആറ്റൂരും കക്കാടും കടമ്മനിട്ടയും സുഗതകുമാരിയും സച്ചിദാനന്ദനും കെ ജി ശങ്കരപ്പിള്ളയും വിനയചന്ദ്രനും ദേശമംഗലവും ചുള്ളിക്കാടും കവിതാവിവർത്തനത്തിലും ഏർപ്പെട്ടവരാണ്. സച്ചിദാനന്ദൻ സമാഹരിച്ച 'ലാറ്റിനമേരിക്കൻ കവിത', 'കറുത്ത കവിത' എന്നീ സമാഹാരങ്ങൾ ഒരു കാലത്തു മലയാളകവിതയിലുണ്ടായ സംവേദനവ്യതിയാനത്തെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ 'യൂറോപ്യൻ കവിത', 'മൂന്നാംലോകകവിത', 'പലലോകകവിത' എന്നീ സമാഹാരങ്ങൾ കവിതയുടെ വലിയ ലോകങ്ങളാണ് മലയാളത്തിൽ തുറന്നുവയ്ക്കുന്നത്. ഡി വിനയചന്ദ്രന്റെ 'ജലത്താൽ മുറിവേറ്റവൻ' ലോർക്കയുടെ കവിതകൾക്കുള്ള വിവർത്തനമാണ്. ദേശമംഗലം രാമകൃഷ്ണന്റെ 'ലോകകവിത: ചില ഏടുകൾ' എന്ന സമാഹാരം പതിവുമട്ടിൽനിന്നു മാറിനില്ക്കുന്നു. 'ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതാപരിഭാഷകൾ' കുറച്ചേയുള്ളെങ്കിലും അവയ്ക്കു സ്വാംശീകരണത്തിന്റെ സൂക്ഷ്മതയുണ്ട്. അയ്യപ്പപ്പണിക്കർ പത്രാധിപരായിരുന്ന കേരളകവിതയിലും കെ ജി ശങ്കരപ്പിള്ള എഡിറ്ററായിരുന്ന സമകാലീനകവിതയിലും മലയാളകവിതയ്ക്കൊപ്പമുള്ള സ്ഥാനം വിവർത്തനങ്ങൾക്കുണ്ടായിരുന്നു. കവിതയിലെ പരീക്ഷണങ്ങൾക്കു പ്രാധാന്യം നല്കിയ ലിറ്റിൽ മാഗസിനുകളും മൊഴിമാറ്റങ്ങൾക്കു പ്രാധാന്യം നല്കിയിട്ടുണ്ട്. മുഖ്യധാരാമാധ്യമങ്ങളിലും ഇടയ്ക്കൊക്കെ വിവർത്തനങ്ങൾ പ്രത്യക്ഷപ്പെടുന്നതു സ്വാഗതാർഹമാണ്.

sachidanandan സച്ചിദാനന്ദൻ

ഇംഗ്ലീഷ് കൂടാതെ ഇതരഭാഷകളിൽനിന്നു നേരിട്ടുള്ള വിവർത്തനങ്ങളും ഇക്കാലത്തു മലയാളത്തിലുണ്ടായിട്ടുണ്ട്. മംഗലാട്ടു രാഘവൻ ഫ്രഞ്ച് കവിതകളും കെ രാമകൃഷ്ണവാരിയർ ജർമ്മൻ കവിതകളും അതതു ഭാഷകളിൽനിന്നു നേരിട്ടു വിവർത്തനം ചെയ്തിട്ടുണ്ട്. അടുത്ത കാലത്ത് എം.എ അസ്കർ അഡോണിസിന്റെ കവിതകൾ നേരിട്ടു വവർത്തനം ചെയ്തത് ഈ ധാരയുടെ തുടർച്ചയാണ്. വി മുസഫർ അഹമ്മദ് ഫലസ്തീൻ-ഇറാഖ് കവിതകൾ വിവർത്തനം ചെയ്തപ്പോഴും മൂലഭാഷയുമായുള്ള ബന്ധം അദ്ദേഹത്തെ തുണച്ചിട്ടുണ്ടെന്നുറപ്പ്.

വിവർത്തനത്തിന്റെ ആവേശം അടുത്ത തലമുറയിലേക്കും പടരുന്നുണ്ട്. എംഫിൽ പഠനത്തിന്റെ ഭാഗമായി അൻവർ അലി കുറെയേറെ ആഫ്രിക്കൻ കവിതകൾ മൊഴിമാറ്റിയിട്ടുണ്ട്. പി.പി. രാമചന്ദ്രനും വി.എം. ഗിരിജയും സച്ചിദാനന്ദൻ പുഴങ്കരയും അനിത തമ്പിയും പി.എൻ. ഗോപീകൃഷ്ണനും ബിന്ദു കൃഷ്ണനും എസ്.കണ്ണനും ചെയ്ത വിവർത്തനങ്ങളുമുണ്ട്. പി.രാമനാവട്ടെ നൂറുകണക്കിനു കവിതകളാണു പല മട്ടിൽ മലയാളത്തിലാക്കിയിട്ടുള്ളത്. രവികുമാർ വാസുദേവൻ, ഉമാ രാജീവ് എന്നിവർക്കു മൊഴിമാറ്റക്കവിതകൾക്കു മാത്രമായുള്ള ബ്ലോഗുകളുണ്ട്. ബാബു രാമചന്ദ്രനാണ് വിവർത്തനത്തെ ഗൗരവമായി എടുത്തിട്ടുള്ള മറ്റൊരു പുതുമുറക്കാരൻ. അടുത്തയിടെ അന്തരിച്ച ഹരികൃഷ്ണനിലൂടെ നല്ലൊരു കവിതാവിവർത്തകനെയാണു നമുക്കു നഷ്ടപ്പെട്ടത്.

ഇത്രയൊക്കെയാവുമ്പോഴും കവിതാവിവർത്തനത്തിൽ ഇക്കാലത്തുണ്ടാവേണ്ട ചില കരുതലുകളെപ്പറ്റിയും പറയാതെവയ്യ. മുൻകാലങ്ങളിൽ അപൂർവം ചിലർക്കൊഴികെ ഇംഗ്ലീഷ് മാത്രമായിരുന്നു ലോകഭാഷയിലേക്കു തുറക്കുന്ന വാതിൽ. മറ്റു ഭാഷകളിലുള്ള കവിതകളും ഇംഗ്ലീഷ് മൊഴിമാറ്റത്തിന്റെ പടികൂടിക്കടന്നാണ് മലയാളത്തിലേക്കെത്തിയത്. എന്നാൽ ഇന്റർനെറ്റിൽ ലഭ്യമായ ഡാറ്റ സമൃദ്ധമായതോടെ നമുക്ക് ഇന്ന് മിക്ക കവികളുടെയും കവിതകൾ അവരവവരുടെ ഭാഷയിൽത്തന്നെ പരിചയപ്പെടാം. പല കവിതയും കവികളോ മറ്റുള്ളവരോ ചൊല്ലുന്നതു കേൾക്കുകയും കാണുകയും ചെയ്യാം. ഓരോരുത്തരും അതതു ഭാഷയിൽ ചെയ്തതെന്തെന്നും നമുക്ക് കുറേയൊക്കെ തിരിച്ചറിയാനാവും. ഓരോരുത്തരുടെയും കവിതാപരിചരണത്തിന്റെ സവിശേഷതകളും പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിനു ഡബ്ലിയു.ബി യേറ്റ്സിന് ഐറിഷ് ഫോക് സംസ്കാരവുമായും മരീനാ സ്വെതെയ്വയ്ക്ക് റഷ്യൻ ഫോക് സംസ്കാരവുമായുള്ള ബന്ധം മനസ്സിലാക്കുന്നത് അവരുടെ കവിത വിവർത്തനം ചെയ്യുമ്പോഴും നമ്മെ സഹായിക്കും. ഓരോ നാടിന്റെയും സാംസ്കാരികസന്ദർഭത്തെയും ഓരോ കാവ്യപ്രസ്ഥാനത്തെയും പരിചയപ്പെടുന്നതും ഒഴിച്ചുകൂടാനാവാത്തതാണ്. 

anitha-thampi അനിത തമ്പി

ആധുനികതാപ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ഫ്രഞ്ച് കവിതയിലുണ്ടായ സിംബലിസം, സർറിയലിസം തുടങ്ങിയ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ധാരണ അക്കാലത്തു പല നാടുകളിലുമുണ്ടായ കവിതകൾ മൊഴിമാറ്റുന്നതിനു സഹായകമാകും. യൂറോപ്പിലും അമേരിക്കയിലും സിംബലിസത്തോടു കലഹിക്കുന്ന ഇമേജിസവും ഇമേജിസത്തോടു വിയോജിക്കുന്ന റഷ്യൻ ഫോർമലിസവും ഒരേകാലത്തുതന്നെ പ്രചാരത്തിലുണ്ടായിരുന്നല്ലൊ. അക്കാലത്തുതന്നെ വൃത്തത്തിലും മുക്തഛന്ദസ്സിലും ലിറിക്കൽ ഗദ്യത്തിലുമുള്ള കവിതകളുണ്ടെന്നതിനാൽ കാവ്യരൂപത്തിലും സവിശേഷശ്രദ്ധ വേണ്ടതാണ്. ഒരേ നാട്ടിൽ, അമേരിക്കയിൽത്തന്നെ മുക്തഛന്ദസ്സിലെഴുതിയ വാൾട്ട് വിറ്റ്മാന്റെ കാവ്യരൂപമല്ല, പിന്നീടു കവിതാവതരണത്തിൽക്കൂടി ശ്രദ്ധിച്ച ലാങ്സ്റ്റൺ ഹ്യൂസിന്റേത്. ലാറ്റിനമേരിക്കയിലാണെങ്കിൽ പോർച്ചുഗീസ് കോളനിയായിരുന്ന ബ്രസീലിലും സ്പാനിഷ് കോളനികളായ മറ്റു രാജ്യങ്ങളിലും വന്ന കാവ്യപ്രസ്ഥാനങ്ങളിലും വ്യത്യസ്തതകളുണ്ട്. യൂറോപ്യൻമാരും ലാറ്റിനമേരിക്കക്കാരും വംശീയമായി കലർന്നതിന്റെ പാരമ്പര്യം പേറുന്ന കുറേയേറെ ലാറ്റിനമേരിക്കൻ കവികളിൽ കലർപ്പിന്റെ (mestizo) കാവ്യശാസ്ത്രംതന്നെ രൂപപ്പെടുന്നുണ്ട്. യൂറോപ്പിലെ വെളുത്തവരും ആഫ്രിക്കൻ വംശജരായ കറുത്തവരും കലർന്നുണ്ടായവർക്കും (mulato) രൂപപരവും പ്രമേയപരവുമായ കാര്യങ്ങളിൽ സവിശേതകളുണ്ട്. ആഫ്രിക്കയിൽത്തന്നെ ഒരേസമയം ഫ്രഞ്ച്, ഇംഗ്ലീഷ്, പോർച്ചുഗീസ് കോളനികളുണ്ടായിരുന്നതിനാൽ സാംസ്കാരികവും രാഷ്ട്രീയവും സൗന്ദര്യശാസ്ത്രപരവുമായ കാര്യങ്ങളിൽ വൈവിധ്യവും വൈരുദ്ധ്യവുമുണ്ട്. അയ്മേ സെസയർ, സെങ്ഘോർ, ലിയോൺ ഡാമസ് എന്നിവർ ഫ്രാങ്കോഫോൺ സാഹിത്യത്തിൽ കൊണ്ടുവന്ന നെഗ്രിറ്റ്യൂഡിനോട് വോളെ സോയിങ്ക, റെനെ ദെപെസ്ട്രേ തുടങ്ങിയവർ വിയോജിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം കൂടുതൽ ശ്രദ്ധിക്കാവുന്ന ഒരു കാലത്താണല്ലൊ നാം ജീവിക്കുന്നത്. ആ സാധ്യത സർഗാത്മകമായി ഉപയോഗിക്കുന്നിടത്താണ് വിവർത്തനത്തിന്റെയെന്നല്ല, കവിതയുടെയും ഭാവി.

yeats

മറ്റു നാടുകളിലെ കവിത വായിക്കാൻ താത്പര്യമുള്ളവർക്കായി, വായന തുടങ്ങുന്നവർക്കായി, ആധുനികതയുടെ കാലത്തെ എണ്ണപ്പെട്ട ചില പ്രധാനകവികളുടെ പേർ കൂടി നല്കട്ടെ. ഓരോ നാട്ടിൽനിന്നും ചുരുക്കം ചിലരെ സൂചിപ്പിക്കുന്നു എന്നേയുള്ളു. ഈ ലിസ്റ്റ് പൂർണമല്ല; പൂർണമാവുകയുമില്ല. എങ്കിലും ഇക്കൂട്ടത്തിൽ അവശ്യം വേണ്ടതെന്നു തോന്നുന്ന കവികളെ കൂട്ടിച്ചേർക്കാവുന്നതാണ്.

യൂറോപ്പ്

ഫ്രാൻസ്:

ചാൾസ് ബോദ്ലേർ, സ്റ്റീഫൻ മല്ലാർമെ, അപ്പോളിനയർ,ആർതർ റിംബോ, പോൾ വാലറി

ഇംഗ്ലണ്ട്:

ടെഡ് ഹ്യൂസ്, ഫിലിപ് ലാർകിൻ, ജേംസ് ഫെൻടൺ

അയർലൻഡ്:

ഡബ്ലിയു ബി യേറ്റ്സ്

സ്കോട്ലൻഡ്:

ജോസഫ് ലീ, അലസ്റ്റേർ റീഡ്

ജർമ്മനി:

റെയ്നർ മരിയ റിൽക്കേ, ബർതോൾട് ബ്രഹ്ത്

ഇറ്റലി:

പാട്രീഷ്യ കവാല്ലി, ജൂസേപ്പെ ഉങ്ഗാരേത്തി

പോർച്ചുഗൽ:

ഫെർണാണ്ടോ പെസ്സോവ

ഓസ്ട്രിയ:

ഇങ്ഗെബോർഗ് ബക്ക്മാൻ

സ്വീഡൻ:

റ്റൊമാസ് ട്രാൻസ്ട്രോമർ

സ്പെയിൻ:

ഗാർസിയാ ലോർക്ക, ഏഞ്ജൽ ഗോൺസാലസ്

പോളണ്ട്:

ഷെസ്ലാവ് മിലോസ്, വിസ്വാവ സിംബോഴ്സ്ക

ചെക്ക് റിപ്പബ്ലിക്:

മിരോസ്ലാവ് ഹോലുബ്

റൊമാനിയ:

പോൾ സെലാൻ

സെർബിയ:

വാസ്കോ പോപ്പ

ഗ്രീസ്:

കോൺസ്റ്റന്റൈൻ പി കവാഫി, ജോർജ് സെഫരിസ്

റഷ്യ:

വ്ലാഡിമിർ മയക്കോവ്സ്കി, ജോസഫ് ബ്രോഡ്സ്കി, അന്ന ആഹ്മത്തോവ,മരീന സ്വെതെയ്വ,യെവ്ജെനി യെവ്തുഷെങ്കോ

ഓസ്ട്രേലിയ

ജൂഡിത് റൈറ്റ്, ഊഡ്ഗരൂ നൂനുക്കൽ

വടക്കേ അമേരിക്ക

വാൾട് വിറ്റ്മാൻ, ടി എസ് എലിയറ്റ്, എസ്രാ പൗണ്ട്, റോബർട്ട് ഫ്രോസ്റ്റ്, ലാങ്സ്റ്റൺ ഹ്യൂസ്, ഇ ഇ കമ്മിങ്സ്, മായ ആഞ്ജലോ, എമിലി ഡിക്കിൻസൺ, സിൽവിയ പ്ലാത്ത്,

അലൻ ഗിൻസ്ബർഗ്, ഴാക് കെറോക്ക്, റയ്മണ്ട് കാർവർ, ആഡ്രിയൻ റിച്ച്, ആലീസ് വാക്കർ

കാനഡ

ലേണാഡ് കോഹൻ, മാർഗരറ്റ് അറ്റ്വുഡ്, ലോർണാ ക്രോസിയർ

തെക്കേ അമേരിക്ക

ചിലി:

പാബ്ലോ നെരൂദ, നിക്കനോർ പാർറ

പെറു:

സെസാർ വയെഹോ

മെക്സിക്കോ:

ഒക്ടാവിയോ പാസ്

അർജന്റീന:

എൻറീക് മോളിനാ, ഹോർഹെ ലൂയി ബോർഹസ്

നിക്കരാഗ്വ:

റൂബൻ ഡാരിയോ, ഫെർണാണ്ടോ ഗോർദിയോ സെർവാന്തിസ്

ഉറൂഗ്വെ:

മരിയോ ബനഡെറ്റി

ഗ്വാട്ടിമാല:

ഓട്ടോ റെനെ കാസ്റ്റിയോ

ബ്രസീൽ:

കാർലോസ് ദ്രുമ്മൻഡ് ഡി അൻദ്രാദേ, ജോവ കബ്രാൾ ഡി മെലോനെറ്റോ

ക്യൂബ

നിക്കൊളാസ് ഗീയേൻ

വെസ്റ്റ് ഇൻഡീസ്

ഡെറെക് വാൽകോട്ട്

ആഫ്രിക്ക

സെനഗൽ:

ലിയോപോൾഡ് സെദർ സെങ്ഘോർ

മാർട്ടിനിക്:

അയ്മേ സെസയർ

ഫ്രഞ്ച് ഗയാന:

ലിയോൺ ഡാമസ്

ഘാന:

കോഫി അവൂനോർ

നൈജീരിയ:

വോളെ സോയിങ്ക

ദക്ഷിണാഫ്രിക്ക:

മസീസി കുനേനെ, ഡെന്നിസ് ബ്രൂട്ടസ്

ഹെയ്തി:

റെനെ ദെപെസ്ട്രേ

കോങ്ഗോ:

ചിക്കായ ഉത്തംസി

അംഗോള:

അഗസ്റ്റിന്നോ നെറ്റോ

ഏഷ്യ

ഇസ്രയേൽ:

യഹൂദ അമിച്ചായി

ഫലസ്തീൻ:

മെഹ്മൂദ് ദർവീശ്

ലെബനൺ:

ഖലീൽ ജിബ്രാൻ

സിറിയ:

അഡോണിസ്

തുർക്കി:

നസീം ഹിഖ്മത്

ചൈന:

ലൂ ഷുൺ, ബേ ദാവോ, ഷു തിങ്

കൊറിയ:

കോ ഉൻ, ലീ സീ യങ്

ജപ്പാൻ:

കിനോഷിതാ യൂജി, ഷുന്താരോ താനികാവ

മലേഷ്യ:

ഉസ്മാൻ അവാങ്

പാകിസ്താൻ:

ഫയ്സ് അഹമ്മദ് ഫയ്സ്, അഹമ്മദ് ഫരാസ്, ഇംതിയാസ് ധാർകർ

ബംഗ്ലാദേശ്:

കാസി നസ്രുൾ ഇസ്ലാം

ശ്രീലങ്ക:

കരുണാരത്നെ അബയ്ശേകര, കാശി അനന്തൻ

(മനോജ് കുറൂർ ഫെയ്സ്ബുക്കിൽ കുറിച്ചത്)