Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൺകുട്ടികളെ ഇതൊക്കെ പറഞ്ഞ് പഠിപ്പിച്ചത് ആരാണ്!!!

simar-singh-1

അയ്യേ, ആൺകുട്ടികൾ ഇങ്ങനെ പെൺകുട്ടികളെ പോലെ കരയാമോ? ഈ ചോദ്യം ഒരിക്കലെങ്കിലും നേരിട്ടിട്ടോ, ചോദിച്ചിട്ടോ അതുമല്ലെങ്കില്‍ കേട്ടിട്ടെങ്കിലും ഇല്ലാത്തവരുണ്ടാകില്ല. കരയുന്ന ആൺകുട്ടികളെ ആശ്വസിപ്പിക്കാൻ തലമുറകളായി ആവർത്തിച്ചുവരുന്ന 'ആൺകുട്ടികൾ പെൺകുട്ടികളെ പോലെ കരയാൻ പാടില്ല' എന്ന ഈ താരതമ്യം അത്ര നിഷ്കളങ്കമല്ല. ആൺകുട്ടികൾ എന്ത് സങ്കടവും പുറത്തു കാണിക്കാതെ ഉള്ളിൽ ഒതുക്കേണ്ടവനാണെന്ന് വാച്യാർത്ഥം. ഇനി മറിച്ച് ചിന്തിച്ചാൽ പെൺകുട്ടികളാണ് കരയേണ്ടവർ എന്ന് വ്യംഗ്യാർത്ഥം. രണ്ടാണെങ്കിലും പ്രശ്നം തന്നെ. 

സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും അവയൊക്കെ മിതമായി മാത്രം പ്രകടിപ്പിക്കുന്നതാണ് ആണത്തമെന്ന് കാലങ്ങളായി നമ്മുടെ ആൺകുട്ടികളെ പറഞ്ഞ് പഠിപ്പിച്ചത് എന്തിനാണ്? അഞ്ചോ ആറോ വയസ്സുമുതൽ പെൺകുട്ടികളെ പോലെ തുടങ്ങല്ലേ നീ ഒരാൺകുട്ടിയല്ലേ, നീ വീട് ഭരിക്കേണ്ടവനല്ലേ എന്ന് ശകാരിച്ച് പെൺകുട്ടികളെപോലല്ല താൻ എന്ന ബോധം അവനിൽ വളർത്തിയെടുത്തത് എന്തിനാണ്? ഉള്ളുലയ്ക്കുന്ന വേദനകളൊക്കെ കണ്ണീരിലൂടെ ഒഴുക്കികളയുവാനുള്ള സ്വാതന്ത്ര്യം അവന് മാത്രം നിഷേധിച്ചത് എന്തിനാണ്? മറ്റുള്ളരുടെ മുമ്പിൽ കരയാൻ അനുവാദമില്ലാത്ത, ചിരികൾക്കും താമാശകൾക്കും മുകളിൽ കാർക്കശ ഭാവമാണ് ആണധികാരങ്ങൾക്ക് യോജിക്കുന്നതെന്ന് പറഞ്ഞുശീലിപ്പിച്ചത് എന്തിനാണ്? മനുഷ്യനെ മനുഷ്യനായി വളർത്താതെ ആണും പെണ്ണുമായി വളർത്തിയെടുക്കുന്ന ഈ ശീലം ഇനിയെങ്കിലും മാറ്റേണ്ടതുണ്ടെന്ന് സമൂഹത്തെ ഓർമ്മിപ്പിക്കുകയാണ് സിമാർ സിംഗ് എന്ന പതിനാറുകാരൻ ഹൗ ടു ബി എ മാൻ എന്ന തന്റെ കവിതയിലൂടെ.

This is what they've

been taught since centuries

that men don't feel and men don't cry

Man up they told me

Man up, young boy

ആൺകുട്ടികൾതൊട്ടാവാടികളാകാൻ പാടില്ല, കരയാൻ പാടില്ല എന്നിങ്ങനെയുള്ള സാമ്പ്രദായിക വിലക്കുകളെ തന്റെ കവിതയിലൂടെ വിമർശിക്കുകയാണ് സിമാർ സിംഗ്. മനസിലെ സങ്കടങ്ങളെ മറച്ചുവെച്ച് മുഖത്ത് കള്ളത്തരങ്ങളുടെ ആവരണമിട്ട് ചിരിക്കാൻ ബാല്യം മുതൽ ഒരു കുട്ടിയെ പരിശീലിപ്പിച്ചെടുക്കുന്നത് എങ്ങനെയെന്ന് സമീർ കവിതയിൽ വിവരിക്കുന്നു.

And as a kid,

I once cried in public

And people laughed

as if they actually loved it

And then that kid wiped his eyes,

his smiling face was full of lies

സ്വന്തം മനസ്സിലുള്ളത് എന്തായാലും അത് അതുപോലെ പ്രകടിപ്പിക്കുന്നത് പാപമായി കരുതുന്ന ഒരു സാമൂഹിക അവസ്ഥയ്ക്കെതിരെ തുറന്നടിക്കുന്നുണ്ട് കവി. ഈ സാമൂഹിക അവസ്ഥകാരണമാണ് അച്ഛന്മാർക്ക്, സഹോദരന്മാർക്ക്, ആൺമക്കൾക്ക് മറ്റാരും കാണാതെ സ്വന്തം തലയണ കണ്ണുനീരുകൊണ്ട് നനയ്ക്കേണ്ടി വരുന്നത്. ഉള്ളിൽ അടക്കി വെച്ചിരിക്കുന്ന സങ്കടങ്ങളുടെ ഭാണ്ഡകെട്ടുകൾ അഴിക്കേണ്ടതുണ്ട് അതിന് മനസ് തുറന്ന് സംസാരിക്കു എന്നതാണ് കവി കണ്ടെത്തുന്ന പോംവഴി.

Talk to your son,

Who might be really young,

but tell him that he needs to speak

And that crying in public

won't mean that he's weak

അതെ, മനസ്സ് തുറന്നു സംസാരിക്കുന്നതും ഉറക്കെ കരയുന്നതും ഒരു ബലഹീനതയല്ല എന്ന് ഇനിയെങ്കിലും ഉറക്കെ വിളിച്ച് പറയേണ്ടതുണ്ട്. അങ്ങനെ കണ്ണുനീരിൽ കുതിരാത്ത തലയിണയിൽ ലോകം ശാന്തമായി ഉറങ്ങട്ടെ!

Read More Articles on Malayalam Literature & Books to Read in Malayalam