Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അവനവനോട്‌ സത്യസന്ധനായിരിക്കാൻ സമ്മതിക്കാത്ത ഒരു സമൂഹമാണ്‌ നമ്മുടേത് '

bennyamin

അവനവനോട്‌ സത്യസന്ധനായിരിക്കാൻ സമ്മതിക്കാത്ത ഒരു സമൂഹമാണ്‌ നമ്മുടേത് എന്നും കൊച്ചിയിൽ പോയ ചെറുപ്പക്കാർ ആ വിലക്കിനെ അതിലംഘിക്കാൻ ശ്രമിച്ചവരാണെന്നും ബെന്യാമിൻ. വിദേശ യാത്രയുടെ അനുഭവം ഫെയ്സ്ബുക്കിലൂടെ പങ്ക് വെയ്ക്കുകയായിരുന്നു എഴുത്തുകാരൻ. ടാർസാനിയയിൽ കണ്ടുമുട്ടിയ യുവാവിന്റെ സത്യസന്ധതയെ അനുമോദിച്ച അദ്ദേഹം കപട വിലാപങ്ങൾ ഉപേക്ഷിച്ച്, അന്യന്റെ മേലുള്ള നോട്ടം അവസാനിപ്പിച്ച് അവനവിലേക്ക് നോക്കാനുള്ള ആഹ്വാനത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ബെന്യാമിന്റെ ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം– 

സണ്ണി ലിയോൺ കൊച്ചിയിൽ വന്ന ദിവസം ഞാൻ ടാൻസാനിയയിലെ ചരിത്ര പ്രസിദ്ധമായ ബാഗാമോയോ എന്ന നഗരം കാണുകയായിരുന്നു. എനിക്കൊപ്പം ഗൈഡായി വന്ന സാംവാലി എന്ന ചെറുപ്പക്കാരനോട്‌ പലതും സംസാരിക്കുന്ന കൂട്ടത്തിൽ വിവാഹിതനാണോ എന്ന് ഞാൻ ചോദിച്ചു. 'അല്ല' അവൻ പറഞ്ഞു 'പക്ഷേ ഞാനൊരു പെൺകുട്ടിയ്ക്കൊപ്പം ജീവിക്കുന്നു. ഞങ്ങൾക്ക്‌ ഒരു കുട്ടിയുണ്ട്‌.' 

അവനു വേണമെങ്കിൽ എന്തു കള്ളം വേണമെങ്കിലും എന്നോടു പറയാമായിരുന്നു. വിവാഹിതനാണ്‌ കുട്ടിയുണ്ട്‌ എന്നോ അവിവാഹിതനാണ്‌ എന്നോ ഒക്കെ. എന്നാൽ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അവന്റെ സത്യസന്ധമായ ആ തുറന്ന് പറച്ചിൽ എന്നെ വല്ലാതെ ആകർഷിച്ചു. 

ഒരു മലയാളി യുവാവ്‌ അതിനു തയ്യാറാവുമോ.? തയ്യാറായാൽ അതിനെ നമ്മുടെ സമൂഹം വിചാരണ ചെയ്യുന്നത്‌ എങ്ങനെയാവും..? ലോകം മുഴുവൻ സഞ്ചരിക്കുന്നതിനിടെ, അത്‌ അമേരിക്ക ആയാലും ആഫ്രിക്ക ആയാലും, തെളിഞ്ഞു കിട്ടുന്ന ഒരു ബോധ്യമുണ്ട്‌. അത്‌ മലയാളിയുടെ അധമമായ കാപട്യത്തെക്കുറിച്ചും നാട്യങ്ങളെക്കുറിച്ചുമുള്ളതാണ്‌. 

അവനവനോട്‌ സത്യസന്ധനായിരിക്കാൻ സമ്മതിക്കാത്ത ഒരു സമൂഹമാണ്‌ നമ്മുടേത്‌. കൊച്ചിയിൽ പോയ ചെറുപ്പക്കാർ ആ വിലക്കിനെ അതിലംഘിക്കാൻ ശ്രമിച്ചവരാണ്‌. തങ്ങൾ സണ്ണി ലിയോണിനെ കാണുന്നവരാണ്‌ എന്ന് വിളിച്ചു പറഞ്ഞവർ. ഇനിയെങ്കിലും നമ്മൾ ഇത്തരം കപട വിലാപങ്ങൾ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അന്യന്റെ മേലുള്ള നോട്ടം അവസാനിപ്പിച്ച്‌ ഇനി നമുക്ക്‌ ഇത്തിരി അവനവനിലേക്ക്‌ നോക്കാം.

Read More Articles on Malayalam Literature & Books to Read in Malayalam