Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാന്‍ ബുക്കര്‍ പുരസ്‌കാരം സ്വന്തമാക്കി 'ലിങ്കണ്‍ ഇന്‍ ദി ബര്‍ഡോ'

George-Saunders

അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സാന്‍ഡേഴ്‌സിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം. മുൻ യുഎസ് പ്രസിഡന്റ് ഏബ്രഹാം ലിങ്കണുമായി ബന്ധപ്പെട്ട ഓർമകൾ ഉൾക്കൊള്ളിച്ച നോവൽ ‘ലിങ്കണ്‍ ഇന്‍ ദി ബര്‍ഡോ’ ആണ് പുരസ്കാരത്തിന് അർഹമായത്. 50,000 ബ്രിട്ടിഷ് പൗണ്ട് (ഏകദേശം 43 ലക്ഷം രൂപ) ആണ് സമ്മാനം.

1892ൽ പതിനൊന്നു വയസ്സുള്ള മകൻ വില്ലിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ലിങ്കന്റെ ഓർമകളിൽനിന്നാണു നോവൽ തുടങ്ങുന്നത്. ചരിത്ര സംഭവങ്ങൾ, സംഭാഷണങ്ങൾ, കത്തുകൾ, ജീവചരിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണു രചന. സാൻഡേഴ്സിന്റെ ഒന്‍പതാമത്തെ പുസ്തകമാണ് ലിങ്കണ്‍ ഇന്‍ ദി ബര്‍ഡോ. 

ടെക്‌സസില്‍ ജനിച്ച സാന്‍ഡേഴ്‌സ് ന്യൂയോര്‍ക്കിലാണു താമസം. നിരവധി ചെറുകഥകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എഴുത്തുകാരന്റെ ആദ്യ നോവലാണ് ‘ലിങ്കണ്‍ ഇന്‍ ദി ബര്‍ഡോ’. 

lincoln-in-the-bardo

അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവലായ 'ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്' മാൻ ബുക്കർ പ്രൈസിന്റെ ആദ്യ പട്ടികയിൽ ഇടം നേടിയിരുന്നു. ആദ്യനോവലായ ഗോഡ് ഓഫ് സ്മോൾ തിങ്സിന് 1997 ൽ അരുന്ധതി ബുക്കർ സമ്മാനം സ്വന്തമാക്കിയിരുന്നു. എന്നാൽ മാൻബുക്കർ സമ്മാനത്തിനായുള്ള അവസാന ആറ് പുസ്തകങ്ങളുടെ പട്ടികയിൽ അരുന്ധതി ഉൾപ്പെട്ടിരുന്നില്ല.

അമേരിക്കയിലെയും ബ്രിട്ടനിലെയും എഴുത്തുകാർ പ്രാതിനിധ്യം നേടിയ അന്തിമപട്ടികയിൽ പാക് നോവലിസ്റ്റ് മുഹ്സിൻ ഹാമിദും ഇടം കണ്ടെത്തിയിരുന്നു. മുഹ്സിൻ ഹാമിദിന്റെ 'എക്സിറ്റ് വെസ്റ്റ്' എന്ന നോവലാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ജോർജ് സാൻഡേഴ്സിനൊപ്പം പോൾ ഒാസ്റ്റർ (4321), എമിലി ഫ്രിഡ്‌ലന്റ്​ (ഹിസ്റ്ററി ഓഫ് വൂൾഫ്),  ഫിയോണ മൊസ്‌ലി (എൽമറ്റ്), അലി സ്മിത് (ഓട്ടം) എന്നീ പുസ്തകങ്ങളാണ് മാൻബുക്കറിന്റെ അന്തിമപട്ടികയിൽ ഇടം നേടിയ മറ്റ് നോവലുകൾ. 

അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിയുടെ 'ദ സെല്ലൗട്ട്'നായിരുന്നു 2016 ലെ മാൻബുക്കർ. പുരസ്കാരപ്രഖ്യാപനത്തിന് ശേഷം വൻകുതിപ്പാണ് പുസ്തകത്തിന്റെ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ഇതുവരെ ദ സെല്ലൗട്ടിന്റെ 360,000 ത്തിൽ അധികം ഹാർഡ് കോപ്പികളാണ് വിറ്റുപോയത്.

Novel ReviewLiterature ReviewMalayalam Literature NewsLiterature Awards