Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഒരു സങ്കീർത്തനം പോലെ' നൂറാം പതിപ്പിലേക്ക്...

oru-sankeerthanam-pole

പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീർത്തനം പോലെ' നൂറാം എഡിഷനിലേക്ക്. റഷ്യൻ നോവലിസ്റ്റായ ഫിയോദോർ ദസ്തയേവ്‌സ്കിയുടേയും അദ്ദേഹത്തിന്റെ പ്രണയിനി അന്നയുടെയും കഥ പറഞ്ഞ നോവൽ വളരെപ്പെട്ടെന്നാണ് വായനക്കാരുടെ മനസ്സ് കീഴടക്കിയത്. 1993 ലാണ് നോവലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. 24 വർഷങ്ങൾക്കിടയിൽ രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റു പോയ നോവലിന്റെ നൂറാം പതിപ്പ് ഡിസംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസിദ്ധീകരിക്കും. 

1992-ലെ ദീപിക വാർഷിക പതിപ്പിലൂടെയാണ് ഒരു സങ്കീർത്തനം പോലെ ആദ്യമായി വായനക്കാരിലേക്ക് എത്തുന്നത്. നോവൽ പുസ്തകമാക്കിയത് സങ്കീർത്തനം പബ്ലിക്കേഷനാണ്. ഒറ്റ കൃതികൊണ്ട് ഇത്രത്തോളം അടയാളപ്പെടുത്തപ്പെട്ട മറ്റൊരു പ്രസാധകസംരംഭവും മലയാളത്തിൽ ഇല്ല. തന്റെ സുഹൃത്തായ ആശ്രാമം ഭാസിക്ക് നോവൽ പ്രസിദ്ധീകരണത്തിനു നൽകുമ്പോൾ സുഹൃത്തിന് നഷ്ടം ഉണ്ടാകരുത് എന്ന ആഗ്രഹമേ പെരുമ്പടവത്തിനുണ്ടായിരുന്നുള്ളു. എന്നാൽ ആദ്യ പ്രതി പുറത്തിറങ്ങി ചൂടപ്പം പോലെ വിറ്റുപോയതോടെ ആ സംശയം അസ്ഥാനത്തായി. പിന്നീട് പെരുമ്പടവത്തിന്റെ 58 പുസ്തകങ്ങളുടെയും പ്രസാധകർ സങ്കീർത്തനം ബുക്സ് ആയിമാറി..

perumbadavam-book

തന്റെ പത്തൊമ്പതാം വയസ്സിൽ ദസ്തയേവ്‌സ്കിയുടെ 'കുറ്റവും ശിക്ഷയും' വായിച്ചപ്പോൾ മുതൽ അദ്ദേഹത്തിന്റെ ആരാധകനായെന്നും പിന്നീട് അദ്ദേഹത്തെ കൂടുതലായി വായിച്ചുവെന്നും പെരുമ്പടവം പറയുന്നു. ഈ താൽപര്യം തന്നെയാണ് 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിലേക്ക് നോവലിസ്റ്റിനെ നയിച്ചതും. 'ഹൃദയത്തിൽ ദൈവത്തിന്റെ വിരൽസ്പർശം പതിഞ്ഞ എഴുത്തുകാരൻ' എന്നാണ് ദസ്തയേവ്‌സ്കിയെ പെരുമ്പടവം വിശേഷിപ്പിച്ചത്. ഒരു സങ്കീർത്തനം പോലെ പുറത്തിറങ്ങിയ ശേഷം ആ വിശേഷണം പെരുമ്പടവത്തിനും വായനക്കാർ നൽകി. വയലാർ അവാർഡ് ഉൾപ്പെടെ പതിനൊന്നോളം പ്രധാന അവർഡുകൾ ഒരു സങ്കീർത്തനം പോലെ സ്വന്തമാക്കി. ഹിന്ദി, തമിഴ്, കന്നട, ഗുജറാത്തി, അറബിക്, ഇംഗ്ലീഷ്, ആസാമി എന്നീ ഭാഷകളിലേക്കും പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്.


Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം