Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിച്ചിരിക്കുന്ന ഒന്നിന്റെ ഉടമസ്ഥനാകാൻ മറ്റൊന്നിനു സാധിക്കുമോ?

vinoy-thomas-1 അതിരിന്റെ, ആണിന്റെ, അടിമയുടെ, ഉടമയുടെ, ദാരിദ്ര്യത്തിന്റെ... ഇങ്ങനെ പലവിധ രാഷ്ട്രീയങ്ങൾ അതിസ്വാഭാവികമായി തന്റെ കഥകളിൽ പറഞ്ഞു വയ്ക്കുന്നുണ്ട് വിനോയ് തോമസ്

വിനോയ് തോമസ് കഥകളിലെഴുതിയ രാഷ്ട്രീയം

രാഷ്ട്രീയം എന്നാൽ 'രാഷ്ട്രത്തെ സംബന്ധിച്ചത്' എന്ന് അർഥം. അതിന്റെ പരിധിയുടെ വ്യാസം കുറച്ചുകൂടി കൂട്ടി വരയ്ക്കാൻ കഴിയുമോ?  മനുഷ്യനെ സംബന്ധിച്ചത്, സമൂഹത്തെ സംബന്ധിച്ചത്, ജീവനുള്ള എന്തിനെയും സംബന്ധിച്ചത്, ചേതനവും അചേതനവുമായ സർവതും ഉൾക്കൊള്ളുന്ന ലോകത്തെ സംബന്ധിച്ചത് എന്നിങ്ങനെ. അങ്ങനെ ചിന്തിക്കുമ്പോൾ രാഷ്ട്രീയം എന്ന വാക്കിന്റെ അർഥം ലോകത്തോളം തന്നെ വിശാലമാണ്; പ്രസക്തവും. ഓരോ വാക്കിനും നോക്കിനും പ്രവൃത്തിക്കും അതിന്റേതായ രാഷ്ട്രീയമുണ്ട്. ഞാൻ എന്നതിനപ്പുറം മറ്റെന്തുമായി ഇടപഴകേണ്ടി വരുന്ന സന്ദർഭത്തിലും അതിലെ രാഷ്ട്രീയമായ ശരിതെറ്റുകളെക്കുറിച്ചും ചിന്തിക്കേണ്ടി വരുന്നു. ഓരോ കലാസൃഷ്ടിയും പ്രത്യക്ഷമായോ പരോക്ഷമായോ ഒരു രാഷ്ട്രീയം പറഞ്ഞു വയ്ക്കുന്നുണ്ട്. ഒരാശയത്തെ സമൂഹത്തിലേക്ക് കടത്തിവിടുന്നുമുണ്ട്.

അതിരിന്റെ, ആണിന്റെ, അടിമയുടെ, ഉടമയുടെ, ദാരിദ്ര്യത്തിന്റെ... ഇങ്ങനെ പലവിധ രാഷ്ട്രീയങ്ങൾ അതിസ്വാഭാവികമായി തന്റെ കഥകളിൽ പറഞ്ഞു വയ്ക്കുന്നുണ്ട് വിനോയ് തോമസ് എന്ന കഥാകൃത്ത്.  

ഈ അതിരെന്നൊക്കെ പറയുന്നത് കൊളത്തിൽ ചരള് വാരിയെറിയുമ്പോൾ ഉണ്ടാകുന്ന ഓളം പോലെയാ...

കുടിയേറ്റ സമൂഹത്തിനു പിടിച്ചുനിൽക്കാൻ പരസ്പരാശ്രയം ആവശ്യമായിരുന്നു. മലവെള്ളപ്പാച്ചിലിൽനിന്ന്, വന്യമൃഗങ്ങളിൽനിന്ന് ഒക്കെ രക്ഷ നേടാൻ അവർ ഒന്നിച്ചു നിന്നു. സ്വഭാവികമായിത്തന്നെ ആ സമൂഹത്തെ ഒന്നിച്ചു നിർത്താൻ കഴിവുള്ള ഒരാള്‍ നേതാവായി പരിണമിച്ചിരിക്കാം. അങ്ങനെയൊരാളായിരുന്നിരിക്കണം ഇടവേലിക്കാർ ബഹുമാനത്തോടെ ചാച്ചൻ എന്നു വിളിക്കുന്ന മാണിചാച്ചനും. തന്റെ നാടിനെക്കുറിച്ച് അയാൾ വേണ്ടതിലേറെ ഊറ്റം കൊള്ളുന്നുണ്ട്. നാടിന്റെയും നാട്ടുകാരുടെയും ഐക്യം കാത്തുസൂക്ഷിക്കുവാൻ സ്വന്തം വഴിക്ക് പരിശ്രമിക്കുന്നുമുണ്ട്. അന്യനാട്ടിൽനിന്ന് ആത്മാഭിമാനം നൊന്ത് വന്നിരുന്നു കരയുന്ന രവിയെ സഹായിക്കാൻ പ്രായം മറന്ന് ചാച്ചൻ ഇറങ്ങിപ്പുറപ്പെടുന്നതും തന്റെ നാടെന്നും താൻ അവരുടെ നേതാവെന്നുമുള്ള സ്വയംബോധം കൊണ്ടു തന്നെ. 

എന്റെ നാട്, എന്റെ വീട് എന്ന് എത്രത്തോളം ഒരു വ്യക്തി ഊറ്റം കൊള്ളുന്നുവോ, അത്രത്തോളം അയാളുടെ ലോകവും ചെറുതായിക്കൊണ്ടിരിക്കുന്നു. പുറത്തുനിന്ന് മറ്റൊന്നിനെയും ഉൾക്കൊള്ളാൻ കഴിയാത്ത വിധം പുറംലോകത്തേക്കുള്ള അയാളുടെ വാതിൽ അടയ്ക്കപ്പെടുന്നു. മറ്റൊരു ദേശത്തോട്, മറ്റൊരു മതത്തോട്, തന്റേതെന്നു താൻ സ്വയം എണ്ണാത്ത എന്തിനോടും ബഹുമാനത്തോടെയും തുല്യതയോടെയും പെരുമാറാൻ പിന്നെ അയാൾക്കു കഴിയണമെന്നില്ല. ഇടവേലി എന്ന ദേശസങ്കൽപ്പത്തിനുള്ളിൽത്തന്നെ വീണ്ടും മതിലുകൾ കെട്ടിപ്പോക്കുന്നുണ്ട് മാണിചാച്ചൻ.

‘ആ കാലമൊക്കെ കഴിഞ്ഞു ചാച്ചാ, ഷെട്ടിപുരേലെ എന്റെ പണിക്കാര് മുഴുവൻ ഇടവേലിക്കാരല്ലേ. അവന്മാരെന്നെതാ ചെയ്തെ?’ രവിയുടെ പരിഭവത്തിനുള്ള ചാച്ചന്റെ മറുപടിയിൽ മനുഷ്യനും മനുഷ്യനും ഇടയിൽ മനുഷ്യൻ സൃഷ്ടിക്കുന്ന ഈ അതിർവരമ്പ് തെളിഞ്ഞു വരുന്നുണ്ട്. 

"ഹാ, നിന്റെ പണിക്കാരൊക്കെ പണിയൻമാരല്ലേ, അവന്മാർക്കെവിടുന്നാടാ നാട്ടുസ്നേഹം?"

‘വെങ്ങാല സുരേഷ് ചെട്ടിയാനല്ലേ, അവൻമാർക്ക് തെരൂം ഗണപതീം ഒക്കെയല്ലാതെ വേറൊന്നുമില്ല. ഈ പോളെന്നു പറയുന്നോൻ ക്രിസ്ത്യാനിയാണേലും ലാറ്റിനാ. കൂട്ടത്തിക്കൂടിയേല, പിന്നെ കെട്ട്യോളടെ അടക്കിൻവാലെ കെട്ടിയേക്കുന്ന ബേബീടെ കാര്യം ഞാൻ പറയേണ്ടല്ലോ. ഏതായാലും നീ സമാധാനപ്പെട്.’

ഒടുവിൽ കൊടകില്‍ ചെന്ന് തല്ലുകുറെ വാങ്ങിക്കൂട്ടികഴിയുമ്പോൾ ചാച്ചനിൽ ആത്മഗതമെന്നോണം ഉടലെടുക്കുന്ന ഒരു ജനാധിപത്യ ബോധമുണ്ട്. (ചിലതൊക്കെ നമ്മൾ കൊണ്ടാലേ പഠിക്കൂ എന്നു പറയുംപോലെ) അതാണ് കഥയുടെ ക്ലൈമാക്സും സമാഹാരത്തിലെ പല കഥകളിൽ പലയിടത്തായി വെളിവാകുന്ന കഥാകൃത്തിന്റെ രാഷ്ട്രീയ ബോധവും. 

‘ഇന്ത്യേല് ഈ മലയാളി, കൊടകൻ എന്നൊക്കെപ്പറഞ്ഞ് വേർതിരിവു കാണിക്കുന്നതു ശരിയല്ല. നമ്മളൊന്നാലോചിച്ചു നോക്കിയാൽ ഈ അതിരെന്നൊക്കെ പറയുന്നത് കൊളത്തിൽ ചരള് വാരിയെറിയുമ്പോൾ ഉണ്ടാകുന്ന ഓളംപോലെയാ. എന്താ ഏതാന്നൊന്നും തിരിയേല.'

ആ മനുഷ്യൻ അങ്ങനെ വെറുമൊരു ആണായി മാറി...

ആണഹന്തകളുടെ പത്തിയിൽ ഉന്നം തെറ്റാതെ വന്നു കൊണ്ട ഊക്കത്തിലുള്ള ഒരടിയാണ് 'വിശുദ്ധ മഗ്ദലനമറിയത്തിന്റെ പള്ളി' എന്ന കഥ. ശരിയല്ല എന്നു തോന്നുന്നതിനോടെല്ലാം പ്രതികരിക്കണമെന്നുണ്ട് സാംസണ്. എന്നാൽ പ്രതികരണം ആവശ്യമായി വരുന്ന നിമിഷത്തിൽ കാലുകൾക്കൊരു വിറയൽ, തൊണ്ടയിൽ വെള്ളമില്ലാത്ത അവസ്ഥ, ഞരമ്പെല്ലാം വലിച്ചുകൂട്ടുന്നതു പോലെ... ഓരോരുത്തൻമാര് പോക്കണംകേട് കാണിക്കുമ്പോൾ തിരിച്ചുചോദിക്കാൻ പറ്റാതെ കയ്യുംകാലും വിറയ്ക്കുന്ന സ്വഭാവം മാറ്റിത്തരാൻ വിശുദ്ധമഗ്ദലന മറിയത്തോട് എല്ലാ ഞായറാഴ്ചകുർബാനയുടെ ഇടയ്ക്കും സാംസൺ പ്രാർഥിക്കാറുണ്ട്. അവിടെ ഒക്കെയും സാംസൺ എന്ന കഥാപാത്രം ഒരു മനുഷ്യനാണ്. മറ്റൊരു മനുഷ്യനെ തിരിച്ചറിയാൻ കഴിയുന്ന, സഹജീവിയുടെ വേദനകളെ തന്റേതുകൂടിയായി ഉൾക്കൊള്ളാൻ കഴിയുന്ന വെറും ഒരു മനുഷ്യൻ. അയാൾ സമൂഹമെഴുതിയ നിർവചനത്തിനുള്ളിൽ ഒതുങ്ങുന്ന ‘ആണ്’ അല്ലെന്ന് ചുരുക്കം. അയാള്‍ ആണല്ല എന്ന് സമൂഹത്തെക്കൊണ്ടു പറയിക്കാൻ പാകത്തിന്, സാംസണു കുട്ടികളില്ല എന്ന ഒരു കാരണം കൂടി ഭംഗിയായി കഥയിൽ വിളക്കിച്ചേർക്കുന്നുണ്ട് കഥാകൃത്ത്.  

vinoy-thomas-2 വിനോയ് തോമസ്

സാംസണ് ഇല്ലാതെ പോയത് ധൈര്യമല്ല, ആണത്തത്തിന്റെ കുറവാണ്. അതിനു മരുന്നായി വരിയുടയ്ക്കാത്ത മൂരിയുടെ വരി നെയ്യിലിട്ട് അരപ്പും ചേർത്ത് പാകത്തിന് വേവിച്ചു മദ്യം കൂട്ടി സാംസണു വിളമ്പുന്നുണ്ട് ചെറിയാൻ ചേട്ടൻ. 

സാംസൺ ‘രണ്ടു കഷണം തവിയിൽ കോരി ഊതിയാറ്റി ധൃതിപ്പെടാതെ വായിലിട്ടു. മൂരിയുടെ ആൺചുന നാവിലേക്ക് തരിച്ചിറങ്ങുന്നത് സാംസണറിഞ്ഞു. പല്ലുകൾക്കിടയിലാക്കി കടിച്ചുകുഴയ്ക്കുമ്പോൾ അരക്കെട്ടിലുണ്ടായ കിരുകിരുപ്പ് മരുന്നിന്റെ ഫലം കേറുന്നതാണെന്ന് സാംസണോർത്തു.’ മരുന്നു ഫലിച്ചു. അങ്ങനെ സാംസൺ ഒരു ആണായി മാറി. ഒരു ആണുമാത്രമായി മാറി; മനുഷ്യൻ അല്ലാതെയും. ഇന്നലെ വരെ അയാൾ സ്വയം തിരിച്ചറിഞ്ഞ ശരികൾ അങ്ങനെ ഇന്നയാൾക്ക് നഷ്ടപ്പെട്ടു. 

ഏതു നീതികേടിന്റെ പേരിലും മറ്റൊന്നിനോടും കലഹിക്കാൻ മനസ്സനുവദിക്കാത്ത നിഷ്കളങ്കതയുടെ രാഷ്ട്രീയം, സമൂഹത്തിന്റെ നിർവചനങ്ങളിലും ചട്ടക്കൂടുകളിലും ഒതുങ്ങാത്ത ചില ഒറ്റപ്പെട്ടവരുടെ രാഷ്ട്രീയം, ഭൂരിപക്ഷ കാപട്യങ്ങളുടെ രാഷ്ട്രീയം വളരെ ഭംഗിയായി വിനോയ് തോമസ് പറഞ്ഞു വയ്ക്കുന്നുണ്ട് ഈ കഥയിൽ

ജീവിച്ചിരിക്കുന്ന ഒന്നിന്റെ ഉടമസ്ഥനാകാൻ മറ്റൊന്നിന് സാധിക്കുമോ?

തന്റെ ഉടമസ്ഥതയിലുള്ളതെന്തും ഉടമയുടേതാണ്. ഉടമസ്ഥതയിലുള്ളവ എങ്ങനെ ഉപയോഗിക്കണമെന്നു തീരുമാനിക്കുന്നത് ഉടമസ്ഥനാണ്. വസ്തുവാണെങ്കിലും വ്യക്തി ആണെങ്കിലും അത് അങ്ങനെ തന്നെ. മൂന്നു പെൺമക്കളുടെയും പിന്നെ കുറേയേറെ നായകളുടെയും ഉടമസ്ഥനാണ് വെട്ടിപ്ലാവിൽ പാപ്പച്ചൻ. 

അപ്പൻ എന്ന അധികാരത്തിനു കീഴിൽ 39 വയസ്സുള്ള ഇളയവള്‍ മുതൽ മുകളിലേക്ക് മൂന്നു പെണ്‍മക്കൾ അടങ്ങിയൊതുങ്ങി ജീവിച്ചു. അവർക്ക് അഭിപ്രായങ്ങളില്ല, ആഗ്രഹങ്ങളും. അധികാരിയായ ഒരു മനുഷ്യന്റെയും അധികാരത്തിന് വിധേയരായ മൂന്നു പെണ്ണുങ്ങളുടെയും ആ കഥയിൽ അങ്ങേയറ്റം സ്വന്തം സ്വത്വത്തെ പേറുന്ന കുറേയേറെ കഥാപാത്രങ്ങളുണ്ട്. പാപ്പച്ചൻ പലയിടങ്ങളിൽ നിന്നായി കൊണ്ടുവന്നു വളർത്തുകയും തന്റെ ഇച്ഛയ്ക്കൊത്തു നിൽക്കാതെ വരുമ്പോൾ കൊന്നുകളയുകയും ചെയ്ത നായകൾ. സ്വന്തം വ്യക്തിത്വത്തിൽനിന്ന് തരിമ്പും മാറാൻ തയാറാകാത്തവ. തന്റെ നിലപാ‍ടുകളിൽ ഉറച്ച അടിത്തറയുള്ളവ. അധികാരത്തിന്റെ കൂടം കൊണ്ടുള്ള അടി നെറ്റിയിൽ വീഴുമ്പോഴും ഭാവഭേദങ്ങളൊന്നും കൂടാതെ സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്തിത്തന്നെ അവ കടന്നു പോയി.

സർവചരാചരങ്ങളോടും സഹാനുഭൂതിയോടെ പെരുമാറിയ അമിച്ചൻ എന്ന നായ, പ്രണയത്തിന്റെ ഭാവം സ്വീകരിച്ച റാണി എന്ന പെണ്‍പട്ടി, യജമാനന്റെ ഔദാര്യത്തിനു നിന്നുകൊടുക്കാതെ സ്വന്തം ആഹാരം സ്വയം കണ്ടെത്തിയ ചാന്നൻ എന്ന പട്ടി.. ഇവരൊക്കെ വിളിച്ചുപറഞ്ഞ രാഷ്ട്രീയം ഇനിയും കാലങ്ങളോളം പ്രസക്തമാണ്. അടിച്ചമർത്താൻ ശ്രമിക്കുന്തോറും അതിജീവനത്തിനായി പോരാടിക്കൊണ്ടിരിക്കുന്നവരുടെ രാഷ്ട്രീയം. അധികാരങ്ങൾക്കു വഴങ്ങാൻ കൂട്ടാക്കാത്തവരുടെ രാഷ്ട്രീയം. 

നായയും മനുഷ്യരും തമ്മിൽ എന്താണ് ബന്ധം? ഉടമസ്ഥൻ നൽകുന്ന തീറ്റ. അത് നിഷേധിക്കുന്ന നായ ഉടമസ്ഥനിൽനിന്ന് സ്വതന്ത്രനാണ്. തന്റെ ജോലികളെല്ലാം കൃത്യമായി നിർവഹിക്കുമ്പോഴും ചാന്നൻ സ്വയം കണ്ടെത്തിയ ആ സ്വാതന്ത്ര്യമാണ് പാപ്പച്ചനെ അസ്വസ്ഥമാക്കുന്നത്. 

ജീവിച്ചിരിക്കുന്ന ഒന്നിന്റെ ഉടമസ്ഥനാകാൻ മറ്റൊന്നിനു സാധിക്കുമോ? എന്ന കഥാകൃത്തിന്റെ ചോദ്യം അടിമത്തത്തിന്റെ എഴുതപ്പെട്ടതും അല്ലാത്തതുമായ എല്ലാ ചരിത്രങ്ങളിലേക്കും ഇനി എഴുതപ്പെടാനിരിക്കുന്ന ഭാവിയിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം