Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയാൾ ‘അർഥ’മില്ലാത്ത കഥകൾ എഴുതി; അനുഭൂതികൾ സൃഷ്ടിക്കാൻ

t-padmanabhan ടി. പത്മനാഭന് 88 വയസ്സ്

അയാൾ ഒരു രാഗം മൂളാൻ തുടങ്ങി. അയാൾക്കിഷ്ടപ്പെട്ട ഒരു ‘ഠുംരി’യുടെ വരികൾ.

വർഷഋതു അതിന്റെ എല്ലാ സൗഭാഗ്യങ്ങളോടും കൂടി വരികയായി, പ്രിയപ്പെട്ടവളേ നീ...എന്നാരംഭിക്കുന്ന ഠുംരി.

അയാൾ വരികൾ പാടുന്നുണ്ടായിരുന്നില്ല. വെറുതെ മൂളുക മാത്രം. പക്ഷേ, അതു രാഗത്തിന്റെ ശുദ്ധമായ ആലാപനമായിരുന്നു.

ആത്മാവിന്റെ അഗാധതയിൽനിന്നാരംഭിച്ച്, ശബ്ദത്തിന്റെ എല്ലാവിധ സൗന്ദര്യങ്ങളും ആവാഹിച്ചുകൊണ്ട് ആകാശം മുഴുവൻ നിറഞ്ഞൊഴുകിയ...

കണ്ണടച്ചുകൊണ്ടാണയാൾ പാടിയത്. കണ്ണുതുറന്നപ്പോൾ ചെറുപ്പക്കാരി കരയുകയായിരുന്നു.

ചിരിച്ചുകൊണ്ടയാൾ അവരോടു പറഞ്ഞു: എന്റെ കുട്ടി, ഇതിന്റെ അർഥം പറഞ്ഞുതരൂ..

ചോദ്യത്തിന്റെ പൊരുൾ ആദ്യമവർക്കു മനസ്സിലായില്ല. പിന്നീടു മനസ്സിലായപ്പോൾ അവരും ഉള്ളു കുളുർക്കെ ചിരിച്ചു.

എന്തായിരുന്നു അയാളുടെ ചോദ്യത്തിന്റെ പൊരുൾ ? 

ആ ചെറുപ്പക്കാരി അദ്ദേഹത്തിന്റെ കഥകളെക്കുറിച്ചു ഗവേഷണം ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ അവർക്കേറെ ഇഷ്ടപ്പെട്ട കഥയെക്കുറിച്ച് അവർ  പ്രബന്ധത്തിൽ എഴുതുകയുണ്ടായി. പക്ഷേ അതുവായിച്ചു ഗൈഡ് പറഞ്ഞു ആ കഥ അതൊന്നുമല്ല ഉദ്ദേശിക്കുന്നതെന്ന്. അതിന്റെ അർഥം അവർക്കു മനസ്സിലായില്ലെന്ന്....

അർഥം എന്ന വാക്കു കേട്ടപ്പോഴേ അയാൾ ക്ഷോഭിച്ചു. അർഥമോ ? കഥയുടെ അർഥമോ ? എന്തർഥം ? 

അദ്ദേഹത്തിനുറപ്പുണ്ട് താനെഴുതിയത് ‘അർഥമില്ലാത്ത’ കഥകൾ. ആ കഥകൾക്ക് അർഥമില്ല; അനുഭൂതി മാത്രം. ഏറെയിഷ്ടപ്പെട്ട ഒരു രാഗം കേൾക്കുമ്പോൾ മനസ്സിൽ തോന്നുന്ന അതേ അനുഭൂതി സൃഷ്ടിക്കുന്നു അദ്ദേഹത്തിന്റെ കഥകൾ. അല്ലാതെ, അർഥമോ അനർഥമോ സൃഷ്ടിക്കുന്നില്ല. 

ഠുംരിയുടെ അർഥം അയാൾ ചെറുപ്പക്കാരിയോടു ചോദിച്ചതിന്റെ പൊരുൾ ഇതാണ്. വാക്കുകൾ കൊണ്ട് അഭൗമമായ സംഗീതത്തിന്റെ പാറ്റേണുകൾ സൃഷ്ടിക്കുന്ന കഥകളാണ് അദ്ദേഹം എഴുതിയത്. 

അദ്ദേഹം: ടി.പത്മനാഭൻ. 

പറഞ്ഞുപഴകിയ ക്ളീഷേ ഒരിക്കൽക്കൂടി ഉപയോഗിച്ചാൽ മലയാളത്തിന്റെ പ്രകാശം പരത്തുന്ന കഥാകാരൻ. മലയാളസാഹിത്യ തറവാട്ടിന്റെ പൂമുഖത്തെ ചാരുകസേരയിലേക്ക് ചെറുകഥയെ ആനയിച്ചിരുത്തിയ കുലപതി. എന്നും ചെറുപ്പമായ വാക്കുകൾകൊണ്ട് അനുഭൂതികളുടെ അലൗകിക ലോകങ്ങൾ സൃഷ്ടിച്ച അദ്ദേഹത്തിന് ഇന്ന് 88 വയസ്സ്. ‘പ്രണയത്തിന്റെ അധരസിന്ദൂരം’ കൊണ്ട് ഗൗരി എന്ന കഥയെഴുതിയ അതേ പത്മനാഭൻ.

ഒരിക്കൽ വർഷങ്ങളോളം കഥകളെഴുതാതിരുന്നിട്ടുണ്ട് ടി.പത്മനാഭൻ. മൗനം മുറിച്ചതും ഒരു ചെറുകഥ എഴുതിക്കൊണ്ട്: ഒരു കഥാകൃത്ത് കുരിശിൽ. ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തെത്തന്നെ കഥാപാത്രമാക്കി എഴുതിയ കഥ. ഒരു സാഹിത്യസദസ്സിൽ കഥ വായിക്കുന്നതിനെക്കുറിച്ച് ആ കഥയിൽ പത്മനാഭൻ എഴുതുന്നുണ്ട്. വായിച്ചുകഴിഞ്ഞപ്പോൾ നിരൂപകർ രേഖപ്പെടുത്തിയ വിമർശനങ്ങളും. ഓരോരുത്തരായി കഥാകൃത്തിനെ ക്രൂശിക്കുകയാണ്. 

വാക്കുകളുടെ ഘടനയിൽ ശ്രദ്ധിച്ചതു പോരെന്നു തോന്നുന്നു. നമ്മുടെ പ്രസിദ്ധരായ എഴുത്തുകാരുടെ രചനകളിൽ കാണുന്ന ഏകതാനതയില്ലേ അതിവിടെ കാണുന്നില്ലെന്നു തോന്നുന്നു. വർണ്ണനകൾ പലപ്പോഴും അശ്ളീലമാകുന്നു. കഥയിൽ സംഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികൾ അദൃശ്യമായി വർത്തിക്കുന്നു. വിമർശനങ്ങൾ മുന്നേറിയപ്പോൾ നിരൂപക പണ്ഡിതൻമാരുടെ മുഖത്തുനോക്കി പത്മനാഭൻ പറയുന്നു:

എന്റെ കഥ നിങ്ങൾക്കു മനസ്സിലാകണമെങ്കിൽ ഇനിയും ഒരു നൂറ്റാണ്ടു കഴിയണം. നിങ്ങൾക്കുവേണ്ടി മാത്രമല്ല ഞാൻ എഴുതുന്നത്. നിങ്ങളുടെ മക്കളുടെ പരമ്പരകൾക്കും കൂടിയാണ്. നൂറ്റാണ്ടുകൾക്കപ്പുറം, യുഗങ്ങൾക്കപ്പുറം, ഞാൻ ജീവിച്ചിരിക്കും. എനിക്കു മരണമില്ല. മനുഷ്യനിലുള്ള....

പ്രകാശം പരത്തുന്ന പെൺകുട്ടിയിലും പത്മനാഭൻ എഴുതുന്നുണ്ടല്ലോ.. ഒരുപക്ഷേ നാനൂറോ അഞ്ഞൂറോ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്നതിനെക്കുറിച്ച്. 

വർത്തമാനത്തിനൊപ്പം ഭാവിക്കുവേണ്ടിക്കൂടി കഥകളെഴുതിയ, ഗൗരിയുടെ.. മരയയുടെ... ടി.പത്മനാഭന് എന്നും ചെറുപ്പം. നിത്യയൗവ്വനത്തിന്റെ സർഗ്ഗകാന്തി അഥവാ നളിനകാന്തി.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം