Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത് വെറും ഭ്രാന്തുകളായിരുന്നില്ല... എഴുത്തിന്റെ ഉന്മാദമായിരുന്നു!!!

പൗലോ കൊയ്‌ലോ പൗലോ കൊയ്​ലോ

പൗലോ കൊയ്‌ലോ എന്ന പേര് ആദ്യമായി കേൾക്കുമ്പോൾ ഒരു റഷ്യൻ സാഹിത്യ കൗതുകത്തിലേയ്ക്ക് വീണു പോയിരുന്നു. സോവിയറ്റ് യൂണിയൻ കാലത്ത് ഇറങ്ങിയിരുന്ന വലിയ മാസികകളിൽ എഴുതിയവരുടെ പേരുകൾ ഓർമ്മയില്ലെങ്കിലും പിന്നീട് വർഷങ്ങൾക്കിപ്പുറം പൗലോ കൊയ്‌ലോ എന്ന പേരും എന്തുകൊണ്ടോ ആ പുസ്തകം ഓർമ്മിപ്പിച്ചു. വിവർത്തന സാഹിത്യങ്ങളുടെ മാന്ത്രികത കൊണ്ടാകുമായിരിക്കാം എന്ന് തോന്നുന്നു. പെട്ടെന്നൊരു ദിവസം ഒരു പുലർച്ചയിൽ മഞ്ഞു പെയ്തു തുടങ്ങുന്നതു പോലെയാണ് കൊയ്‌ലോയും അദ്ദേഹത്തിന്റെ "ദ ആൽകെമിസ്റ്റും" ജീവിതത്തിലേയ്ക്ക് ഹൃദയത്തിൽ ഒരു തണുപ്പ് നൽകി എത്തിയത്. ഒറ്റ ദിവസം കൊണ്ട് മണിക്കൂറുകൾ കൊണ്ട് വായിച്ചു തീർത്ത ആൽകെമിസ്റ്റിനു വേറെ നീതീകരണം ആവശ്യമില്ലല്ലോ. അതോടെ പുസ്തകത്തിന്റെ പിന്നാമ്പുറത്ത് കണ്ട വെള്ള താടിയുള്ള നക്ഷത്ര കണ്ണുകളുള്ള ആ ആൽകെമിസ്റ്റുമായി അന്നേ പ്രണയത്തിലായി.

കൊയ്‌ലോയുടെ കാലത്ത് ജീവിച്ചിരിക്കുക എന്നത് നിസ്സാരമായ ഒരു രാഷ്ട്രീയമല്ല. ഓരോ നൂറ്റാണ്ടിലും ഓരോ ഇതിഹാസങ്ങൾ ജനിക്കുന്നത് പോലെ മാർക്കേസിന് തൊട്ടു പിന്നിൽ നിന്നു കൊണ്ട് ഈ കാലത്തെ കൊയ്‌ലോ ലോകത്ത് അടയാളപ്പെടുത്തുന്നു. 

"എന്തിനാ ചക്കരെ നീ അച്ചൻ പട്ടത്തിന് പോയത്...", ചങ്കു തകർന്നു കണ്ണുനീരിറ്റിയ കവിളോടെ അവൾ കൊച്ചച്ചനോട് ചോദിക്കുമ്പോൾ ആ വരികൾ സോഷ്യൽ മീഡിയയിൽ ഒന്നാകെ വൈറലായി. പക്ഷേ, അതെ വൈകാരിക നിമിഷം മുൻപെങ്ങോ വായിച്ചത് കൊയ്‌ലോയുടെ എഴുത്തിലാണ്. ജീവിതത്തിലേയ്ക്ക് തിരികെ വരാൻ, അതും അവൾക്കു വേണ്ടി എന്തും ചെയ്യാൻ കാത്തിരിക്കുന്ന ആ അച്ഛന്റെ വഴികളിലേക്ക് അവൾ ഇടയ്ക്കിടെ ആർദ്രമായി നോക്കുന്നുണ്ടായിരുന്നു, പിന്നെ പീദ്ര നദീ തീരത്തിരുന്നു അവൾ ഉറക്കെ നിലവിളിച്ചു, അവളുടെ പ്രണയത്തിന്റെ പാരവശ്യം പീദ്ര നദി മാത്രമേ കണ്ടിരുന്നുള്ളൂ. 

എഴുത്ത് ... എഴുത്ത് ... നിരന്തരമായ എഴുത്ത്... അതിനു വേണ്ടി ജീവിതത്തെ എങ്ങനെയും കൊണ്ട് പോവുക. വിഭ്രാന്തമായ ജീവിതത്തിന്റെ മുകളിൽ ഭ്രാന്തമായ എഴുത്തിന്റെ ഉന്മാദം അധിനിവേശം നടത്തിയപ്പോൾ മൂന്നു തവണ മാനസിക രോഗ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്യേണ്ടി വന്നു കൊയ്‌ലോയ്ക്ക്. പരമ്പരാഗതമായ വഴിയിലല്ലാതെ "മനുഷ്യർ" ചെയ്യുന്ന കാര്യങ്ങൾ ചെയ്യാത്തവർ എന്നും അല്ലെങ്കിലും മനോരോഗികളായി കണ്ടു തടങ്കലിൽ ആക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, എന്തിനെയും അതിജീവിക്കാനുള്ള കരുത്തുണ്ടായിരുന്നു കൊയ്​ലോയിലെ പ്രതിഭയ്ക്ക്. മകന്റെ ജീവിതം നേർവഴിക്ക് പോവുക എന്നതു മാത്രമായിരുന്നു കൊയ്‌ലോയുടെ മാതാപിതാക്കളുടെ ലക്ഷ്യം. പക്ഷേ, അദ്ദേഹത്തിന്റെ ആനന്ദം എഴുതുക എന്നതാണെന്ന് അവർ അപ്പോൾ തിരിച്ചറിയാതെ പോയി.

സ്വന്തം ഉള്ളിലേയ്ക്ക് എപ്പോഴും എന്തിന്റെയൊക്കെയോ ഉത്തരങ്ങൾ തേടിയിരുന്ന അന്തർമുഖനായിരുന്നു കുട്ടിക്കാലത്ത് തന്നെ കൊയ്‌ലോ. അതെ കാരണങ്ങൾ കൊണ്ടു തന്നെ മകന്റെ അന്തർമുഖത മാതാപിതാക്കൾക്ക് അപകടകരമായ മാനസിക വ്യഥയാണ് ഉണ്ടാക്കി. ഇരുപതു വയസ്സിനു മുൻപു തന്നെ കൊയ്‌ലോയെ ചികിത്സയ്ക്ക് വിധേയനാക്കാൻ അവർ തീരുമാനിച്ചു. പക്ഷേ, തന്റെ ഉള്ളിലെ ആന്തരിക നിശബ്ദത വിങ്ങി കിടക്കുന്ന ഉന്മാദങ്ങളുടെ നെഞ്ചിടിപ്പുകളാണെന്നു അദ്ദേഹത്തിന് മനസ്സിലായിരുന്നിരിക്കണം. പിന്നീട് എഴുത്തിന്റെ ലോകത്തേയ്ക്ക് കടന്നപ്പോൾ, ഉന്മാദങ്ങൾ വാക്കുകളാകുമ്പോൾ പതുക്കെ സമരസപ്പെട്ടു വന്ന ഭ്രാന്തുകൾ അദ്ദേഹത്തെ ഒരിക്കൽ ഭ്രാന്തനെന്ന് വിളിച്ചവരെ നോക്കി പരിഹസിച്ചിട്ടുണ്ടാകണം. കവികളും കാമുകന്മാരും അവരുടെ ഭ്രാന്തൻ വനാന്തർഭാഗങ്ങളിൽ നിർബാധമില്ലാതെ സഞ്ചരിക്കുന്ന അവദൂതൻമാരാകുമ്പോൾ അക്ഷരങ്ങളും പ്രണയവും അവർക്കു മുന്നിൽ തനിയെ തെളിഞ്ഞു വരും എന്നതത്രേ കാലത്തിന്റെ സത്യം.

ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് നാം ഉറക്കെ നടത്തുന്ന പ്രഖ്യാപനങ്ങളിൽ നിന്നും കൊയ്‌ലോ വിട്ടു പോകുന്നില്ല. ഒരു കാർട്ടൂണിന്റെ പേരിൽ അദ്ദേഹം സൈന്യത്താൽ ഉപദ്രവിക്കപ്പെട്ടത് അത്ര നിസാരമായല്ല കൊയ്‌ലോയുടെ മാനസിക നിലയെ ബാധിച്ചതും. എഴുത്തുകാരനായി പേരെടുക്കുന്നതിനും മുൻപായിരുന്നു അത്. പക്ഷേ, അതിനു ശേഷം മാറി മറിഞ്ഞ അദ്ദേഹത്തിന്റെ ജീവിതം തൂവെള്ള പേപ്പറു പോലെ ധവളിമ കലർന്നതായി തീർന്നു. 

"There is a work of art each of us was destined to create. That is the central point of our life, and -no matter how we try to deceive ourselves -we know how important it is to our happiness. Usually, that work of art is covered by years of fears, guilt and indecision. But, if we have no doubt as to our capability, we will fulfills our destiny. That is the only way to live with honor."

തീർത്ഥാടകർ എന്ന ആദ്യ പുസ്തകത്തിൽ കൊയ്‌ലോ കുറിച്ചു. ഉള്ളിലുള്ള ആ കലാപം പേറുന്ന കലയെ പുറത്തു കൊണ്ട് വന്നില്ലെങ്കിൽ തകർന്നു പോകുന്നത് ആ കലാകാരന്റെ ഹൃദയമാകുന്നു. അത് പുറത്തു കൊണ്ടു വരിക എന്നത് ഏറ്റവും വലിയ ടാസ്ക് തന്നെയാകുന്നുണ്ട്. സ്വയം ചതിക്കാനാകാത്ത ഏതൊരുവനും ആ ആത്മ ബോധത്തെ പുറത്തേയ്ക്കു വലിച്ചിട്ടേ മതിയാകൂ. വർഷങ്ങളുടെ ഭീതിയും കുറ്റബോധവും തീരുമാനമില്ലായ്മയും  എത്രയൊക്കെ ആഴത്തിലുണ്ടെങ്കിലും സ്വന്തം കഴിവിലുള്ള വിശ്വാസം ഒരുവനെ അവനർഹിക്കുന്ന നീതിയുടെ ആ വഴിയിൽ തന്നെ എത്തിക്കും. ഈ വിശ്വാസത്തിൽ പൗലോ കൊയ്‌ലോ അടിയുറച്ചു വിശ്വസിച്ചിരുന്നു. ആ വഴി തന്നെയാണ് ശരിയെന്നു ഇപ്പോൾ ലോകത്ത് ഏറ്റവുമധികം വായനക്കാരുള്ള ആ എഴുത്തുകാരൻ തെളിയിക്കുന്നു.  

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം