ADVERTISEMENT

വിശ്വപ്രസിദ്ധിയാർജിച്ച ഹാസ്യനടനും സിനിമാ നിർമ്മാതാവുമായിരുന്നു ചാർളി ചാപ്ലിൻ (1889–1977). രണ്ടാം ലോകമഹായുദ്ധകാലത്ത് ഏകാധിപത്യവും കൊടിയ നരഹത്യയും വഴി അഡോൾഫ് ഹിറ്റ്ലർ ലോകത്തെ ദുരിതത്തിലാഴ്ത്തി. ഹിറ്റ്ലറെ പരിഹസിക്കുന്ന, ‘ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ’ എന്ന ചിത്രം ചാപ്ലിൻ നിർമിച്ചു. 1940 ഒക്ടോബറിൽ റിലീസായ ഈ ചിത്രം വൻവിജയമായി. ഹിറ്റ്ലറേക്കാൾ നാലു ദിവസം മാത്രം പ്രായക്കൂടുതൽ, മുഖച്ഛായയിലെ സാമ്യം, ഇരുവർക്കുമുള്ള ടൂത്ത്ബ്രഷ് മീശ എന്നിവ കാരണം ചാപ്ലിന്റെ അഡനോയിഡ് ഹിങ്കൽ എന്ന ഏകാധിപതി ഗംഭീരമായി. അതേ ഛായയുള്ള ബാര്‍ബറായും ചാപ്ലിൻ വേഷമിട്ടു. 

യഹൂദരെ കൂട്ടക്കൊല ചെയ്ത ഹിങ്കൽ, ലോകം കീഴടക്കുന്നതിന്റെ ആദ്യപടിയായി അയൽരാജ്യം വെട്ടിപ്പിടിക്കാൻ പുറപ്പെടുന്നു. ആഭ്യന്തര യുദ്ധത്തിൽ പട്ടാള കമാൻഡർ ഷൂൾട്സ്, ഹിങ്കലിനെ കബളിപ്പിച്ചു മാറ്റി ബാർബറെ ഹിങ്കലായി അവതരിപ്പിക്കുന്നു. ഈ കപടഹിങ്കലിന്റെ വേഷത്തിൽ ചാർളി ചാപ്ലിൻ ചെയ്യുന്ന അഞ്ചു മിനിറ്റോളമുള്ള പ്രസംഗം ഇന്നും നമുക്കു പ്രചോദനം നൽകും. ചില വരികൾ കേൾക്കുക. 

‘‘വേണ്ട, എനിക്ക് ചക്രവർത്തിയാകേണ്ട. അതെന്റെ പണിയല്ല. ആരെയും ഭരിക്കുകയോ കീഴടക്കുകയോ വേണ്ട. കഴിയുമെങ്കിൽ എല്ലാവരെയും സഹായിക്കണം. യഹൂദരെയും അല്ലാത്തവരെയും കറുത്തവരെയും വെളുത്തവരെയുമെല്ലാം. നമുക്ക് പരസ്പരം സഹായിക്കാനാണ് ആഗ്രഹം. മനുഷ്യർ അങ്ങനെയാണ്.

‘‘അന്യരുടെ സുഖത്തിനാണ് നാം ജീവിക്കേണ്ടത്, ദുരിതത്തിനല്ല. പരസ്പരം വെറുക്കുകയോ അപമാനിക്കുകയോ വേണ്ട. ഈ ലോകത്ത് ഏവർക്കും വേണ്ട സ്ഥലമുണ്ട്. ഭൂമിയിൽ സമൃദ്ധിയാണ്. എല്ലാവർക്കും വേണ്ട വകയിവിടെയുണ്ട്. 

‘‘ജീവിതപ്പാത സ്വതന്ത്രവും സുന്ദരവുമാകണം. പക്ഷേ, നമുക്കു വഴി തെറ്റിയിരിക്കയാണ്. അത്യാർത്തി നമ്മുടെ ആത്മാവിനെ വിഷമയമാക്കി, വെറുപ്പുകൊണ്ടു വേലികെട്ടി തടഞ്ഞിരിക്കുന്നു. കാലുയർത്തി യുയർത്തി മാർച്ച് ചെയ്ത് നാം രക്തച്ചൊരിച്ചിലും ദുരിതത്തിലും ചെന്നു ചാടിക്കഴിഞ്ഞു. 

adolf-hitler

‘‘വേഗം നാം കൈവരിച്ചു. പക്ഷേ, സ്വയം അടച്ചുകെട്ടിയിരിക്കുന്നു. സമൃദ്ധി ചൊരിയുന്ന യന്ത്രങ്ങളു ണ്ടെങ്കിലും നമുക്കു ദാരിദ്ര്യമാണ്. അറിവു നമ്മെ ശീലിപ്പിച്ചതു കുറ്റപ്പെടുത്താൻ. നാം വക്രബുദ്ധികളും കരുണയില്ലാത്തവരുമാണ്. ഏറെ ചിന്തിക്കുന്ന നമുക്ക് ഉള്ളിൽ തട്ടുന്ന വികാരമില്ല. യന്ത്രങ്ങളേക്കാൾ പ്രധാനം മനുഷ്യത്വമാണ്. കൗശലബുദ്ധിയല്ല, കാരുണ്യവും ശാന്തതയുമാണ് വേണ്ടത്. ഈ ഗുണങ്ങളില്ലെങ്കിൽ അക്രമം കാരണം ജീവിതം തുലയും. 

‘‘റേഡിയോയും വിമാനവും നമ്മെ തമ്മിലടുപ്പിച്ചു. മനുഷ്യനന്മയെ വിളിച്ചോതുകയാണ് ഐക്യവും ഏവരിലും വേണമെന്നും അത് ഓർമ്മിപ്പിക്കുന്നു. എന്റെ ശബ്ദം കോടിക്കണക്കിനാളുകളിലെത്തുന്നു. നിരാശയിലാണ്ട പുരുഷന്മാരിലും സ്ത്രീകളിലും കുട്ടികളിലും തടവിലായി ദണ്ഡന മുറകൾക്കു വിധേയരായ നിരപരാധികളിലും, എന്റെ ശബ്ദം കേൾക്കാനാവുന്നവരോടു ഞാൻ പറയുന്നു. ‘നിരാശരാകരുത്’.

‘‘മാനവപുരോഗതിയെ ഭയപ്പെടുന്നവരുടെ വിദ്വേഷത്തിന്റെയും അതിമോഹത്തിന്റെയും ഫലമാണ് ഇന്നത്തെ നരകയാതന. മനുഷ്യരോടുള്ള വെറുപ്പിന് അറുതിവരും. ഏകാധിപതികൾ കാലയവനികയ്ക്കുള്ളിൽ മറയും. അവർ കവർന്നെടുത്ത ശക്തി ജനങ്ങളിൽ തിരികെയെത്തും. സ്വാതന്ത്ര്യം ഒരിക്കലും നശിക്കില്ല. 

‘പടയാളികളേ! നിങ്ങളെ അടിമപ്പെടുത്തി അപമാനിച്ച് ചെയ്യേണ്ടതെന്തെന്നു കൽപിച്ച്, ചിന്തിക്കേണ്ടതെന്തെന്നു നിർദേശിച്ച്, വികാരം കൊള്ളേണ്ടത് എന്തിനെപ്പറ്റിയെന്ന് ഉത്തരവിട്ട്, പട്ടിണിക്കിട്ട് കന്നുകാലികളെ പ്പോലെ കരുതി ഒടുവിൽ തോക്കിനിരയാക്കുന്ന മനുഷ്യമൃഗങ്ങൾക്കു മുന്നിൽ നിങ്ങൾ കീഴടങ്ങരുത്. 

‘യന്ത്രമനസ്സും യന്ത്രഹൃദയവുമുള്ള ഈ കൃത്രിമ യന്ത്രമനുഷ്യരുടെ കാൽക്കൽ നിങ്ങൾ വീണുകൂടാ. നിങ്ങൾ യന്ത്രങ്ങളല്ല, നിങ്ങൾ കന്നുകാലികളല്ല, മനുഷ്യരാണു നിങ്ങൾ. നിങ്ങളുടെ ഹൃദയത്തിൽ മനുഷ്യത്വമുണ്ട്. നിങ്ങൾ വെറുക്കില്ല. യോദ്ധാക്കളേ! നിങ്ങൾ അടിമത്തത്തിനു വേണ്ടി പോരാടരുത്, സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുക. 

charlie-chaplin-11

‘ദൈവരാജ്യം മനുഷ്യന്റെയുള്ളിലുണ്ടെന്നു ലൂക്കോസ് 17–ൽ എഴുതിയിട്ടുണ്ട്. ഒരാളിലോ ഒരു കൂട്ടം ആളുകളിലോ അല്ല. എല്ലാവരിലുമുണ്ട്. നിങ്ങളിൽ, ജനങ്ങളിൽ. 

‘നിങ്ങൾ ജനങ്ങൾക്കു ശക്തിയുണ്ട്. യന്ത്രനിർമിതിക്കുള്ള ശക്തി, സുഖമുണ്ടാക്കാനുള്ള ശക്തി. ജീവിതം സ്വതന്ത്രവും സുന്ദരവും ആക്കാനുള്ള ശക്തി, വിസ്മയകരമായ സാഹസമാക്കാനുള്ള ശക്തി. ജനാധിപത്യ ത്തിന്റെ പേരിൽ നമുക്കുള്ളതെല്ലാം ഒത്തു ചേർന്ന് ആ ശക്തി വിനിയോഗിക്കാം. പുതുലോകത്തിനായി, എല്ലാവർക്കും ജോലി ചെയ്യാൻ അനുവാദമുള്ള, വാർധക്യത്തിലടക്കം ഭാവിയിൽ സുരക്ഷിതത്വം പകരുന്ന മാന്യമായ ലോകത്തിനായി പോരാടാം. ഇതെല്ലാം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മനുഷ്യാധമന്മാർ കളവു പറയുകയായിരുന്നു. അവർ വാഗ്ദാനം പാലിക്കുന്നില്ല, ഒരിക്കലും പാലിക്കുകയുമില്ല. ആ വാഗ്ദാനങ്ങൾ നടപ്പാക്കാൻ നമുക്കു പടപൊരുതാം. ലോകത്തെ സ്വതന്ത്രമാക്കാൻ, തടസ്സങ്ങൾ തകർക്കാൻ, ദുരാഗ്രഹവും വെറുപ്പും അസഹിഷ്ണുതയും ഇല്ലാതാക്കാൻ, തെളിഞ്ഞ യുക്തിക്കു സ്ഥാനം നൽകി ശാസ്ത്രവും പുരോഗതിയും വഴി മാനവസുഖം ഉറപ്പാക്കുന്ന ലോകം സൃഷ്ടിക്കാൻ നമുക്കു പോരാടാം. 

പോരാളികളേ, ജനാധിപത്യത്തിന്റെ പേരിൽ നമുക്ക് ഒന്നിക്കാം. ഹിറ്റ്ലറുടെ തേർവാഴ്ച ലോകത്ത് അശാന്തിയുടെ അഗ്നിജ്വാലകൾ പടർത്തിയ അന്തരീക്ഷത്തിൽ ഏറെ പ്രസക്തമായിരുന്നു ഇതിലെ എല്ലാ വരികളും. പല വരികളും ഇന്നും പ്രസക്തമാണ്. മനുഷ്യനന്മയുടെ സന്ദേശം ഇതിൽ മുഴങ്ങുന്നു. നമുക്കു പല പാഠങ്ങളുമുണ്ട് ഈ പ്രസംഗത്തിൽ.

വിജയത്തിനെത്ര രഹസ്യങ്ങൾ

ഡിസിബുക്സ് 

English Summary : Vijayathinethra rahasyangal Book By B.S Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com