ADVERTISEMENT

ഒരാൾ എഴുതിയ കവിതയോ കഥയോ നോവലോ മറ്റൊരാൾ എഡിറ്റ് ചെയ്യേണ്ടത് ആവശ്യമാണോ? വസ്തുതാപരമായ പിഴവുകളോ വാക്യഘടനയിലെ തെറ്റുകളോ തിരുത്താൻ ഒരാൾ നല്ലതാണ്. അത്രയും കഴിഞ്ഞാൽ, മറ്റൊരാളുടെയും എഡിറ്റിങ് ആവശ്യമില്ലെന്നാണ് എന്റെ നിലപാട്. മറ്റൊരാൾ എഡിറ്റ് ചെയ്താൽ നന്നാവുന്ന ഒന്നല്ല സാഹിത്യം. അതായത് എല്ലാ മിനുക്കലുകളും തിരുത്തലുകളും മാറ്റങ്ങളും എഴുത്തുകാരനാണു നടത്തേണ്ടത്, അയാൾക്കു തോന്നിയാൽ മാത്രം. അതാണ് ഉചിതം. ഇത്തരം കാര്യങ്ങളിൽ ഓരോ എഴുത്തുകാരനും തന്റേതായ രീതികളുണ്ടാവും. പ്രസിദ്ധീകരണത്തിനു മുൻപ് സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ നിർദേശങ്ങൾ സ്വീകരിക്കുകയാണ് അതിലൊന്ന്. 

ലോകമെമ്പാടും പ്രസാധകശാലകൾക്ക് അവരുടേതായ ഹൗസ് റൂൾസ് ഉണ്ട്. അതു പാലിക്കാൻ എഴുത്തുകാർ ബാധ്യസ്ഥരാകും. പ്രസാധകശാലയിൽ ഉള്ളവർക്ക് എഡിറ്റിങ് വേണമെന്നു നിർബന്ധമുണ്ടെങ്കിൽ എഴുത്തുകാരന്റെ സാന്നിധ്യത്തിലോ അനുമതിയോടെയോ  ചെയ്യാം. 250 പേജുകളുള്ള ഒരു കൃതി 200 പേജ് ആക്കണമെന്നു പ്രസാധകനു തോന്നുന്നുവെങ്കിൽ എഡിറ്റിങ് കൂടാതെ കഴിയില്ലല്ലോ. അത്തരം മാറ്റങ്ങളെല്ലാം എഴുത്തുകാരനും എഡിറ്ററും ചർച്ച ചെയ്തു തീരുമാനിക്കാം. അതൊരു മാന്യമായ രീതിയാണ്. ചില പ്രസാധകർ പരമാവധി താളുകൾ ഇത്ര എന്നു മുൻകൂട്ടി പറയാറുണ്ട്.

പല പ്രശസ്ത രചനകളുടെയും വിവർത്തനങ്ങളിൽ കൃതിയെ വെട്ടിയൊതുക്കുന്ന രീതി സ്വീകരിക്കാറുണ്ട്. ഇത് പ്രസാധനത്തിലെ ചില പ്രായോഗികതകൾ കൂടി പരിഗണിച്ചിട്ടാണ്. മുറകാമിയുടെ ‘വൈൻഡ് അപ് ബേഡ് ക്രോണിക്ക്ൾ’ ജാപ്പനീസിൽ മൂന്നു പുസ്തകങ്ങളായാണു പ്രസിദ്ധീകരിച്ചത്. ഇംഗ്ലിഷ് പരിഭാഷ ഒറ്റ പുസ്തകവും. ഇത് വിവർത്തകൻ ജെയ് റൂബിൻ നടത്തിയ വലിയൊരു ദൗത്യമായിരുന്നു. ഒറിജിനലിലെ പല ഭാഗങ്ങളും റൂബിനു കയോട്ടിക് ആയിട്ടാണ് അനുഭവപ്പെട്ടത്. അതിനാൽ അദ്ദേഹം പല ഭാഗങ്ങളിൽനിന്നായി ഏതാണ്ട് 25,000 വാക്കുകൾ നീക്കം ചെയ്തു. മുറകാമിയുടെ ആദ്യ കാല രണ്ട് ഇംഗ്ലിഷ് വിവർത്തകർ ലൂക്കും ബേൺബോമും ഇതേ പോലെ വെട്ടിച്ചുരുക്കിയിട്ടുണ്ട്. അവർ ഇങ്ങനെ മുറിച്ചു നീക്കിയ വേർഷനാണ് അന്തിമമായി പ്രസാധകർക്കു നൽകിയതെങ്കിൽ റൂബിൻ പൂർണമായി പരിഭാഷ ചെയ്ത കോപ്പിയും എഡിറ്റ് ചെയ്ത  മറ്റൊരു കോപ്പിയും സമർപ്പിച്ചു. ഇംഗ്ലിഷ് പ്രസാധകരായ നോഫ് (Knopf) സ്വീകരിച്ചത് എഡിറ്റഡ് വേർഷനായിരുന്നു. (കൗതുകകരമായ വാർത്ത ഈ വർഷം ജർമൻ ഭാഷയിൽ, വൈൻഡ് അപ് ബേഡ് ക്രോണിക്ക്ൾ ഒന്നും കളയാതെ മൂന്നു വോള്യം സമ്പൂർണമായി ഇറങ്ങിയെന്നതാണ്).

ezhuthumesha-jay-rubin
ജെയ് റൂബിൻ

മാസിഡോണിയൻ എഴുത്തുകാരനായ ഗോസ് സ്മലസ്കിയുടെ Conversations with Spinoza എന്ന നോവൽ ഇംഗ്ലിഷിൽ വിവർത്തനം ചെയ്തപ്പോൾ അതു മൂന്നിലൊന്നായി ചുരുങ്ങി. ഇംഗ്ലിഷ് പരിഭാഷയുടെ ആമുഖത്തിൽ എഴുത്തുകാരൻ തന്നെ ഈ വെട്ടിനീക്കൽ എന്തുകൊണ്ടായിരുന്നുവെന്നു വിശദികരിച്ചിട്ടുണ്ട്. ഇനി അതു മുഴുവനായും പരിഭാഷപ്പെടുത്തി വന്നാലറിയാം എന്തെല്ലാം നഷ്ടമായെന്ന്.

എന്നാൽ, എഴുത്തുകാരന്റെ ഭാഷ നവീകരിക്കാനായി നമ്മുടെ നാട്ടിൽ ചിലർ എഡിറ്റർ ആയി പുറപ്പെടുന്ന രീതിയും സമീപകാലത്തായി കണ്ടുവരുന്നുണ്ട്. എഡിറ്റിങ് എന്നതു സർഗാത്മക ഭാഷയ്ക്കുമേൽ സാങ്കേതിക ഭാഷ നടത്തുന്ന കടന്നുകയറ്റമാകാതിരിക്കാൻ ജാഗ്രത വേണ്ടതാണ്. പണ്ടു ചില നിരൂപകർ പറഞ്ഞത്, ഷേക്സ്പീയറിന്റെ ശൈലിയിൽ അച്ചടക്കം കുറവാണ്. അതു കുറേ നന്നാക്കാനുണ്ടെന്നാണ്. 

ഈയിടെ ഒരാൾ മാധവിക്കുട്ടിയുടെ ഒരു കൃതിയിലെ ഭാഗം എടുത്ത് എഡിറ്റ് ചെയ്തു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നതു കണ്ടു. പത്രപ്രവർത്തന പരിശീലനകാലത്ത് ഇതുപോലെ ചിലതു ചെയ്യാറുണ്ട്. അത് അച്ചടിച്ചുവന്ന ഏതെങ്കിലും വാർത്തയുടെ മേലാകും. അനാവശ്യമായ സർവനാമങ്ങളും നാമ, ക്രിയാവിശേഷങ്ങളും അടക്കം എല്ലാത്തരം ആവർത്തനങ്ങളും വെട്ടിനീക്കുന്ന പരിപാടിയാണത്. ഇവിടെ മാധവക്കുട്ടിയെ പഴയ ജേണലിസം ടൂൾ ഉപയോഗിച്ച് വെട്ടിനിരത്തിയപ്പോൾ ആ രചന നന്നായെന്നാണ് അവകാശവാദം. എന്തൊരു ബാലിശമാണ്. മലയാളത്തിൽ സാഹിത്യഭാഷയെ പുറത്തുനിർത്തിയ എഴുത്തുകാരിലൊരാളാണ് മാധവിക്കുട്ടി. നിങ്ങൾ മാധവിക്കുട്ടി എഴുതിയ ഒരു കഥ ഒന്ന് ഉറക്കെ വായിച്ചുനോക്കൂ, അനാവശ്യമെന്നു പറയുന്ന ആ  വാക്കുകൾ ഒഴിവാക്കിയാൽ ആ ശൈലിയുടെ ലയം ചോരുന്നതു കാണാം. ഇതേ രീതി വച്ച് ആനന്ദിനെ എഡിറ്റ് ചെയ്താൽ നല്ല രസമാകും. ഒന്നാമത്, ഇത്തരം എഡിറ്റിങ് രീതികൾ സർഗാത്മക രചനയിൽ എടുത്തു പ്രയോഗിക്കുമ്പോൾ അനൗചിത്യമാണ് മുന്നിട്ടു നിൽക്കുന്നത്. ആ പ്രവൃത്തി കൊണ്ടു ചില വാക്കുകൾ ലാഭിക്കാം, സാഹിത്യമേന്മ ഉയരുകയില്ല. ഇത്തരം പ്രവൃത്തിക്കു പിന്നിലെ മനോഭാവം കൃതിയെ അന്തിമമായി ഇല്ലായ്മ ചെയ്തേക്കും.

എമിലി ഡിക്കിൻസൺ കവിതയിൽ ഓരോ വരിക്കുശേഷവും ഹൈഫണോ കോമയോ ഉപയോഗിച്ചു. അവരുടെ ആദ്യകാല കവിതകൾ അച്ചടിച്ച ഒരു എഡിറ്റർ, ഇതു മൂലം റൈമിങ് പ്രശ്നം ഉണ്ടെന്നു ചൂണ്ടിക്കാട്ടിയതോടെ എമിലി ഡിക്കിൻസൺ വാരികകൾക്കു കവിത അയയ്ക്കുന്ന പരിപാടി നിർത്തി. പക്ഷേ അവരുടെ മരണശേഷം ആ കവിതകളുടെ ആദ്യ സമാഹാരം ഇറങ്ങിയപ്പോൾ ഹൈഫൺ എല്ലാം നീക്കം ചെയ്തു വരികൾ ചിട്ടപ്പെടുത്തിയിരുന്നു. അൻപതോ അറുപതു വർഷം കാത്തിരിക്കേണ്ടിവന്നു കവിതകളിൽനിന്നിറങ്ങിപ്പോയ ഹൈഫണുകൾ മടങ്ങിയെത്താൻ. ഇനി, എഴുത്തുകാരി തന്നെ നടത്തുന്ന എഡിറ്റിങ് എന്താണെന്ന് അറിയാനും നിങ്ങൾ എമിലി ഡിക്കിൻസണിലേക്കു തന്നെ ചെല്ലണം. ഒരു കവിതയ്ക്കുതന്നെ രണ്ടും മൂന്നും പാഠഭേദങ്ങൾ അവർ എഴുതിയിരുന്നു. അവയെല്ലാം സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു. ഒരു വാക്ക് സ്ഥാനം മാറുമ്പോഴും ഒന്നു പോയി മറ്റൊന്ന് അതേസ്ഥാനത്തു വരുമ്പോഴും സംഭവിക്കുന്ന, അവ ഉണ്ടാക്കുന്ന സൂക്ഷ്മചലനങ്ങളുടെ മാജിക് അറിയണം ! 

ezhuthumesha-haruki-murakami
ഹരൂക്കി മുറകാമി

നിങ്ങളുടെ കൃതികൾ എഡിറ്റ് ചെയ്തു ഭംഗിയാക്കിത്തരാൻ പ്രാപ്തിയുളള ഒരാൾ ഉണ്ടെങ്കിൽ നല്ലതാണ്. ഈ വാഗ്ദാനവുമായി ആരെങ്കിലും സമീപിക്കുന്നുവെങ്കിൽ രണ്ടു കാര്യങ്ങളിൽ ജാഗ്രത പാലിക്കുന്നതു ഗുണകരമാകും. ഒന്നാമതായി, മറ്റൊരാൾ കൈ വയ്ക്കുന്നതോടെ നിങ്ങളെഴുതിയതിന്റെ അടിസ്ഥാന സ്വഭാവം തന്നെ മാറിപ്പോകാൻ എല്ലാ സാധ്യതയുമുണ്ട്. ആ മാറ്റം ആസ്വദിക്കുന്നുവെങ്കിൽ മാത്രം കൃതിയെ വിട്ടുകൊടുക്കുക. രണ്ടാമതായി, ഇപ്രകാരം എഡിറ്റ് ചെയ്യപ്പെട്ട കൃതി വായനക്കാരോ നിരൂപകരോ നന്നായി സ്വീകരിച്ചാൽ ആ വിജയത്തിന് അവകാശവാദം ഉന്നയിച്ചു പ്രസ്തുത എഡിറ്റർ പരസ്യമായി രംഗത്തു വരാനും സാധ്യതയുണ്ട്. ഇതു നമ്മുടെ നാട്ടിലെ ഒരു രീതിയായതുകൊണ്ടു പറഞ്ഞതാണ്, വിശേഷിച്ചും സമൂഹമാധ്യമകാലത്ത്.

എഴുത്തുകാർ കംപ്യൂട്ടറിൽ എഴുതിത്തുടങ്ങിയതോടെ എഴുത്തുരീതിയിലുണ്ടായ വ്യത്യാസങ്ങളെപ്പറ്റി ചിലിയൻ എഴുത്തുകാരനായ സാംബ്ര (Alejandro Zambra) എഴുതിയ രസകരമായ ലേഖനത്തെക്കുറിച്ചു കൂടി പറയാം. എഡിറ്റിങ് എന്ന സങ്കൽപം കംപ്യൂട്ടർ എളുപ്പമാക്കിയത് സാഹിത്യത്തിന്റെ സ്വഭാവത്തെ ബാധിച്ചിട്ടുണ്ട്. കടലാസ്സിൽ തിരുത്തുമ്പോൾ വെട്ടിയ വാക്കുകളും വാക്യങ്ങളും അവിടെ കിടപ്പുണ്ടാവും. അതെങ്ങും പോകില്ല. പക്ഷേ കംപ്യൂട്ടർ സ്ക്രീനിൽ അക്ഷരങ്ങൾ എളുപ്പം മാഞ്ഞുപോകുന്നു. വാക്കുകളെ കൂട്ടത്തോടെ നീക്കം ചെയ്യുന്നതും അവയുടെ സ്ഥാനം മാറ്റുന്നതും അനായാസമാണ്. എഴുതിയ വാക്യങ്ങൾ തൊട്ടടുത്ത നിമിഷം എന്നന്നേക്കുമായി റദ്ദാകുന്നു. അസ്ഥിരമാണു വാക്കുകൾ. എഴുത്തിന്റെ പ്രതലം മാറിയതോടെ താനെഴുതുന്ന വാക്കുകളുടെ ക്ഷണികതയ്ക്കുമേലാണ് എഴുത്തുകാരൻ ശങ്കിച്ചുനിൽക്കുന്നത്. കണിശമായി വെട്ടിനീക്കുമ്പോൾ തൊട്ടുമുൻപുണ്ടായിരുന്നത് എന്തായിരുന്നുവെന്നു പോലും ഓർമയിലുണ്ടാവില്ല.

എഡിറ്റിങ് എന്ന പ്രക്രിയയുടെ വൈരുധ്യം വ്യക്തമാക്കുന്ന ഒരു ഉദാഹരണം ടഗോറിന്റെ നോവലുമായി ബന്ധപ്പെട്ടതാണ്. ഘരെ ബയ് രെ (The Home and the World) കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയത് ടഗോറിന്റെ സഹോദരനായിരുന്നു. (സത്യജിത് റേ ഈ നോവൽ സിനിമയാക്കിയിട്ടുണ്ട്). ടഗോർ ആ നോവലിൽ ചേർത്തിട്ടുള്ള ബംഗാളിഗാനങ്ങളും കവിതകളും അനാവശ്യമെന്നു കല്പിച്ച് അവ പരിഭാഷയിൽ ഒഴിവാക്കി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിലാണ് ആ കവിതകളും കൂടി ഉൾപ്പെടുത്തിയ പുതിയ ഇംഗ്ലിഷ് പരിഭാഷ വന്നത്. ഇപ്പോൾ വായിക്കുമ്പോൾ നമുക്കറിയാം, ആ കാവ്യശകലങ്ങൾ നോവലിന്റെ അന്തരീക്ഷത്തിൽ എത്രത്തോളം അനിവാര്യമാണെന്ന്. ഒരു ഓർക്കസ്ട്രയിൽ ഒരുപാടു സംഗീതോപകരണങ്ങൾ ഒരേ സമയം ഉണരുമ്പോൾ അവയിൽ ചില സ്വരങ്ങൾ അനാവശ്യമാണെന്നു കേൾവിക്കാരൻ വിധിയെഴുതുന്നതുപോലെയാണ് ഒരു സാഹിത്യകൃതിയിലെ ഭാഷാപരമായ ന്യൂനതകളോ അഭംഗികളോ കണ്ടുപിടിക്കാൻ ചിലർ ആവേശം കാണിക്കുന്നത്. ടി. പത്മനാഭന്റെ ഒരു കഥയെടുത്തുനോക്കൂ, ഒറ്റത്താളിൽ മാത്രം അയാൾ എന്ന് എത്രയോ വട്ടം കാണാം. പത്മനാഭന് അത് ശൈലിയാണ്, ഉപേക്ഷിക്കാനാവില്ല. ദെസ്തോവസ്കിയുടെ കരമസോവ് ബ്രദേഴ്സിൽ പല അധ്യായങ്ങളിലും ഒന്നാന്തരം ആവർത്തനങ്ങളുണ്ട്. അതായത് മുൻപേ പറഞ്ഞതു തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. എഡിറ്റിങ് രീതി വച്ചാണെങ്കിൽ അതെല്ലാം മുറിച്ചു നീക്കണം. ഭാഗ്യവശാൽ അന്നത്തെ കാലത്ത് സർവജ്ഞാനികളായ എഡിറ്റർമാർ ഇല്ലായിരുന്നു. 

എഡിറ്റിങ് ഇടപെടലുകൾക്കുവേണ്ടിയുള്ള വ്യഗ്രതയിൽ സെൻസറിങ് സ്വഭാവം കൂടി ഉണ്ടെന്നതാണ് മറ്റൊരു കാര്യം. മുലകൾ എന്നു കണ്ടതെല്ലാം വെട്ടി പകരം മാറിടം എന്നു എഴുതുന്നതുപോലെയാണത്. ഒരു കൃതിയിലെ ഭാഷയിൽ ഏതാണ് ഉത്തമം, ഏതാണ് അധമം എന്നെല്ലാം തീരുമാനിക്കുന്നത് ആരാണ്? ആരു തീരുമാനിച്ചാലും അത് ആപേക്ഷികമാണ്. സാഹിത്യകൃതിക്ക് അതിന്റേതായ ജീവിതമുണ്ട്, സ്വാഭാവികമായും ജീവിതപ്രശ്നങ്ങളുമുണ്ടാവാം എന്ന് അംഗീകരിച്ചാൽ നാം ഇത്തരം ഇടപെടലുകളിൽ കുറച്ചു കൂടി ഔചിത്യം കാട്ടുമെന്നാണ് എനിക്കു തോന്നുന്നത്.

കൃതിയുടെ അപ്രമാദിത്വം സംബന്ധിച്ച എഴുത്തുകാരന്റെ വാദങ്ങൾ എല്ലാവർക്കും സ്വീകാര്യമാകണമെന്നില്ല. എങ്കിലും എഴുത്തുകാരനു  തന്റെ കൃതിയുടെ സ്വതന്ത്രാസ്തിത്വം വളരെ പ്രധാനമാണ്. എന്തെല്ലാം പോരായ്മകളുണ്ടായാലും അതിന്റെ ജീവിതം അങ്ങനെ തന്നെ തുടരണമെന്ന് അയാൾ ആഗ്രഹിക്കുന്നു. തന്റെ അന്ന കരേനീന അധമ സാഹിത്യമായിരുന്നുവെന്നു സ്വയം പ്രഖ്യാപിച്ചപ്പോഴും ടോൾസ്റ്റോയി, ആ നോവൽ പിൻവലിക്കാൻ മിനക്കെടാതിരുന്നത് അതാണ്. തന്നിൽനിന്നു മോചിതയായ അന്നയെയാണ് എഴുത്തുകാരൻ തിരസ്കരിച്ചത്. 

ezhuthumesha-leo-tolstoy
ലിയോ ടോൾസ്റ്റോയി

ചിലിയൻ മഹാകവി നികനോർ പാർറ, കിങ് ലീയറിന് മനോഹരമായ ഒരു പരിഭാഷ ചെയ്തു. ചിലെയിലെ പ്രശസ്തമായ ഒരു തിയറ്ററിൽ നാടകമായി അവതരിപ്പിക്കാനായിരുന്നു അത്. അവതരണം വിജയകരമായിരുന്നുവെങ്കിലും ആ പരിഭാഷ പുസ്തകമാക്കാൻ കവി വിസ്സമ്മതിച്ചു. തന്റെ പരിഭാഷ അപൂർണമാണെന്നാണ് കവി പറഞ്ഞത്. ഷേക്സ്പീയറിനെപ്പറ്റി എഴുതിയ കവിതയിൽ അതെന്തുകൊണ്ടാണെന്നു കവി തന്നെ സൂചിപ്പിക്കുന്നു.

In translating Shakespeare

 and eating fish

 take care :

 Little is gained by

 knowing English.

കാച്ചിക്കുറുക്കിയെഴുതാൻ അറിയാമെന്നതു മിടുക്കു തന്നെ. ഭാഷയുടെ ഘടനാപരമായ മികവ് എഴുത്തുകാർക്കു ഗുണംചെയ്യും. ശരിയാണ്. എന്നാൽ അതേ കണിശത കൊണ്ട് സാഹിത്യം ഉണ്ടാകില്ലെന്നാണു ഞാൻ കരുതുന്നത്. കാരണം സാഹിത്യത്തിനുള്ള പ്രധാന തടസ്സം ഭാഷ തന്നെയാണ്. അതിനെ തകർക്കാനാണ് ഓരോ എഴുത്തുകാരനും ശ്രമിക്കുന്നത്. ‘ഇ’ എന്ന സ്വരാക്ഷരം ഒഴിവാക്കി ഒരു നോവലെഴുതാൻ പെരക്കിനെ പ്രേരിപ്പിച്ചത് അതാവാം. 

English Summary : Ezhuthumesha : Do creative writing needs to be read by a second set of eyes?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com