ADVERTISEMENT

ആദ്യ പുസ്തകം വായനക്കാരിലെത്തും മുൻപേ അക്ഷരലോകത്തു നിന്നു മരണം കവർന്നെടുത്ത കഥാകാരൻ. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത രചന വായനയ്ക്കു സമ്മാനിച്ച്, ഇനിയുമെഴുതിയിട്ടില്ലാത്ത കഥക്കൂട്ടുകളെയും കൂട്ടി ഇരുപത്തിയെട്ടുകാരനായ കംബോഡിയൻ - അമേരിക്കൻ എഴുത്തുകാരൻ ആന്തണി വെസ്ന സോ ആണു യാത്രയായത്. 

 

ചെറുകഥകളുടെ സമാഹാരമായ ‘ആഫ്റ്റർ പാർട്ടീസ്’ എന്ന ആദ്യ പുസ്തകം 2021 ആഗസ്റ്റിൽ പ്രസിദ്ധീകരണത്തിന് ഒരുങ്ങുമ്പോഴായിരുന്നു കഥാകൃത്തിന്റെ അപ്രതീക്ഷിത വിയോഗം.

സ്വവർഗ്ഗ സ്നേഹിയായിരുന്ന സോയുടെ ജീവിതപങ്കാളിയാണു അപ്രതീക്ഷിത മരണവാർത്ത പുറത്തു വിട്ടത്. 

 

സാഹിത്യലോകത്തു പുതുമുഖമായിരുന്നെങ്കിലും കലിഫോർണിയയിലെ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കു വേണ്ടി ഉയർന്നു കേട്ടിരുന്നു സോയുടെ ശബ്ദം. ഭരണകൂടത്തിന്റെ ക്രൂരതകൾ ഭയന്നു നാലു പതിറ്റാണ്ടു മുമ്പ് അമേരിക്കയിലേക്കു കുടിയേറിയ കംമ്പോഡിയൻ അഭയാർത്ഥികളായ മാതാപിതാക്കൾ. പൂർവികർ നടന്ന മുൾവഴികളെ അക്ഷരങ്ങളിലേക്കു പകർത്തുന്നതിൽ സോ ശ്രദ്ധിച്ചു. വൈകി മാത്രം തിരിച്ചറിഞ്ഞ സ്വവർഗലൈംഗിക താല്പര്യങ്ങളിലും മനസ്സു തളർന്നില്ല, എഴുത്തിന്റെ കരുത്തു കൂടി. കഥ പറയാനാരുമില്ലാത്തവരുടെ, അധികമാരും പറയാത്ത കഥകളുടെ കഥാകാരനാകണം. സോ കഥകളെഴുതി, ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു, പ്രസിദ്ധനായി. 

 

മാതൃരാജ്യം നേരിട്ട വെല്ലുവിളികളെയും വംശഹത്യാ ഭീഷണിയെയും പുസ്തക രൂപത്തിൽ ലോകത്തിനു പരിചയപ്പെടുത്തണമെന്ന ആഗ്രഹത്തിലായിരുന്നു ‘ആഫ്റ്റർ പാർട്ടീസി’ന്റെ രചന. കുറിയ്ക്കു കൊള്ളുന്ന തമാശ കലർന്ന വിമർശനാത്മക കഥകൾ പണിപ്പുരയിലൊരുങ്ങി. പലകുറി പലരും പറഞ്ഞ കംബോഡിയൻ ചരിത്രത്തിന്റെ പുതുമയാർന്ന അവതരണം. വ്യത്യസ്തമായ ലിംഗവിന്യാസത്തിന്റെ പേരിൽ ഒറ്റപ്പെടലനുഭവിക്കുന്ന സമൂഹത്തിന്റെ വേദനകളും കഥകളിലെ സ്വാഭാവിക സന്ദർഭങ്ങളായി. സുഖവും ദുഃഖവും സമ്മിശ്രമായ കഥാതന്തുക്കൾ, ജീവിതം വച്ചു നീട്ടുന്ന നുറുങ്ങു വെട്ടം കാട്ടിത്തരുന്ന കഥാപാത്രങ്ങളും. നോവും നർമ്മവും അനായാസേന സമന്വയിപ്പിക്കുന്ന സോയുടെ രചനാപാടവം അമേരിക്കൻ സാഹിത്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രാപ്തമായിരുന്നു. 

 

സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽ നിന്നു സർഗാത്മക രചനയിൽ ബിരുദം നേടിയ സോ മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപു നടന്ന ഓൺലൈൻ ബിരുദ ദാന ചടങ്ങിലാണ് അവസാനമായി പങ്കെടുത്തത്. ആദ്യ ക്ലാസിലേക്ക് ‘ഒരു വാൽനക്ഷത്രം കണക്കെ’ ഓടിക്കയറിയ സോ യാണ് അധ്യാപകരുടെ ഓർമയിൽ. വേർപാടിന്റെ ഞെട്ടലിൽ നിന്നു സുഹൃത്തുക്കളുടെ സ്നേഹവലയവും മുക്തമായിട്ടില്ല. ഡിസംബർ 20ന് കലിഫോർണിയയിൽ ചരമ ശ്രുശൂഷകൾ നടക്കും. സോ ബാക്കിവച്ച സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനായി സഹപ്രവർത്തകർ ചേർന്ന് ധനശേഖരണ സംരംഭവും ഓൺലൈനായി ക്രമീകരിച്ചിട്ടുണ്ട്. 

 

അസാധാരണമായ കരവിരുതുമായി കഥാലോകത്തു വിരാജിക്കേണ്ടിയിരുന്നയാളാണ് യൗവനത്തിൽ വിടവാങ്ങിയത്. വാൽനക്ഷത്രം പോലെ മിന്നിമറഞ്ഞ അസാമാന്യ പ്രതിഭയ്ക്കു വിടയേകുകയാണ് സാഹിത്യലോകം. 

 

English Summary: Anthony Veasna So, Author on the Brink of Stardom, Dies at 28

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com