ADVERTISEMENT

ആദ്യരാത്രിയിൽ അപസ്മാരബാധിതനായി ഡോസ്റ്റോവ്സ്കി വീണപ്പോൾ മരിയ ഇസയേവ സ്വയം പഴിച്ചിരിക്കണം. സ്വന്തം തീരുമാനം തെറ്റിയെന്ന് ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കണം. ദരിദ്രനാണെന്നു മാത്രമേ കരുതിയിരുന്നുള്ളൂ. രോഗി കൂടിയാണെന്ന തിരിച്ചറിവ് ആദ്യ രാത്രിയിൽ തന്നെ ലഭിച്ചിരിക്കുന്നു. സന്തോഷമില്ലാതെ ആ രാത്രി കടന്നുപോയി. 

പിന്നീടുള്ള പകലുകളും രാത്രികളും അങ്ങനെതന്നെ. അഗാധമായ പ്രണയത്തിന്റെയും അസഹനീയമായ വിരഹത്തിന്റെയും അവസാനമാണ് ഒന്നായതെങ്കിലും അവർ ഒരിക്കലും 

ഒരുമിച്ചില്ല എന്നതാണു സത്യം. ആ വിവാഹം പരാജയമായി. ഡോസ്റ്റോവ്സ്കിയുടെ ആദ്യത്തെ പ്രണയ പരാജയം. 

 

വർഷം 1854. എഴുത്തുകാരന് 35 വയസ്സ്. ശ്രദ്ധേയമായ രണ്ടു നോവലുകൾ അദ്ദേഹം എഴുതിക്കഴിഞ്ഞിരുന്നു. പൂവർ ഫോൾക്കും ഡബിളും. രാജ്യദ്രോഹത്തിന് അറസ്റ്റിലായിട്ടുണ്ട്. സൈബീരിയിയിൽ നാലുവർഷം ശിക്ഷാവിധിയായി എല്ലുമുറിയെ പണിയെടുത്തു. വധശിക്ഷയിൽ നിന്നു രക്ഷപ്പെട്ടത് അവസാന നിമിഷം. സൈനിക സേവനം പുരോഗമിക്കുന്നു. 

 

അതിനിടെയായിരുന്നു മരിയ ഇസേയവയെ പ്രണയിച്ചത്. അലക്സാണ്ടർ എന്നൊരു അമിത മദ്യപാനിയുടെ ഭാര്യയായിരുന്നു മരിയ. ആയിടക്ക് അവർ 700 കിലോമീറ്റർ ദൂരെയുള്ള പട്ടണത്തിലേക്കു മാറുക കൂടി ചെയ്തതോടെ ഡോസ്റ്റോവ്സ്കി നിരാശനായി. എന്നാൽ അലക്സാണ്ടർ മരിച്ചതോടെ അദ്ദേഹത്തിനു വീണ്ടും പ്രതീക്ഷയായി. പണമില്ലാതെ ബുദ്ധിമുട്ടിയ മരിയയ്ക്ക് അദ്ദേഹം അവസാന റൂബിൾ വരെ അയച്ചുകൊടുത്തു, വിവാഹാഭ്യർഥനയും. 

 

ട്രെയിനിലെ കാവൽക്കാരൻ വഴിയാണ് അദ്ദേഹം പണം അയച്ചുകൊടുത്തുകൊണ്ടിരുന്നത്. ആഴ്ചാവസാനം തിരിച്ചുവരുമ്പോൾ മരിയുടെ മറുപടി എത്തിക്കണമെന്നു ചട്ടം കെട്ടിയിരുന്നു. മഞ്ഞിനെ വകഞ്ഞുമാറ്റി എത്തുന്ന ട്രെയിൻ കാത്ത് ഡോസ്റ്റോവ്സ്കി കാത്തുനിന്നു. ഏതാനും റൂബിളികൾ മാത്രം സ്വന്തമായുള്ള ഒരു എഴുത്തുകാരനെ വിവാഹം കഴിക്കാൻ തയാറല്ലെന്നായിരുന്നു

മരിയയുടെ ഉറച്ച മറുപടി. മറ്റൊരാളെ അവർ വിവാഹം കഴിക്കുകയും ചെയ്തു. ഡോസ്റ്റോവ്സ്കി തളർന്നു. 

 

പ്രണയമില്ലാതെ ഇനി എങ്ങന ഞാൻ മുന്നോട്ടുപോകും- അതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. എന്നാൽ അധികം താമസിയാതെ അദ്ദേഹത്തിന്റെ പ്രതീക്ഷ പൂവണിഞ്ഞു. മരിയ വിവാഹത്തിനു സമ്മതിച്ചു. എന്നാൽ ആദ്യ രാത്രി അവരുടെ സന്തോഷത്തിനു വിഘാതമായി ഡോസ്റ്റോവ്സ്കിയ്ക്ക് അപസ്മാരം. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടു പല തവണ അദ്ദേഹം അപസ്മാരത്തിനു വിധേയമായി. മരിയയുമായുള്ള വിവാഹം ദുരന്തത്തിൽ അവസാനിച്ചു. പിന്നെയും ദുരന്തങ്ങൾ അദ്ദേഹത്തെ കാത്തിരുന്നു, പ്രശസ്തിയും. 

 

20-ാം നൂറ്റാണ്ടിന്റെ പ്രവാചകൻ എന്നു വിശേഷിപ്പിക്കപ്പെട്ട ഡോസ്റ്റോവ്സ്കി ആത്മകഥ എഴുതിയിട്ടില്ല. എന്നാൽ കൃതികളിലുടുനീളം ഓരോ സമയത്തെയും  അദ്ദേഹിന്റെ 

മാനസികാവസ്ഥയുടെ പ്രതിഫലനമുണ്ട്. മഥിച്ച ചിന്തകളുണ്ട്. പ്രതീക്ഷകളും മോഹഭംഗങ്ങളുമുണ്ട്. ഈ വർഷം 200-ാം ജൻമവാർഷികം ആഘോഷിക്കുന്ന ഡോസ്റ്റോവ്സ്കിയുടെ കൃതികൾ പഠിച്ചും ജീവിതം ഗവേഷണത്തിനു വിധേയമാക്കിയും അലക്സ് ക്രിസ്റ്റോഫി എഴുതിയ പുതിയ പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ 

പ്രണയ പ്രതീക്ഷകളും പരാജയങ്ങളുമുള്ളത്. ഡോസ്റ്റോവ്സ്കി ഇൻ ലവ്- ആൻ ഇന്റിമേറ്റ് ലൈഫ് എന്ന പുതിയ പുസ്തകത്തിൽ. 

 

56-ാം വയസ്സിലായിരുന്നു ലോകം കണ്ട ഏറ്റവും മഹാൻമാരായ എഴുത്തുകാരിൽ ഒരാൾ എന്നു പ്രകീർത്തിക്കപ്പെട്ട ഡോസ്റ്റോവ്സ്കിയുടെ അന്ത്യം. എന്നാൽ അപ്പോഴേക്കും 

ലോക ക്ലാസ്സിക്കുകൾ ഒന്നിലധികം അദ്ദേഹം എഴുതിയിരുന്നു. ക്രൈം ആൻഡ് പണിഷ്മെന്റ്, കാരമസോവ് ബ്രദേഴ്സ് ഉൾപ്പെടെയുള്ള വിശ്വപ്രസിദ്ധ നോവലുകൾ. 

 

മരിയയുമായുള്ള ബന്ധത്തിനു ശേഷം രണ്ടു തവണ കൂടി അദ്ദേഹം പ്രണയത്തിൽപ്പെട്ടു. പൊളിന എന്ന സുന്ദരിമായുള്ള ബന്ധത്തിൽ നിന്ന് അദ്ദേഹത്തിനു ലഭിച്ചതു വേദന മാത്രം. പിന്നീടായിരുന്നു സ്റ്റെനോഗ്രഫറായ അന്നയുമായുള്ള പ്രണയം. ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും അപസ്മാരത്തിലും പ്രശസ്തിയിലും ചൂതുകളിയിലുമെല്ലാം അദ്ദേഹത്തിന്റെ കൂടെ നിന്ന അന്ന. സഫലമായ പ്രണയവും സന്തുഷ്ടമായ ജീവിതവും. 

 

മൂന്നു പ്രണയങ്ങളും വിശദാംശങ്ങളോടെ ക്രിസ്റ്റോഫിയുടെ പുസ്തകത്തിലുണ്ട്. നോവലിസ്റ്റ് കൂടിയായ ക്രിസ്റ്റോഫിയുടെ പ്രതിഭയുടെ മുദ്ര ചാർത്തിയ ജീവചരിത്രം. ഹൃദയത്തിനു മേൽ ദൈവം കയ്യൊപ്പു ചാർത്തി എന്നു പെരുമ്പടവം ശ്രീധരൻ വിശേഷിപ്പിച്ച റഷ്യൻ നോവലിസ്റ്റിന്റെ ഉൻമാദത്തോളം എത്തിയ പ്രണയ ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ കാഴ്ച. 

 

English Summary : Dostoevsky in Love: An Intimate Life book by Alex Christofi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com