ADVERTISEMENT

ആയുർവേദ ഡോക്ടർ അല്ലെങ്കിൽ ബാങ്ക് ഓഫീസർ ഇതാകേണ്ട ആളായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും  ഉജ്ജ്വല പ്രഭാഷകൻ ഡോ.സുകുമാർ അഴീക്കോട്. കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ഒരു വർഷത്തോളം വൈദ്യപഠനം നടത്തിയ അഴീക്കോട്  1946-ൽ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ നിന്നു വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് കണ്ണൂരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉദ്യോഗം നേടിയെങ്കിലും സാഹിത്യത്തോടുള്ള അമിതാവേശം കാരണം അത്‌ വേണ്ടെന്നു വച്ചത്‌ ചരിത്രം. കോവിഡ്  മഹാമാരിക്കാലത്ത്‌ മലയാള പ്രസംഗകലയുടെ കുലപതി സാക്ഷാൽ ഡോ . സുകുമാർ അഴീക്കോട്  ജീവനോടെ ഉണ്ടായിരുന്നെങ്കിൽ നന്നായി വിഷമിച്ചേനേ, കാരണം ഒരു നദി പോലെ സ്വച്ഛമായി ഒഴുകി വരുന്ന അദ്ദേഹത്തിന്റെ വാഗ്‌ധോരണി സാഗരഗർജനം പോലെയാകുന്നത് വേദിക്കു മുന്നിലിരിക്കുന്ന സദസ്യരുടെ മുഖം കാണുമ്പോഴാണ്. കോവിഡ്  കാലത്ത്  മിക്ക പ്രാസംഗികരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് തങ്ങളുടെ പ്രസംഗങ്ങൾ നടത്തുന്നത്.

 

ഡോ.സുകുമാർ അഴീക്കോട് എന്ന പേര് ശ്രദ്ധിക്കുന്നത് ആദ്യം പത്ര-മാസികകളിൽ  കൂടെയായിരുന്നു പിന്നെയും വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹത്തെ വായിച്ചറിയുന്നത്. 'വാവദൂകൻ' അഥവാ അധികപ്രസംഗി എന്ന വാക്ക് പഠിക്കുന്നത് പത്താം തരത്തിലെ  മലയാളപാഠപുസ്തകത്തിൽ അദ്ദേഹം എഴുതിയ 'പ്രഭാഷണകല' എന്ന പാഠത്തിലാണ്‌. മഹാനായ അലക്‌സാണ്ടറിന്റെ പിതാവായ ഫിലിപ്പിനെതിരെ എൺപതിൽപ്പരം പ്രഭാഷണങ്ങൾ ചെയ്ത പ്രാചീന ഗ്രീസിലെ ഡമെസ്തനീസിനെക്കുറിച്ചു പഠിച്ചത് ആ പാഠത്തിലാണ്. ആ  ലേഖനത്തിലെ  ചില വരികൾ ഇപ്രകാരമാണ്.

 

sukumar-azhikode-memoir1

പ്രസംഗം ശ്രോതാക്കളുടെ ഹൃദയത്തിൽ കടത്തുകയാണ്  പ്രാസംഗികന്റ ഏറ്റവും പ്രധാനമായ ലക്ഷ്യം. അതിനു പ്രാസംഗികൻ താൻ തന്നെ വിഷയത്തിൽ കടക്കണം, അതിനുമുൻപ്‌, വിഷയം പ്രാസംഗികനിൽ കടന്നിരിക്കുകയും വേണം. വിഷയം തന്റെ ഉള്ളിൽ കടന്നിട്ടില്ലാത്ത പ്രാസംഗികന് വിഷയത്തിൽ കടക്കാനും അയാളുടെ പ്രസംഗം ശ്രോതൃഹൃദയങ്ങളിൽ കടത്താനും പ്രയാസപ്പെടേണ്ടിവരും. 'ഹൃദയത്തിന്റെ പൂർണ്ണതയിൽനിന്നു മുഖം സംസാരിക്കുന്നു'എന്ന് മത്തായിയുടെ സുവിശേഷം പ്രസംഗിക്കുന്നു.

 

ഒരുമണിക്കൂർ നീണ്ടുനിവർന്ന വാക്കുകൾ ചിതറിപ്പരത്തിയിട്ടും വിഷയത്തിൽ കടക്കാതെ അലഞ്ഞുതിരിഞ്ഞുകൊണ്ടിരുന്ന ഒരു പ്രസംഗികനോട് പ്രസംഗം ചുരുക്കണമെന്ന്  അധ്യക്ഷൻ ആവശ്യപ്പെട്ടപ്പോൾ ‘ഇനിയാണ് നല്ല ഭാഗം വരുന്നത്’ എന്ന് പറഞ്ഞെന്നു കേട്ടിട്ടുണ്ട്. ഇത്തരം വാഗ്മികളാണ് ഇന്ന് നാട്ടിൽ കൂടുതൽ. പ്രസംഗം ചാവുന്നതിനു മുൻപ് അതിനെ പ്രാസംഗികൻ കൊല്ലേണ്ടതാണ്; ഇല്ലെങ്കിൽ ശ്രോതാക്കളാണ് ചത്തുപോവുക ! വാസ്തവത്തിൽ പ്രാസംഗികനെയാണ്  അപ്പോൾ കൊല്ലാൻ തോന്നുക! അതായത്, കാര്യം പറഞ്ഞു സദസ്യർക്കുണ്ടായ രസം  അക്കാര്യം  പറഞ്ഞു നീരസമായി മാറുന്നതിനു മുൻപ് പ്രസംഗം നിറുത്തേണ്ടതാണ്. കേൾവിക്കാർ സംസാരിച്ചു തുടങ്ങുന്നതിനു മുമ്പ് പ്രാസംഗികന് സംസാരം നിർത്താം.

sukumar-azhikode-memoir

 

പ്രഭാഷണകല പഠിച്ചപ്പോൾ മുതൽ മനസിൽ തോന്നിയ ആഗ്രഹമായിരുന്നു മലയാളത്തിന്റെ  സാഗരഗർജ്ജനത്തെ നേരിൽ കാണണമെന്ന്, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായി മാവേലിക്കര ബിഷപ് മൂർ കോളേജിൽ പഠിക്കുമ്പോൾ 1996 ഫെബ്രുവരി 22 വ്യാഴാഴ്ച്ച രാവിലെ കോളേജിൽ നടന്ന ഒരു പ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നടത്താൻ എത്തിയ  അദ്ദേഹത്തെ നേരിൽ കാണുകയും  ആ കയ്യിൽ നിന്നും ഒരു ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്യാൻ അവസരമുണ്ടായി. വർഷമൊന്നാകുന്നതിനു മുൻപ് 1997 ജനുവരി 11 ന് മാവേലിക്കര തഴക്കര മാർത്തോമ പാരിഷ് ഹാളിൽ  അഖില കേരള  ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കേരളത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള  ഡോ .പി .സി. അലക്‌സാണ്ടർ എൻഡോവ്‌മെന്റ് (ഇപ്പോൾ സ്മാരക) സംസ്ഥാന പ്രസംഗ മത്സരത്തിന്റെ വിധികർത്താക്കളിൽ ഒരാളായി അദ്ദേഹം എത്തിയിരുന്നു.

 

 ഒരു നിയോഗം പോലെ സംഘാടകരിൽ ഒരാളായ എനിക്ക്  അദ്ദേഹത്തിനൊപ്പം കൂടുതൽ ഇടപഴകുവാനുള്ള അവസരവും അന്ന് ലഭിച്ചു, ആ സ്വാതന്ത്ര്യത്തിൽ പ്രസംഗ മത്സരത്തിന് ശേഷം അക്കാലത്തു കോളേജിൽ  ഞാൻ എഴുതി  തയ്യാറാക്കിയിരുന്ന 'വിടുവാമൊഴി ' എന്ന പത്രത്തിന് ഒരു ആശംസ എഴുതിത്തരാമോ എന്ന് ചോദിക്കുവാൻ എന്നെ പ്രേരിപ്പിച്ചു, എഴുത്തിന്റെ വാതായനങ്ങൾ ഇനിയും തുറക്കട്ടെ എന്ന് തുടങ്ങിയ ആ നാലു  വരി ആശംസയിൽ 'വിടുവാമൊഴി 'എന്ന പേരും കടന്നു വന്നത് ഓർക്കുന്നു.

 

മൊബൈൽ ഫോണും സെൽഫിയും ഒന്നും പ്രചാരമില്ലാത്ത  അക്കാലത്ത് അദ്ദേഹത്തിന്റെ  കൂടെയുള്ള ഒരു ചിത്രം ഇല്ലാത്തത് ഇന്നും മനസിൽ നൊമ്പരമാണ്.  പ്രസംഗമത്സര വിജയികൾക്കൊപ്പം വിധികർത്താക്കൾ  ഫോട്ടോ എടുത്ത ശേഷം മലയാള മനോരമ  ഫൊട്ടോഗ്രഫർ റോക്കി ജോർജിനോട് കണ്ണുകൊണ്ടോരപേക്ഷ  ഒരു പടം എടുക്കണമെന്ന് പെട്ടെന്ന് തന്നെ അദ്ദേഹം ആ ചിത്രമെടുത്തെങ്കിലും അതിന്റെ  കോപ്പി കിട്ടിയില്ല, അന്നത്തെ സഖ്യം സംസ്ഥാന പ്രസിഡന്റ് ആൻ  മേരി ഷിനു സി ടോം, വൈസ് പ്രസിഡന്റ് റോമി ചന്ദ്രമോഹൻ എന്നിവർക്കൊപ്പം മാഷ് നിൽക്കുന്ന ചിത്രത്തിന്റെ വലതു വശം ഞാൻ നിൽക്കുന്ന ചിത്രം ഇന്നും നിധി പോലെ സൂക്ഷിക്കുന്നു.

 

‘സാഗരഗർജ്ജന’മെന്ന് അഴീക്കോടിന്റെ പ്രഭാഷണത്തെ വിശേഷിപ്പിച്ചത് ബേപ്പൂർ സുൽത്താൻ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറാണ്. മലയാള സാംസ്കാരിക വേദികളിലെ ഇടിമിന്നലായ അഴീക്കോട് 1962-ൽ കോൺഗ്രസ് പ്രതിനിധിയായി തലശേരിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ഇടതുപക്ഷ സ്വതന്ത്രനായ സഞ്ചാര സാഹിത്യകാരൻ എസ്. കെ. പൊറ്റെക്കാടിനോട് പരാജയപ്പെട്ടു. ഇരുപതാമത്തെ വയസ്സിൽ മഹാത്മാഗാന്ധിയെ നേരിട്ടു കണ്ടതാണ് തനിക്കൊരു പുതുപ്പിറവി തന്നതെന്ന് സുകുമാർ അഴീക്കോട് തന്റെ ആത്മകഥയിൽ ഓർമ്മിക്കുന്നു. ജോലിയന്വേഷിച്ച് ഡൽഹിയിൽ പോയ അദ്ദേഹം തിരികെ നാട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഗാന്ധിയെ സേവാഗ്രാമിൽ ചെന്നു കണ്ടത്.

 

അടുത്തിടെ പ്രമുഖ പത്രപ്രവർത്തകൻ ഡോ  പോൾ മണലിൽ എഡിറ്റ്‌ ചെയ്ത സുകുമാർ അഴീക്കോട്  'പ്രസംഗകല' കുട്ടികൾക്ക് പ്രസംഗിച്ചു വളരാൻ എന്ന പുസ്തകം പ്രഭാഷണരംഗത്തു വളരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും അവരെ പരിശീലിപ്പിക്കുന്ന മുതിർന്നവർക്കും സഹായകമായ ഒരു ഗ്രന്ഥമാണ്. തിരുവല്ല സി എസ്. എസ് ആണ് പ്രസാധകർ. മലയാള പ്രഭാഷണകലയുടെ കുലപതിയുടെ ഓർമ്മകൾക്കു മുൻപിൽ  ആദരവോടെ.

 

English Summary : Sukumar Azhikode Memoir by Rojin Pynummood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com