ADVERTISEMENT

ലോക്ഡൗൺ കാലത്തെ ഒഴിവുസമയത്ത് എന്തു ചെയ്തെന്നു ചോദിച്ചാൽ പത്താം ക്ലാസുകാരൻ മുഹമ്മദ് ബാസിം ഒരു പുസ്തകമുയർത്തിക്കാണിക്കും ‘ദ് ടീൻ ലൈഫ് ഇൻ ദ് ട്വന്റിഫസ്റ്റ് സെഞ്ച്വറി’. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ ഒരു കൗമാരക്കാരൻ തന്നെ വിലയിരുത്തുകയും അതിജീവന വഴികൾ നിർദേശിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ബാസിം രചിച്ച ഈ പുസ്തകത്തിന്റെ പ്രത്യേകത. 

 

the-teen-life

പൊതുവേ കൗമാരക്കാരെക്കുറിച്ചുള്ള ചിന്തകളും പുസ്തകങ്ങളുമൊക്കെ മുതിർന്നവരാണ് എഴുതാറ്. ഗംഭീര നിഗമനങ്ങളും നിർദേശങ്ങളുമൊക്കെ ഇത്തരം പുസ്തകങ്ങളിൽ കാണാമെങ്കിലും രക്ഷിതാക്കൾ രക്ഷിതാക്കൾക്കുവേണ്ടി എഴുതുന്നു എന്ന പോരായ്മ ഇവയ്ക്കെല്ലാം ഉണ്ടാകും. സ്വന്തം കൗമാരകാലത്തിന്റെ ഓർമകളെ പിന്നീട് പരിഭാഷപ്പെടുത്തുമ്പോൾ നഷ്ടപ്പെടുക ‘കൗമാരം’ എന്ന വാക്കും അതിന്റെ അർഥതലങ്ങളും തന്നെയാണ്. തൊണ്ണൂറുകളിൽ കൗമാരം കഴിഞ്ഞ ഒരാൾക്ക് മില്ലേനിയം കുമാരന്മാരെ അഭിസംബോധന ചെയ്യുക സാധ്യമല്ല. ഇതിനുള്ള പരിഹാരപുസ്തകമാണ് ബാസിമിന്റെ രചന. പതിനാറു വയസ്സുകാരനായ കൗമാരക്കാരൻ കൗമാരത്തെക്കുറിച്ചെഴുതുമ്പോൾ വായിക്കാനും മനസ്സിലാക്കാനും ഒട്ടേറെക്കാര്യങ്ങൾ മുതിർന്ന തലമുറയ്ക്കുമുണ്ടാകും.

 

കൗമാരക്കാരുടെ ചിന്തകൾ, വീക്ഷണങ്ങൾ, സമൂഹത്തിലും സ്കൂളിലും വീട്ടിലും അവർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചു വിവരിക്കുന്ന ഈ പുസ്തകത്തിൽ ഏഴ് അധ്യായങ്ങളാണുള്ളത്. ദേഷ്യം, മൊബൈൽ ഫോൺ ഉപയോഗം, കൗമാരപ്രണയം, പഠനസമ്പ്രദായത്തോടുള്ള എതിർപ്പ് എന്നിങ്ങനെ ഓരോ അധ്യായവും ഓരോ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നു. മന്ത്രി കെ.ടി. ജലീലാണ് ചെന്നൈ നോഷൻ പ്രസ് പുറത്തിറക്കിയ പുസ്തകം പ്രകാശനം ചെയ്തത്. എട്ടാം ക്ലാസുവരെ ഗൾഫിൽ പഠിച്ച ബാസിം ഇപ്പോൾ മലപ്പുറം മമ്പാട്ടുള്ള സ്പ്രിങ്സ് ഇന്റർനാഷനൽ സ്കൂളിലാണു പഠിക്കുന്നത്. പ്രശസ്ത മാപ്പിള കവി പുലിക്കോട്ടിൽ ഹൈദരിന്റെ പിൻതലമുറക്കാരനായ ബാസിം മമ്പാട് സ്വദേശി ഫൈസൽ– ഷബ്ന ദമ്പതികളുടെ മൂത്തമകനാണ്. 

 

English Summary: The Teen Life in the 21st Century : for teens, from a teen by Mohammed Bassim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com