ADVERTISEMENT

പ്രശസ്ത ബ്രിട്ടിഷ് നോവലിസ്റ്റ് ജെയ്ന്‍ ഓസ്റ്റിന്‍ ജീവിച്ചിരുന്ന ഹാംപ്ഷയറിലെ വസതി ഇപ്പോള്‍ എഴുത്തുകാരിയുടെ പേരിലുള്ള മ്യൂസിയമാണ്. ദിവസവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാഹിത്യ പ്രണയികള്‍ സന്ദര്‍ശിക്കുന്ന തീര്‍ഥാടന സങ്കേതം. ജെയ്ന്‍ ഓസ്റ്റിന്റെ ഓര്‍മ നിലനിര്‍ത്തുന്ന പുസ്തകങ്ങളും കയ്യെഴുത്തുപ്രതികളും പ്രതിമകളും മിനിയേച്ചര്‍ രൂപങ്ങളും ഇവിടെ സുലഭം. എന്നാല്‍ അടുത്തിടെ സ്മാരകം നവീകരിച്ചതോടെ നടത്തിപ്പുകാര്‍ പുലിവാലു പിടിച്ചിരിക്കുകയാണ്. 

 

ചെറുതായി തുടങ്ങിയ വിവാദം അടിമ വ്യാപാരവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചയായതോടെ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അവര്‍. എന്നാല്‍, വിവാദം അവിടം കൊണ്ടും അവസാനിച്ചിട്ടില്ല. അത് ഉടനെയെന്നും 

അവസാനിക്കുമെന്നും തോന്നുന്നില്ല. കാരണം അതു ചരിത്രവുമായി ബന്ധപ്പെട്ടതാണ്. ചരിത്രത്തിലെ ഇരുട്ടിനെ വര്‍ത്തമാനകാലത്തേക്ക് ആനയിക്കുന്നതുപോലുള്ള അനുഭവം. 

 

ജെയ്ന്‍ ഓസ്റ്റിന്‍ സ്മാരകത്തില്‍ വരുന്നവര്‍ ചായ കുടിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എഴുത്തുകാരി ജീവിതകാലത്ത് ചായ കുടിച്ചിരിക്കാം; അവരുടെ കഥാപാത്രങ്ങളും. അതിനെയൊന്നും പുനഃപരിശോധിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല- ഇതായിരുന്നു സ്മാരകം നടത്തിപ്പുകാരുടെ വിശദീകരണം. തുടക്കത്തില്‍ ആര്‍ക്കുമൊന്നും 

മനസ്സിലായില്ലെങ്കിലും വിവാദം കത്തിപ്പടര്‍ന്നതോടെ കാര്യങ്ങള്‍ വ്യക്തമായി. ജെയ്ന്‍ ഓസ്റ്റിന്‍ ജീവിച്ചിരുന്ന കാലത്ത് അടിമ വ്യാപാരവും നിലനിന്നിരുന്നു. തേയില, കരിമ്പു തോട്ടങ്ങളിലൊക്കെ അന്നു വ്യാപകമായി അടിമകളെ ഉപയോഗിച്ചു ജോലി ചെയ്യിപ്പിച്ചിരുന്നു. അന്നത്തെ കാലത്ത് ചായ കുടിച്ചവര്‍ സ്വാഭാവികമായും അടിമക്കച്ചവടത്തെയും 

പ്രോത്സാഹിപ്പിച്ചു എന്നാണ് ഇപ്പോള്‍ ചിലരുടെ ആരോപണം. ഇതിനെത്തുടര്‍ന്നാണ് മ്യൂസിയം അധികൃതര്‍ക്ക് വിശദീകരണക്കുറിപ്പ് ഇറക്കേണ്ടിവന്നതും. 

 

ചായ കുടിക്കുന്നത് ഇഷ്ടപ്പെട്ട ജെയ്ന്‍ ഓസ്റ്റിന്‍ നോവലുകളില്‍ തന്റെ കഥാപാത്രങ്ങള്‍ ചായ കുടിക്കുന്ന രംഗങ്ങള്‍ സമൃദ്ധമായി ആവിഷ്കരിച്ചിട്ടുമുണ്ട്. എന്നാല്‍ അതു മാത്രമല്ല എഴുത്തുകാരി വിവാദ നായികയാകാന്‍ കാരണം. ജെയിനിന്റെ പിതാവ് ജോര്‍ജ് ഓസ്റ്റിന്‍, ആന്റിഗ്വയിലെ ഒരു ഷുഗര്‍ പ്ലാന്റേഷന്‍ ട്രസ്റ്റി കൂടിയായിരുന്നു. ഇതാണു 

ചില വിമര്‍ശകര്‍ വലിയൊരു ആരോപണമായി ചൂണ്ടിക്കാട്ടുന്നതും. എന്നാല്‍ പിതാവ് അടിമകളെ ഉപയോഗിച്ച് ജോലി ചെയ്യിപ്പിച്ച തോട്ടങ്ങളില്‍ നിന്നുള്ള സ്വത്ത് ജെയിനിന് പിന്തുടര്‍ച്ചാവാശമായി കിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അക്കാലത്ത് ബ്രിട്ടനില്‍ ചായ കുടിച്ചുകൊണ്ടു സംസാരിക്കുന്നത് സാമൂഹികമായ ഒരാചാരമായും പരിഗണിക്കപ്പെട്ടിരുന്നു. 

ആ കാലത്തെ പ്രതിഫലിപ്പിക്കുന്ന നോവലുകളില്‍ ചായയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സ്വാഭാവികമായി വന്നിട്ടുമുണ്ട്. അതിന്റെ പേരില്‍ ഒരു എഴുത്തുകാരിയെ മാത്രം ക്രൂശിക്കുന്നതു ശരിയല്ലെന്നും മറ്റു ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. 

 

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലനിന്ന അടിമക്കച്ചവടത്തിന്റെ പേരില്‍ പ്രതിഭാശാലികളായ എഴുത്തുകാരില്‍ പലരെയും വിമര്‍ശിക്കുന്ന പ്രവണത ബ്രിട്ടനില്‍ അടുത്തകാലത്തുണ്ട്. ടെഡ് ഹ്യൂസ് എന്ന കവിയും ഇത്തരത്തില്‍ വിമര്‍ശനത്തിന് വിധേയനായിരുന്നു. എന്തായാലും എമ്മ, പ്രൈഡ് ആന്‍ പ്രിജുഡിസ്, സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി, മാന്‍സ്ഫീല്‍ഡ് പാര്‍ക് തുടങ്ങിയ ക്ലാസ്സിക് നോവലുകള്‍ എഴുതി, 41-ാം വയസ്സില്‍ അന്തരിച്ച  ജെയിനിന്റെ ജനപ്രീതി വിവാദങ്ങള്‍ കൊണ്ടു മറയ്ക്കാനാവില്ലെന്നാണു സ്മാരക അധികൃതരുടെ പ്രതീക്ഷ. അനാവശ്യ വിവാദങ്ങള്‍ കൊണ്ട് പ്രതിഭാശാലിയായ എഴുത്തുകാരിയുടെ സ്മാരകത്തെ ആക്ഷേപിക്കാന്‍ കഴിയില്ലെന്നും. 

 

English Summay: Jane Austens tea drinking not under interrogation says museum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com