Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വളച്ചെട്ടികൾ

bangles

വളച്ചെട്ടികൾ വന്നൂ

ഗ്രാമച്ചന്തയിൽ; വാഴ-

ക്കുലയിൽ കനികൾ പോൽ

വളകൾ കായ്ക്കും വടി

കുത്തി നിർത്തുന്നൂ മുന്നിൽ;

ഗ്രാമപ്പെൺകിടാങ്ങൾ തൻ

ശ്രദ്ധയാ ചന്തങ്ങൾ തൻ

ചുറ്റുമായ് ചാഞ്ചാടുന്നൂ.

തങ്ങൾതൻ കെത്തണ്ടയിൽ

ചേർത്തുവച്ചതിനുണ്ടോ

ഭംഗി?-യെന്നവർ തമ്മിൽ

നർമങ്ങൾ കെമാറുന്നു.

വെണ്ണപോലുള്ള, കുനു-

രേമങ്ങളുള്ള, ചാരു-

ചന്ദനനിറമുള്ള

കൈകളിൽ സ്പർശിക്കുമ്പോൾ

ചെറുപ്പക്കാരാം വള-

ച്ചെട്ടികൾ ‘ക്കെന്തെന്നില്ലാ-

ത്തൊരിത്!’ പക്ഷേ, പ്രായ-

മേറെയായെരാൾക്കെന്തേ

നിർമ്മമൊരു ഭാവം?

ഉൾനാട്ടിലൊരു കൊച്ചു-

മൺപുരയിലേക്കാവാം

മനസ്സ് പായുന്നപ്പോൾ...

തന്നുയിർപ്പാതിയായോൾ-

ക്കൊരു നേര്യതും മുണ്ടും,

തന്മകൾക്കൊരു പേന,

പുസ്തകം, മിഠായിയും

ഇക്കുറി വാങ്ങീടണം,

വളകളെല്ലാം വേഗം

വിറ്റുതീർന്നെങ്കിൽ! പക്ഷേ,

തൻകരസ്പർശം തേടി

എത്തുന്നീലാരും! തന്റെ

വളകൾക്കില്ലേ നല്ല

ചെത്തവും ചേലും പെൺകി-

ടാങ്ങൾതൻ കൈച്ചേർച്ചയും?

ഈണത്തിലയാൾ ചൊല്ലീ-

‘‘വരിക ‘ത്സനക് ത്സനക്

പായൽ ഭാജെ’ വേണമോ

‘ആലയമണി’ വേണോ?

‘മാനസമൈനേ’ വേണോ?

‘വൈശാലി’ വേണോ? നീല-

ക്കുയിൽ’ വേണമോ? ഇതി-

ലേ വരൂ, വേഗം വരൂ!’’

വെറുതേ പേരിട്ടോരോ

വളകൾ കാട്ടി നീട്ടി-

വിളിക്കെ, അയാളുടെ

മുന്നിലും തിരക്കേറീ,

പേരുകൾ പലതെന്നാൽ

വളകളൊരേ ജാതി!

പേരിലെന്തിരിക്കുന്നു

എന്നതാരറിയുന്നു!

ഒാരോരുത്തർക്കുമവ-

രെടുത്തതത്രേ കേമം!

ഒാരോന്നുമോരോ മോഹ- ത്തിന്റെതാം സാക്ഷാത്കാരം!

ക്രൂരമായ് ഞെരിച്ചൊരാ-

ളുടയ്ക്കാം നാളെ, യെന്ന-

തോരാതെയൊരു പെൺകി-

ടാവതിൽ മുത്തം വയ്പൂ.

പൊൻവളയെല്ലാം ഭർത്താ-

വെടുത്തിട്ടുപേക്ഷിച്ച

തന്റെ ചേച്ചിക്കതേകാൻ

മറ്റൊരുവൾക്കു മോഹം!

പൊന്നുകൊണ്ടിതുപോലെ

തീർത്ത കാപ്പുകളിനി-

യെന്നൊരാൾ തന്നെ ചാർത്തും?

മറ്റെരുവൾ തൻ ഖേദം!

‘എണ്ണിച്ചുട്ടപ്പം’ പോലെ

കയ്യിലെക്കാശ്! - വള

എങ്ങനെ വാങ്ങാൻ!വേറെ-

യൊരുവൾക്കതേ പ്രശ്നം!

കെമുട്ടുവരെ വള

വാങ്ങിയിട്ടതും നേക്കി

കൗമാരകൗതുകങ്ങ-

ളെന്തിനോ ചിരിക്കുന്നു!

മിന്നലിൽ വളയിട്ട

മേഘങ്ങൾപോലെ, ഗ്രാമ-

ച്ചന്തയിൽനിന്നാ വർണ-

മോഹങ്ങൾ പരിയവേ,

വാങ്ങേണ്ടതെല്ലാം വാങ്ങി-

ത്തിരികെ നടന്നയാൾ

വാഴ്‌വെന്ന തെരുക്കൂത്ത്

കണ്ടെണീറ്റതുപോലെ!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.