Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജറ്റ് 'എംടി' മയം

budget-literature ബജറ്റിൽ ഉടനീളം വിവിധ വിഷയങ്ങൾക്കുള്ള ആമുഖമായി എംടിയുടെ കൃതികളിലെ വരികൾ അദ്ദേഹം ഉദ്ധരിച്ചു.

സാമ്പത്തിക വിദഗ്ധൻ എന്നതിനൊപ്പം നല്ലൊരു സാഹിത്യപ്രേമി കൂടിയാണ് ധനമന്ത്രി തോമസ് ഐസക്. മലയാള നോവലുകളോടുള്ള തോമസ് ഐസക്കിന്റെ പ്രേമം തെളിയിക്കുന്നതായിരുന്നു അദ്ദേഹം അവതരിപ്പിച്ച 2017 ലെ ബജറ്റ് പ്രസംഗം. കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക്കിനു വഴികാട്ടിയായത് ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളായിരുന്നെങ്കിൽ, ഇത്തവണ ബജറ്റിലുടനീളം എംടിയുടെ കൃതികളും വാക്കുകളും നിറഞ്ഞു നിന്നു. ബജറ്റ് ആരംഭിച്ചതും ഉപസംഹരിച്ചതും എംടിയുടെ വരികളോടെയാണ്. എംടിയുടെ രചനകളിൽ കാണാവുന്ന കേരളീയ ജീവിതത്തിന്റെ പരിണാമചരിത്രമാണ് ധനമന്ത്രി ബജറ്റിന് അടിസ്ഥാനമാക്കിയത്.

നോട്ടുനിരോധനം 'തുഗ്ലക്ക്' പരിഷ്കാരമാണെന്ന എം.ടിയുടെ പ്രസ്താവനയെ സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. ബജറ്റിൽ ഉടനീളം വിവിധ വിഷയങ്ങൾക്കുള്ള ആമുഖമായി എംടിയുടെ കൃതികളിലെ വരികൾ അദ്ദേഹം ഉദ്ധരിച്ചു. രണ്ടാമൂഴം, നാലുകെട്ട്, മഞ്ഞ് തുടങ്ങിയ നോവലുകളും വളർത്തുമൃഗങ്ങൾ, ഭീരു, ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയ ചെറുകഥകളും പരാമർശവിധേയമായി.

'നാലുകെട്ടി’ലെ അപ്പുണ്ണിയുടെ സ്വപ്നം പോലെയാണ് കേരളം വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ടത് എന്ന് അദ്ദേഹം പരാമർശിച്ചു. 'ഫ്യൂഡൽ വ്യവസ്ഥയുടെ തകർച്ചയ്ക്കു ശേഷം കേരളത്തിലെ യുവാക്കൾക്കു സാധ്യതകളുടെ പുതിയ ലോകം തുറന്നു കിട്ടി' എന്നായിരുന്നു നാലുകെട്ടിനെ പശ്ചാത്തലമാക്കി മറ്റൊരു പരാമർശം. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരൾച്ചയെ ഉദാഹരിച്ചത് നാലുകെട്ടിലെ വേനൽ ദൃശ്യങ്ങളെ പരാമർശിച്ചു കൊണ്ടാണ്. പാർപ്പിട പദ്ധതികളുടെ ആമുഖമായി ‘നാലുകെട്ടി’ൽ ആമിനുമ്മ വീടിനെക്കുറിച്ചു പറയുന്ന സ്വപ്നവും ധനമന്ത്രി ഉദ്ധരിക്കുന്നു.

കേരളത്തിന്റെ പ്രകൃതിഭംഗിയെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും പറയാന്‍ 'മഞ്ഞി'ലെ നൈനിറ്റാള്‍ തടാകം ഉദാഹരിച്ചപ്പോള്‍, 'കുട്ട്യേടത്തി'യും 'ഇരുട്ടിന്റെ ആത്മാവി'ലെ വേലായുധനും ആശ്രയമില്ലാത്ത മനുഷ്യര്‍ക്കുള്ള ഉദാഹരണങ്ങളായി. കേരളത്തിലെ റേഷൻ പ്രതിസന്ധിയെക്കുറിച്ചു പരാമർശിച്ചത് 'നാലുകെട്ടി'ലെ വലിയമ്മാമയെ ഉദാഹരിച്ചുകൊണ്ടാണ്. പത്തായത്തിലെ നെല്ല് വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത വലിയമ്മാമയോടാണ് കേന്ദ്രത്തിന്റെ റേഷൻ നയത്തെ അദ്ദേഹം ഉപമിച്ചത്.

സ്ത്രീസുരക്ഷ സംബന്ധിച്ച സമീപകാല പ്രശ്‍നങ്ങളെ ധനമന്ത്രി അവതരിപ്പിച്ചത് ‘കുരുവംശത്തിലെ പുരുഷന്മാരെല്ലാം സ്ത്രീകളുടെ വൈഷമ്യം കണ്ടു രസിച്ചവരാണ്’ എന്ന, രണ്ടാമൂഴത്തിലെ വാചകം ഉദ്ധരിച്ചുകൊണ്ടാണ്.

കേരളത്തിന്റെ 'വെളിയിട വിമുക്ത' സംസ്ഥാനമെന്ന പദവിയെക്കുറിച്ചും മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങളെക്കുറിച്ചും വിവരിച്ചപ്പോൾ
തകഴിയുടെ 'തോട്ടിയുടെ മകനും' വിധു വിൻസെന്റിന്റെ ‘മാൻഹോൾ’ എന്ന ചലച്ചിത്രവും പരാമർശവിധേയമായി. നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു പടരുന്ന അസഹിഷ്ണുതയെക്കുറിച്ചുള്ള എംടിയുടെ പരാമർശം ഉദ്ധരിച്ചു കൊണ്ടായിരുന്നു തോമസ് ഐസക് ബജറ്റ് പ്രസംഗം ഉപസംഹരിച്ചത്.