Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌നേഹത്തിന്റെ ചൂട്ടു കത്തിച്ചുവരുന്ന കഥകള്‍

shaji മലയാള ചെറുകഥാസാഹിത്യത്തിന്റെ പുതിയ കാലത്തെ വളര്‍ച്ച അന്വേഷിക്കുന്നവര്‍ക്ക് കണ്ടെത്താവുന്ന ഏറ്റവും ശ്രദ്ധേയമായ അടയാളപ്പലകയാണ് പി വി ഷാജികുമാറും അദ്ദേഹത്തിന്റെ കഥകളും.

ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും അപകര്‍ഷതയെയും അപൂര്‍ണ്ണതകളെയും നേരിടുന്നതിനുള്ള മാര്‍ഗ്ഗമാണ് എഴുത്ത് എന്ന് വിശ്വസിക്കുന്ന പിവി ഷാജികുമാര്‍ മലയാള കഥയ്ക്ക് ലഭിച്ചിരിക്കുന്ന പുതിയൊരു വരദാനമാണ്. കോളജ് വിദ്യാഭ്യാസകാലത്ത് തന്നെ ശ്രദ്ധേയമായ കഥകള്‍ കൊണ്ട് സാഹിത്യലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ ഷാജികുമാറിന് കഴിഞ്ഞിരുന്നു.  ഇരുപത്തിമൂന്നാം വയസിലാണ് ജനം എന്ന ആദ്യ കഥാസമാഹാരം പുറത്തിറക്കിയത്. 

ആധുനികതയുടെ പേരില്‍ വ്യവഹരിക്കപ്പെട്ടുപോരുന്നുണ്ടെങ്കിലും ആധുനികത എന്ന വിശേഷണത്തിന് വെളിയില്‍ നില്ക്കുന്നവയാണ് അദ്ദേഹത്തിന്‌റെ കഥകള്‍ എന്ന് അവയില്‍ ചിലതെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാവും. ആശങ്കകളുടെയും ഒററപ്പെടലുകളുടെയും വേവലാതികളുടെയും ഇരുള്‍ഗുഹയിലേക്ക് സ്‌നേഹത്തിന്റെ ചൂട്ടും കത്തിച്ചുവന്നവയായിരുന്നു തനിക്ക് കഥകള്‍ എന്നാണ് ഒരു അഭിമുഖത്തില്‍ ഷാജികുമാര്‍ അനുസ്മരിച്ചത്.

  വ്യത്യസ്തമായ രീതികള്‍ പരീക്ഷിക്കുന്നതിനെക്കാള്‍ വ്യത്യസ്തമായ രീതിയില്‍ കഥകള്‍ പറയണം എന്ന് ആഗ്രഹമാണ് ഈ കഥാകാരന്റെ ഓരോ കഥകളെയും വ്യത്യസ്തമായ വായനാനുഭവമായി മാറ്റുന്നത്. പിന്നിട്ടു വന്ന ജീവിതത്തിന്റെ ചൂടും ചൂരൂം അനുഭവങ്ങളും ഓര്‍മ്മകളും ഈ കഥകളില്‍ നിറഞ്ഞുകവിയുന്നുണ്ട്. അതുകൊണ്ടാണ് ജനിച്ചുവളര്‍ന്ന കാസര്‍കോഡ് ജില്ലയിലെ കാലിച്ചാംപൊതിയെന്ന ഗ്രാമമാണ് തന്നെ എഴുത്തുകാരനാക്കിയതെന്ന് ഷാജികുമാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 

ജീവിതത്തെ നന്നായി കോപ്പിയടിക്കുന്നവനാണ് നല്ല എഴുത്തുകാരന്‍ എന്നതാണ് ഷാജികുമാറിന്റെ വിശ്വാസം. വര്‍ത്തമാനകാലത്ത്നേ രിട്ടുകൊണ്ടിരിക്കുന്ന ശക്തമായ ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ കഥയെക്കാള്‍ ശക്തമായി സോഷ്യല്‍മീഡിയയിലൂടെ ഇടപെടുവാനും ഈ കഥാകൃത്ത് ധൈര്യം കാണിച്ചി്ട്ടുണ്ട് എന്ന കാര്യം നിസ്സാരമല്ല.  നിലനില്ക്കുന്ന ഇടം കാണാതെ പോകുക എന്നത് വളരെ വിഷമകരമായ കാര്യമാണെന്ന തിരിച്ചറിവാണ്, എഴുത്തുകാരന്‍ എന്നതിനെക്കാള്‍ മനുഷ്യന്‍ എന്ന നിലയില്‍ സാമൂഹ്യപ്രശ്‌നങ്ങളോട് ഇദ്ദേഹം ഇടപെടുന്നതിന് പിന്നിലെ കാരണവും.

ullal

വെള്ളരിപ്പാടം, കാലിച്ചാം പൊതിയിലേക്ക് ഒരു ഹാഫ് ടിക്കറ്റ്, കിടപ്പറ സമരം, ഉള്ളാള്‍ എന്നിവയാണ് കൃതികള്‍. കന്യക ടാക്കീസ് എന്ന ചിത്രത്തിന്റെ തിരക്കഥയും ഷാജികുമാറിന്റേതായിരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കഥാപുരസ്‌ക്കാരം മുതല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ 2013 ലെ യുവസാഹിത്യ പുരസ്‌ക്കാരം വരെ അനേകം അവാര്‍ഡുകള്‍ കഥയുടെ ഈ നവവസന്തത്തിന് അംഗീകാരമായി തേടിവന്നിട്ടുണ്ട്.

മലയാള ചെറുകഥാസാഹിത്യത്തിന്റെ വളര്‍ച്ച അന്വേഷിക്കുന്നവര്‍ക്ക് കണ്ടെത്താവുന്ന ഏറ്റവും ശ്രദ്ധേയമായ അടയാളപ്പലകയാണ് പി വി ഷാജികുമാറും അദ്ദേഹത്തിന്റെ കഥകളും.