Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗയിൽ പുതിയ അധ്യായമെഴുതി സോഹൻലാൽ

soho-yoga

സിനിമാ സംവിധായകരും നടീനടന്മാരും യോഗയും ധ്യാനവുമൊക്കെ ദിനചര്യകളുടെ ഭാഗമാക്കുന്നത് പുതുമയുളള കാര്യമല്ല. ചലച്ചിത്ര ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ മേഖലകളിൽ യോഗ ഇന്ന് പാഠ്യപദ്ധതിയുടെ ഭാഗമായിക്കഴിയുകയും ചെയ്തു. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി യോഗയെ പുതിയൊരു തലത്തിലേക്കെത്തിച്ചിരിക്കുകയാണ് സോഹൻലാൽ എന്ന ചലച്ചിത്ര സംവിധായകൻ.

ഒാര്‍ക്കുക വല്ലപ്പോഴും’, ‘കഥവീട്’ എന്നീ സിനിമകളിലൂടെ സംവിധാനമേഖലയിൽ ശ്രദ്ധേയനായ സോഹൻലാൽ ‘സോഹോ യോഗ നിദ്ര’ എന്ന പുസ്തകത്തിലൂടെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. അദ്ദേഹം സ്വയം രൂപംനൽകിയ യോഗവിദ്യയാണ് സോഹോ യോഗ നിദ്ര '(Soho Yoga Nidra/SYN)’.യോഗ എന്നത് അനുനിമിഷം വളർന്നു കൊണ്ടിരിക്കുന്ന ഒരു വൻ വൃക്ഷമാണ്. ആന്തരികപ്രചോദനത്തിനായുള്ള യോഗ നിദ്ര, ഏഴു ചക്രങ്ങളെ അടിസ്ഥാനമാക്കിയുള്ള യോഗനിദ്ര, പിരിമുറുക്കങ്ങളിൽ നിന്നും രക്ഷനേടാനായുള്ള യോഗനിദ്ര എന്നിങ്ങനെ മൂന്നു തലങ്ങൾ പരിചയപ്പെടുത്തുന്ന യോഗയുടെ പുതിയോരു ശാഖയാണ് സോഹോ യോഗ നിദ്ര.

soho-book

ഈ ശാഖയെ അടുത്തറിയുവാൻ ആഗ്രഹിക്കുന്നവർക്കായാണ് സോഹൻലാൽ പുസ്തകം രചിച്ചിരിക്കുന്നത്. യോഗയെ സംഭ്രമത്തോടെ സമീപിക്കാതെ സ്നേഹിക്കുന്നവർക്കായുള്ളതാണ് ഈ പുസ്തകം. ലോകത്തിലെ ഏറ്റവും മികച്ച ഓൺലൈൻ വിപണനക്കാരായ ‘അമസോൺ ഗ്രൂപ്പ്’ ആണ് സോഹൻലാലിന്റെ ‘സോഹോ യോഗ നിദ്ര’ എന്ന പുസ്തകത്തിന്റെ പ്രസാധനവും വിപണനവും ഏറ്റെടുത്തിരിക്കുന്നത്.

പുസ്തകത്തിന്റെ കിൻഡൽ പതിപ്പ് ലോകത്തെവിടെയും ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തിൽ അമസോൺ ഡോട്ട് കോം ലഭ്യമാക്കി കഴിഞ്ഞു. സോഹൻലാലിന്റെ ശബ്ദത്തിൽ റിക്കോര്‍ഡ് ചെയ്യപ്പെട്ട ‘സോഹോ യോഗ നിദ്ര’ എന്ന ഗൈഡ്സ് മെഡിറ്റേഷൻ യൂടൂബിലും കേൾക്കാം.

കാനഡയിലെ യോഗ അലയൻസിൽ നിന്നും അഡ്വാൻസ്ഡ് യോഗാ ടീച്ചർ സർട്ടിഫിക്കറ്റ് നേടിയിട്ടുളള വ്യക്തിയാണ് സോഹൻലാല്‍. യോഗയിൽ തൽപരരായ വിദേശികളെ ഈ യോഗവിദ്യ പരിശീലിപ്പിക്കാനും സോഹൻലാൽ സമയം കണ്ടെത്തുന്നുണ്ട്. എന്നാൽ സിനിമ ഉപേക്ഷിച്ച് യോഗയിലേക്ക് തിരിഞ്ഞോ എന്ന ചോദ്യത്തിന് തൽക്കാലം യോഗയ്ക്ക് അർദ്ധവിരാമമിട്ട് സിനിമയിൽ സജീവമാവുകയാണെന്ന് സോഹൻലാൽ പറയുന്നു.