Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധവയുടെ മകന്‍

letter-writing

മെഴുകിയ മുറ്റത്ത് വിഷാദമൂകനായി കുന്തിച്ചിരിക്കുന്ന മകന് സങ്കടമടക്കാനായില്ല. തളര്‍ന്ന കണ്ണുകളിലൂടെ  കണ്ണുനീര് ചാലുവെച്ചൊഴുകി തുടങ്ങിയിരിക്കുന്നു. എങ്ങനെ സഹിക്കും, അമ്മയുടെ വിവാഹമാണ് നാളെ. അതേപ്പററി ഓർക്കുമ്പോൾ നെഞ്ചിന്‍കൂട് നുറുങ്ങി വീഴുമ്പോഴത്തെ പോലെയുളള വേദനയാണ്. അസഹ്യമായ വേദന. അച്ഛന്‍റെ കട്ടിലില്‍ മൂന്ന് നാല് വര്‍ഷം കൂടെ കിടന്ന മകനാണ്. ഒടുവില്‍ അമ്പലപ്പടിയിൽ നിന്നുരുണ്ട് വീണ് കറുത്ത മണ്ണ് ചുകന്ന് കുതിരുന്നതും പിന്നീട്  അച്ഛന്‍റെ തലക്കലെ‍ പുകയുന്ന കർപ്പൂരവും സാമ്പ്രാണിയും കാണാനായിരുന്നു യോഗം. അതോടെ അമ്മയുടെ സംസാരം നിലച്ചു.

കളിയും ചിരിയും തീര്‍ന്നു. വീടിന്‍റെ വടക്കേ കോലായിയില് സദാ ഒരു ഭ്രാന്തിയെ പോലെ ഉലാത്തി. മകനറിയാം അച്ഛന്‍ ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന്. അതോര്‍ക്കുമ്പോഴെല്ലാം ദുഃഖം നിറഞ്ഞ കണ്ണുകളിലെ സ്മരണകളുമായി മകന്‍ അമ്മയെ ദയനീയതയോടെ നോക്കി. ഖേദം പ്രകടിപ്പിച്ച് ഇനിയും അമ്മയെ വിഷമിപ്പിക്കാന് മകനിഷ്ടമില്ലാത്തത് കൊണ്ട് പരസ്പരമുളള നോട്ടങ്ങളിൽ നിന്ന് പലപ്പോഴും മകന്‍ മനഃപൂര്‍വം കണ്ണയച്ചു. അതില്‍ കൂടുതലായൊന്നും മകന് ചെയ്യാനാകുമായിരുന്നില്ല. ഭിത്തിയില്‍ കുമിഞ്ഞു കത്തുന്ന വൈദ്യുതപ്രഭയ്ക്ക് മുൻപിലെ തൂക്കിയിട്ട അച്ഛന്‍റെ ഫോട്ടോയ്ക്ക് മുൻപില്‍ വിശപ്പും ദാഹവും നഷ്ടപ്പെട്ട അമ്മ വരണ്ട തൊണ്ടപൊട്ടി കരയുന്നതും പതിവായി. നിലയ്ക്കാത്ത കരച്ചില്‍. ഉറക്കം നഷ്ടപ്പെട്ട ചില രാത്രികളിൽ മകന്‍റെ ദേഹത്ത് കൂടെ ചൂടുളള നനവ് ഒലിച്ചിറങ്ങും.. കരഞ്ഞു ചീർത്ത കൺപോളകൾ തുടച്ച് മകനെ കൂടുതൽ അടുത്തേക്ക് ചേര്‍ത്തു കിടത്തി വേദനയുടെ ഇടർച്ചയോടെ അമ്മ പറയും

"നമ്മക്കാരും ഇല്ലല്ലൊ അപ്പൂ..അച്ഛന്‍ നമ്മളെ തനിച്ചാക്കി പോയില്ലെ"

മകനൊന്നും മിണ്ടില്ല. ചങ്കിനകത്ത് തീകട്ട വന്ന് വീണത് പോലെയാണ് അമ്മയുടെ കരച്ചിലുകൾ മകന്. തന്‍റെ ദുഃഖം മകനാരോട് പറയാനാണ്..

എന്നിട്ടിപ്പൊ ആ അമ്മ വിവാഹം കഴിക്കാന്‍ പോവ്വാണ്.

ഒരിക്കല്‍ പകല്‍ അമ്മാമ്മ വന്നു. സങ്കടം സഹിക്ക വയ്യാതെ കരയാനായുമ്പോൾ അമ്മാമ്മ പറഞ്ഞു "നീയ്യ് അപ്പുവിനെയും കൂട്ടി ഇറങ്ങിക്കോ..മതി ഇവിടത്തെ പൊറുതി..ഇനി തറവാട്ടീ നിന്നാ മതി..ഇല്ലാച്ചാ ഇവിടിങ്ങനെ തനിച്ചായാ നിനക്ക് പ്രന്താവ്ണതും കാണേണ്ടി വരും"

വീട് വിട്ടിറങ്ങുമ്പോൾ സങ്കടം തോന്നി. കരച്ചില്‍ വന്നു.അച്ഛന്‍റെ ഓർമകളാണാ വീട്.അച്ഛന്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ ഇപ്പോള്‍ ഇങ്ങനെ ഇറങ്ങി പോകേണ്ടി വരില്ലായിരുന്നു.

പതിയെ, മകന്‍ അമ്മയുടെ തറവാട്ടിലെ തൊടിയിൽ പൂത്തുമ്പി പോലെ പാറി നടന്നു തുടങ്ങി. ഇപ്പൊ അമ്മ ലേശമൊക്കെ മാറി തുടങ്ങിയിരിക്കുന്നു. കരച്ചിലിനെല്ലാം ഒരായാസം വന്നിരിക്കുന്നു..ഒരിക്കല്‍ വീടിന്‍റെ മുൻപിൽ ഒരു കാറ് വന്ന് നിന്നു. പടിഞ്ഞാറെ വശത്തെ അടുക്കളവാതിലിലൂടെ ഓടി കിതച്ച് അകത്ത് കയറിയ മകന്‍ അകത്തെ കതകിന്‍റെ പുറകില്‍ മറഞ്ഞുനിന്ന് എല്ലാം കണ്ടു. അമ്മായി അവര്‍ക്ക് ചായ വെച്ച് നീട്ടുന്നു, അമ്മാമ്മ അമ്മയെ വിളിച്ച് വരുത്തുന്നു, കൂട്ടത്തില്‍ കട്ടി കണ്ണട വെച്ച പരിഷ്കാരിയായ ചെറുപ്പക്കാരന് അമ്മയോട് എന്തെല്ലാമോ ചോദിച്ചു. പിന്നീട് കൂടെയുളളവരും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അമ്മ മറുപടി പറയുയുന്നുണ്ടെങ്കിലും മകന് അതൊന്നും വ്യക്തമായി കേൾക്കാൻ സാധിച്ചില്ല.

എന്നാലും മകന് ഉളളിലെവിടെയോ അകാരണമായ ഒരു നീറ്റലനുഭവപ്പെട്ടു. അന്ന് രാത്രിയില്‍ മുറിക്കകത്തെ ഭിത്തിയിലെ അച്ഛന്‍റെ പടം അമ്മാമ്മ അടുക്കളയിലെ പഴയ ഒരു പത്തായത്തിലേക്ക് വലിച്ചിട്ടപ്പോൾ മകന്‍റെ ചങ്ക് ഒരുൾകിടിലത്തോടെ വല്ലാതങ്ങ് പിടഞ്ഞു. ചെന്നയാളുടെ കഴുത്തിന് പിടിക്കാനാണ് തോന്നിയത്. പക്ഷേ സാധിച്ചില്ല. കൈപൊന്തിയില്ല. വികാരവായ്പോടെ കണ്ണുകള്‍ നിറയുകയാണുണ്ടായത്. അമ്മ അതിനെ തടഞ്ഞില്ലല്ലൊ, അത് കണ്ട് മുഖം തിരിച്ച് മുറി വിട്ടിറങ്ങി പോയല്ലൊ എന്നോർത്തപ്പോൾ അമ്മയോട് ഈര്‍ഷ്യ തോന്നി മനസ്സില്. ദിവസം ശ്ശി ആയപ്പോഴെക്കും അമ്മയുടെ പ്രകൃതത്തില് ആകെയൊരു മാറ്റം വന്നതായനുഭവപ്പെട്ടു മകന്. ആകയൊരു പ്രസരിപ്പാണ്. മാളികയുടെ മുകളിലിരുന്ന് അമ്മാമ്മയുടെ മക്കളോടൊപ്പം സദാ കളിയും ചിരിയും. ദിവസങ്ങളും ആഴ്ചകളുമായി മകനോടൊന്ന് ശരിക്കൊന്ന് സംസാരിച്ചിട്ടൊ, മുറുകെ പുണർന്നിട്ടോ. അച്ഛന് വേണ്ടിയിപ്പോള് ഉറക്കമൊഴിച്ച് കരയാനെന്നല്ല,അച്ഛനെ ഓർക്കാൻപോലും കൂട്ടാക്കാറില്ല.അതിന്‍റെ കാരണം മകനിത് വരെയും പിടി കിട്ടിയിട്ടില്ല.ഒരിക്കല്‍ രാത്രി മുറിയില്‍ വന്ന അമ്മായി കവിളിലൊരു മുത്തം നല്കി  മകനോട് പറഞ്ഞു

"ഇന്ന് മുതല്‍ അപ്പു അമ്മായീടെ കൂടെ കിടന്നാ മതീ ട്ടോ..ഇല്ല്യാച്ചാ  അമ്മയുടെ വിവാഹം കഴിഞ്ഞ് അമ്മ പോയാ പിന്നെ അപ്പൂന് പെട്ടെന്ന് പൊരുത്തപ്പെടാന് പറ്റില്ല ഈ വീട്ടിലെ അമ്മ കൂടെയില്ലാത്ത ഉറക്കം"

കേട്ടപ്പോള് തൊണ്ടയില്‍ മുളള് തറക്കുന്നത് പോലെ തോന്നി.അമ്മയുടെ വിവാഹം. അപരിചിതനായ ആരോ അമ്മയെ തന്നില്‍ നിന്ന് അകറ്റിയെടുക്കുന്നു. ഭയന്ന് കരഞ്ഞു. മുറി മാറാന്‍ കൂട്ടാക്കാതെ അമ്മയെ ചുറ്റി വരിഞ്ഞപ്പോള് എന്തൊര് തൊന്തരവാണെന്നും പറഞ്ഞ് ഭീഷണിയുടെ നോട്ടവുമായി അമ്മായി മകനെ അമ്മയില്‍ നിന്നും വലിച്ചെടുത്തു. അമ്മ ഒന്ന് തടഞ്ഞത് പോലുമില്ല. ഏതോ ഒരു അരക്ഷിതത്വത്തില് ആ രാത്രി മുഴുവന്‍ മകന്‍ നിലത്തെ പുൽപ്പായയിൽ കിടന്ന്  കരഞ്ഞു തീർത്തു. അതോടെ മകന്‍റെ കളിയും ബഹളവും എവിടെയോ മറഞ്ഞു. സദാ ചിന്താധീനനായി. ആരും പറഞ്ഞില്ലെങ്കിലും  ആ കട്ടികണ്ണടക്കാരനാണ് അമ്മയെ വിവാഹം ചെയ്യുന്നതെന്ന് മകന്‍ മനസ്സിലാക്കി.അയാളോട് മകന് വിദ്വേഷം തോന്നി. അമ്മയിപ്പോള് മകനെ കണ്ടിട്ടും കാണാതായി. നിസ്സഹായതയോടെ മകനത് നോക്കി നിന്നു. അമ്മയുടെ ചുണ്ടിന്‍റെ കോണില്‍ വിരിയുന്ന നിഗൂഢമായ ചിരിയും മൂളിപാട്ടും മകന്‍ ഒളിഞ്ഞു നിന്ന് കണ്ടു. പലപ്പോഴും അമ്മ സ്നേഹപൂര്‍വമൊന്ന് വിളിക്കുന്നത് കേൾക്കാൻ മകന്‍ വെറുതെ കൊതിച്ചു, ഏറ്റവും ആർദ്രമായ സ്വരത്തില്‍. പക്ഷേ ...

അമ്മമ്മ അമ്മക്കൊരു പാലക്കാ മാല സമ്മാനിച്ചു, അമ്മായി ആര്യവൈദ്യശാലയില് നിന്നെത്തിച്ച ലേഹ്യങ്ങൾ അമ്മയെ നിര്‍ബന്ധിച്ച് ശരീരപുഷ്ടിക്കായി കഴിപ്പിച്ചു. അയല്‍ക്കാരി പെണ്ണുങ്ങള്‍ കാണാന്‍ വരവുണ്ടായി. അമ്മക്ക് ചുറ്റും ആകെ ചിരിമയ ബഹളം. കൂടെ അമ്മയും. മകനെ ശ്രദ്ധിക്കാനോ ആശ്വാസവചനം നല്കാനോ ആരുമുണ്ടായില്ല.അമ്മ പോലും. ആ അമ്മയുടെ വിവാഹമാണ് നാളെ. മുത്തപ്പന്‍റെ അമ്പലത്തിൽ വച്ച്.

അങ്ങനെ ഓരോന്നോര്‍ത്ത് കുന്തിച്ചിരിക്കുന്ന മകന്‍ നിസ്സഹായതോടെ വിതുമ്പി കൊണ്ട് കണ്ണുകള്‍ ഇറുക്കിയടച്ചു. അപ്പോള്‍ മകന്‍റെ ഉളളിലൊരാശയുദിച്ചു. അടക്കാനാവാത്ത അക്ഷമയോടെ മകന്‍ ആ ഇരിപ്പില്‍ നിന്ന് ചാടിയെഴുന്നേറ്റ്  മാളിക മുകളിലേക്കോടി. മുറിക്കകത്തെ കട്ടിലില്‍ അമ്മ ഏതോ ഒരു വാരിക വായിച്ചു കിടക്കുകയായിരുന്നു. ആശയുടെ കാഠിന്യത്തിലെ ഏതോ ഒരു വിശ്വാസത്തില്‍ മകന്‍ കിതപ്പോടെ, പറഞ്ഞറിയിക്കാനാകത്തയത്ര അനുഭൂതിയോടെ കട്ടിലിലേക്ക് ചാടി കയറി അമ്മയെ വരിഞ്ഞുമുറുക്കിയ ആലിംഗനത്താൽ മാറിടങ്ങളിൽ തെരുതെരേ ബാല്യത്തിന്‍റെ നിർമലതയോടെ ചുംബിച്ചു. പറഞ്ഞറിയിക്കാൻ വയ്യാത്തത്ര വിധം ആശ്വാസം മകന്‍റെ മനസ്സും ശരീരവും മൂടി. പൊടുന്നനെ കവിളത്തൊരടി വന്ന് വീണു. ഓർക്കാപ്പുറത്തെ അടിയില്‍ മകന്‍റെ ശ്വാസം ഒരു നിമിഷാര്ദ്ധം നിലച്ചു പോയി. കടക്ക് പുറത്തെന്നും പറഞ്ഞ് അമ്മ മകന്‍റെ ചെവിക്ക് പുറകില്‍ നഖങ്ങള്‍ കൊണ്ട് ഞെരിച്ചമർത്തി മകനെ മുറിക്ക് പുറത്തേക്ക് തളളി.നിലത്ത് വീണ മകന്‍റെ കണ്ണുകള്‍ ചുവന്ന് കലങ്ങി. തനിക്ക് മുൻപിൽ കൊട്ടിയടക്കുന്ന വാതിലിൽ നിന്ന് മുഖം തിരിച്ച് എണീറ്റ് നടക്കുന്ന മകനപ്പോൾ ചുരുട്ടിയ മുഷ്ടി ഞെരിച്ച് കൊണ്ട് അരിശത്തോടെ പറഞ്ഞു "അസത്ത്..എവിടേലും പോയി തൊലയട്ടെ തളള""!!

anu-chandra അനു ചന്ദ്ര