Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിന്റെ പിറ്റേന്ന്...

alone-girl-1

അവൾ നീണ്ട ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു. വെറുതെ അരികിൽ തപ്പി നോക്കി. ഇല്ല, ഇനി മുതൽ എന്റെ പാതി എന്നു ഞാൻ കരുതിയ എന്റെ ഇക്ക. ഇന്നലെ വൈകിട്ടാണ് എല്ലാരും കൂടി പള്ളിയിലേക്ക് കൊണ്ടു പോയത്. രാവിലെ കുട്ടികൾ മിഠായി വേണം എന്നു കരഞ്ഞപ്പോൾ അതു വാങ്ങാൻ അങ്ങാടിയിലേക്ക് പോയതാണ്. കുറെ സമയം കഴിഞ്ഞും തിരിച്ചെത്തിയില്ല. പിന്നീട് വന്നു ആംബുലൻസിൽ വെള്ള തുണിയിൽ പൊതിഞ്ഞ്. ഉറക്കെ കരഞ്ഞത് മാത്രമേ ഓർമയുള്ളൂ. പിന്നെ ആരൊക്കെയോ ചേർന്ന് എന്നെ ഉണർത്തി താങ്ങിയെടുത്തുകൊണ്ടുവന്നു കാണിച്ചു. അന്നേരം കണ്ടു. മോൻ വാപ്പിയുടെ അടുത്ത് ഇരിക്കുന്നത്. കരഞ്ഞ് തളർന്ന്, പാവം. മോൾ അകത്ത് ആരുടെയോ കയ്യിൽ ആണ്. അവളും തളർന്നു കാണും. ഇവർ രണ്ടുപേരും ഇനി എങ്ങനെ ഉറങ്ങും. ഒരു ദിവസം പോലും വാപ്പി ഇല്ലാതെ ഉറങ്ങാത്ത കുട്ടികൾ ആണ്. നേരം വൈകി വരുന്ന ദിവസവും രണ്ടാളും കാത്തിരിക്കും, വന്ന് ഓരോ ഉമ്മ കിട്ടിയാൽ മാത്രമേ ഉറങ്ങു. 

അറിയില്ല. കൂടുതൽ ചിന്തിക്കാൻ കഴിഞ്ഞില്ല. വീണ്ടും തളർന്നു വീണു. ആരൊക്കെയോ ചേർന്ന് എന്നെ വീണ്ടും അകത്തേയ്ക്കു കൊണ്ടുപോയി കിടത്തി. പിന്നെ ഉണർന്നത് ഇപ്പോഴാണ്. കുട്ടികൾ എങ്ങനെയൊക്കെയോ ഉറങ്ങി കാണും. മുൻപോട്ടുള്ള ജീവിതം വെറും ശൂന്യം മാത്രം ആണ്. ഇക്ക ഉള്ളപ്പോൾ ഒന്നും അറിഞ്ഞിരുന്നില്ല. പറയുന്നതെല്ലാം ഉടനെ അല്ലെങ്കിലും കിട്ടിയിരുന്നു. പക്ഷേ, നാളെ കഴിഞ്ഞാൽ എങ്ങനെ ജീവിക്കും. കുട്ടികളുടെ പഠനം, ജീവിതചിലവ് എല്ലാം എങ്ങനെ നോക്കും. കൈയ്യിൽ ഒരു ഡിഗ്രി ഉണ്ടെന്ന് പറയാം. പക്ഷേ, ജോലി ഇതു വരെ ആയില്ല. ഒരു ജോലി ശരിയായതാണ്. അന്ന് ഇക്ക പോകണ്ട എന്നു പറഞ്ഞു. അത് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ നന്നായിരുന്നേനെ. നാളെ മുതൽ എന്റെ മക്കൾ പട്ടിണി കിടക്കേണ്ടി വരുമോ. അറിയില്ല. ഇക്കയുടെ കടങ്ങൾ, ആരാണ് അത് വീട്ടാൻ ഉണ്ടാകുക. അവരോട് ഞാൻ എന്ത് സമാധാനം പറയും. അറിയില്ല. ആരാണ് എനിക്ക് ഒരു സഹായത്തിന് ഉണ്ടാകുക. എല്ലാം അല്ലാഹുവിൽ ഏൽപ്പിക്കുന്നു. 

ഉറക്കിൽ നിന്ന് ഉണർന്ന അവൾ പുറത്തേയ്ക്ക് ഇറങ്ങി. കുഞ്ഞ് കരയുന്നു. ഇന്നലെ മുതൽ മക്കൾ രണ്ടാളും ഒന്നും കഴിച്ചിട്ടുണ്ടാകില്ല. എനിക്കും വിശക്കുന്നുണ്ട്. അടുക്കളയിൽ കയറി നോക്കി. ഉമ്മ രാവിലെ ചായ ഉണ്ടാക്കിയിട്ടുണ്ട്. അതെടുത്ത് കുറച്ച് കുടിച്ചു. കുറച്ച് എടുത്ത് മക്കൾക്കും കൊടുത്തു. മകൻ വന്നു പറഞ്ഞു. ഉമ്മി നാളെയാണ് സ്കൂൾ ഫീസ് അടക്കേണ്ടത്, ബസ്സിന്റെ പൈസയും കൊടുക്കണം. വാപ്പി നമ്മെ വിട്ട് പോയില്ലേ. നമ്മൾ ഇനി എന്തു ചെയ്യും. അറിയില്ല മോനെ എന്നും പറഞ്ഞ് അവൾ മക്കളെ കെട്ടിപിടിച്ച് കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മ വന്ന് അവരെ വിളിച്ച് അകത്തേക്ക് പോയി. ഉച്ചക്ക് കടം കൊടുത്ത ആളുകൾ വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കി. അത് കേട്ട് അടുത്ത വീട്ടിലെ ഇക്ക വന്ന് അവരെ ഒരു വിധം സമാധാനിപ്പിച്ച് വിട്ടു. അടുക്കളയിൽ രണ്ടു ദിവസത്തേക്ക് കൂടി ഉള്ള സാധനങ്ങൾ കാണും. പിന്നെ പട്ടിണി. എനിക്ക് പട്ടിണി കിടക്കാം, പക്ഷേ, ഉമ്മയും മക്കളും. അവരെ എന്തു ചെയ്യും. മുന്നോട്ടുള്ള ജീവിതം വലിയ ഒരു ചോദ്യചിഹ്നമായി എന്റെ മുന്നിൽ നിന്നു. വൈകിട്ട് കുടുംബക്കാർ വന്നിരുന്നു. എല്ലാവരും കുറെ സഹതാപം തന്നു പോയി. ഒരു കാര്യം ഉറപ്പായി, എനിക്കും എന്റെ മക്കൾക്കും ഞാൻ മാത്രമേ ഇനിയുള്ള കാലം ഉണ്ടാകു. മറ്റുളളവരുടെ ആട്ടും തുപ്പും ഏറ്റ് എന്റെ മക്കൾ കഴിയേണ്ടി വരുമോ, ജീവിക്കാൻ ഞാൻ എന്ത് ചെയ്യും. അല്ലെങ്കിൽ മരണത്തിന്റെ വഴി തന്നെ ഞാനും തിരഞ്ഞെടുത്താലോ. ഞാൻ പോയാൽ എന്റെ മക്കൾ, അവർക്കു പിന്നെ ആരുണ്ട്. അവരെയും കൊണ്ടു പോകാം. പക്ഷേ, ഒന്നുമറിയാത്ത എന്റെ മക്കൾ അവർ എന്തു പിഴച്ചു. ഞാൻ കൂടി ഇല്ലാതായാൽ അവർ മറ്റുള്ളവരുടെ ആട്ടും തുപ്പും ഏൽക്കേണ്ടി വരും അതിലും നല്ലത് അവരെ കൂടി കൊണ്ട് പോകാം. അതായിരിക്കും. ഒരു പാടു കൂട്ടികിഴിക്കലുകൾക്ക് ശേഷം അവൾ തീരുമാനിച്ചു. കുട്ടികളെയും കൊണ്ട് അവരുടെ വാപ്പിയുടെ അടുത്തേക്ക് പോകാൻ. ഉറങ്ങാതിരുന്ന അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റു. കുട്ടികളെ ഉണർത്തി. അടുക്കളയിൽ എലിയെ കൊല്ലാൻ ഇക്ക കൊണ്ടു വന്ന വിഷം ഉണ്ട്. കുട്ടികൾക്ക് അത് ചായയിൽ കലക്കി കൊടുത്തു. അവൾ മുകളിൽ ഉള്ള ഫാനിൽ കുരുക്ക് ഇട്ടു. കുട്ടികൾ വേദന കൊണ്ട് ഉറക്കെ വാപ്പി എന്ന് വിളിച്ചു. 

ആ വിളി കേട്ട് അയാൾ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു മക്കളെയും ഭാര്യയെയും നോക്കി. മൂന്നാളും നല്ല ഉറക്കം. ഇതു വരെ കണ്ടത് സ്വപ്നമായിരുന്നു എന്നയാൾ തിരിച്ചറിയാൻ കുറച്ച് സമയം എടുത്തു. അയാൾ എഴുന്നേറ്റ് ജഗ്ഗിൽ നിന്ന് കുറച്ചു വെള്ളം എടുത്തു കുടിച്ചു. കുറച്ചു സമയം അയാൾ അവിടെ ഇരുന്നു. വീണ്ടും ഉറങ്ങുന്നതിന് മുമ്പ് അയാൾ ഒരു കാര്യം ഉറപ്പിച്ചിരുന്നു. ഭാര്യക്കു വന്ന ജോലിക്ക് എന്തായാലും അവളോട് നാളെ മുതൽ പോകാൻ പറയണം. അല്ലെങ്കിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ കണ്ട സ്വപ്നം ഒരു പക്ഷേ, യാഥാർഥ്യമാകും. 

ഭാര്യ ജോലിക്കോ പഠിക്കാനോ പോകുന്നത് ഒരു ദുരഭിമാനമായി അല്ലെങ്കിൽ തെറ്റായി കാണുന്ന ആളുകളോട് ഒരു വാക്ക്. 

നാളെ നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ കുടുംബം നോക്കാൻ അവർ മാത്രമേ ഉണ്ടാകു. 

Malayalam Short StoriesMalayalam literature interviews,Malayalam Poems       

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.