Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ചിരിയിൽ എന്തിരിക്കുന്നു?

smile

സ്കൂളിൽ ഉച്ചയൂണ് കഴിഞ്ഞുള്ള ഇടവേളകളിൽ ഓടി കളിച്ചു രസിച്ചു തുടങ്ങുമ്പോൾ ആയിരിക്കും സ്കൂൾ ബെൽ അടിക്കുന്നത്. കളിച്ചു മതിവരാതെ വിരമനസ്സോടെ തിരിച്ചു ക്ലാസ്സിലേക്ക് ഓടുമ്പോൾ ആണ് ഞാൻ ആ കറപുരണ്ട ചിരി അന്വേഷിക്കാറ്. ഗ്രൗണ്ടിനു വശത്തുള്ള തിരക്കേറിയ ഗേറ്റിനു മുന്നിൽ ദാരിദ്ര്യത്തിന്റെ മുഷിവുമായി ഇരിക്കുന്ന വൃദ്ധയുടേതാണ് ആ ചിരി. അവരുടെ മുന്നിൽ നിരത്തി വച്ച അച്ചാറും പുളിമുട്ടായിയുമൊന്നും വാങ്ങില്ലയെന്നും അടുത്ത് ചെല്ലില്ല എന്നും അറിയാമെങ്കിലും പരസ്പരം ഞങ്ങൾ പുഞ്ചിരിക്കാറുണ്ടായിരുന്നു.

സ്കൂളിലേക്കുള്ള വഴിയിൽ ഇത് പോലെ സ്ഥിരം കണ്ടകലുന്ന ഒരുപാട് മുഖങ്ങളുണ്ടായിരുന്നു. വാച്ച് കടക്കാരൻ, വെയിലത്തും മഴയത്തും ഊർജസ്വലനായി ലോട്ടറി ബോർഡും പിടിച്ചു നിൽക്കുന്ന ലോട്ടറി വിൽപനക്കാരൻ,ദേഷ്യഭാവം മാത്രം മുഖത്തുള്ള പലചരക്ക് കടക്കാരൻ, മീൻ കുട്ടയുമായി ചന്തയിലെത്താൻ വേഗം നടന്നകലുന്ന മീൻകാരി, തയ്യൽക്കടക്കാരൻ, ആധാരം എഴുത്ത് ഓഫീസിലെ ആളുകൾ അങ്ങനെ ഒരുപാട് മനുഷ്യർ. അച്ചാറു വിൽക്കുന്ന വൃദ്ധയെപ്പോലെ ഇവർക്കും എല്ലാവരോടും ചിരിക്കാൻ പാടില്ലേ എന്ന് ഇവരെ കടന്നു പോകുമ്പോളൊക്കെ തോന്നുമായിരുന്നു.

ചിരിക്കാനുള്ള കഴിവ് മനുഷ്യന് മാത്രമേ ഉള്ളു എന്ന് ക്ലാസ്സിൽ ഒരു ദിവസം അധ്യാപകൻ പറഞ്ഞപ്പോൾ ആറാം ക്ലാസ്സിലെ ഞാൻ ഉൾപ്പെടുന്ന എല്ലാവരും പരസ്പരം നോക്കി വാപൊളിച്ചു അത്ഭുതം പ്രകടിപ്പിച്ചു. എന്നാൽ അത് തെറ്റാണെന്നും അയല്പക്കത്തെ Pomaranian പട്ടി തന്നെ നോക്കി പുഞ്ചിരിക്കാറുണ്ടെന്നും പറഞ്ഞു അധ്യാപകനെ വെല്ലുവിളിച്ച കൂട്ടുകാരി ഞങ്ങളെ രണ്ടാമതും അത്ഭുതപ്പെടുത്തി. ഇനി അതെങ്ങാനും സത്യമാണോ എന്നറിയാൻ പട്ടികളെയും പൈക്കളെയും കാണുമ്പോൾ സൂക്ഷിച്ചു നോക്കാൻ തുടങ്ങിയ എന്നെ അപ്പുറത്തെ കറുമ്പി പശു വെളുക്കെ ചിരിച്ചു കാണിച്ചു വീണ്ടും അത്ഭുതപ്പെടുത്തി.

ഇങ്ങനെ പ്രപഞ്ചതത്വപ്രധാനമായ വിശകലനങ്ങൾകും പരീക്ഷണങ്ങൾക്കും ഇടയിൽ കാലം ടോപ്‌ ഗിയറിട്ട് മുന്നോട്ടു ഓടിക്കൊണ്ടിരിക്കവേ ചിരി ഇല്ലാത്ത ചിരിക്കാൻ അറിയാത്തവരുടെ എണ്ണവും കൂടി കൂടി വരുന്നുണ്ടായിരുന്നു. ചിരി ഇല്ലായ്മ എന്നത് തികച്ചും സ്വാഭാവികമായ ഒന്നാണെന്ന് മനസിലായി തുടങ്ങി. അതിനാൽ അപരിചിതരോട് ചിരിക്കാതെ സ്വാഭാവികത നിലനിർത്താൻ ഞാനും പഠിച്ചു കൊണ്ടിരുന്നു. പുഞ്ചിരിക്കാതെ കടന്നു പോകുന്നവർ മനുഷ്യത്വം ഇല്ലാത്തവർ ആണെന്ന് ഒരിക്കൽ ധരിച്ചിരുന്ന ഞാനും ചിരിക്കാത്ത മനുഷ്യൻ ആവാൻ തയ്യാറെടുത്തിരുന്നു, മുഖം തിരിച്ചകലാൻ ശ്രമിച്ചാലും നമ്മൾ മനുഷ്യർ പരസ്പരം അപരിചിതരല്ല എന്ന് ഓർമിപ്പിച്ചു കൊണ്ട് പഴയ ആ വൃദ്ധയെ പോലെ പുഞ്ചിരി നൽകി കടന്നു പോകുന്ന മനുഷ്യരെ വീണ്ടും കാണുന്നത് വരെ മാത്രം.

Malayalam Short StoriesMalayalam literature interviews,Malayalam Poems        


മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.