ADVERTISEMENT

സബ്മറൈൻ  (കഥ)

 

‘‘ The two sailors are missing....

Sailor Jeevan Ghosh & Niranjan Sarma’’

 

കോൾ അറ്റൻഡ് ചെയ്ത ക്യാപ്റ്റൻ രൺവീർസിങ് ഒരു നിമിഷം തരിച്ചുനിന്നു! കഴിഞ്ഞ ട്രെയിനിങ് പിരീഡിൽ കടൽയാത്രക്കായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്ന ബൂട്ട് ക്യാമ്പിലും അതിന് ശേഷമുള്ള രണ്ടരമാസത്തെ എക്സ്പെരിമെന്റ് ട്രിപ്പിലും കൂടെയുണ്ടായിരുന്ന മിടുക്കരായ രണ്ട് ചെറുപ്പക്കാർ .... എങ്ങനെ അവർ മിസ്സായി ? അവർക്ക് എന്ത് സംഭവിച്ചിരിക്കാം?ഏതെങ്കിലും ശത്രുരാജ്യക്കാർ ഹൈജാക്ക് ചെയ്തോ? ഒരു പ്രത്യാക്രമണത്തിനുള്ള യാതൊരു സൂചനയും ഇത് വരെ ലഭിച്ചിട്ടില്ല .

 

‘‘വാട്ട് ഹാപ്പൻഡ് സർ?’’

 

എല്ലാവരുടെയും ഒരേ സ്വരത്തിലുള്ള ചോദ്യം കേട്ടാണ് ക്യാപ്റ്റന് പെട്ടെന്ന് സ്ഥലകാലബോധം ഉണ്ടായത്. 

 

സബ്മറൈൻ  (കഥ)
പ്രതീകാത്മക ചിത്രം

750   അടി താഴ്ചയുള്ള സമുദ്രാന്തർഭാഗത്തുനിന്നും അതിദ്രുതം ഉയർന്ന് ഉപരിതലത്തിലെ ഓളപ്പരപ്പുകളിലേക്ക് ഒരു കൂറ്റൻ സ്രാവിനെപ്പോലെ കുതിക്കുകയാണ് ഇന്ത്യൻ  നേവിയുടെ അന്തർവാഹിനിക്കപ്പലായ INS കാൽവരി -S 21. മുൻഭാഗത്ത് തന്നെ ഒരു വലിയ ഷാർക്കിന്റെ ചിത്രം ആലേഖനം ചെയ്തു  വച്ചിട്ടുണ്ട്. 

 

 

രണ്ട് മാസത്തോളമായി ഭൂമിയിലെ കാറ്റും കോളും മഴയും നിറഞ്ഞ ഈ സുന്ദര ജീവിതം എന്തെന്നനു ഭവിച്ചറിയാനാവാതെ, പവിഴപ്പുറ്റുകളും  ഡോൾഫിനുകളും പാഞ്ചിയോ ഭുജിയോ പോലുള്ള കുഞ്ഞൻ മത്സ്യങ്ങളും നിറഞ്ഞ ജലപ്പരപ്പുകളിൽ  ഒരു ഭീമൻ നീലത്തിമിഗലരൂപം പൂണ്ട് മനുഷ്യേകാന്ത വസത്തിലായിരുന്നു, കാൽവരി. ഈ രണ്ട് മാസവും ലോകം മുഴുവൻ ജീവിതപ്രശ്നങ്ങൾക്കു മേൽ ഉഴുതുമറിയുമ്പോൾ മണ്ണെന്തെന്നും മനസ്സെന്തെന്നുമറിയാതെ ഒരു കൂട്ടർ  ഇന്ത്യയുടെ സുരക്ഷാ സന്നാഹങ്ങളുമായി വിദേശക്കപ്പലുകളുടേയും ശത്രുവ്യൂഹത്തിന്റെയും എണ്ണക്കടുത്തുകളുടെയും ഗതിവിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കയാണ്. 

 

 

ഏതു നിമിഷവും അപ്രതീക്ഷിതമായ ഒരു  ആക്രമണത്തിന് പടകൂട്ടിയ കോടിക്കണക്കിന് രൂപയുടെ  മിസൈലുകൾ. ടോർപിഡോ സ്റ്റോറേജ് കംപാർട്ട്മെന്റിന് ചുറ്റും  വെടിക്കെട്ട്പുരയുടെ കാവൽക്കാരെപ്പോലെ മരണഭയമില്ലാത്ത ചില മനുഷ്യ ജന്മങ്ങൾ.

 

ഇപ്പോൾ ജനിച്ച കുഞ്ഞിനെപ്പോലെ ആദ്യമായി ഈ ഭൂമിയിലെ ശ്വാസം വലിച്ചെടുക്കാനെന്ന ഉത്ക്കടമായ ആഗ്രഹത്തോടെ അതിലെ ഓരോ ക്യാപ്റ്റൻമാരും 42 സെയിലർമാരും മുകളിലേക്കുറ്റു നോക്കിക്കൊണ്ടിരുന്നപ്പോഴാണ് ആ വയർലസ്ഫോൺ റിങ് ചെയ്തത്. 

സബ്മറൈൻ  (കഥ)
പ്രതീകാത്മക ചിത്രം

 

ഗുജറാത്തിലെ ‘റാൻ ഓഫ് കച്ച്’ തുറമുഖത്തേക്കുള്ള യാത്രയിലാണ് കാൽവരി ഇപ്പോൾ ഒരു കൂട്ടം കടൽകാക്കകൾ ചെറിയ ശബ്ദം ഉണ്ടാക്കിക്കൊണ്ട്  റിപ്പബ്ലിക്ദിന പരേഡിലെ കറുത്തകോട്ടിട്ട പട്ടാളക്കാരെ അനുസ്മരിപ്പിച്ച്, ഒരു വാർഫ്ലൈറ്റിന്റെ മാതൃകയിൽ ചിറകടിച്ചുകൊണ്ട് പറന്നുപോയി. ചക്രവാളം കാമുകനോട് പിണങ്ങിയ പെൺകുട്ടിയെപ്പോലെ  ഒന്നുകൂടെ മുഖം ചുവപ്പിച്ചു.

 

 

ആ ഒരു നിമിഷത്തിൽ  കാക്കകൾക്കുപിന്നാലെ കാൽവരിയുടെചിന്തകളും ഭൂതകാലത്തിന്റെ പടയോട്ടങ്ങളിലേക്ക് മാർച്ച് ചെയ്തു.15 സെപ്റ്റബർ 2018. പുലർച്ച നാലു മണി .ക്യാപ്റ്റനടക്കം 52 നാവികർ കഷ്ടിച്ച് ഒരു മനുഷ്യന് ഊർന്നിറങ്ങാൻ പാകത്തിലുള്ള വാതിലിന്റെ പിരിയൻ ഗോവണിയിലൂടെ താഴോട്ടിറങ്ങി . 

 

 

കടൽ കാക്കകൾ കണ്ണുതുറക്കുംമുന്നെ വിശാഖപട്ടണം ഡോക് യാർഡിൽ നിന്നും  INS കാൽവരി S 21 എന്ന അന്തർവാഹിനി ഒരു നെടുനീളൻ  സൈറൺ ഊതിക്കൊണ്ട്  യാത്ര പുറപ്പെട്ടു. ഇരുവശത്തുമായി രണ്ട് ബെല്ലോ ടാങ്കുകളുണ്ട്. സംഘർഷം നിറഞ്ഞ ഒരു മനുഷ്യജീവിതംപോലെ ഇതിൽ വെള്ളം  നിറയുമ്പോൾ കടലിന്റെ അടിത്തട്ടിലേക്ക് താഴുകയും വെള്ളം പുറത്തേക്ക് പോകുമ്പോൾ പൊന്തി വരികയും ചെയ്താണ്  മുങ്ങിക്കലിന്റെ യാത്ര.

 

ഒരു യാത്രാ കപ്പലിനേക്കാൾ ഒരു വിമാനത്തിന്റെ പ്രവർത്തനതത്വം സ്വന്തമാക്കിയവളാണ് ആഴക്കടലിലെ പോർമുഖത്തെ ഈ പോരാളി !10 നോട്ടിക്കൽ മൈൽ സ്പീഡിൽ ആരംഭിച്ച് താഴോട്ട് പോകുന്തോറും 17 നോട്ടിക്കൽ മൈലിലേക്ക് വേഗം കൂട്ടിവന്നു. ഏതു നിമിഷവും ഒരു മിലിട്ടറി ആക്രമണം ഉണ്ടായേക്കാവുന്ന യുദ്ധമുഖത്തേക്കാണ് യാത്ര

 

സബ്മറൈൻ  (കഥ)
പ്രതീകാത്മക ചിത്രം

അതേ കടൽ ഒരു മരുഭൂമിയാണ്. പുറത്തേക്ക് വാതിലുകളില്ലാത്ത ലവണ ജലത്തിന്റെ ഒരു സംയുക്ത മണ്ഡലം. കണ്ണെത്താ ദൂരത്തോളം തിരകൾ തീരങ്ങളെ മറന്ന് പ്രവാസപ്പെട്ടു പോകുന്ന ഒരു ഏകാന്ത നഗരം !

പരന്ന ആകാശത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഗന്ധം ഒരിക്കൽ കൂടി ആവാഹിച്ചു കൊണ്ട് ഓക്സിജൻ മാസ്കു ധരിച്ച് കാൽവരിയിലെ നാവികർ ഒരു ദീർഘയാത്രക്കു തയാറായി. ഇനിയീ വെളിച്ചം കാണണമെങ്കിൽ രണ്ടരമാസം കഴിയണം. 

 

ഒരു നരകയാത്ര ആരംഭിച്ചു എന്ന് മനസ്സിൽ പിറുപിറുത്തുകൊണ്ട് സെയിലർ ജീവൻഘോഷ് യൂണിഫോം എടുത്തണിഞ്ഞു. ഇനിയുള്ള കുറച്ചുകാലം എന്തൊരു ദുരിത ജീവിതമാണ്. പുറംലോകവുമായി യാതൊരു ബന്ധമില്ലാത്ത ഒരു ജയിലറ പോലെ. ജലോപരിതലത്തിൽ നിന്നും താഴോട്ട് പോകുന്തോറും കൂടിക്കൂടി വരുന്ന അന്തരീക്ഷസമ്മർദ്ദം. ചെവികൾക്ക് ശക്തമായ വേദന. കറുത്തതും വെളുത്തതുമായ മേഘങ്ങളെ വകഞ്ഞുമാറ്റി ,വിമാനം ഉയർന്ന് പൊങ്ങുമ്പോൾ  അനുഭവപ്പെടുന്നതിലും എത്രയോ മടങ്ങ്.

 

 

കടൽച്ചൊരുക്കിൽ ശർദ്ദിക്കാൻ തോന്നും. രണ്ടരമാസക്കാലം ഡ്രൈഫുഡ് കഴിക്കാനാണ് യോഗം. സബ്മറൈനകത്ത് ഭക്ഷണം പാകംചെയ്യാൻപോലും അനുവദനീയമല്ല. ചെറുതായി എന്തെങ്കിലും ചൂടാക്കി കഴിക്കാമെന്നല്ലാതെ... ഒരു ചെറിയ ഫ്ളെയിം അല്ലെങ്കിൽ ലീക്ക് മതി എല്ലാം കത്തിച്ചാമ്പലാവാൻ.

ഒരസുഖം വന്ന് എന്തെങ്കിലും സംഭവിച്ചാൽ പോലും മുകളിലേക്ക് വരാനാവില്ല. ഡ്യൂട്ടി ഡോക്ടർ കം സർജന്റെ സാന്നിദ്ധ്യമുണ്ടെന്നതൊഴിച്ചാൽ മറ്റൊരു പരിരക്ഷയുമില്ല. അതാണല്ലോ ഇത്രയും റിസ്ക് അലവൻസ് നേവി നൽകുന്നത്.

 

 

സബ്മറൈൻ  (കഥ)
പ്രതീകാത്മക ചിത്രം

ഏറ്റവും കഷ്ടം ഇതൊന്നുമല്ല. കടലോളം വെള്ളം ചുറ്റുമുണ്ടെങ്കിലും ഇത്രയും കാലം ഒന്ന് വൃത്തിയായി കുളിക്കുവാൻ പോലും വെള്ളമുണ്ടാകില്ല എന്നതാണ്. രണ്ടു കപ്പു വെള്ളത്തിൽ ഒരു കാക്കക്കുളി  നടത്താനായാൽ അതു തന്നെ മഹാഭാഗ്യം. പ്രത്യേകതതരം ജാക്കറ്റുകളോ ഫുൾ കവേർഡ് യൂണിഫോമുകളോ ആണ് കപ്പലിനകത്ത് ദിവസങ്ങളോളം ഉപയോഗിക്കുന്നത്. കഷ്ടിച്ച് കിടക്കാൻ പാകത്തിന് ബർത്തുകളും. വെള്ളത്തിനടിയിലാണെങ്കിലും 24 മണിക്കൂറും റഡാറും സോണാർ  സിഗ്നലുകളും അയച്ച് ,നിരീക്ഷിച്ച് ജാഗരൂകരായിരിക്കാൻ വിധിക്കപ്പെവർ.

 

നീലയോ പച്ചയോ എന്ന് തിരിച്ചറിയാനാകാത്തവണ്ണം സുതാര്യമായ ഓളങ്ങളെ വകഞ്ഞു മാറ്റി  പവിഴ പ്പുറ്റുകൾക്കിടയിലൂടെ സെറ്റിൽ ആകാനുള്ള ലൊക്കേഷൻ നോക്കുകയാണ് കാൽവരി. അനന്തമില്ലാത്ത നീലാകാശം പോലെ, പരന്നുകിടക്കുന്ന സാഗരത്തിന് നടുവിൽ ഒറ്റപ്പെട്ടുപോയ ഒരു പ്രോട്ടോഗണിസ്റ്റിനെപ്പോലെ തല ഉയർത്തി നിന്ന് ഒന്ന് ആത്മീയവത്കരിച്ചുവെങ്കിലും പെട്ടെന്ന് തന്നെ നിരായുധനായ ഒരു പടയാളിയായി ഘോഷ്  പിറുപിറുത്തു.

 

‘‘വെറുതെയല്ല.. എത്ര വലിയ നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞാലും നാട്ടിൽ ആരും ഇത്രനാളും തനിക്ക് പെണ്ണുതരാതിരുന്നത്’’

 

ഘോഷിന്റെ ഉറക്കെയുള്ള ആത്മഗതം കേട്ടുനിന്ന നിരഞ്ജൻ ഒന്ന് പുഞ്ചരിച്ചു.

 

സബ്മറൈൻ  (കഥ)
പ്രതീകാത്മക ചിത്രം

‘‘ആഖിരി മേം മിൽ ഗയാ നാ ..? അഭി തൊ ഏക് ബച്ചാ ഭീ ഹോനെ വാലാ ഹെ! ’’

 

അതെ തനിക്കൊരു കുഞ്ഞ് ജനിക്കാൻ പോകുകയാണ്. താനിത്ര നാളും കാത്തിരുന്ന സന്തോഷ നിമിഷം. ബീവി നൂപുർ  പ്രസവത്തിന് നാട്ടിലേക്ക് പോയിരിക്കയാണ്. തുടക്കം മുതലെ ഗൈനക്കോളജിസ്റ്റ് ബെഡ്റസ്റ്റ് പറഞ്ഞിട്ടുള്ളതിനാൽ പോയിട്ടിപ്പോ എട്ട് മാസമാവാറായി.താനിങ്ങനെ ഏകാന്ത സഞ്ചാരിയായിട്ടും !

 

‘‘ മുജെ ദേഖൊ ... മേം ഭീ തുമാരി തരഹ് അഗേലെ ഹെ ന? ബാപു കെ മർനെ കെ ബാദ് ബീവി ഗാവ് ചലാ ഗയാ. മാം കൊ ദേഖ് ബാൽ കർനെ’’

 

സബ്മറൈൻ  (കഥ)
പ്രതീകാത്മക ചിത്രം

നിരഞ്ജന്റെ സ്വരം ഘോഷിനെ ഓർമ്മകളിൽ നിന്നുണർത്തി. അച്ഛന്റെ മരണശേഷം സ്മൃതിയുടെ ഞരമ്പുകൾ തളർന്ന് പോയ മാംജിയെ നോക്കാൻ  ബീവിക്ക്  ഗ്രാമത്തിലേക്ക് പോകേണ്ടിവന്നത് നിരഞ്ജനെ വല്ലാതെ ഒറ്റപ്പെടുത്തിക്കളഞ്ഞു...

 

‘‘ നമ്മൾ സൈനികർക്ക് ഇതൊക്കെയേ വിധിച്ചിട്ടുള്ളു. ജീവിതം മുഴുവൻ നിശബ്ദമായി കലഹിച്ചു കൊണ്ടിരിക്കുന്ന ഈ തിരമാലകളോട് മല്ലിട്ട്, മനസ്സ് മുരടിച്ച് ഈ സമൂഹത്തെ എല്ലാ സുഖങ്ങളെയും കണ്ടില്ലെന്ന് നടിച്ച് ,രാജ്യത്തിന് വേണ്ടി തീരാപ്പാട് പെടുമ്പോഴും നമ്മളെക്കുറിച്ചൊക്കെ ആരോർക്കാൻ. 

രാജ്യരക്ഷയെക്കരുതി പുറം ലോകമറിയാതെ മണ്ണടിയുന്ന എത്രയോ പട്ടാളക്കാർ! ഏറിവന്നാൽ ഒരു പരംവീര ചക്ര! അതും വിരലിലെണ്ണാവുന്നവർക്ക്.

 

 

നിരഞ്ജൻ വെറുതെ കൈത്തണ്ടയിലെ വെടിയുണ്ട തുളഞ്ഞു കയറിയ കറുത്ത പാടിലൂടെ വിരലോടിച്ചു.

അങ്ങ് ദൂരെ അബുദാബിയിൽ നിന്നും വരുന്ന ഒരു എണ്ണക്കപ്പൽ, സന്ധ്യയുടെ ചുവന്നചായം വാരിയെറിഞ്ഞ ഓളങ്ങളിലൂടെ അവരെ കടന്ന് പോകുന്നത് സോണാർ സിഗ്‌നലുകളിൽ നിന്നും വീക്ഷിച്ചുകൊണ്ട് ജീവൻ മെല്ലെ  മൂളി .

 

സബ്മറൈൻ  (കഥ)
പ്രതീകാത്മക ചിത്രം

ജലയാത്ര എന്നും ഒരു ഹരമായിരുന്നു. കുഞ്ഞിലെ മുതൽ. പക്ഷേ നിത്യഹരിതമഴക്കാടുകൾ തൊട്ടറിഞ്ഞ ഒരു മനോഹരമായ നദീ യാത്രയല്ല ഇത്. മനസ്സ് കരിങ്കല്ലായി മരവിച്ചുപോയ ഒരു പ്രവാസജീവിതം. നീലച്ച മരുഭൂയിലെ ജയിലറയിൽ തടവിലാക്കപ്പെട്ട കുറെ ദിനങ്ങൾ! ഒരു ഗൊറില്ലയോളം ഉയർന്ന് പൊങ്ങുന്ന ഡോൾഫിനുകൾ. വിജനമായ കടൽത്തീരത്ത് നിന്നും വിശപ്പ് കൊത്തിപ്പെറുക്കി പാറിവരുന്ന കടൽപ്പക്ഷികൾ ! ചുറ്റിനും നീലാകാശം ഭൂമിയിൽവീണ് വടുക്കൾ തീർത്ത മരംകോച്ചുന്ന തണുപ്പ് മാത്രം!

 

മാറിമാറി വരുന്ന കാലാവസ്ഥകൾ. കൊടിയതണുപ്പിൽ ജീർണ്ണിക്കാത്ത ചില മൃതദേഹങ്ങളുമായി കരയിലേക്ക്  തിരിച്ചുപോകുന്ന ചില പോർക്കപ്പലുകൾ. കാഡറ്റുകൾ തമ്മിൽ ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ ഒക്കെ ഉണ്ടാകാറുണ്ട് കപ്പലിനുള്ളിലെങ്കിലും, ഇവർ (ജീവനും നിരഞ്ജനും) തമ്മിലുളള സൗഹൃദം ആരിലും അസൂയ ജനിപ്പിക്കുന്നതായിരുന്നു .അത്രമേൽ ആത്മബന്ധം !

 

 

ഇത്തിരി ഒഴിവു സമയം കിട്ടിയാൽ അവർ മുഹമ്മദ് റാഫിയുടെയും കിഷോർ കുമാറിന്റെയും പാട്ടുകൾ പാടുമായിരുന്നു ...

 

‘‘ലിഖെ ജൊ ഖത് തുജെ

വൊ തേരി യാദ് മേം

ഹസാരോം രംഗ് കേ

നസാരെ ഹോഗയേ’’

 

ക്രൂ മൊത്തം കൈയടിച്ചും നൃത്തം വച്ചും അവർക്കൊപ്പം പാടി പ്രോത്സാഹിപ്പിക്കുന്നത് ആ മുരടൻ ജീവിതത്തിലും അവർക്ക് ആശ്വസകരമായിരുന്നു. കാൽവരി S 21 ബംഗാൾ ഉൾക്കടലിന്റെ തുടിപ്പുകളിലൂടെ Tringomali തുറമുഖത്തേക്ക് നീങ്ങുന്ന ഒരു രാത്രിയിലാണ്. ചെക്കിങ്ങിനിടയിൽ സ്ലീപ്പിംഗ് ബർത്തുകൾക്കരുകിൽ ചേർന്നിരുന്ന് സ്ത്രീകളെപ്പോലെ കുശുകുശുക്കുന്ന ജീവനെയും നിരഞ്ജനെയും കണ്ടത്. 

 

‘‘എന്താണിവരുടെ  ഉദ്ദേശം? ’’ക്യാപ്റ്റൻ രൺവീർ സിങ്ങ് ഒന്ന് പകച്ചു.

 

സംശയാസ്പദകരമായ സാഹചര്യമാണ്. തനിക്കവരെ ചോദ്യം ചെയ്യാതെ പറ്റില്ല. കുറച്ചു നാളായി തന്റെ കുറിയ കണ്ണുകളുടെ നിരീക്ഷണത്തിലാണ്  അവർ രണ്ടു പേരും എന്നവർക്കറിയില്ല. തുടർവിചാരണയുടെ  ഒടുവിൽ ആ സത്യം വെളിവാക്കപ്പെട്ടു!

 

 

പെട്ടെന്നാണ് സോണാർ സിഗ്നലുകളിൽ നിന്നും ഒരു ഇറ്റാലിയൻ കപ്പൽ ഒരു ഭീകാരാക്രമണത്തിന് കോപ്പുകൂട്ടി 500 പേരടങ്ങുന്ന ഒരു ഇന്ത്യൻ യാത്രാ കപ്പലിന് നേരെ കുതിക്കുന്ന വിവരം കിട്ടിയത്! നിമിഷനേരം കൊണ്ട് കാൽവരി ഫുൾ അലർട്ടായി .നാവികർ ഒരു മിസൈൽ യുദ്ധത്തിന് ജാഗരൂകരായി .ഒരു ടോർപിഡോ അറ്റാക്കിന് സാക്ഷ്യം വഹിക്കയാണ്. 

 

ഇന്ത്യടെ ന്യൂക്ലിയാർ അന്തർവാഹിനി യുദ്ധക്കപ്പൽ ..... ടോർപിഡോ കംപാർട്ട്മെന്റിന്റെ വാതിലുകൾ തുറക്കപ്പെട്ടു ... Count down Started... 10, 9, 8 ......അത് വരെ ഒരു കളിപ്പന്തൊഴിഞ്ഞ മൈതാനം പോലെ കിടന്നിരുന്ന കാൽവരിയിലെ നാവികർ ഒരു അന്താരാഷ്ട്ര മാച്ചിന് തയ്യാറായി.. ഒരു ജീവൻമരണപ്പോരാട്ടം.. മോട്ടോർ റൂമിലെ ഇലക്ട്രിക് മോട്ടോറുകൾ കാൽവരിയുടെ ഗതി മാറ്റി. Public Address Systems ഇടതടവില്ലാതെ പ്രവർത്തിച്ചു. Control panels and Tactical displayട activated .

 

"Reverting to Red light ...Sonar ,1010 ... acting Sonar 2020 .. OK . Control signal start ... Angle 25  ... Position 543  .... Torpido O2 ... 10, 9,8, 7, 6, 5 ,4,3, 2,1 Fire ....."

 

സമുദ്രത്തിന്റെ  അടിത്തട്ടിൽ നിന്നും ടോർപിഡോസ് കണ്ണുചിമ്മി തുറക്കും മുന്നെ അതിവേഗതയിൽ ഉയർന്നു വന്നു. ആദ്യത്തെ രണ്ടു ടോർപിഡോയും ലക്ഷ്യം കണ്ടില്ല. മൂന്നാമത്തെ അറ്റംപ്റ്റിൽ ഒന്നര മൈൽ അകലെയുള്ള ആ ഇറ്റാലിയൻ കപ്പലിനെ ഒരു ഗംഭീര സ്ഫോടനത്തോടെ തകർത്തു കളഞ്ഞു.

 

കാൽവരിയിൽ ഒരു കരഘോഷം മുഴങ്ങി. പക്ഷേ കൂട്ടത്തിലൊരാൾ, ക്യാപ്റ്റൻ രഘുറാമിന് ശക്തമായ നെഞ്ചുവേദന. പെട്ടെന്നൊരു സ്ട്രോക്ക് പോലെ. ക്ഷണനേരം കൊണ്ട് ഡൈനിംഗ് ടേബിൾ ഓപ്പറേഷൻ ടേബിളായി മാറി. 125  കോടി ജനങ്ങളുടെ പ്രാർത്ഥനകളുടെ ഫലമാണോ എന്നറിയില്ല, അദ്ദേഹം ജീവനോടെ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ കടലിന്റെ തണുത്ത ഐസ്പാളികളിൽ അദ്ദേഹവും ഒരോർമ്മയായി ജീർണ്ണിക്കാതെ കിടന്നേനെ.

 

ശത്രുരാജ്യത്തിന്റെ ഭീകരാക്രമണ ഭീതിയുടെ അല ഒന്നടങ്ങിയപ്പോൾ ക്യാപ്റ്റൻ രൺവീർസിങ് പഞ്ചാബിലെ ഗോതമ്പ് വയലുകൾ പെറ്റുവളർത്തിയ  ജീവന്റെയും ചത്തീസ്ഗഡിന്റെ വീരപുത്രനായ നിരഞ്ജന്റെയും കേസ് ഫയൽ വീണ്ടും തുറന്നു .

 

അന്നത്തെ രാത്രിയിലേക്ക് ...

 

ജീവിതത്തിന്റെ ഏകാന്തമായ തണുത്തുറഞ്ഞ വിരഹക്കടൽ മരുപ്പച്ചയിൽ,അവർ പരസ്പരം സാന്ത്വനമേ കിയിരുന്ന ഒരു ശീതോഷ്ണ രാത്രിയിൽ, ജീവന്റെ ബലിഷ്ഠമായ കൈകൾ കൂട്ടിപ്പിടിച്ച് നിരഞ്ജൻ നെഞ്ചോട് ചേർത്തു. കടൽവെള്ളത്തക്കാൾ ഉപ്പു കലർന്ന കണ്ണുനീർ ജീവന്റെ നെഞ്ചിലൂടെ ഒഴുകി താഴേക്ക് പരന്നു .ആശ്വാസനിശ്വാസങ്ങളുടെ നീരൊഴുക്കിനിടയിൽ എപ്പോഴോ  നിരഞ്ജൻ ജീവന്റെ കഴുത്തിൽ ഒന്നമർത്തി ചുംബിച്ചു. ഇരുട്ട് വെളിച്ചത്തെ പ്രസവിച്ച ആ നിമിഷത്തിൽ നിലാവുകൾ തങ്ങളിലേക്ക് നീന്തിയെത്തിയ ഏതോ വികാരപൂർണ്ണിമയാൽ,ജീവനും ഗാഢമായി അവനെ ഒന്നമർത്തി മൂർദ്ധാവിലെ വിയർപ്പുതുള്ളിയെ തിരിച്ചും ചുംബിച്ചു. 

 

ഓരോ പുരുഷന്റെയുള്ളിലും ഒരു സ്ത്രീയുണ്ട്. അതുപോലെ ഓരോ സ്ത്രീയുടെയുള്ളിലും അവരറിയാത്ത ഒരു പുരുഷനുണ്ട്. ഇവരിലൊരാൾ മറ്റൊരാളിലെ സ്ത്രീയാൽ സംതൃപ്തനാവുന്ന ചില അപൂർവ്വ നിമിഷങ്ങളായിരുന്നു അത് !

 

ഡോൾഫിനുകൾ പോലും നിരർത്ഥകമായി വെറുതെ ലംബമായും തിരശ്ചീനമായും ചാടി രസിക്കുന്ന ആ കടലാഴത്തിൽ വെച്ച് ,രണ്ട് ഒളിപ്പോരാളികൾ  പ്രണയിതാക്കളെപ്പോലെ പരസ്പരം നിധികൾ തിരഞ്ഞു.

 

അവർക്കുതന്നെ വിശ്വസിക്കാൻ പറ്റാത്ത വിധമാണ് പിന്നീടാ രണ്ട് പുരുഷൻമാർ തമ്മിലടുത്തത്.സ്വന്തം ഭാര്യമാരോട് പോലും അനുഭവിക്കാത്ത ഒരു കെമിസ്ട്രി അവർ തമ്മിൽ രൂപപ്പെട്ടു. ഉയരങ്ങളിലേക്ക് വീക്ഷിക്കുന്ന പെരിസ്കോപ്പിന്റെ ക്യാമറകണ്ണുകൾക്കിരുവശവും നിൽക്കുമ്പോൾ ഇത്രനാളും ഇങ്ങനെയൊരു ചിന്തയേ തനിക്കുണ്ടായിട്ടില്ലെന്ന് വിസ്മയത്തോടെ ജീവനോർത്തു.

 

ഇതിനിടയിലാണ് ജീവന് ഒരു പെൺകുഞ്ഞ് ജനിച്ച വിവരം ക്രൂയിസിൽ എത്തിയത്. കാൽവരി Tringomali യിൽ ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനും മെയിന്റനൻസിനും വേണ്ടി നങ്കൂരമിട്ടപ്പോൾ, എമർജൻസി ലീവെടുത്ത് ജീവൻ ബീവിയെയും കുഞ്ഞിനെയും കാണാൻ യാത്രതിരിച്ചു.

 

തണുത്തുറഞ്ഞ മനാലിയിൽ ഒരു സൂര്യകാന്തിപ്പൂ വിടർന്നപോലെ ഒരു കുഞ്ഞു മുഖം,ജീവന്റെ മനസ്സിൽ ഒരു മഴവില്ലു വിരിയിച്ചുകൊണ്ട് ഇത്രയും നാളത്തെ കാത്തിരിപ്പിന്റെ അലകളൊടുക്കി .മാതൃത്വത്തിന്റെ നിറവിൽ അവന് ഭാര്യയോട് അതിയായ സ്നേഹം തോന്നി.സന്തോഷത്തിന്റെ ആഘോഷത്തിമർപ്പുകൾക്ക് പക്ഷേ അധികമായുസ്സുണ്ടായില്ല .. 

 

ഒരു ദിവസം വികാരങ്ങളുടെ തീച്ചൂളയിൽ അവൻ ബീവിയുടെ മുഖമെടുത്ത് തന്റെ  ചുണ്ടോട് ചേർത്തു.പക്ഷേ, എവിടെയോ എന്തോ കൊളുത്തിവലിക്കുന്നപോലെ.

 

‘‘ക്യാ ഹുവാ ആപ് കോ’’ ഇത്‌നാ പരേശാൻ േക്യാം.?’’  ബീവി പലതവണ ചോദിച്ചു .അവൻ ഒഴിഞ്ഞുമാറി. എല്ലാത്തിനോടും കടുത്ത വിരക്തി. തനിക്ക് തിരിച്ച് പോണം. മനസ്സു പിടക്കുന്നു. ഒരാഴ്ച പോലും നിരഞ്ജനെ കാണാതെയിരിക്കാൻ ആകുന്നില്ല. ജീവൻ ലീവ് ക്യാൻസൽ ചെയ്ത് തിരിച്ച് കപ്പലിൽവന്ന് ജോയിൻ ചെയ്തു.

 

നിരഞ്ജന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ജീവൻ പോയതിൽ പിന്നെ കടുത്ത നിരാശാബോധം അവനെ ബാധിച്ചു. ഒരു വല്ലാത്ത ഡിപ്രഷനിലേക്ക് പോകുമോ എന്നുപോലും ഭയന്നു. എന്താണ് തങ്ങൾക്ക് സംഭവിക്കുന്നത് എന്നറിയാതെ, കടലിന്റെ മടുപ്പിക്കുന്ന നിസ്സംഗതയിൽ അവർ രണ്ട് സുനാമിത്തിരകളായി .

 

ആ ഒരവസ്ഥയിലാണ് ,തികച്ചും ആകസ്മികമായി അവർ രണ്ടുപേരും  തന്റെ മുമ്പിൽ വന്നു പെട്ടത്. Bisexuality / Homo sexuality കേസുകൾ ക്രൂയിസിനുള്ളിൽ വച്ച് പിടിക്കപ്പെട്ടാൽ നേവിറൂൾ അനുസരിച്ച്  ഇപ്പോഴും അത് കുറ്റകരമാണ് . രണ്ട് പേരെയും കോർട്ട് മാർഷലിന് വിധിക്കപ്പെട്ടു .കേസ് ഡിഫോൾഡർ ടേബിളിലെത്തി .കേസ് വിധിയാകുന്നത് വരെ യൂണിഫോമിൽ വന്ന് രണ്ടുനേരം സൈൻചെയ്ത് പോകാനുള്ള ഓർഡർ ആയി. 

 

സംഗതികൾ കൈവിട്ട് പോയ അവസ്ഥയിലാണ്. സെല്ലിൽ അടക്കുമെന്നുറപ്പാണ്. സഹപ്രവർത്തകരുടെ പരിഹാസമുനയുള്ള നോട്ടങ്ങളിൽ നിന്ന് തലയുയർത്താനാവില്ല. ഇനിയെങ്ങിനെ ഭാര്യമാരുടെ മുമ്പിൽ മുഖം കാണിക്കും? ചിന്തിക്കുന്തോറും നിരഞ്ജന് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി .

 

ഇതിത്രയും വലിയ പാപമാണോ .... മനുഷ്യനായി പിറന്നാൽ ഏതെങ്കിലുമൊക്കെ കാര്യങ്ങളിൽ പ്രത്യേക താത്പര്യം ഉണ്ടാകില്ലേ..? അത് ഒരു ജെനിറ്റിക്കൽ പാരസ്പര്യം സാധ്യതാപരമായി ഇല്ലാതാകുമ്പോൾ പ്രകൃതിയുടെ മറ്റൊരു സ്വാഭാവികത തേടലല്ലേ ...

 

നാട്ടിലേക്കിനിയെങ്ങിനെ ചെല്ലും? സമൂഹത്തിന്റെ മുന്നിൽ ആത്മാഭിമാനമുള്ള ധീരാരായ പട്ടാളക്കാരെന്ന് വാഴ്ത്തപ്പെട്ട തങ്ങൾ ഇത്തരം ഒരു ചീപ്പ്കേസിൽ വിധിക്കപ്പെട്ട് ,ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട് ചെന്നുനിൽക്കേണ്ട അവസ്ഥ ആലോചിച്ചപ്പോൾ ജീവൻഘോഷിന് ,ഇടിമിന്നൽകലുഷിതമായ ഒരു വലിയ ആകാശത്തുണ്ട് ഒരു ടോർപിഡോ ആയി മാറി തങ്ങളെന്ന സബ്മറൈനെ തകർക്കുന്ന  പോലെയാണ് മനസ്സിലൂടെ കടന്ന് പോയത്. 

 

ചിന്തയുടെ ഞരമ്പുകൾക്ക്  തീപിടിച്ച ഒരു നിമിഷത്തിൽ ഒരു ഗ്യാസ് ലീക്ക് സൃഷ്ടിച്ച് ഈ സബ്മറൈൻ തന്നെ തകർത്തു കളഞ്ഞാലോ എന്നുവരെ ചിന്തിച്ചു നിരഞ്ജൻ . ഇത്രയും കാലത്തെ ഗുഡ് സർവ്വീസിനെ നിർവ്വീര്യമാക്കിക്കളയാൻ ഈ ഒരൊറ്റ കാരണം മതിയായിരുന്നു അവർക്ക് .

 

ഇതിനിടയിലാണ് ജീവൻഘോഷിന്റെ മെഡിക്കൽ റിപ്പോർട്ട് ഒരശനിപാതം പോലെ വീണ്ടും തലയിൽ വന്നു പതിച്ചത് .അയാൾ ഭേദപ്പെടുത്താനാവാത്ത വിധം HPV (Human Papilloma Virus)infection എന്ന സെക്ഷ്വൽ ഡിസീസിന് അടിമപ്പെട്ട് പോയിരുന്നു. അതിഭീകരമായ ,പകർച്ച വ്യാധിയായ ഈ അസുഖം ഒരു പക്ഷേ ഇനി ഭാര്യക്കും ബാധിച്ചാലോ എന്ന ചിന്ത അയാളെ അതികഠിനമായി മഥിക്കാൻ തുടങ്ങി .നിരഞ്ജനും ഈ വിവരമറിഞ്ഞത് മുതൽ നിശബ്ദനാണ്!

 

10 ഡിസംബർ 2018 .വിശാഖപട്ടണത്തു നിന്നും ഗോവയിലേക്കുള്ള ഒരു ഇരുനില യാത്രാബോട്ട് പുറപ്പെടാനുള്ള സൈറൺ മുഴങ്ങി. കറുത്ത സ്രാവുകളെക്കെട്ടിയ ഒരു നോഹയുടെ പെട്ടകം ഓളങ്ങളെ ശക്തിയായി പുറകിലോട്ട് തള്ളി ഉൾക്കടലിലേക്ക് ഒഴുകി നീങ്ങി. രണ്ടുനിലയിലും ധാരാളം ടൂറിസ്റ്റുകൾ അനന്തമായ സാഗരത്തിന്റെ ഭംഗി ആർത്തു രസിക്കുന്നു.

 

 

രണ്ടാമത്തെ നിലയിൽ പാട്ടും നൃത്തവും കൊഴുക്കുന്നു. കൂളിംഗ് ഗ്ലാസ് വെച്ച്, കൊങ്ങിണിഗാനം പാടി, കണങ്കാലുവരെ മാത്രം ഇടതു വശത്തേക്ക്  മുണ്ട് ഉടുത്ത് തലയിൽ പുള്ളിടവൽ കെട്ടിയ കുറച്ച് ചെറുപ്പക്കാരും അത്ര തന്നെ ഇറക്കത്തിൽ  സാരിയുടുത്ത് മുട്ടറ്റം കൈയിറക്കമുള്ള ഹൈനക്ക് ബ്ലൗസുമിട്ട് കുറച്ച് ഗോവൻ സുന്ദരിമാരും ചടുലമായ നൃത്തചുവടുകൾ വെച്ചു.കൈയിൽ ബിയറ് കുപ്പികളുമായി ടൂറിസ്റ്റുകളും ഭാര്യാ ഭർത്താക്കൻമാരും  അവർക്ക് ചുറ്റും കൂടി കൈയടിച്ച് നൃത്തം വെച്ചു .

 

താളമേളം തകൃതിയായി അതിന്റെ ഉച്ചസ്ഥായിലേക്ക് കൊടുമ്പിരി കൊണ്ടുയർന്നപ്പോൾ ബോട്ടിന്റെ താഴത്തെ നിലയിൽ നിന്നും പരസ്പരം ഉതിർത്ത രണ്ട് വെടിയൊച്ചകൾ ആ നിശാപാർട്ടിയുടെ ഉത്സവത്തിമർപ്പുകളെ അലോസരപ്പെടുത്താതെ കടൽകാക്കകളോടൊപ്പം മെല്ലെ ആകാശത്തേക്ക് ചിറകടിച്ചു.

 

 

അപ്പോൾ കടലിന്റെ മരുഭൂമിയുടെ ആത്മാവുള്ള ജലഭൂമികയിലെ ശിശിരം തിരഞ്ഞ് രണ്ടുപേർ ഒരുമിച്ചുയാത്രയായി. തിരയടങ്ങിയ ജലപാളികളുടെ അടിത്തട്ടിൽനിന്നും ഒരു കൂറ്റൻ സ്രാവ് വന്ന് ഫോസിലുകളവശേഷിപ്പിക്കുവാനിടയില്ലാത്ത ആ പ്രണയിതാക്കളെ  സമുദ്രാന്തർഭാഗത്തെ പവിഴപ്പുറ്റുകളുടെ വസന്തഭൂമിയിലേക്ക് വലിച്ചുകൊണ്ട് പോയി......

 

English Summary: Submarine A Scientific Thriller Journey story By Jojitha Vineesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com