ADVERTISEMENT

ഷേക്‌സ്‌പിയർ  ജീവിതം പറയുമ്പോൾ (കഥ)

 

അയാളുടെ വയസ്സിനെക്കാളും ഇരുപതു വർഷം കുറയും ഈ ലൈബ്രറിക്ക്. ബിരുദധാരിയായ ഒരു യുവാവിൽ  നിന്നും, കാമുകനും, ഭർത്താവും, അച്ഛനും, മുത്തച്ഛനുമായുള്ള അയാളുടെ വളർച്ച സസൂക്ഷം നോക്കി കണ്ടതും ഇവിടുത്തെ ഇരിപ്പിടങ്ങളും ഗ്രന്ഥങ്ങളും ആവാം.

 

പുസ്തകങ്ങളെ വേർതിരിച്ച്, അതിൽ തന്നെ, ഗ്രന്ഥകർത്താവിന്റെ പുസ്തകങ്ങളെ വേർതിരിച്ചു വെച്ചിരിക്കുന്ന ഈ ഗ്രന്ഥശാലയിൽ അയാൾക്കിഷ്ടം, ‘‘ക്ലാസ്സിക് ഇംഗ്ലിഷ് വില്യം ഷേക്‌സ്‌പിയർ’’  എന്ന വിഭാഗം ആയിരുന്നു. 

 

ഒന്നിനുമല്ലെങ്കിലും തന്റെ ജീവിതം ഓരോ ഘട്ടത്തിലും, ഷേക്‌സ്‌പിയർ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടതാണ് എന്ന് അയാൾക്ക്‌ കുറെ കാലമായി തോന്നാറുണ്ട്.

 

അച്ഛൻ നഷ്ട്ടപെട്ട ബാല്യത്തിൽ, അമ്മക്ക് കൂട്ടായി വന്ന  ഓരോ പുരുഷനിലും തന്റെ അച്ഛന്റെ ഘാതകരെ തേടിയിരുന്നു എന്ന സത്യം. സ്കൂളിലും കവലയിലെ കടയിലും അടക്കി പിടിച്ച സംസാരത്തിൽ ആരോ ഇല്ലാതാക്കിയ എന്റെ അച്ഛനെ ഞാൻ പലവട്ടം സ്വപ്നം കണ്ടിരുന്നു. പിന്നെ എന്നോ വായിച്ച ഹാംലെറ്റിന് എന്റെ അതെ ചിന്ത, അതെ മാനസികാവസ്ഥ.

 

കൂട്ടുപ്രതി അമ്മയാണെന്ന് അറിഞ്ഞപ്പോൾ, മനസാക്ഷി കോടതിയിൽ ആ ജെർട്രൂഡിനെ എരിയാൻ വിട്ടിട്ടു പടിയിറങ്ങിയതും പഴംകഥ. ജെർട്രൂഡിന്റെ അതെ വിധി, ഒരു വിഷ കുപ്പിയിൽ ജീവിതം തീർത്തു എന്നാണ് പിന്നെ എന്നോ അറിഞ്ഞത്.

 

കിംഗ് ലിയറിലെ, എഡ്മണ്ട് ആയി പിന്നെ അലച്ചിൽ, സത്വം മറച്ചു. അഭയമായ യജമാനൻ ഷൈലോക്കിന്റെ പുനർജന്മം , ധനത്തിലും കർമ്മത്തിലും.

 

ഒടുവിൽ മാക്‌ബത്തിനെ പോലെ നേടിയെടുത്ത സ്വപ്നങ്ങൾ, ഓടയിൽ ചവിട്ടി താഴ്ത്തിയ യജമാനന്റെ മുഖത്തിനു ഡങ്കൻ രാജാവിന്റെ അതെ ഛായ. 

 

കൂട്ട് നിന്ന ലേഡി മാക്‌ബത്ത്, അയാളുടെ മകളും, പിന്നെ എന്റെ വാമഭാഗവും ആയി. വർഷങ്ങൾക്കൊടുവിൽ അവൾ ഭ്രാന്തിന്റെ ചിറകിൽ മരണത്തെ പുൽകിയതും, വിധിയുടെ ഷേക്‌സ്‌പീരിയൻ വേർഷൻ ആവാം. 

 

പിന്നിൽ നിന്നും കുത്താൻ, ഒരിക്കൽ കുഴിച്ചു മൂടിയത് മാന്തി എടുക്കാൻ, ആത്മസുഹൃത്ത്. അവനിലെ രഹസ്യത്തിനു വിലപറഞ്ഞു, ആ ബ്രൂട്ടസിനേം ഉറക്കി, ഒരിക്കലും ഉണരാത്ത ഉറക്കം. പിറകിൽ നിന്നും കുത്തേൽക്കുമ്പോ അവൻ പറഞ്ഞിരിക്കും - യു ട്ടൂ...

 

നേടിയ പ്രൗഢിയിൽ, മക്കൾക്കും മരുമക്കൾക്കും രാജാവായിരുന്നു താൻ -  ഒരു കിംഗ് ലിയർ. സ്വത്തെന്ന പിടി വള്ളി പോയാൽ താൻ  ആരും അല്ലാതാവുമെന്നു അയാൾക്കറിയാം, അതിനാൽ തന്നെ ആർക്കും പിടി കൊടുത്തില്ല ഇതു വരെ. 

 

ഈ അറുപത്തഞ്ചാം പിറന്നാൾ, മക്കൾ ഒരുക്കിയ ആഘോഷം, തനിക്കു പ്രിയപ്പെട്ടതല്ലാം ഒരുക്കി അവർ കാത്തിരിക്കുന്നു. അയാൾ എഴുന്നേറ്റു പതിയെ വീട്ടിലിലേക്കു നടന്നു 

 

അപ്പോൾ അയാളെ നോക്കി കിംഗ് ലിയർ ചിരിച്ചു, മാക് ബത്ത് ചിരിച്ചു, ഹാംലെറ്റ് ചിരിച്ചു, കാരണം ഗോണേറിലും റീഗനും അയാൾക്കായി കാത്തിരിക്കുന്നു. വിഷത്തിന്റെ രഹസ്യക്കൂട്ട് ഒരുക്കി വെച്ച്, അയാളുടെ സാമ്രാജ്യം പങ്കിട്ടെടുക്കാൻ....

 

English Summary: ‘Shakespeare jeevitham parayumbol’ Malayalam short story

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com