ADVERTISEMENT

അന്ന് വീട്ടിൽ വച്ചിരുന്ന ഇടനാഴിയിൽ രണ്ട് കസേരകൾ മാത്രമാണുണ്ടായിരുന്നത്. നീല പ്ലാസ്റ്റിക് കസേരകൾ... കൈ വയ്ക്കുന്ന ഭാഗത്തുമാത്രം നീല നിറമൊക്കെ പൊയ്‌പോയിരുന്നു. രണ്ടു കസേരകളും റിസേർവ്ഡ് ആണ്. അപ്പൂപ്പനും അമ്മൂമ്മക്കും. അത് വീട്ടിലെ അലിഖിത നിയമമായിരുന്നു. കല്യാണം, അമ്പല യാത്രകൾ... അങ്ങനെ എന്തെങ്കിലും ആയി ആണ്ടിലും സംക്രാന്തിക്കും രണ്ടാളും വീട്ടിൽ ഇല്ലാത്ത ചില അവസരങ്ങൾ കൈവരാറുണ്ട്. അന്ന് നീലക്കസേരമേൽ കേറിയിരുന്ന് റിമോട്ടും കൈക്കലാക്കി ടിവി കാണുമ്പോൾ കിട്ടുന്ന സുഖവും സന്തോഷവും ഇന്ന് ഒരു എസി തീയേറ്ററിനും പഞ്ഞിക്കസേരക്കും നേടിത്തരാനായിട്ടുമില്ല.

  

അന്ന് ശനിയാഴ്ച രാത്രി 9. 30 ന് ഒരു പരമ്പര ഉണ്ടായിരുന്നു ‘സംഭവങ്ങൾ’ പ്രേതകഥയാണ്. ഞാനും അമ്മൂമ്മയും സ്ഥിരം പ്രേക്ഷകർ. പിന്നിൽ നിന്ന് വന്ന് കഴുത്തു ഞെരിക്കുന്ന സ്വഭാവം പ്രേതങ്ങൾക്ക് പണ്ടേ ഉള്ളതാണ്.. അതോണ്ട് അപ്പൂപ്പന്റെ കസേര ഒഴിഞ്ഞു കിടന്നാലും തറയിൽ ഭിത്തിയിൽ ചാരിയെ ഞാൻ സംഭവങ്ങൾ കാണാൻ ഇരുന്നിട്ടുള്ളു ..

 

അന്ന് അമ്മൂമ്മയുടെ ഒപ്പമാണ് എന്റെ കിടപ്പ്.. കുഴമ്പിന്റെയും മരുന്നുകളുടെയും മണമുള്ള,രണ്ട് പാളിയുള്ള കതകുള്ള  അമ്മുവിന്റെ മുറി... അവിടെ ഉണ്ടായിരുന്ന കട്ടിലിനെ അപേക്ഷിച്ച് ബെഡ് ചെറുതായിരുന്നു. അതായത്‌ കട്ടിൽ ഡബിൾ കോട്ട് ആണെങ്കിൽ മെത്ത സിംഗിൾ ആണ്. അങ്ങനെവരുമ്പോൾ മെത്ത ഇല്ലാത്ത കുറച്ചു ഭാഗം കട്ടിലിൽ ഒഴിഞ്ഞു കിടക്കും. ദവിടെയാണ് ദീയുള്ളവൾ കിടന്നിരുന്നത്.

 

രാത്രിമുഴുവൻ അമ്മുവിന്റെ മുറിയിൽ ഒരു LED ബൾബ് കത്തിച്ചിട്ടിരിക്കും .. അതിന്റെ നേരിയ വെട്ടത്തിൽ അയയിൽ തൂക്കി ഇട്ടിരിക്കുന്ന തുണിയും ചാരി വച്ചിരിക്കുന്ന ചൂലും തറയിൽ ചുരുട്ടി വച്ചിരിക്കുന്ന പായയും എല്ലാം പ്രേതമായി രൂപാന്തരംപ്രാപിച്ചു ..

 

എത്രയും വേഗം രാവിലെ ആകണേന്ന് പ്രാർത്ഥിച്ചങ്ങനെ കിടക്കുമ്പോളാണ് മറ്റൊരു പേടി തലേം പൊക്കി വരുന്നത്. തമ്പുരാനേ ഈ അമ്മു രാത്രി എങ്ങാനും മരിച്ച്‌ പോകുവോ.. മരിച്ചവർ പ്രേതമാവും അതാണ് ശാസ്ത്രം. പിന്നെ അങ്ങോട്ട് അമ്മൂന്റെ വയർ പൊങ്ങുവേം താഴുവേം ചെയ്യുന്നുണ്ടോന്ന് ഉറപ്പുവരുത്തിക്കൊണ്ടങ്ങനെ കിടന്ന് നേരം വെളുപ്പിക്കും.

 

അങ്ങനെ വീണ്ടും അതിസാഹസികമായ മറ്റൊരു ശനിയാഴ്ച രാത്രി എത്തി... സംഭവങ്ങൾ തീർന്ന ഉടനെ ഒന്ന് മുള്ളാൻ പോലും പോകാതെ കതകും തള്ളിത്തുറന്ന് ചാടി ഓടി ഞാൻ കട്ടിലിൽ കയറി. ഒന്നൂടി തിരിഞ്ഞു നോക്കി .. അതാ ഒരുപാളി കതകിന്റെ പിന്നിലൊരു ശക്തിമാൻ..!!!! ചേട്ടൻ വരച്ചതാണ് കണ്ടാലറിയാം പടത്തിനുതാഴെ ഒരു കുറിപ്പ് ‘‘പേടിക്കേണ്ട .. ഞാനിവിടെ ഉണ്ട്’’ ആ പടവും കുറിപ്പും അമ്മുവിന്റെ മുറിയിലെ കതകിനു പിന്നിൽ വരാക്കാനുണ്ടായ ചേതോ വികാരം എന്തായിരിക്കും എന്നൊന്നും അന്ന് ചേട്ടനോട് ചോദിച്ചില്ല (ഇന്നും ..!) ചിന്തിച്ചും ഇല്ല.. എവിടുന്നൊക്കെയോ കുറേച്ചെ ധൈര്യം വന്നുവോ . .ഉവ്വ് വന്നു ..ധൈര്യം വന്നു .. ഞാൻ വീണ്ടും വീണ്ടും വായിച്ചു. ‘‘പേടിക്കേണ്ട ..ഞാനിവിടെ ഉണ്ട്!’’

 

പ്രേത സീരിയൽ കണ്ടിട്ടല്ലാതെയും പേടിച്ചരണ്ട് പോയ രാത്രികൾ പിന്നീടും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, എന്ത് ചെയ്യണമെന്നറിയാതെ ... ഇരുട്ടിൽ തനിച്ചായിപ്പോയ ഭയത്തിൽ മുങ്ങിയ നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. അന്നൊക്കെയും എന്റെ ശക്തിമാനായി ചേട്ടൻ പാഞ്ഞെത്തിയിട്ടുമുണ്ട് .. ‘‘പേടിക്കേണ്ട .. ഞാനിവിടെ ഉണ്ട്’’ എന്ന കുറിപ്പുമായി ..

അമ്മു മുറിയിലേക്ക് വന്നു ..

‘‘ശനിയാഴ്ച ഇനി വാതിൽ അടച്ചു പൂട്ടി കുറ്റി ഇട്ടില്ലേൽ ഒരുത്തിക്ക് ഉറക്കം വരില്ലല്ലോ’’

അമ്മു പിറുപിറുത്തുകൊണ്ട് പണിപ്പെട്ട്‌ താഴത്തെയും മുകളിലത്തെയും കുറ്റി ഇടാൻ ശ്രമിച്ചുകൊണ്ടിരുന്നു.

 

‘‘കതകടക്കണ്ട ..തുറന്നിട്ടോ..’’

 

‘‘ങേ ഇതെന്തു കൂത്ത് ..?രാത്രി ഇനി പേടിച്ച്‌ നിലവിളിച്ചേക്കല്ല് പറഞ്ഞേക്കാം ’’

അമ്മു വാതിൽ തുറന്നിട്ടു.. 

 

‘‘ഇല്ല എനിക്ക് പേടിയൊന്നൂല്ല ..’’

‘‘ഓ ..ഒരു ധൈര്യക്കാരിത്തി ..ങാ ന്നാ രാമനാമം ജപിച്ച് കിടന്നോ’’

 

കതകിന്റെ പിന്നിലേക്ക് നോക്കി ഞാൻ വീണ്ടും വീണ്ടും ജപിച്ചു പേടിക്കേണ്ട ..ഞാനിവിടെ ഉണ്ട് ’

 

ശക്തിമാൻ ചിരിക്കുന്നുണ്ടോ ? ആവോ.. ഞാൻ ചിരിച്ചു.. ️ 

 

English Summary: Memoir written by Parvathy H

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com