ADVERTISEMENT

ഒരു നിശാഗന്ധിയുടെ കഥ (കഥ)

എന്തിനാണ് ആ നശിച്ച നേരത്ത് നീ എന്റെ മുൻപിൽ വന്നത്?

എന്റേതാവാത്ത നീയും നിന്റേതാവാത്ത ഞാനും എന്തിനാണിങ്ങനെ കണ്ടുമുട്ടിയത്?

നമ്മൾ എങ്ങനാണ് കടലിലെ ഉപ്പും വെള്ളവും പോലെ ആത്മാവിൽ ഒന്നായിത്തീർന്നത്?

 

മുഖമൂടികൾ ഒരുപാടണിഞ്ഞിട്ടുള്ളതുകൊണ്ട് നീയറിയാതിരിക്കാൻ ആവുന്നതും ശ്രമിച്ചു നോക്കി. എങ്കിലും ജീവിതത്തിലാദ്യമായി നിന്റെ മുൻപിൽ പരാജയപ്പെട്ടു. പ്രേമമെന്ന വികാരത്തെ പുച്ഛത്തോടെമാത്രം കണ്ടിരുന്ന ഞാൻ മനസ്സിലാക്കിയതേയില്ല എന്നിലെ മാറ്റങ്ങൾ. മിണ്ടാനെനിക്ക് പേടിയായി, എന്തെങ്കിലും അറിയാതെ പറയുമോ, എന്റെ കണ്ണുകൾ അറിയാതെയെങ്കിലും നിന്നെ നോക്കാതെ, നിന്റെ കണ്ണിൽ പെടാതെ ഒരുപാടു ദൂരെ മാറി നടന്നു ഞാൻ. ബുദ്ധികൊണ്ടെന്നും ഹൃദയത്തെ ജയിക്കാമെന്നഹങ്കരിച്ച ഞാൻ പക്ഷേ നിന്റെ മുമ്പിൽ ഒരുകൊച്ചുകുട്ടിയെപ്പോലെ നിശബ്ദയായി നിന്നു. 

 

ഒരു നിശാഗന്ധിപ്പോലെ എന്റെ മോഹങ്ങൾക്കുത്തരമായിവിടർന്ന നീ... ഒരിക്കൽമാത്രം വിരിയുന്ന ഭൂമിയിലേറ്റം മനോഹരമായ പുഷ്പം. നമ്മളെപ്പോലെ, ഒരുരാത്രിയിലേയ്ക്ക്മാത്രം വിടർന്ന ഒരു പാവം നിശാഗന്ധി...

 

ഒരു ചെറിയ കണ്ടുമുട്ടൽ; പക്ഷേ, കാലങ്ങൾക്കുശേഷവും എന്നെ നിന്റെ മുൻപിൽ തന്നെ കൊണ്ട് നിർത്തുന്നു. ദിവസങ്ങളുടെ പരിചയത്തിൽ ആകെ സംസാരിച്ചത് കുറച്ച് നിമിഷങ്ങൾ മാത്രം. എങ്കിലും നമ്മൾ രണ്ടാളും വേറെയേതോ ഒരു ലോകത്തുപെട്ടുപോയവരെപ്പോലെയായി മാറി.

 

യുഗാന്തരങ്ങൾക്കപ്പുറത്തെവിടെയോ നമ്മൾ കണ്ടിരിക്കണം, അല്ലാണ്ട് എങ്ങനാ ഇങ്ങനെ?

ഇത്രയുമാഴത്തിലെങ്ങനാ നീയെന്നെ തൊട്ടത്?

അങ്ങനൊക്കെ പറ്റുമോ മനുഷ്യന്?

രണ്ടു മനുഷ്യർ തമ്മിൽ എങ്ങനാ ആത്മാവിൽ ഇത്ര ആഴങ്ങളിൽ ഒന്നാവുന്നത്?

എനിക്കറിയില്ല. 

ചോദ്യങ്ങൾ ഒരുപാടുണ്ട്, ഉത്തരങ്ങൾ മാത്രമില്ല..

ഉള്ളത് വേദനകൾ മാത്രം.

എത്ര വേണ്ടന്നുവച്ചാലും പിന്നേയും പുറകോട്ട് വലിക്കുന്ന മുറിവുകൾ.

എന്റെ ഏകാന്തതയിൽ, സങ്കടങ്ങളിൽ, എന്തിന് സന്തോഷങ്ങളിൽപ്പോലും മായാതെ നിൽക്കുന്ന തിരുമുറിവ്.

 

നിന്നോട് പറയാതെ പോയ സ്നേഹം ഇന്നും എന്നെ ശ്വാസം മുട്ടിച്ചുകൊന്നു കൊണ്ടേയിരിക്കുന്നു. എന്റെ ഹൃദയം വേദന കൊണ്ട് പുളയുന്നു. ആരോ കൊത്തിവലിക്കുന്ന വേദന. നീ പറയാത്ത ,നീ കേൾക്കാത്ത, നിന്നോട് പറയാത്ത ഒരുപാടു വാക്കുകൾ എന്റെ ആത്മാവിനെ കാർന്ന് തിന്നുന്നു. ഒരു ഭ്രാന്തിയെപ്പോലെ ഞാൻ അലമുറയിട്ട് കരയുന്നു. എങ്കിലും നീയൊരിക്കലുമത് കേൾക്കരുതെന്ന് ഞാൻ ആഗ്രഹിച്ചു.

നീ കേൾക്കേണ്ടത്, കാണേണ്ടത് എന്റെ നിശബ്ദമായ പുഞ്ചിരികൾ മാത്രമായിരിക്കണമെന്നും.

 

എങ്കിലും എന്ത്മാത്രമാണീ വേദന?

എന്ത് ആഴമാണീ മുറിവിന്?

എത്ര തുന്നിക്കെട്ടിയാലും പിന്നേയുമെന്നെ കരയിക്കുന്ന തീരാമുറിവ്. നിന്നെയൊന്ന് തൊടാൻ, നിന്റെയരുകിൽ വെറുതെയൊന്നിരിക്കാൻ, ഒരക്ഷരം പോലും മിണ്ടാതെ നിന്നോട് സംസാരിക്കാൻ, എന്റെ ആത്മാവ് കൊതിക്കാത്ത നിമിഷങ്ങളില്ല.

 

പക്ഷേ ഇന്നും ഞാൻ വെറുക്കുന്നു പ്രേമമെന്ന ആ വികാരത്തെ. സത്യത്തിൽ പ്രേമം ഒരു ശാപമാണ്. ശാപം കിട്ടിയ ജന്മായി ഞാൻ പൊടുന്നനെ. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. ബുദ്ധിക്കതീതമായി എന്നെ കീഴ്പ്പെടുത്തുന്ന ഹൃദയമേ, എനിക്ക് നിന്നോട് വെറുപ്പാണ്.

 

ഒരു ഭിക്ഷക്കാരിയേപ്പോലെ ആരുടെ മുമ്പിലും സ്നേഹത്തിനായ് യാചിക്കരുതെന്ന അലിഖിതനിയമം എന്റെ ബുദ്ധിയിലുണ്ട്. അതിൽനിന്ന് രക്ഷപ്പെടാൻ ഏങ്ങോട്ടൊക്കെ ഓടാമോ അങ്ങോട്ടൊക്കെ ഓടി. എങ്കിലും എവിടെയൊക്കെ പോയാലും അവസാനം എത്തി നിൽക്കുന്നത് പിന്നെയും നിന്റെ മുൻപിൽതന്നെ.

 

എന്നിരുന്നാലും എനിക്ക് ജയിച്ചേ പറ്റൂ. ജീവിതമിങ്ങനെ നശിപ്പിക്കാൻ കഴിയില്ലല്ലോ. എന്റെയും, നിന്റെയും. എന്റെ പ്രാണൻ, അതെന്നും നിന്റെയാണ്. പക്ഷേ ജീവിതം എന്റെ മുൻപിൽ പിന്നെയും ബാക്കിയാണ്. എനിക്ക് ജീവിക്കാതെ വയ്യ. 

 

എന്റെ ഏറ്റവും പ്രിയപ്പെട്ട നിന്നെ ഞാൻ വേണ്ടെന്ന് വയ്ക്കാം. ഏറ്റവും ഇഷ്ടം തോന്നുന്നതെല്ലാം ചെറുപ്പം മുതൽ വേണ്ടെന്ന് വയ്ക്കാൻ പഠിച്ചിട്ടുണ്ട് ഞാൻ. സ്നേഹം എന്നെ ദുർബലയാക്കുന്നു, എന്റെ ബുദ്ധിയെ നശിപ്പിയ്ക്കുന്നു.

 

അതും വേണ്ടെന്ന് വയ്ക്കാം. എത്ര വേണ്ടെന്ന് വച്ചാലും പക്ഷേ; മറക്കാൻ പറ്റണില്ല. 

ചില ദിവസങ്ങളിൽ നിന്റെ ഓർമ്മകളെന്നെ ഭ്രാന്ത് പിടിപ്പിക്കും. ഒരുതരം വട്ട്. പിന്നെ ഞാൻ ഓടും. എങ്ങോട്ടന്നില്ലാതെ, നിൽക്കാതെ, ഒന്നും ചിന്തിയ്ക്കാതെ ഓടും. ഒരിക്കൽ ഈ ഓട്ടം അവസാനിക്കും. അന്ന് എനിക്ക് നിന്നെയൊന്ന് കെട്ടിപിടിക്കണം, മുറുക്കെ. നിന്റെ മാറിലേചൂടുപറ്റി നിന്റെതുമാത്രമാവണം. നമ്മുടെ നിശബ്ദപ്രണയത്തിന് സാക്ഷിയായ താഴ് വരയിലപ്പോൾ മഞ്ഞുപെയ്യുന്നുണ്ടാവണം, നമ്മൾ ആദ്യമായി കണ്ട നിമിഷത്തിലെന്നപോലെ... 

 

English Summary: Oru Nishagandhiyude Kadha, Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com