ADVERTISEMENT

കഥ തുടരുകയാണ് .. (കഥ)

 

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെ മിഴിയൂന്നി നിന്നിരുന്ന സെക്യൂരിറ്റി ഗാർഡ് പെട്ടെന്ന് കോറിഡോറിൽ നിന്നും പുറത്തേയ്ക്കിറങ്ങിയ അയാളെ പിന്നിൽനിന്നും തിരികെ വിളിച്ചു. 

 

“ഹേയ്, ഒന്ന് നിന്നേ..!”

 

തോളിൽക്കിടന്ന കുഞ്ഞുമായി പുറത്തെ മഴയിലേക്കിറങ്ങിയ അയാളൊരു നിമിഷം പകച്ചു നിന്നു.എന്നെ തന്നെയാണോ വിളിച്ചെതെന്ന ആശങ്കയിൽ..! 

 

അതെയെന്ന അർഥത്തിൽ ഗാർഡയാളെ കൈകാട്ടി വിളിച്ചു.

 

ചുറ്റുമൊന്ന് നോക്കിയിട്ട്, അയാൾ പതിയെ ഗാർഡിനരുകിലേക്ക് നടന്നു വന്നു. ‘എന്തിനാ വിളിച്ചതെന്ന’  ചോദ്യഭാവം ആ മുഖത്തു നിഴലിച്ചിരുന്നു. അത് കണ്ടിട്ട് ഗാർഡ് ചോദിച്ചു.

 

“എന്താ തിരികെപ്പോയത്..? അവര്സ്കാൻ ചെയ്തില്ലേ..?” 

 

അയാളൊരു നിമിഷം പതറി. ആ മുഖത്ത്‌ പല ഭാവഭേദങ്ങളും മിന്നി മറഞ്ഞു.

 

ഗാർഡിനെ പഠിക്കുകയായിരുന്നു അയാൾ.

 

മുഖത്തിനെക്കാളിലും വലിയൊരു കൊമ്പൻമീശ. അതാ മുഖത്തിനൊരിക്കലും ചേരില്ലെന്ന് തോന്നി. ഒട്ടിയ ശരീരത്ത്‌ ആകാശനീല നിറത്തിലുള്ള ഇൻചെയ്ത ഷർട്ട്. അതിന് താഴെയായി കറുത്ത പാൻസ്.ആ വേഷമയാൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. പാടത്ത്‌ കോലം കെട്ടി നിറുത്തിയിരിക്കുന്നതു  പോലൊരു രൂപം. ഏതോ, സെക്യൂരിറ്റി കമ്പനിയുടെ മുദ്ര പതിപ്പിച്ച സ്വർണ്ണാക്ഷരങ്ങൾ കറുത്ത തൊപ്പിയിലിരുന്ന് മഴയുടെ ഇത്തിരി വെട്ടത്തിലും മിന്നി തിളങ്ങിക്കൊണ്ടിരുന്നു. സന്തതസഹചാരിയായ നീളൻ തോക്ക് അയാൾക്കൊപ്പം ഇടതുകൈയിലായി നിലത്തൂന്നി വിശ്രമിക്കുന്നു.

 

“അത് .. സാറെ .. ഞാൻ  നാളെ വന്ന് ചെയ്യിച്ചോളാം..”

 

വളരെ ഭവ്യതയോടെ ആയിരുന്നു കുട്ടിയുടെ അച്ഛന്റെ മറുപടി. അയാളെന്തോ.. തന്നോട് പറയാൻ മടിക്കുന്നതായി ഗാർഡിന് തോന്നി.

 

ഇത്തിരിമുമ്പ്, മുന്നിലെ സ്ക്രീനില് കണ്ട കാഴ്ച്ചകളോരോന്നും അയാളുടെ മനോമുകരത്തിൽ തെളിഞ്ഞു വന്നു. 

 

കോറിഡോറിന്റെ ഒരറ്റത്തുള്ള സ്കാനിംഗ് സെന്ററിനരികിലായി കയ്യിലെ പൈസ വീണ്ടും വീണ്ടും എണ്ണി തിട്ടപ്പെടുത്താൻ ശ്രമിക്കുന്ന കുട്ടിയുടെ അച്ഛൻ. നിരാശനായ അയാൾക്കു നേരെ പരിഹാസത്തിൽ  പൊതിഞ്ഞ ചിരിയുമായി നിൽക്കുന്ന സ്കാനിംഗ് റൂമിലെ അഖിലും, വിഷ്ണുവും. അവരോടെന്തോ..  പറയാൻ ശ്രമിച്ച് പരാജയപ്പെട്ട് അയാൾ സങ്കടത്തോടെ തിരിഞ്ഞു നടക്കുന്നു..

    

ഇതൊന്നുമറിയാതെ, പുറത്ത്‌ കലിപൂണ്ട കർക്കിടമേഘങ്ങൾ ഭൂമിക്കു മീതെ നടനമാടിക്കൊണ്ടിരുന്നു.. 

 

കോരിച്ചൊരിയുന്ന മഴയിൽ തണുത്ത്‌ വിറച്ച് കുഞ്ഞ് പ്ലാസ്റ്ററിട്ട കൈയ്യുമായി അയാളുടെ ദേഹത്തേക്ക് ഒന്നുകൂടി ഒട്ടിച്ചേർന്നു കിടന്നു. അയാളെന്തോ പറയാൻ വിഷമിക്കുന്നതായി ഗാർഡിനു തോന്നി. 

 

“പൈസായെന്തെങ്കിലും കുറവുണ്ടെങ്കിൽ.. ദാ ഇതുവെച്ചോള്ളൂ..” 

 

പാൻസിന്റെ പോക്കറ്റിൽനിന്നും മടക്കിയ മൂന്നാല് അമ്പത് രൂപാ നോട്ടുകളെടുത്ത്‌ ഗാർഡയാളുടെ  കയ്യിലേക്ക് തിരുകി വെച്ചു. അയാളൊന്നു പകച്ചു. ആ കണ്ണുകൾ ആശ്ചര്യപൂർവ്വം പുറത്തേക്കുന്തി വന്നു. 

 

“വേണ്ട സാറേ...  ഞാൻ നാളെ വന്നു ചെയ്യിച്ചോളാം..” 

 

വളരെ ദുർബലമായ ശബ്ദം.

 

കയ്യിലിരിക്കുന്ന കാശ് വാങ്ങാൻ അയാൾ മടിച്ചു.

 

ആ മുഷിഞ്ഞ നോട്ടുകൾ അയാളുടെ കയ്യിലിരുന്ന്‌ വിറച്ചു. എങ്കിലും ആശ്വാസത്തിന്റെ ചെറുകിരണങ്ങൾ അയാളുടെ മുഖത്ത്‌ മിന്നി മറയുന്നുണ്ടായിരുന്നു..

 

“ദാ.. ആ കൗണ്ടറീന്ന് രസീതെടുത്ത്‌ സ്കാൻ ചെയ്യിപ്പിക്ക്”

 

റിസപ്‌ഷനിലെ വെളുത്ത്‌ മന്ദഹാസം പൊഴിക്കുന്ന പെൺകുട്ടി ഇരിക്കുന്ന ഭാഗത്തേക്ക് കൈചൂണ്ടി ഗാർഡ് പറഞ്ഞു. 

 

“സാറേ.... ഞാൻ.....” 

 

വാക്കുകൾ മുഴുമിക്കാൻ കഴിയാതെ അയാൾ ഗാർഡിന്റെ കൈകൾ കൂട്ടിപ്പിടിച്ചു. ആ കണ്ണുകളിൽ മഴമേഘങ്ങൾ ഉറഞ്ഞുകൂടി. ‘ഉം... ചെല്ല്’ അയാൾ റിസ്പഷനിൽനിന്നും രസീതും വാങ്ങി കുഞ്ഞുമായി സ്കാനിംഗ് റൂമിലേക്ക് പോകുന്നതും നോക്കി ഗാർഡ് നിന്നു..

 

വൈകുന്നേരം മഴ തോർന്നിരുന്നു...

 

ഉമ്മറത്തെ മങ്ങിയ വെട്ടത്തിലിരുന്ന് പഠിച്ചുകൊണ്ടിരുന്ന ഉണ്ണിക്കുട്ടൻ അച്ഛനെ കണ്ട് ഓടിച്ചെന്നു.

 

‘പുസ്തകം വാങ്ങിയോ അച്ഛാ..’ എന്ന ചോദ്യവുമായി. 

 

അയാളൊന്ന് ഞെട്ടി. 

 

സൈക്കിൾ സ്റ്റാന്റിൽ വെയ്ക്കും മുന്നേ, അവൻ തൂക്കിയിട്ടിരുന്ന തുണി സഞ്ചി കൈക്കലാക്കി. പ്രതീക്ഷയോടാ കുഞ്ഞിക്കണ്ണുകൾ തിളങ്ങി. ആകാംക്ഷയോടവൻ സഞ്ചിക്കുള്ളിലേക്ക് ഉറ്റുനോക്കി. അയാളുടെ ചോറ്റുപാത്രം മാത്രമേ അതിനകത്ത്‌ ഉണ്ടായിരുന്നുള്ളൂ..

 

“പുസ്തകം വാങ്ങിയില്ലേച്ചാ..??”

 

നിരാശയോടുള്ള മകന്റെ ചോദ്യശരമേറ്റയാൾ പിടഞ്ഞു.

 

“ലീനടീച്ചർ ഇന്നും.. പറഞ്ഞച്ഛാ.. 

പുസ്തകമില്ലാത്തവര് ക്ലാസ്സിലിരിക്കേണ്ടെന്ന്....”

 

അവന്റെ കുഞ്ഞുനക്ഷത്രകണ്ണുകൾ നിറഞ്ഞു വന്നു. അയാളവനെ ദേഹത്തോട്  ചേർത്തു പിടിച്ചു.

 

“നമുക്ക് വാങ്ങാം മോനേ..”

 

“എപ്പഴാച്ചാ.. വാങ്ങുന്നെ..??.” 

 

ആ മൂന്നാം ക്‌ളാസ്സുകാരൻെറ കണ്ണുകളിൽ പ്രതീക്ഷയുടെ ചെറുനിഴൽ പിന്നെയും മൊട്ടിട്ടു. 

 

“അച്ഛന് ശമ്പളം കിട്ടട്ടെ മോനെ..” 

 

അയാളവനെ സ്നേഹത്തോടെ ചേർത്തു പിടിച്ചുകൊണ്ട് അകത്തേക്ക് കയറി. അടുക്കളയിലും മുറിക്കകത്തും നിരത്തി വെച്ചിരിക്കുന്ന പാത്രങ്ങളിലെ മഴവെള്ളം എടുത്തു കളയുകയാണ് ശ്രീമതി. അയാളെ കണ്ടതും അവൾ പറഞ്ഞു.

 

“ങ്ഹാ..! നിങ്ങള് വന്നോ? ഇരിക്ക്. ഞാനിതൊന്ന് കളഞ്ഞിട്ട്, ഇപ്പൊ കാപ്പിയിട്ട് തരാം..” 

 

“നിനക്കാ.. വീട്ടുടമസ്ഥനോടൊന്ന് പറഞ്ഞൂടെ... ഈ പൊട്ടിയ ഓടൊക്കെയൊന്ന് മാറ്റിയിട്ടു തരാൻ..?,” 

 

അയാൾ മച്ചിലേക്ക് വിരൽചൂണ്ടി പറഞ്ഞു.

 

“അതിനയാൾക്ക് മൂന്നുമാസത്തെ വാടക കുടിശിക കിടക്കുവല്ലേ..?” അവളൊരു മറുചോദ്യം തൊടുത്തു.

 

“അതുകൊടുത്തിട്ട് വേണം പറയാൻ..”

 

ഭാര്യ പതിയെ വിഴുപ്പുഭാണ്ഡം അഴിക്കാൻ തുടങ്ങിയിരിക്കുന്നു...

 

‘ഇതൊക്കെ നിങ്ങക്കോർമ്മയുണ്ടോ മനുഷ്യനേ..?’

 

എന്നൊരു ചോദ്യം അവളിൽനിന്ന് വരുംമുന്നേ അയാൾ വേഗം ഒറ്റമുറിയിലേക്ക് കയറിപ്പോന്നു.

 

ഗാർഡിൽനിന്നും മുക്തനായിട്ടും.. ഉണ്ണിക്കുട്ടന്റെ കണക്ക് പുസ്തകമൊരു ചോദ്യചിന്ഹമായി അയാളുടെ ഉള്ളില് കിടന്നു തിളച്ചു. അവളിത് അറിയുമ്പോൾ ഇനിയെന്തൊക്കെ കേൾക്കേണ്ടിവരും?

 

ഉണ്ണിക്കുട്ടനിരുന്ന് പഠിക്കാറുള്ള ഈർപ്പം കുറഞ്ഞ ഭാഗത്തേക്ക് കാലിളകിയ കസേര വലിച്ചു നീക്കിയിട്ടിരുന്ന് അയാൾ ചിന്താമഗ്നനായി. 

 

ഇനിയെങ്ങനെ ഉണ്ണിക്കുട്ടന് പുസ്തകം വാങ്ങും..?

 

ശമ്പളം കിട്ടാൻ ദിവസങ്ങൾ ഇനിയും ബാക്കിയാണ്.   

 

ആലോചനക്കൊടുവിൽ..., ആത്മാഭിമാനിയായ അയാൾക്ക് മുന്നിലൊരു  മുഖവും തെളിഞ്ഞില്ല. ഒന്നിൽനിന്ന് പൂജ്യത്തിലേക്കും.. പൂജ്യത്തിൽ നിന്ന് ഒന്നിലേക്കും.. ഒരുപാട് ദൂരമുണ്ടെന്ന് അയാൾക്ക് തോന്നി.

 

‘എല്ലാം ശരിയാകും..’ ഉള്ളിൽ നിന്നാരോ പറയുന്നു..

 

ദൈവം നേരിട്ട് ഒരിടത്തും പ്രത്യക്ഷപ്പെടാറില്ലല്ലോ..? ഉണ്ടോ..? ഒരുവഴി തീർച്ചയായും തെളിഞ്ഞു വരും. അയാൾ മനസ്സിനെ പതിയെ സ്വാന്തനപ്പെടുത്താൻ ശ്രമിച്ചു.

 

തൊട്ടപ്പുറത്ത്, വാതിലിന് മറവിൽ ഉണ്ണികുട്ടന്റെ കൊച്ചു തലയിലുദിച്ച വലിയൊരു ചോദ്യവുമായി അവനച്ഛനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു... 

 

അവനരികിലായ് ഒറ്റമുറിയിലൊരു കൊച്ചു മിന്നാമിനുങ്ങ് നറുങ്ങുവെട്ടവുമായി മെല്ലെ പ്രകാശിച്ചു കൊണ്ടിരുന്നു...

 

English Summary: Kadha Thudarukayanu, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com