Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാമറയ്ക്കു ഹരിപ്പാടിന്റെ ‘കയ്യൊപ്പ്’

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
manoj-pillai-cinemappuzha ‘ഞാൻ’ എന്ന സിനിമയുടെ ലൊക്കേഷനിൽ സംവിധായകൻ രഞ്ജിത്തിനൊപ്പം മനോജ് പിള്ള.

ഹരിപ്പാട്ടെ ഭാസീസ് സ്റ്റുഡിയോ ഒരു പരീക്ഷണ ശാലയാണ്. ദൃശ്യാനുഭവങ്ങളുടെ ചിറകുകൾ വിരിഞ്ഞു പറന്നകന്ന പലരുടെയും ആദ്യ പരീക്ഷണശാല. ക്യാമറക്കൗതുകമുള്ള മനോജിനെ, പ്രീഡിഗ്രി കഴിഞ്ഞപ്പോൾ അമ്മ പത്മാവതി അമ്മ ആദ്യം പറഞ്ഞുവിട്ടതും അവിടേക്കായിരുന്നു. സ്റ്റുഡിയോ നടത്തുന്നതു ബന്ധുക്കളാണ്. തറവാട്ടിലാണെങ്കിൽ ക്യാമറ കളിപ്പാട്ടംപോലെ പ്രിയപ്പെട്ടതും. മനോജിന്റെ അമ്മയുടെ സഹോദരനാണു ഫൊട്ടോഗ്രഫറും സംവിധായകനുമായ ശിവൻ. പിന്നെ അദ്ദേഹത്തിന്റെ മക്കൾ സംഗീത്, സന്തോഷ്, സഞ്ജീവ്, മറ്റൊരു ബന്ധുവും ഛായാഗ്രാഹകനുമായ സഞ്ജീവ് ശങ്കർ... മനോജിനെ സിനിമ ആകർഷിച്ചതിൽ ഒരു അദ്ഭുതവുമില്ല.

വില്ലേജ് ഓഫിസർ ദാസപ്പൻ പിള്ളയുടെ മകൻ, ക്യാമറക്കൂട്ടുകാരനായപ്പോൾ അച്ഛന്റെ പേരിലെ പിള്ള വാലിട്ടു ചേർത്തു. ഭാസീസ് സ്റ്റുഡിയോയിൽ ഹരിശ്രീ കുറിച്ച ക്യാമറ പഠിത്തം തിരുവനന്തപുരത്തു ശിവൻസ് സ്റ്റുഡിയോയിലേക്കു പറിച്ചുനട്ടപ്പോൾ ലോകം കുറേക്കൂടി വലുതായി. വ്യൂ ഫൈൻഡറിൽ ‘വലിയ മുഖങ്ങൾ’ പതിഞ്ഞുതുടങ്ങി. ബിരുദപഠനം ഛായാഗ്രഹണത്തിനു സമാന്തരമായിരുന്നു. പഠിക്കാനും പിടിച്ചെടുക്കാനും ബാക്കിയുള്ളതു ഛായകളാണെന്ന തിരിച്ചറിവിൽ മനോജ്, അമ്മാവന്റെ മകൻ സന്തോഷ് ശിവന്റെ സഹായിയായി ചേർന്നു. സന്തോഷ് അപ്പോൾത്തന്നെ ക്യാമറയുടെ ലോകത്തെ ആദ്യ പേരുകാരിൽ ഒരാളായി പേരെടുത്തു കഴിഞ്ഞിരുന്നു.

‘കാലാപാനി’യിലാണു മനോജ് ആദ്യം സന്തോഷിന്റെ സഹായിയാവുന്നത്. നാട്ടിലെ അരയാകുളങ്ങര ക്ഷേത്രത്തിലെ വെള്ളിയാഴ്ച ദീപാരാധനപോലെ നിറങ്ങൾ മനോജിന്റെ മനസ്സിന്റെ ക്യാമറയിൽ പതിഞ്ഞുകിടപ്പുണ്ട്. ആൻഡമാനിലെയടക്കം ‘കാലാപാനി’ അനുഭവങ്ങളുടെ പാനപാത്രം നിറഞ്ഞപ്പോഴും, മനസ്സ് ഓടിയെത്തിയതു നാട്ടിലെ കെട്ടുകാഴ്ചകളിലും കാവടിയിലുമൊക്കെത്തന്നെ. ഗുരുവും ചേട്ടനുമായ സന്തോഷിന്റെയും ഇഷ്ടനിറങ്ങൾ ഹരിപ്പാട്ടും കുട്ടനാട്ടിലും മാത്രമാണല്ലോ?

ആദ്യ സിനിമ കഴിഞ്ഞു മൂന്നു വർഷത്തെ ഇടവേളയുണ്ടായി. വീണ്ടും സന്തോഷിനൊപ്പം ചേർന്നപ്പോൾ ആദ്യം ചെയ്തതു തമിഴിൽ ‘മല്ലി’യാണ്. അതു കഴിഞ്ഞ് അശോക, ഫിസ, ഫിർ ഭി മിലേ ഹിന്ദുസ്ഥാനി, പ്രൈഡ് ആൻഡ് പ്രെജുഡിസ്, മിസ്ട്രസ് ഓഫ് സ്പൈസസ്, അനന്തഭദ്രം തുടങ്ങിയ സിനിമകളിലും സന്തോഷിന്റെ സഹഛായാഗ്രാഹകനായി. ഇടയ്ക്കൊരിക്കൽ മദ്രാസ് പ്രസാദ് ലാബിൽ വച്ചു ലാൽ ജോസിനെ പരിചയപ്പെടുത്തിയത്, അന്നു ലാലുവിന്റെ സഹസംവിധായകനായിരുന്ന സലാം ബാപ്പുവാണ്. മനോജിന്റെ ക്യാമറക്കയ്യൊപ്പ് ലാലു മനസ്സിൽ കുറിച്ചിട്ടു. 2006 ൽ ‘അച്ഛനുറങ്ങാത്ത വീട്’ എടുത്തപ്പോൾ ആദ്യമായി മനോജിനെ സ്വതന്ത്ര ഛായാഗ്രാഹകനാക്കി.

ഭാർഗവചരിതം മൂന്നാം ഖണ്ഡം, വാസ്തവം എന്നിവ പൂർത്തിയാക്കി നാലാമത്തെ സിനിമ മനോജിനു രണ്ടുതരം വഴിത്തിരിവുകളുണ്ടാക്കി. ഒന്ന്: രഞ്ജിത്തിന്റെ പ്രിയ ഛായാഗ്രാഹകൻ, രണ്ട്: ആദ്യ സംസ്ഥാന അവാർഡ്. ‘കയ്യൊപ്പി’ലാണ് ഈ രണ്ടു ഭാഗ്യങ്ങളും മനോജിന്റെ മുദ്രകളായത്. രഞ്ജിത്തിന്റെ സിനിമാജീവിതത്തിലും ഗതിമാറ്റമുണ്ടാക്കിയ ‘കയ്യൊപ്പ്’ കഴിഞ്ഞതോടെ മനോജിന്റെ ക്യാമറയ്ക്കു നല്ല വിലാസമായി. രഞ്ജിത്തിനൊപ്പം റോക്ക് എൻ റോൾ, പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, ബാവൂട്ടിയുടെ നാമത്തിൽ (രഞ്ജിത്തിന്റെ നിർമാണം), ഞാൻ എന്നീ സിനിമകളിൽ മനോജിന്റെ ക്യാമറ കൂടെനിന്നു. ‘ഞാൻ’ കഴിഞ്ഞ സംസ്ഥാന അവാർഡിന്റെ അവസാന റൗണ്ടിൽവരെ മനോജിനെ എത്തിച്ചിരുന്നു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നായി ‘പഴശ്ശിരാജ’ ചെയ്തപ്പോൾ ഹരിഹരൻ ഓർത്ത പേരുകളിലൊന്നു മനോജിന്റേതായിരുന്നു. കുറേ ഭാഗങ്ങൾ മനോജ് ചിത്രീകരിച്ചെങ്കിലും, ഷൂട്ടിങ് ഏറെ നീണ്ടപ്പോൾ മറ്റു ഛായാഗ്രാഹകരും വേണ്ടിവന്നു. മറ്റൊരു സീനിയർ സംവിധായകൻ ജോഷി ‘സലാം കശ്മീരി’ൽ മനോജിനെ കൂടെക്കൂട്ടി. അമ്മാവൻ ശിവൻ ‘കേശു’ സംവിധാനം ചെയ്തപ്പോഴും ക്യാമറ മനോജിന്റേതായിരുന്നു. ‘22 ഫീമെയിൽ കോട്ടയ’ത്തിന്റെ തമിഴ് പതിപ്പ് (മാലിനി 22) സംവിധാനം ചെയ്ത മുൻകാല നടി ശ്രീപ്രിയ ഛായാഗ്രാഹകനായി വിളിച്ചതും മനോജിനെത്തന്നെ.

‘ശിക്കാറി’ൽ കൊടൈക്കനാലിലെ അപകടമേറിയ കൊക്കയിലും ഗുഹയിലും നടത്തിയ ഛായാഗ്രഹണത്തിന്റെ അനുഭവം മറക്കാവുന്നതല്ല. സാങ്കേതിക വിദഗ്ധർ നേരിട്ട വെല്ലുവിളികളിലേറെ, ആ രംഗങ്ങൾ ഡ്യൂപ്പില്ലാതെ അഭിനയിച്ച മോഹൻലാലിനെ സംരക്ഷിക്കുക എന്ന ബാധ്യതകൂടി ആ ലൊക്കേഷനിലുള്ളവർ ഏറ്റെടുക്കുകയായിരുന്നു. കമൽ ഹാസന്റെ ‘ഗുണ’ ചിത്രീകരിച്ച ശേഷം ‘ഗുണ കേവ്സ്’ എന്നറിയപ്പെട്ട ഈ ഭാഗത്ത്, അതിലേറെ അപകടകരമായ ഭാഗങ്ങളിലേക്കു കടന്നുചെന്നാണ്, എം. പത്മകുമാർ സംവിധാനം ചെയ്ത ‘ശിക്കാറി’ലെ രംഗങ്ങൾ മനോജും സഹായികളും ചിത്രീകരിച്ചത്.

മനോജ് ഛായാഗ്രാഹകനായ സിനിമകൾ മികച്ച അഭിനേതാക്കൾക്കുള്ള പുരസ്കാരപ്പട്ടികയിൽ പതിവായി ഇടം നേടിക്കൊണ്ടിരുന്നു. ‘അച്ഛനുറങ്ങാത്ത വീട്ടി’ൽ സലിംകുമാറും ‘വാസ്തവ’ത്തിൽ പൃഥ്വിരാജും ‘ഗദ്ദാമ’യിൽ കാവ്യ മാധവനും ‘പാലേരിമാണിക്യ’ത്തിൽ മമ്മൂട്ടിയും ശ്വേതയും ഈ നിരയിലുണ്ട്. ഒരു അറബിക്കഥ, മായാ ബസാർ, മകന്റെ അച്ഛൻ, ചട്ടമ്പിനാട്, ഒരു നാൾ വരും, വയലിൻ, രതിനിർവേദം, മിന്നാമിന്നിക്കൂട്ടം, തിരുവമ്പാടി തമ്പാൻ, ഇതു പാതിരാമണൽ, പച്ചമരത്തണലിൽ, റെഡ് വൈൻ, 1993 ബോംബെ മാർച്ച് 22, നല്ലവൻ, വർഷം... പത്തു വർഷമെത്തുന്ന സ്വതന്ത്ര ഛായാഗ്രഹണത്തിൽ മനോജിന്റെ ക്യാമറ കണ്ടു നമ്മൾ കൺനിറച്ച സിനിമകളുടെ പട്ടിക ഇങ്ങനെ നീളുന്നു. ‘ജെമിനി’ എന്ന സിനിമ പൂർത്തീകരിച്ച മനോജ് ഇനി ചെയ്യുന്നതു ടി.വി. ചന്ദ്രന്റെയും ജോസ് തോമസിന്റെയും വിനോദ് ഗുരുവായൂരിന്റെയും സിനിമകളാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.