Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവാജി ‘വീണു’; സ്നേഹത്തിലും പിന്നെ ലൊക്കേഷനിലും

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍

സത്യനെ കണ്ടാൽ മതിയോ?’’—ആനന്ദിനോടും ചെല്ലപ്പനോടും കളത്തി അൽപം ഇരുത്തിച്ചോദിച്ചു. കളത്തിയുടെ കട ഉദയാ സ്റ്റുഡിയോയുടെ വാതിൽക്കലാണ്. അതിന്റെ തൊട്ടുപിറകിലെ കെട്ടിടത്തിലാണു സത്യന്റെ വാസം. സിനിമക്കാരുടെ സ്ഥിരം വരവും പോക്കുമുള്ളതിനാൽ, കളത്തിക്ക് അവരൊക്കെ കൈവിരൽപോലെ വിശ്വാസമുള്ളവർ.

പത്താം ക്ലാസിൽ പഠിക്കുന്ന ആനന്ദിനും ചെല്ലപ്പനും അതേ ദിവസം ഉദയായിലെ ഗൂർഖ പുറത്താക്കിയ അനുഭവമുണ്ട്. എങ്കിലും, കളത്തിയുടെ ഓഫറിൽ രണ്ടു പേരും വീണു. ആനന്ദ് അന്നുവരെ സിനിമ കണ്ടിട്ടില്ല. പതുക്കെ സത്യന്റെ കോട്ടേജിലേക്കു ചെന്നു. സത്യൻമാഷ് ഷേവ് ചെയ്യുന്നു. ‘ഊം...?’’ എന്നൊരു മൂളൽ. ‘കാണാൻ വന്നതാണ്’ എന്നു ചെറുക്കൻമാർ. ‘കണ്ടില്ലേ, പൊയ്ക്കോ’’ എന്നൊരലർച്ച. ആനന്ദിനു പോകാമെന്നായി. പക്ഷേ, ചെല്ലപ്പൻ ചുറ്റിപ്പറ്റി നിന്നു.

കുട്ടികളെ സത്യൻ ആട്ടിപ്പായിച്ചില്ല. ‘ഷൂട്ടിങ് കാണണോ?’ എന്നു സത്യന്റെ വായിൽനിന്നു വീണതു രണ്ടു പേർക്കും വിശ്വസിക്കാനായില്ല. സത്യൻ കുളി കഴിഞ്ഞു വന്നു. ‘വാ’ എന്നു വിളിച്ചു കൂട്ടിക്കൊണ്ടുപോയി. നേരത്തേ തടഞ്ഞ ഗൂർഖ ഞെട്ടി. ‘എന്റെ ആളാ’’ എന്നു പറഞ്ഞു സത്യൻ ആനന്ദിനെയും ചെല്ലപ്പനെയും അകത്തേക്കു കൊണ്ടുപോയി. മേക്കപ്പ്മാൻ വേലപ്പനെ വിളിച്ചുപറഞ്ഞു: ‘ഇവരെക്കൂടി മേക്കപ്പ് ചെയ്യിക്ക്’’.

ചെറുപ്പത്തിലേ ആനന്ദ് ഓടക്കുഴൽ വായിക്കും. സ്കൂളിൽ ചെറിയ നാടകമൊക്കെ ചെയ്തിട്ടുണ്ട്. ഇതിപ്പോൾ സിനിമയാണു വിളിക്കുന്നത്. വേലപ്പന്റെ സഹായി രാഘവൻ വേഷം മാറ്റാൻ പറഞ്ഞു. ചുവന്ന തുണിയുടുപ്പിച്ചു. തലയിലൊരു കെട്ടും കെട്ടി സെറ്റിലേക്കു പോയപ്പോൾ ഇതേ വേഷത്തിൽ ഒരായിരം പേർ. അങ്കത്തട്ടാണ്. അരിങ്ങോടരായി കേരളശ്രീ സണ്ണി. മണവാളൻ ജോസഫും കെപിഎസി ജോൺസനും എസ്.ജെ. ദേവുമൊക്കെയുണ്ട്. ആനന്ദും ചെല്ലപ്പനും സത്യന്റെ ആളുകളാണ്. ആരോമൽ ചേകവരായാണു സത്യൻ. ആരോമൽ ഓടിവന്നെറിഞ്ഞ ചുരിക നേരെ ചെന്നുകൊണ്ടതു കൃഷ്ണൻകുട്ടി കണ്ണുകൂർപ്പിച്ചു നിൽക്കുന്ന ക്യാമറയിലാണ്. ഭാഗ്യം, ക്യാമറയ്ക്കോ കൃഷ്ണൻകുട്ടിക്കോ ഒന്നും പറ്റിയില്ല!

slpuram1 മദ്രാസ് സത്യ സ്റ്റുഡിയോയിൽ ‘തച്ചോളി അമ്പു’വിന്റെ ഷൂട്ടിങ്ങിനിടെ ശിവാജി ഗണേശനും അപ്പച്ചനുമൊപ്പം എസ്.എൽ. പുരം ആനന്ദ് (ഇടത്തേയറ്റം). നടൻ ഗോവിന്ദൻകുട്ടി, കലാസംവിധായകൻ എസ്. കോന്നനാട്ട് (വലത്തുനിന്നു രണ്ടാമത്), ക്യാമറാമാൻ യു. രാജഗോപാൽ (വലത്തേയറ്റം), സ്റ്റാൻലി ജോസ് (നടുവിൽ ഏറ്റവും പിറകിൽ) തുടങ്ങിയവരെയും കാണാം.

അന്നു വൈകിട്ടു ഷൂട്ടിങ് മടുത്ത് ഉദയാ വിട്ട ആനന്ദ് പിന്നെ ദശകങ്ങളോളം ഉദയായുടെ മിടിപ്പുകളിലൊന്നായി. പഠിത്തം കഴിഞ്ഞു ബാംഗ്ലൂർക്കാണു പോയത്. അവിടെ കുറേക്കാലം മെഡിക്കൽ റപ്രസന്റേറ്റീവായി. നാട്ടിൽ വരുമ്പോൾ മുടി വെട്ടാൻ ചെല്ലുന്നതു തങ്കപ്പന്റെ കടയിലാണ്. ഉദയായുടെ സ്ഥിരം തിരക്കഥാകൃത്ത് ടി.കെ. ശാരംഗപാണിയുടെ ബന്ധുവാണു തങ്കപ്പൻ. ഒരു തവണ തങ്കപ്പൻ ചോദിച്ചു: ‘അനന്ദപ്പനു സിനിമയിൽ അഭിനയിച്ചൂടേ, കാണാനൊന്നും മോശമില്ലല്ലോ...’ ആനന്ദിനും അതു ശരിയാണെന്നു തോന്നി. തങ്കപ്പനെ കൂട്ടി ശാരംഗപാണിയെ ചെന്നു കണ്ടു.

തോപ്പിൽ ഭാസി സംവിധാനം ചെയ്യുന്ന ‘ഒരു സുന്ദരിയുടെ കഥ’’യാണ് അപ്പോൾ ചിത്രീകരിക്കുന്നത്. ചെറിയൊരു വേഷം കിട്ടി, അടൂർ ഭാസിയുടെ കൂടെ പലവ്യഞ്ജനക്കച്ചവടക്കാരൻ. സിനിമ കാണാൻ മാത്രമായി നാട്ടിൽ വന്നപ്പോൾ, അഭിനയമോഹം അവസാനിച്ചു. ഭാസിക്കു കൊതി കിട്ടാതിരിക്കാൻ നിർത്തിയപോലെയുണ്ട്. ആനന്ദ് ബാംഗ്ലൂർക്കു മടങ്ങി.

കന്നടയിൽ ഒരേ സമയം മൂന്നു സിനിമകൾ മാസങ്ങളോളം സൂപ്പർ ഹിറ്റായി ഓടുകയാണന്ന്. ബംഗാരത മനുഷ്യ, നാഗരഹാവു, കോടിച്ചെന്നയ്യ എന്നീ സിനിമകൾ. ഇവയുടെ കഥയിലെ രസക്കൂട്ടറിയിക്കണമെന്നു പറഞ്ഞു ശാരംഗപാണിയുടെ കത്ത് ഒരു ദിവസം ആനന്ദിനു വന്നു. മൂന്നു പടവും ചെന്നുകണ്ട് ആനന്ദ് വിശദമായി പ്രമേയം എഴുതി അയച്ചു.

അച്ഛൻ മരിച്ചപ്പോൾ ആനന്ദിനു നാട്ടിലേക്കു മടങ്ങാൻ മോഹമായി. പരിചയക്കാരനായ ഡോ. ജോർജിന്റെ അടുത്ത സുഹൃത്താണു കുഞ്ചാക്കോ. അദ്ദേഹത്തിന്റെ എക്സൽ ഗ്ലാസ് ഫാക്ടറിയിൽ ഒരു ജോലിയായിരുന്നു മോഹം. ജോലി തരാമെന്നുറപ്പിച്ച ശേഷം കുഞ്ചാക്കോ ചോദിച്ചു: ‘ആനന്ദ് സിനിമകളൊക്കെ കാണാറുണ്ടോ?’ ഉണ്ട് സാർ, ഞാൻ ശാരംഗപാണിച്ചേട്ടന് ഇടയ്ക്കു ചില കഥകളൊക്കെ വിശദീകരിച്ചു കത്തയച്ചിരുന്നു’. നിങ്ങളാണോ അയാൾ...?’’ എന്നു ചോദിച്ചു കുഞ്ചാക്കോ നിയമനത്തിനു നിർദേശിച്ച കത്ത് മടക്കിവാങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ 200 രൂപ ശമ്പളത്തിൽ കുഞ്ചാക്കോയുടെ പിഎയായി നിയമനം. ഗ്ലാസ് ഫാക്ടറിയിൽ ഒഴിവു വരുമ്പോൾ അങ്ങോട്ടു മാറ്റാമെന്നും ഉറപ്പു കിട്ടി. ഗ്ലാസ് ഫാക്ടറിയിലാകുമ്പോൾ ഒരു സ്ഥിരതയുണ്ട്. അങ്ങോട്ടു മാറാമെന്ന മോഹം ആനന്ദ് ഉപേക്ഷിച്ചില്ല. പക്ഷേ, നാളുകൾ നാളെ നാളെയെന്നു നീണ്ടുപോയി. ആനന്ദ് ഉദയായിൽ സജീവമായി. ഒരു ഘട്ടം വന്നപ്പോൾ നിർമാണത്തിന്റെ ചുമതലയുമായി മദ്രാസിലേക്കും പോകേണ്ടിവന്നു.

നിർമാണ കാര്യദർശിയായപ്പോഴേക്ക് ആനന്ദിന്റെ പേരിൽ എസ്എൽ പുരം കയറിക്കൂടിയിരുന്നു. എംജിആർ, ശിവാജി ഗണേഷൻ, പ്രേംനസീർ... മദ്രാസിന്റെ ആകർഷണങ്ങളൊക്കെ ആനന്ദിനു കയ്യെത്തായി ദൂരത്തായി. ആനന്ദ് ആദ്യം കണ്ട സിനിമാ ഷൂട്ടിങ്, എസ്എൽ പുരത്തു ചിത്രീകരിച്ച എംജിആറിന്റെ ‘പടയോട്ടി’’യായിരുന്നു. അന്ന് ആനന്ദ് സ്കൂൾ വിദ്യാർഥി. ഷൂട്ടിങ്ങിനു സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്ത കുഞ്ചാക്കോയുമായി എംജിആറിന്റെ ബന്ധം അഗാധമായിരുന്നു. എല്ലാ മാസവും, കുഞ്ചാക്കോയുടെ സമ്മാനമായി എംജിആറിനു മധുരപലഹാരങ്ങളുമായി ആനന്ദ് മദ്രാസിലേക്കു പറക്കും. ജാനകിയമ്മ (എംജിആറിന്റെ ഭാര്യ) എന്തെങ്കിലും കഴിപ്പിക്കാതെ ആനന്ദിനെ വിടുകയുമില്ല

. പ്രേംനസീറിനും ശിവാജിക്കും വിഗ്ഗുണ്ടാക്കുന്നതു ഒരേയാളാണ്, രാമസ്വാമി. എവിഎം സ്റ്റുഡിയോയിൽ രാമസ്വാമിയെ കാണാൻ ചെല്ലുമ്പോൾ, ശിവാജിയുമായി സ്ഥിരം കാണും. ആ ബന്ധവും വളർന്നു. ‘തച്ചോളി അമ്പു’’ ചിത്രീകരിക്കാൻ തുടങ്ങുമ്പോൾ ഒതേനന്റെ വേഷം ആർക്കു കൊടുക്കാമെന്ന് ഉദയായിൽ ചർച്ച. ശിവാജിയെ വച്ചാലോയെന്ന നിർദേശം ആനന്ദിന്റേതായിരുന്നു. അതു നടക്കുമോയെന്ന് എല്ലാവർക്കും ആശങ്ക. വേലപ്പനും ആനന്ദും ശിവാജിയെ ചെന്നു കണ്ടു. ‘വീരപാണ്ഡ്യ കട്ടബൊമ്മൻ മാതി, കപ്പലോട്ടിയ തമിഴൻ മാതിരി ഒരു വേഷം’ എന്ന മുഖവുരയോടെയാണ് ആനന്ദിന്റെ അവതരണം. ‘നിജമാ’ എന്നു വിസ്മയപ്പെട്ടു ശിവാജി.

ഒടുവിൽ, അതു സംഭവിച്ചു. ശിവാജി ഒതേനനാകാമെന്നേറ്റു. കേട്ടപ്പോൾ ആനന്ദിന്റെ കളിതമാശയാണോയെന്നു കുഞ്ചാക്കോ പോലും സംശയിച്ചു. ഭാര്യ കമലയ്ക്കൊപ്പം ശിവാജി കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ ഒപ്പം ആനന്ദുമുണ്ടായിരുന്നു. ഇടുക്കി കുളമാവിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ വഴിയോരത്തു ശിവാജിയെ കാണാൻ വലിയ ആൾക്കൂട്ടം. പലയിടത്തും ബാനറുകളൊക്കെ പിടിച്ച് അഭിവാദ്യം. ആലപ്പുഴ പാതിരപ്പള്ളിക്കാരൻ തിലകന്റെ അനൗൺസ്മെന്റ് വാഹനം മുൻപേ.

ഉമ്മറുമായി ശിവാജിയുടെ യുദ്ധരംഗമാണ് ആദ്യം ചിത്രീകരിച്ചത്. ഗോപാലൻ ഗുരുക്കൾ ഡ്യൂപ്പായി റെഡിയാണ്. പക്ഷേ, ഒരു കൈ നോക്കാമെന്ന ആവേശത്തിൽ ശിവാജി ഉമ്മറിനു നേരെ ചാടിവീണു. ഒറ്റ വീഴ്ച. ശിവാജിയുടെ കയ്യൊടിഞ്ഞു. ശിവാജി മദ്രാസിലേക്കു മടങ്ങി. ഒരാഴ്ച കഴിഞ്ഞ് ആനന്ദ് ചെല്ലുമ്പോൾ ശിവാജിയുടെ ആശങ്ക, തന്റെ കാരണംകൊണ്ടു സിനിമയ്ക്കുണ്ടാവുന്ന നഷ്ടമോർത്തായിരുന്നു. എന്തു സംഭവിച്ചാലും, കാലിന്റെ വേദന മാറിയാൽ ആദ്യം ‘തച്ചോളി അമ്പു’ ചെയ്യുമെന്ന ഉറപ്പ് ശിവാജി പാലിക്കുകതന്നെ ചെയ്തു. ശിവാജിക്കുവേണ്ടി, മദ്രാസിൽ എംജിആറിന്റെ സത്യ സ്റ്റുഡിയോയിൽ സെറ്റിട്ടു. എംജിആറും ശിവാജിയും തമ്മിൽ വലിയ അകലമാണെന്ന പ്രചാരണം നിലനിൽക്കെ ശിവാജി എംജിആറിന്റെ സ്റ്റുഡിയോയിൽ പോയതും വലിയ സംഭവമായി. അതിനു പിറകിലുമുണ്ടായിരുന്നു, ആനന്ദിന്റെ ഒരു സ്നേഹക്കൈ.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമാവരവിന്റെ ആദ്യദിനങ്ങൾ അടുത്തുകണ്ട ആനന്ദ് ‘ആലിലക്കുരുവികൾ’, ‘ആറ്റിനക്കരെ’ എന്നീ സിനിമകളുടെ സംവിധായകനുമായി. തിരക്കഥകളും ഗാനങ്ങളുമെഴുതി. അപ്പച്ചന്റെ നവോദയ പിറന്നപ്പോഴും ഒപ്പം ആനന്ദുണ്ടായിരുന്നു. നവോദയയുടെ ‘മാജിക് മാജിക്’ ഒഴികെയുള്ള സിനിമകളിൽ പ്രവർത്തിച്ചു. എഴുപതു പിന്നിട്ട ആനന്ദ് ഇപ്പോഴും ഉള്ളിലൊരു ചെറുപ്പക്കാരനാണ്. കാലവും സിനിമയും മാറിയതുകൊണ്ട് ഓർമകളുടെ സ്ക്രീൻ സ്വയം വലിച്ചുകെട്ടി വിശ്രമിക്കുന്നു എന്നു മാത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.