Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമീർ ഖാൻ ! വിനയത്തിന് മറ്റൊരു പേര്

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
aamirkhan

കനംവയ്ക്കുതോറും കതിർക്കുലപോലെയാകണമെന്നു പറയാറുണ്ട്. ഉയരെപ്പോകുന്തോറും വിനയംകൊണ്ടു തല കുനിഞ്ഞു നിൽക്കണം. സിനിമയിൽ പലപ്പോഴും കുനിയുന്ന തലകളുടെ എണ്ണം കുറയും. കാരണം, പുറത്തിറങ്ങിയാൽ ആരാധകർ കാത്തു നിൽക്കുകയാകും. ക്യൂ നിൽക്കേണ്ട, സമയം ചോദിച്ചു കാത്തു നിൽക്കേണ്ട അങ്ങിനെ എപ്പോഴും പരിഗണനകളുടെ ജീവിതമാണത്. എയർപോർട്ടിലെ സുരക്ഷാ പരിശോധനയിൽപ്പോലും ഇളവുകളുണ്ട്. സിനിമയുടെ മാസ്മരിക വലയത്തിന്റെ ഗുണമാണത്. അതുകൊണ്ടുതന്നെ പലപ്പോഴും കാര്യമായ വിനയമൊന്നും പ്രതീക്ഷിക്കരുത്. പ്രത്യേകം ‘വിനയിക്കേണ്ട ആവശ്യമില്ലല്ലോ.

രാത്രിയൊരു ഡിന്നറുണ്ടെന്നു ഷൂട്ടിനിടയിലാണ് മോഹൻലാൽ പറഞ്ഞത്. രാത്രി കാണാമെന്നു ലാൽ പറഞ്ഞതിനാൽ കാത്തുനിന്നതായിരുന്നു. കാറിൽ കയറുമ്പോൾ ലാൽ പറഞ്ഞു, വീട്ടിൽപ്പോയി നമുക്കു കുറച്ചു സമയം പുറത്തുപോകണം. തിരിച്ചെത്തിയ ശേഷം സംസാരിക്കാം.എവിടേക്കാണു പോകുന്നതെന്നു ചോദിക്കാറില്ല. കൊച്ചി താജ് മലബാറിലേക്കു കടക്കുന്നതിനു മുൻപു പറഞ്ഞു, ആമിർ ഖാൻ ഇവിടെയുണ്ട്. കുറച്ചു ഭക്ഷണം കഴിച്ചിട്ടു പോകാം. ‘എനിക്കു പരിചയമില്ല. ക്ഷണിക്കാതെ......... വലിയ ആൾക്കൂട്ടത്തിനിടയിലേക്കു പോകാൻ മടിയും ഉണ്ടായിരുന്നു. ‘ഒരാൾകൂടിയുണ്ടെന്നു പറഞ്ഞിട്ടുണ്ട്.

aamir with lal and mamooty

തികച്ചും അപ്രതീക്ഷിതമായ കൂടിക്കാഴ്ച. കാണാൻ മോഹിച്ചയാൾ ഒരു അത്ഭുതമെന്നപോലെ മുന്നിൽ വരുന്നു. ലോബിക്കു പുറത്ത് ലോണിലേക്കു പോകുന്ന വഴിയിൽ കാർ നിർത്തി. ലാലിന്റെ ഡോർ പുറത്തുനിന്നു ആരോ തുറന്നു. നോക്കിയപ്പോൾ ആമിർ തന്നെയാണ്. ചിരിച്ചു കൊണ്ടു കെട്ടിപ്പെടിച്ചു. ലാൽ പരിചയപ്പെടുത്തിയപ്പോൾ ചിരി പരിചിതനെപ്പോലെ അടുത്തുവന്നു. പിന്നീടു കണ്ടതു അത്യപൂർവ്വമായ ആതിഥേയ മര്യാദയായിരുന്നു.

ലോകം മുഴുവൻ കാത്തുനിൽക്കുന്ന ആമിർ ഖാൻ എന്ന താരം അവിടെയില്ലായിരുന്നു. ഒരു സാധാരണ നാടൻ മനുഷ്യൻ. മോഹൻലാലിന്റെ സുഹൃത്തെന്നു പറയുമ്പോൾ പോലും തലനക്കനവും അഹങ്കാരവും സ്വയം ഉണ്ടാകാറുണ്ട്. ഈ മനുഷ്യന്റെ പെരുമാറ്റം അമ്പരപ്പിക്കുന്നു. ഇത്രയും ലളിതനായി പെരുമാറാൻ എങ്ങിനെ കഴിയുന്നു. ചെറിയ താരങ്ങൾപോലും കാണിക്കുന്ന തലക്കനം എത്രയോ അനുഭവിച്ചിട്ടുണ്ട്. വിളിച്ചിട്ടു ഫോണെടുക്കാത്തവർ, മുറിക്കു പുറത്തു മനപൂർവ്വം കാത്തു നിൽക്കാൻ പറഞ്ഞവർ, വരാമെന്നു പറഞ്ഞു മുങ്ങിയവർ, എഴുതിയ ലേഖനം തെറ്റു തിരുത്താൻ അയച്ചു കൊടുത്ത ശേഷം അതുമായി മിണ്ടാതെ പോയവർ അങ്ങിനെ പലരും. ഫേസ്ബുക്കിലാണു ജീവിതമെന്നു കരുന്നവരാണു പലരും.

കായലിനരികത്തെ ലോണിൽ മമ്മൂട്ടിയും ദിലീപും ഉണ്ടായിരുന്നു. മറ്റാരുമില്ല, തികച്ചും സ്വകാര്യമായ വിരുന്ന്. ആളുകളെ തിരിച്ചറിയാതിരിക്കാൻ വെളിച്ചം കുറച്ചു ക്രമീകരിച്ചിരുന്നു. ആമിർ മലയാള സിനിമയുമാള്ള സൗഹൃദം ഊട്ടി ഉറപ്പിക്കാൻ വേണ്ടി ഒരുക്കിയ ഡിന്നറാണിത്. ലാലിനു വേണ്ടി കൊണ്ടുവന്ന എന്തോ പാക്കറ്റ് കൊണ്ടുവരാൻ സെക്രട്ടറിയോടു പറഞ്ഞു. അതു തുറന്നു ലാലിനു സമ്മാനിച്ചു. മനോഹരമായൊരു പെയ്ന്റംങ് ആയിരുന്നു അത്. ലാലിന്റെ താൽപര്യം മനസ്സിലാക്കി മുംബൈയിൽനിന്നും ചുമന്നുകൊണ്ടുവന്നൊരു സമ്മാനം. ആമിറിനു അതു വേണമെങ്കിൽ അയച്ചു കൊടുക്കാവുന്നതേയുള്ളു. പക്ഷെ തന്റെ സ്നേഹസമ്മാനം ആമിർ കൂടെ കൊണ്ടുവന്നു. മമ്മൂട്ടിക്കും ദിലീപിനുമുള്ള സമ്മാനം നേരത്തെ കൊടുത്തു കാണും.

ഇവരുടെയെല്ലാം സിനിമകൾ കണ്ടും പഠിച്ചുമാണ് ആമിർ വന്നിരിക്കുന്നത്. ദിലീപിനെ ആദ്യമായി കാണുകയാണ്. എന്നാലും ദിലീപ് ആരാണെന്ന് അറിയാം. പത്മരാജൻ, ഭരതൻ എന്നിവരെക്കുറിച്ചെല്ലാം ആദരവോടെ സംസാരിക്കുന്നു. വിരുന്നിനെത്തിയ ഓരോരുത്തർക്കും വേണ്ട ഭക്ഷണം എന്താണെന്നു ചോദിച്ചു വരുത്തി കഴിക്കാൻ നിർബന്ധിക്കുന്നു. അഭിസംബോധന ചെയ്യുമ്പോഴെല്ലാം ‘സർ എന്നു ചേർത്താണ് വിളിക്കുന്നത്.

കേരളത്തിലെ മീൻ കറികളേക്കുറിച്ചു കുറെ നേരം മമ്മൂട്ടിയുമായി സംസാരിച്ചു. തൽക്കാലം മീൻ വേണ്ടെന്ന് ആദ്യം ആമിർ പറഞ്ഞു. പക്ഷെ വയറിനു കുഴപ്പമില്ലാത്ത പ്രത്യേതകരം മീൻ പൊള്ളിച്ചെടുക്കുന്നതിനേക്കുറിച്ചു വിവരിച്ചു കൊടുത്ത മമ്മൂട്ടി ആമിറിനേയും വിളിച്ചു പുറത്തെ ലൈവ് അടുക്കളയിലേക്കു നടന്നു. അനുജനെപ്പോലെ ആമിർ കൂടെ നടക്കുകയാണ്. അടുക്കളയിൽ മമ്മൂട്ടിതന്നെ മീൻ തിരഞ്ഞെടുത്തു ഷെഫിനോടു അതു പാകം ചെയ്യുന്ന വിധം വിവരിച്ചു. കൗണ്ടറിൽ കൂടെ നിന്നു പാകം ചെയ്തു കൊടുക്കുകയായിരുന്നു എന്നു പറയാം. ഭക്ഷണത്തേക്കുറിച്ചു നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്ന ആളാണെങ്കിലും ഇതുപോലെ കുറിപ്പുപോലുമില്ലാതെ വിഭവം തയ്യാറാക്കാൻ പറഞ്ഞു കൊടുക്കാൻ മമ്മൂട്ടിക്കു കഴിയുമെന്നത് ആദ്യ അനുഭവമായിരുന്നു. ഇടയ്ക്കിടെ വിഭവത്തിനു മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു. ശരിക്കുമൊരു ‘ഇന്നത്തെ സ്പെഷൽ. മമ്മൂട്ടി ആതിഥിയിൽനിന്നും ആതിഥേയനിലേക്കു മാറിക്കഴിഞ്ഞിരുന്നു.

വിഭവം മേശയിലെത്തിയപ്പോൾ അമീർ പറഞ്ഞു, ‘സത്യത്തിൽ എനിക്കു ഭക്ഷണം വേണ്ട. എന്നാൽ മമ്മൂക്കയ്ക്കു വേണ്ടിയാണിതു കഴിക്കുന്നത്. കഴിക്കേണ്ട വിധം മമ്മൂട്ടി പറഞ്ഞു കൊടുത്തു. രുചിയുടെ സന്തോഷം അമീറിന്റെ മുഖത്തു കാണാമായിരുന്നു. പാചക കുറിപ്പു എഴുതി വാങ്ങാൻ സെക്രട്ടറിയെ ലൈവ് കൗണ്ടറിലേക്ക് അയച്ചു. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും കഴിച്ച ഭക്ഷണത്തേക്കുറിച്ചു ആമിർ സംസാരിച്ചുകൊണ്ടിരുന്നു. അതിലൊന്നും അഹന്തയുടെ കണം പോലുമില്ല. അഭിനയത്തിനു തനിക്കു മാതൃകയായ രണ്ടു വലിയ വ്യക്തിത്വങ്ങളെ താൻ ആദരിക്കുന്ന നിമിഷമാണിതെന്നു പറയാതെ ആമിർ പറഞ്ഞു കൊണ്ടിരുന്നു. അവർ സംസാരിക്കുമ്പോൾ ഭക്ഷണം നിർത്തി വളരെ കൗതുകത്തോടെ അതു ശ്രദ്ധിച്ചു കൊണ്ടിരുന്നു. ശരിക്കും മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽനിന്നുള്ള ആദരം വ്യക്തമാകുന്ന പെരുമാറ്റം. തന്റെ സിനിമകളേക്കുറിച്ചോ ഹിന്ദി സിനിമയിൽ താനുണ്ടാക്കിയ നേട്ടത്തേക്കുറിച്ചോ ആമിർ സംസാരിച്ചില്ല. മറ്റുള്ളവരുണ്ടാക്കിയ നേട്ടത്തേക്കുറിച്ചാണു മുഴുവൻ സമയവും സംസാരിച്ചത്. ഹിന്ദിയിലെ ഓരോ താരവും തനിക്കെത്രയും പ്രിയപ്പെട്ടതാണെന്നു അതിലൂടെ കാണാമായിരുന്നു.

യാത്രയാകുമ്പോൾ പോർട്ടിക്കോയിൽവന്നു ലാലിനുഡോർ തുറന്നു കൊടുത്തു. മറുവശത്തു വന്നു സംസാരിക്കാൻ കൂടുതൽ സമയം കിട്ടാത്തതിലുള്ള പ്രയാസം പറഞ്ഞു. മമ്മൂട്ടിയും ദിലീപും അവിടെ ഇരിക്കുകയാണെന്നു പറഞ്ഞു, വേഗത്തിൽ തിരിച്ചു നടന്നു. ഒരോ നിമിഷവും ആ മനുഷ്യൻ പ്രസന്നനായിരുന്നു. വഴിയിൽ ഭവ്യതയോടെ കാത്തുനിൽക്കുന്നവരോടുപോലും ഒരു ചിരിയിലൂടെ ഈ മനുഷ്യൻ തന്റെ സാന്നിധ്യമറിയിക്കുകയാണ്. ഡാർഡനിൽ ചട്ടികൾ നീക്കിവച്ചിരുന്ന പയ്യൻ പോലും ഈ പെരുമാറ്റത്തിലുള്ള സന്തോഷം മറച്ചുവച്ചില്ല.

പെരുമാറ്റമെന്നത് അഭിനയംപോലെ ജന്മസിദ്ധമായി കിട്ടുന്ന കഴിവുതന്നെയായിരിക്കണം. കേരളത്തിനു പുറത്തുള്ള പല താരങ്ങളുടേയും ജാഡയിലും തലക്കനത്തിലും വല്ലാതെ മനം നൊന്തിട്ടുണ്ട്. കാത്തുനിൽക്കുന്ന ആർക്കും ഒരു ബഹുമാനവും നൽകേണ്ടെന്നു പ്രഖ്യാപിച്ചവരായിരുന്നു പലരും. അവർക്കിടയിൽ അവരേക്കാൾ വലിയ താരമായി ജീവിക്കുന്ന മനുഷ്യൻ മലയാളത്തിന്റെ ചെറിയ സിനിമാ ലോകത്തിനു പോലും നൽകുന്ന ബഹുമാനം അയാളുടെ സിനിമകളേക്കാൾ ഉന്നതമാണ്. ഈ രണ്ടു വലിയ നടന്മാർക്കിടയിൽ താൻ കുട്ടി മാത്രമാണെന്നു സ്വയം സമ്മതിച്ച കുറച്ചു സമയം. എങ്ങിനെയാണ് ഇതിനു മനസ്സൊരുക്കുന്നത്. തലക്കനം തോന്നുന്ന ഓരോ നിമിഷവും അമീറിനെ ഓർക്കും. ഭൂമിയോളം താഴ്ന്ന ആകാശത്തോളം ഉയരമുള്ള മനുഷ്യൻ.ആമീർ ഖാൻ ! വിനയത്തിന് മറ്റൊരു പേര്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.