Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലചന്ദ്രൻ: ഓർമകളിലെ വേദന

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
bhavana-balachandran ഭാവന അച്ഛന്‍ ബാലചന്ദ്രനൊപ്പം

ബാലചന്ദ്രനെ ആദ്യം കാണുന്നത് ഒരു സെറ്റിലെ ഉച്ചയൂണിന് ഇടയിലാണ്. പ്രൊഡക്‌ഷൻ മാനേജരാണ് പരിചയപ്പെടുത്തിയത്. ‘ഇത് പുതിയ നടി ഭാവനയുടെ അച്ഛനാണ്. ’ അന്നു ഭാവന അറിയപ്പെടുന്ന നടിയായി ഉയരുന്ന കാലമാണ്. മിക്ക പടത്തിലും നായികതന്നെ. നായികയുടെ അച്ഛൻ പ്രൊഡക്‌ഷൻ ബോയ്സിനൊപ്പമിരുന്നു താമശ പറഞ്ഞു ഭക്ഷണം കഴിക്കുന്നതു സാധാരണ കണ്ടിട്ടില്ല. പിന്നീടു ഭാവന വലിയ താരമായി. ബാലചന്ദ്രനുമായുള്ള സ്നേഹവും വലുതായി. ഭാവന വളരുമ്പോഴും തിരക്കിൽനിന്നെല്ലാം മാറിയാണു ബാലചന്ദ്രൻ നിന്നിരുന്നത്. അവാർഡ് മേളകളിൽ നടിമാരൊടൊപ്പം നാലും അഞ്ചും സഹായികളാണു പലപ്പോഴും വരുന്നത്. അവരിൽ പലരും ചാടിക്കയറി മുന്നിലിരിക്കുകയും ചെയ്യും. അവിടെനിന്നുണ്ടാക്കുന്ന ബന്ധങ്ങൾ സിനിമയ്ക്കും ബിസിനസ്സിനും ഉപയോഗിക്കും.

ബാലചന്ദ്രൻ ഒരിക്കൽപ്പോലും ഭാവനയുടെ വിലാസത്തിൽ അറിയാൻ ആഗ്രഹിച്ചിരുന്നില്ല. ഭാവനയുടെ അച്ഛനെന്ന നിലയിൽ ഒരിടത്തും കയറി ഇരിക്കുകയും ചെയ്തിരുന്നില്ല. ഭാവന പിന്നീടു കന്നഡയിലെ താരറാണിയായപ്പോഴും ബാലചന്ദ്രനെ കണ്ടിട്ടുണ്ട്. ‘കന്നഡയിൽ ചില പടങ്ങളുണ്ട്. അവൾക്കു വേണമെങ്കിൽ ചെയ്യട്ടെ’ എന്നാണു ബാലചന്ദ്രൻ പറഞ്ഞിരുന്നത്. പണത്തിന്റെ ആർത്തി ഒരിക്കലും കണ്ടിരുന്നില്ല. ഒരു നിർമ്മാതാവുപോലും ബാലചന്ദ്രൻ കാശിനു വേണ്ടി കടിപിടി കൂടിയെന്നു പറഞ്ഞിട്ടില്ല. അവസരത്തിനു വേണ്ടി സംവിധായകരോടും തിരക്കഥ എഴുതുന്നവരോടും സൗഹൃദം കാണിച്ചു എന്നും പറയില്ല. പണം കൊടുക്കാൻ ബാക്കിയുള്ളവർക്കുപോലും ബാലചന്ദ്രൻ പുഞ്ചിരി സമ്മാനിച്ചു. സിനിമോട്ടോഗ്രാഫറായിരുന്ന അദ്ദേഹം ആ ജോലി പോലും ഭാവനയുടെ വിലാസം പറഞ്ഞു ചോദിച്ചു വാങ്ങിയില്ല.

എവിടെച്ചെന്നാലും ഉള്ള സൗകര്യത്തിൽ ഒതുങ്ങുമായിരുന്നു. ഭാവനയെ പല പരിപാടികൾക്കും ക്ഷണിച്ചു കൊണ്ടുപോകുമ്പോൾ ഒരിക്കൽപ്പോലും ഏതാണ് കാറെന്നോ, എവിടെയാണു താമസമെന്നോ ചോദിച്ചിരുന്നില്ല. ഭാവന തനിയെ നീണ്ട യാത്ര പോകുന്നതുപോലും ബാചന്ദ്രനു പേടിയില്ലായിരുന്നു. ‘അവളെ നോക്കാൻ അവൾക്കറിയാം’ എന്നാണ് എന്നും പറഞ്ഞിരുന്നു. ഇതിനും വലിയ സ്വത്ത് ഏതഛനാണു മകൾക്കു കൈമാറാനാകുക. സിനിമയിലെ വ്യക്തി ബന്ധങ്ങളിൽപ്പോലും ഭാവന കാണിച്ച കരുത്ത് ഈ അച്ഛൻ സമ്മാനിച്ചതായിരുന്നു. പലരും ഇടക്കാലത്തു ഭാവനയെ പലതിന്റെ പേരിലും അധിക്ഷേപിച്ചപ്പോൾ ഭാവന പറഞ്ഞു, ‘നമ്മുടെ സുഹൃത്തുക്കൾക്കുവേണ്ടി നിൽക്കാനായില്ലെങ്കിൽ ചത്തുപോകുകയാണു ഭേദം’. ഇതു സിനിമയിലെ ഒരു പെൺകുട്ടിയിൽനിന്നു പ്രതീക്ഷിക്കാവുന്ന വാക്കുകളല്ല. അവിടെ എല്ലാവരെയും സന്തോഷിപ്പിച്ചു നിർത്തിയാലെ അവസരങ്ങൾ ഉണ്ടാകൂ. എന്നാൽ ബാലചന്ദ്രന്റെ നേരിന്റെയും നന്മയുടെയും ജീൻ ഭാവനയിലുമുണ്ടായിരുന്നു. ഭാവന കുട്ടിക്കാലത്തു പുസ്തകം വായിച്ചു ശീലിച്ച ആളല്ല. എന്നാൽ പിന്നീടു വായനയുടെ വലിയ ലോകം ഭാവന കണ്ടെത്തി. പുതിയ സിനിമയുടെ കരാർ ഒപ്പുവച്ചു എന്നു പറയുന്നതിലും സന്തോഷത്തിൽ ഭാവന വായന തുടങ്ങിയെന്നു ബാലചന്ദ്രൻ പറഞ്ഞിട്ടുണ്ട്.

bhavana-family

തൃശൂർ പാട്ടുരായ്ക്കലെ വലിയ ആർഭാടമൊന്നുമില്ലാത്ത വീട്ടിലിരുന്നു ബാലചന്ദ്രൻ താമസിച്ചിരുന്നത്. ഭാവനയുടെ പ്രതിഫലം ലക്ഷങ്ങളിലേക്കു ഉയർന്ന കാലത്തു ചോദിച്ചു, പുതിയ വീടു പുതുക്കി പണിയേണ്ടെ എന്ന്. അന്നു ബാലചന്ദ്രൻ പറഞ്ഞു, ഇവിടെ നല്ല മനസമാധാനമുണ്ട്. ഇനി ആർഭാടം കൂട്ടി അതു കളയണോ. ’ ബാലചന്ദ്രനു എന്നും വേണ്ടതു സമാധാനമായിരുന്നു. ഒരിക്കലും കണ്ടാൽ ‍ഞെട്ടുന്ന വീടോ കാറോ ബാലചന്ദ്രനെ മോഹിപ്പിച്ചില്ല. സൗഹൃദങ്ങളിൽപ്പോലും ഈ കരുതലുണ്ടായിരുന്നു. പല നടിമാരുടെയും പിതാക്കന്മാരെപ്പോലെ ഗൾഫിലെ പുതുപ്പണക്കാരുമായി ബാലചന്ദ്രൻ വലിയ സൗഹൃദങ്ങൾ ഉണ്ടാക്കി അതു ലഹരിയാക്കിയില്ല.

അട്ടപ്പാടിയിൽ പുഴയുടെം തീരത്തു ചെറിയൊരു വീടു പണിതു കൃഷി നടത്തി ജീവിക്കാൻ ബാലചന്ദ്രൻ മോഹിച്ചു. പക്ഷെ വീടു പണി പൂർത്തിയാകുന്നതിനു മുൻപു പോയി. 56 വയസ്സ് ഇക്കാലത്തു റിട്ടയർമെന്റ് പ്രായംപോലുമാകുന്നില്ലല്ലോ. ചെറു പ്രായം എന്നുതന്നെ പറയാം. ഒരിക്കലും തിരക്കുകളിലേക്കു മകളുടെ പ്രഭയുടെ വെളിച്ചത്തിൽ ഇടിച്ചു കയറാതെ, ഒതുങ്ങി ആൾക്കൂട്ടത്തിനു പുറകിൽനിന്ന ബാലചന്ദ്രന്റെ അടുത്തു നിൽക്കാൻ എന്നും എനിക്കിഷ്ടമായിരുന്നു. ഒരിക്കൽപ്പോലും ഒരാളെക്കുറിച്ചും പരാതി പറഞ്ഞിട്ടില്ല. ഭാവനയെക്കുറിച്ചു തോന്നിയതെല്ലാം പറഞ്ഞു നടന്നവരോടു പോലും ബാലചന്ദ്രനു പരാതിയില്ലായിരുന്നു. ‘ഇങ്ങിനെ ആയാൽ നമുക്കെന്തു ചെയ്യാനാകും ’? ബാലചന്ദ്രൻ അതു മാത്രമാണു ചോദിച്ചത്.

ചിരിച്ചുകൊണ്ടുതന്നെയാണ് ബാലചന്ദ്രൻ മരിച്ചു കിടന്നിരുന്നത്. ചിരിച്ചുകൊണ്ടല്ലാതെ ബാലചന്ദ്രനെ കാണേണ്ടിവരുമോ എന്ന പേടിയിലാണു പോയത്. തകർച്ചയുടെ ഇടയിൽനിന്നു പതുക്കെ ഭാവന പറഞ്ഞു,

‘സംഭവിച്ചു കഴിഞ്ഞു എന്നറിയാം. എന്നാലും വിശ്വസിക്കാൻ പറ്റുന്നില്ല. ’

ശരിയാണു, സംഭവിച്ചു കഴിഞ്ഞു എന്നറിയാം. എന്നാലും ഇതു വിശ്വസിക്കാനെ ആകുന്നില്ല. ഏതെങ്കിലും വലിയ ചടങ്ങു നടക്കുമ്പോൾ മകളെയും നോക്കി തിരക്കിനു പുറത്തെവിടെയെങ്കിലും താങ്കൾ ഇനി ഉണ്ടാകില്ല എന്നതു വിശ്വസിക്കാനാകുന്നില്ല. ഒരു പക്ഷെ നിങ്ങൾ ഉണ്ടാകുമായിരിക്കും. എല്ലാ തിരക്കിനും അപ്പുറത്ത്. പുഞ്ചിരിയോടെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.