Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി; 30 സെക്കന്റിലെ മഹാവിസ്മയം

ഉണ്ണി കെ. വാരിയർ

ചില സിനിമകൾ ഉണ്ടാകുന്നതുതന്നെ മനോഹരമായൊരു കഥയാണ്. ‘മുന്നറിയിപ്പ് എന്ന സിനിമ ഉണ്ടാകുന്നതു കണ്ടുനിന്നത് ആലോചിക്കുമ്പോൾ അത്ഭുതം ഇപ്പോഴും ബാക്കിയാകുന്നു. സത്യൻ അന്തിക്കാടിന്റെ സിനിമ തീർന്ന സമയത്താണു ക്യാമറാമാൻ വേണു പറഞ്ഞത് ഒരു കഥ മനസ്സിലുണ്ടെന്നും സംവിധാനം ചെയ്താൽ കൊള്ളാമെന്നും. വേണുവിനെ അറിയാവുന്നവരെല്ലാം എത്രയോ കാലമായി സംവിധാനം ചെയ്യാൻ പറയുന്നുണ്ട്. ദയഎന്ന സിനിമയ്ക്കു ശേഷം വേണു ആ വഴിക്കു തിരിഞ്ഞിട്ടില്ല. വേണുവൊരു നിഷേധിയല്ല. ചെയ്യില്ല എന്നു മനോഹരമായി പറയാൻ വേണുവിനറിയാം. വേണുവിനു സ്വയം തോന്നിയാൽ മാത്രമേ ചെയ്യൂ. ആരേയും സുഖിപ്പിക്കാനായി മാത്രം വേണു ഒന്നും ചെയ്യാറില്ല. ഭാര്യയായ ബീനപോളിനുപോലും വേണുവിനെ സിനിമാക്കാര്യത്തിൽ എഡിറ്റു ചെയ്യാനായിട്ടുണ്ടെന്നു തോന്നുന്നില്ല. സ്വകാര്യ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകാം.

വേണു ഫോണിലൂടെയാണ് മുന്നറിയിപ്പിന്റെ ആദ്യ രൂപം പറഞ്ഞത്. അതിലൊരു സിനിമ ഉണ്ടോ എന്നു ആദ്യം തോന്നി. വേണുവിനോടു പറഞ്ഞപ്പോൾ വേണു പറഞ്ഞു, തോന്നിയതിൽ തെറ്റില്ല. ഇതുവരെ കഥയില്ല. ക്ലൈമാക്സ് വരുന്നതോടെ ഇതെല്ലാം കഥയാണെന്നു തോന്നും. വേണു പറഞ്ഞതു ശരിയാണെന്നു തിയറ്ററിൽനിന്നു ഇറങ്ങിയപ്പോൾ തോന്നി. വേണുതന്നെ തിരക്കഥ എഴുതുമെന്നാണ് പറഞ്ഞിരുന്നത്. ദിവസങ്ങൾക്കു ശേഷം വേണു പറഞ്ഞു കഥാകൃത്തായ ആർ.ഉണ്ണിയാണ് തിരക്കഥ എഴുതുന്നതെന്ന്. എഴുത്തിന്റെ ഹൃദയം അറിയുന്ന ഒരാൾകൂടി കൂട്ടിനുണ്ടാകുന്നതു നന്നെന്നു വേണുവിനു തോന്നിക്കാണും.

ശ്രീനിവാസനോ മമ്മൂട്ടിയോ നായകനാകുമെന്നാണ് സൂചിപ്പിച്ചിരുന്നത്. പൂർണ്ണമായും തീരുമാനിച്ചട്ടില്ലായിരുന്നു. കഥ ശ്രീനി കേൾക്കുകയും ചെയ്തു. മാസങ്ങൾക്കു ശേഷം വേണു വിളിച്ചു. ‘പടം നടക്കുമെന്നു തോന്നുന്നെടാ, രഞ്ജിത്ത് നിർമ്മിക്കാമെന്നു സമ്മതിച്ചു. വേണുവിന്റെ ശബ്ദത്തിലെ സന്തോഷം പ്രകടമായിരുന്നു. അപ്പോഴും നായകനെ തീരുമാനിച്ചിട്ടില്ലായിരുന്നു. ഇതിലൊരു കഥയുണ്ടെന്നും അതു സിനിമയാകേണ്ടതാണെന്നും മനസ്സിലാക്കിയ രഞ്ജിത്ത് വേണുവിനോടു കാണിച്ച നല്ല ഹൃദയം മലയാളത്തിനു സമ്മാനിച്ചതു മനോഹരമായൊരു സിനിമയാണ്.

രഞ്ജിത്തിനു ഈ സിനിമ എടുക്കേണ്ട ഒരാവശ്യവുമില്ല. മലയാളത്തിലെ ഏറ്റവും വിലയേറിയ സംവിധായകനായ രഞ്ജിത്തിനു പണത്തിനോ ലാഭത്തിനോ വേണ്ടി ഉണ്ടാക്കേണ്ട സിനിമ ഏതെന്നു നന്നായി അറിയാം. വേണുവിന്റെ സിനിമ നല്ല സിനിമയായിരിക്കുമെങ്കിലും ഫാൻസ് ഇടിച്ചു കയറി കാണുന്ന സിനിമയാകില്ലെന്നു നേരത്തെ അറിയാനുള്ള ബുദ്ധിയും രഞ്ജിത്തിനുണ്ട്.

ഇവിടെയാണ് സ്നേഹത്തിന്റെ നറു നിലാവു കാണേണ്ടത്. വേണുവിനെപ്പോലെ ഒരാളുടെ സിനിമ മലയാള സിനിമയ്ക്കു വേണ്ടതാണെന്നു തിരിച്ചറിയുന്ന നിർമ്മാതാക്കൾ ഇല്ലാതെ പോകുന്ന കാലത്ത് രഞ്ജിത്ത് ആ ഭാരം ഏറ്റെടുക്കുന്നു. ഇത്തരം ഭാരം പലരും ചുമന്നതുകൊണ്ടാണ് ഭരതനും പത്മരാജനും എം.ടി.വാസുദേവൻ നായർ എന്ന തിരക്കാഥാകൃത്തും ഉണ്ടായത്. ശോഭന പരമേശ്വരൻ നായർ എന്ന നിർമ്മാതാവ് എം.ടിയുടെ കഥവായിച്ച് അദ്ദേഹത്തെ അന്വേഷിച്ചു പോകുകയായിരുന്നു. അവസാനം നിർബന്ധിച്ചു എഴുതിപ്പിക്കുകയായിരുന്നു. കഥയിൽ ഒരു സിനിമയുണ്ടെന്നു എം.ടിയെക്കാൾ മുൻപു പരമേശ്വരൻ നായർ കണ്ടു. നഷ്ടക്കച്ചവടമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പല നിർമ്മാതാക്കളും ഇവരോടൊപ്പം നിന്നത്. തൂവാനത്തുമ്പികൾ പോലും വലിയ ലാഭവുമായല്ല തിയറ്റർ വിട്ടത്.

വേണു പിന്നീടു വിളിച്ചത് പുതിയൊരു വിവരവുമായാണ്. മമ്മൂട്ടിയായിരിക്കും ഈ സിനിമയിൽ അഭിനയിക്കുക. ശ്രീനിയുടെ പുതിയ സിനിമയുടെ തിരക്കിൽ ഈ സിനിമ കൂടി ഏറ്റെടുക്കുക പ്രയാസമായിക്കാണും. ശ്രീനിവാസനോടു ആദ്യം പറഞ്ഞൊരു കഥയിൽ മമ്മൂട്ടിയെ അഭിനയിപ്പിക്കാൻ തീരുമാനിക്കുക എന്നതിലൊരു തെറ്റുമില്ല. ഇതിൽ പ്രയാസമുണ്ടായിരുന്നുവെങ്കിൽ, ‘എനിക്കു തിരിക്കാണെന്നു കരുതി സിനിമ മാറ്റുന്നതു ശരിയല്ലെന്നു പറയാനുള്ള തുറന്ന മനസ്സ് ശ്രീനിക്കുണ്ട്. ആരുടെ മുഖത്തും നോക്കി മനസ്സിൽ തോന്നിയതു പറയുന്നതാണ് ശ്രീനിയുടെ രീതി. രണ്ടാഴ്ച മുൻപുവരെ അതിനു മാറ്റമുണ്ടായിട്ടില്ല. നല്ലൊരു കഥാപാത്രം വിട്ടു കൊടുക്കുമ്പോൾ ശ്രീനിയിൽ കാണുന്നത് സിനിമയിൽ ശ്രീനി ചെയ്ത കഥാപാത്രങ്ങളേക്കാൾ എത്രയോ നല്ല കഥാപാത്രത്തെയാണ്. ഇത്തരം വിട്ടുകൊടുക്കലുകളിലൂയാണ് ശ്രീനിയെന്ന മനുഷ്യൻ എന്നും ജീവിച്ചിട്ടുള്ളത്. ജീവിതത്തിലും സിനിമയിലും. ശ്രീനി മുഖം കറുപ്പിച്ച് എന്തെങ്കിലും ഒരു വാക്കു പറഞ്ഞിരുന്നുവെങ്കിൽ വേണു ഈ സിനിമ ഉപേക്ഷിക്കുമായിരുന്നു. ശ്രീനിയോടു സംസാരിച്ച ശേഷം വേണു പറഞ്ഞു, ശ്രീനി കാണിച്ചൊരു സ്പിരിറ്റ് നമുക്കും മറ്റുള്ളവരോടു കാണിക്കാൻ കഴിഞ്ഞാൽ മതി. വാക്കുകൾ അളന്നു തൂക്കി ഉപയോഗിക്കുന്ന വേണു അന്നു ശ്രീനിയേക്കുറിച്ചു പലതും പറഞ്ഞു.

രഞ്ജിത്ത് ഫോണിലാണ് മമ്മൂട്ടിയോട് കഥ പറയുന്നത്. പത്തുമിനിറ്റിലെ സംസാരത്തിൽ മമ്മൂട്ടി സമ്മതിച്ചു. വേണുവും രഞ്ജിത്തും ഒരുമിക്കുമ്പോൾ മമ്മൂട്ടിക്കു പ്രത്യേകിച്ചൊന്നും ആലോചിക്കേണ്ടതില്ല. തിരക്കിനിടയിൽ ആഘോഷങ്ങളൊന്നുമില്ലാത്തൊരു സിനിമയ്ക്ക് അനുമതി കൊടുക്കുമ്പോൾ മമ്മൂട്ടി പ്രതിഫലത്തേക്കുറിച്ചുപോലും സംസാരിച്ചിരിക്കാൻ ഇടയില്ല. വേണുവിന്റെ നല്ല സിനിമയെ ഒരാൾകൂടി തിരിച്ചറിയുകയായിരുന്നു. തിരക്കിനിടയിലും അഭിനയിക്കാൻ തീരുമാനിക്കുമ്പോൾ മമ്മൂട്ടി കരുതിക്കാണില്ല തന്റെ അഭിനയ ജീവിതത്തിലെ എന്നും ഓർക്കപ്പെടാവുന്നൊരു വേഷമാണ് അണിയാൻ പോകുന്നതെന്ന്.

മമ്മൂട്ടിയുടെ കഥാപാത്രം അവസാന 30 സെക്കന്റിൽ നടത്തുന്ന വേഷപ്പകർച്ച കുറച്ചുകാലമായി കാണാത്തൊരു മമ്മൂട്ടിയെ മലയാളത്തിനു തിരിച്ചു തരികയാണ് ചെയ്തത്. സിനിമയിൽ ഉടനീളം ഒളിച്ചുവച്ചൊരു രഹസ്യം ചുണ്ടിനിടയിൽ കരുതിവച്ച ചിരിയിലൂടെ ഡയലോഗുപോലുമില്ലാതെ അഭിനയം കൊണ്ടുമാത്രം മമ്മൂട്ടി പുറത്തു വിടുമ്പോൾ കാണികൾ പകച്ചു പോകുന്നു. കഠിനാധ്വാനിയായൊരു നടന്റെ നിമിഷമാണത്. വേണുവെന്ന സംവിധാനയകനും മമ്മൂട്ടിയെന്ന നടനും നമ്മെ വിസ്മയിപ്പിക്കുന്നത് അവിടെയാണ്. ആ സിനിമയുടെ ജീവശ്വാസം മമ്മൂട്ടിയെന്ന നടന്റെ അവസാന നിമിഷങ്ങളിലെ പകർന്നാട്ടമാണ്. അതു പാളിയിരുന്നുവെങ്കിൽ ആ സിനിമയില്ല. അപർണ്ണ ഗോപിനാഥിനെക്കുറിച്ചു തൽക്കാലം എഴുതുന്നില്ല. എഴുതാൻ ഇല്ലാഞ്ഞിട്ടല്ല.

ഇത്തരം സ്നേഹങ്ങളുടെ തെളിനീരിൽനിന്നാണു ‘മുന്നറിയിപ്പ് എന്ന സിനിമ പിറക്കുന്നത്. ഇതിൽ ആരെങ്കിലും ഒന്നു മടിച്ചിരുന്നെങ്കിൽ വേണു ഈ സിനിമ ഇട്ടിട്ടു പോയേനെ. വേണുവിന്റെ സ്വഭാവമനുസരിച്ചു പിന്നെ സിനിമയേക്കുറിച്ചാലോചിക്കുകയുമില്ല. ലാഭ നഷ്ടങ്ങളുടെ കണക്കുകൾ നോക്കാതെ നല്ല സിനിമയേയും നല്ല സുഹൃത്തിനേയും സ്നേഹിച്ച രഞ്ജിത്തിനും ശ്രീനിക്കും മമ്മൂട്ടിക്കും വേണ്ടി ഈ സിനിമ സമർപ്പിക്കാം.

പ്രിയപ്പെട്ട വേണു, എനിക്കു മുന്നറിയിപ്പിനേക്കാൾ ഇഷ്ടമായത് അതിനു പുറകിൽ നാം ചിലർ മാത്രം കണ്ട കഥയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.