Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോറി ദുൽക്കർ; എനിക്കു തെറ്റിപ്പോയി !

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്

ദുൽക്കർ സൽമാനോടു സോറി എന്നു പറയാൻ വേണ്ടിയാണ് ഈ കുറിപ്പെഴുതുന്നത്. മമ്മൂട്ടിയുടെ മകനെന്ന നിലയിൽ ദുൽക്കറിനെ അറിയാമായിരുന്നു.സിനിമയിലേക്ക് ദുൽക്കർ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മമ്മൂട്ടി പോലും ഒരിക്കൽപ്പോലും ഇത്തരമൊരു കാര്യം പറഞ്ഞിരുന്നില്ല. വല്ല സാധ്യതയും തോന്നിയിരുന്നെങ്കിൽ പറയുമായിരുന്നു.

സിനിമയിൽ അഭിനയിക്കണമെന്നു സ്വയം തീരുമാനിച്ച ശേഷമാണ് ദുൽക്കർ മമ്മൂട്ടിയോടുപോലും പറയുന്നത്. അവന്റെ വരവ് അപ്രതീഷിതമായിരുന്നുവെന്നു ഒരിക്കൽ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. അതൊരിക്കലും കളവാകൻ ഇടയില്ല. എന്തും മറയില്ലാതെയാണ് എന്നും മമ്മൂട്ടി സംസാരിച്ചിട്ടുള്ളത്. അപ്രിയമായ കാര്യംപോലും തുറന്നു പറയാറുണ്ട്.

ദുൽക്കറിന്റെ ചില സിനിമകൾ എന്തുകൊണ്ടോ സന്തോഷം സമ്മാനിച്ചില്ല. ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമ കണ്ടപ്പോൾ തോന്നിയ സന്തോഷം ചെറുതല്ലതാനും. വളരെ ചെറിയ കാര്യങ്ങളിൽപ്പോലും ശ്രദ്ധിച്ചഭിനയിക്കുന്ന ദുൽക്കറിനെയാണ് കണ്ടത്. സിനിമകൾ കഴിയും തോറും ദുൽക്കൽ എന്ന നടൻ വളരുകയായിന്നുവെന്നു തോന്നി. അതിലേറെ അത്ഭുതപ്പെടുത്തിയത് ദുൽക്കർ എന്ന നടനിൽ ഒരിക്കൽപ്പോലും മമ്മൂട്ടിയെ കണ്ടില്ല എന്നതാണ്. കുട്ടികൾ പെട്ടെന്നു വളരുമെന്നു പറയുന്നതു വെറുതെയല്ല.

Dulquar-Salman

സിനിമ കണ്ട സന്തോഷത്തിൽ അടിച്ച എസ്എംഎസ്സിൽ പഴയ രണ്ടു സിനിമകൾ നിരാശപ്പെടുത്തിയിരുന്നുവെന്നും ഈ സിനിമയിൽ വീണ്ടും ദുൽക്കറിനെ കണ്ടുവെന്നും അടിച്ചു. തിരിച്ചുവന്ന അൽപ്പം നീണ്ട മെസേജ് അപ്രതീക്ഷിതമായിരുന്നു. മെസേജ് സ്വകാര്യ സന്ദേശമായതിനാൽ അതിവിടെ പകർത്തുന്നതു ശരിയല്ല. പക്ഷെ അതിൽ ദുൽക്കറിന്റെ ചെറിയ രോഷവും വേദനയുമുണ്ടായിരുന്നു. എല്ലാ സിനിമകളിലും ഹൃദയത്തിൽ നിന്നുകൊണ്ടാണ് അഭിനയിച്ചത് ദുൽക്കർ പറഞ്ഞു. സിനിമ രക്ഷപ്പെടാതെ പോകുമ്പോൾ നടനും പരാജയമാകുന്നുവെന്നു പറയുന്നതിലെ തെറ്റ് അപ്പോഴാണ് ഓർത്തത്. സിനിമ പരാജയപ്പെടുമ്പോൾ നടനു തോറ്റുവെന്നു പറയുന്നതു ശരിയാണോ എന്നു സ്വയം ചോദിച്ചു. തോറ്റുപോയ സിനിമകൾ വീണ്ടുമെടുത്തു കണ്ടു. അതിൽ കുറച്ചു സീനുകളിലെങ്കിലും ദുൽക്കർ ഉണ്ടായിരുന്നു എന്നതു സത്യമാണ്. നടനു കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കണക്കു കൂട്ടലുകൾ തെറ്റിപ്പോയ തിരക്കഥ. മോശം തിരക്കഥയെ അതേ പോലെ സിനിമയായിക്കിയ സംവിധാനം. അതെല്ലാം അതിൽ കണ്ടു. സ്വാഭാവികമായും ദുൽക്കറിനു ഇതിൽ കൂടുതലൊന്നും ചെയ്യാനില്ല.

തോറ്റുപോയ സിനിമകളെ മറക്കാൻ ശ്രമിക്കുന്നവരാണ് മിക്ക നടന്മാരും. പ്രത്യേകിച്ചും നായകന്മാർ. തോറ്റ സിനിമയിലും എനിക്കു പറ്റാവുന്നതു ഞാൻ ചെയ്തുവെന്നു പറയുന്നതു ആത്മവിശ്വാസത്തിന്റെ തിളക്കമാണ്. ദുൽക്കർ സൽമാനിൽ കണ്ടതു അതുതന്നെയാണ്. തോറ്റ സിനിമയും എന്റേതാണെന്നു സ്വകാര്യ സംഭാഷണത്തിലാണെങ്കിൽപ്പോലും സമ്മതിക്കുന്നതും വലിയ മനസ്സാണ്. അതിലുള്ള സത്യസന്ധതതന്നെയാണ് ദുൽക്കർ എന്ന നടനിലമുള്ളത്. മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ എപ്പോൾ വേണമെങ്കിലും ദുൽക്കറിനു അഭിനയിക്കാമായിരുന്നു. മനസ്സു സ്വയം പാകമാകുന്നതുവരെ കാത്തുനിൽക്കാൻ ആ പ്രായത്തിലുള്ളൊരു കുട്ടി കാണിച്ചതും വലിയ ചങ്കൂറ്റാണ്. തനിക്കു എതിരാളിയായി വരാൻ സാധ്യതയുള്ള ഫഹദ് ഫാസിലിനേക്കുറിച്ചു പല അഭിമുഖങ്ങളിലും നല്ല നടനെന്നു പറഞ്ഞ ദുൽക്കറിനെ ഈ നിമിഷത്തിൽ സന്തോഷപൂർവ്വം ഓർക്കുന്നു.

ദുൽക്കറിനെ ആദ്യം അഭിമുഖത്തിനായി കണ്ടപ്പോൾ ദുൽക്കർ പ്രകടിപ്പിച്ച ഏറ്റവും വലിയ ആഗ്രഹം ഫഹദിനോടൊപ്പം അഭിനയിക്കണം എന്നാണ്. ഫഹദ് നല്ല നടനാണെന്നു പല തവണ പറയുകയും ചെയ്തു. അഭിനയത്തേക്കാൾ കൂടുതൽ ഫഹദു ഭാവിയിൽ സംവിധായകനാകുമെന്നും ദുൽക്കർ പറഞ്ഞു. കുട്ടിക്കാലം മുതൽ കണ്ടറിഞ്ഞ ഒരാളുടെ വിലയിരുത്തലാകാം. പിന്നീടു ഫഹദും പറഞ്ഞു, ഞാൻ എന്നെങ്കിലുമൊരു സംവിധായകനാകുമെന്ന്. എല്ലാവരുമായി വലിയൊരു സൗഹൃദ വലയം സൂക്ഷിക്കാൻ ഈ മത്സരത്തിനിടയിലും ദുൽക്കറിനു കഴിയുന്നുണ്ട്. തന്നെ തേടിയെത്തിയ നൂറുകണക്കിനു തിരക്കഥാകൃത്തുക്കളുടേയും സംവിധായകരുടേയും പ്രലോഭനത്തിൽ വീഴാതെ നിൽക്കുക ചെറിയ കാര്യമല്ല. ഒരു ഗുണവുമില്ലെന്നു മനസ്സിലായിട്ടും ആരേയും പിണക്കാതിരിക്കാൻ തുടർച്ചയായി കഥകൾ കേൾക്കുന്ന ദുൽക്കറിനെ ഞാൻ കണ്ടിട്ടുണ്ട്. വേണ്ട എന്നു പറഞ്ഞ് ഒഴിവാക്കുന്നതിനു പകരം സൗഹൃദത്തിന്റെ പേരിൽ ഇരുന്നു കൊടുക്കുന്നു. ഇത്തരം സഹനങ്ങളാണു പലപ്പോഴും നല്ല വേഷങ്ങൾ വീണു കിട്ടാനുള്ള വഴിയൊരുക്കുന്നത്. മമ്മൂട്ടിയോ മോഹൻലാലോ വന്ന കാലത്തെപ്പോലെ പ്രതിഭാനധരായ എഴുത്തുകാരുടെ കാലമല്ല ഇതെന്നോർക്കണം. കുത്തൊഴുക്കിൽ കാത്തു നിൽക്കുമ്പോഴാണ് ഒരു സ്വർണ്ണമത്സ്യത്തെ കിട്ടുക.

ദുൽക്കറിന്റെ സിനിമകൾ വിജയിക്കുകയും തോൽക്കുകയും ചെയ്യും. ദുൽക്കർ ഉണ്ട് എന്നതുകൊണ്ടുമാത്രം ഒരു സിനിമയും വിജയിക്കാനും സാധ്യതയില്ല. പക്ഷെ തോൽവിയിൽപ്പോലും അതിൽ ദുൽക്കറിന്റെ കയ്യൊപ്പുണ്ടാകുമെന്നാണ് ഇപ്പോൾ തോന്നുന്നത്. കുട്ടികൾ വളരുമ്പോൾ മാറിപ്പോയേക്കാം. അവരുടെ സ്വഭാവവും മാറിയേക്കാം. എന്നാലും അതു വലുതായൊന്നും മാറാനിടയില്ല. കാരണം, അതു മമ്മൂട്ടിയുടെ കുട്ടിയാണ്. മമ്മൂട്ടിയുടേയും സുലുവിന്റേയും ഏറ്റവും വലിയ നിക്ഷേപം നന്നായി വളർത്തിയ രണ്ടു കുട്ടികളാണ്. പ്രത്യേകിച്ചും ചീത്തയാകാൻ ധാരാളം നല്ല അവസരങ്ങളുണ്ടായിരുന്നൊരു ആൺകുട്ടിയെ നല്ല നിലയിൽ വളർത്തിയത്.

സോറി ദുൽക്കർ. നിന്നെ വിലയിരുത്തുന്നതിൽ ചെറുതായി തെറ്റിപ്പോയി. മോഹൻലാൽ പറഞ്ഞൊരു വാക്ക് ഇവിടെ കുറിക്കുന്നു, പരാജയത്തിന്റെ ആഘാതം ഏറ്റുവാങ്ങാനാണു എളുപ്പം. വിജയത്തിന്റെ ലഹരിയിൽ മതിമറക്കാതെ നിൽക്കുന്നത് വളരെ പ്രയാസമാണ്. അത്തരമൊരു മനസ്സു മോഹൻലാലിൽനിന്നു സ്വന്തമാക്കാനാകാട്ടെ എന്നാശംസിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.