Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെഡിക്കേഷൻ അല്ല ഡിസിഷൻ; അതാണ് സമീറ: പാർവതി

parvathy-thiruvoth

ടേക്ക് ഓഫ് സിനിമയുടെ റിലീസ് കഴിഞ്ഞ് പാർവതിയെ അഭിമുഖത്തിനായി വിളിക്കുമ്പോൾ അവർ കാഞ്ഞിരപ്പള്ളിയിലേക്കുള്ള യാത്രയിലായിരുന്നു; വീടു നഷ്ടപ്പെട്ട ബബിതയ്ക്കും മകൾക്കും ടേക്ക് ഓഫ് ടീമിന്റെ ആദ്യ സഹായം കൈമാറാൻ. തന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന സിനിമയെയും അതിനു പിന്നിലെ ജീവിതത്തെയും പറ്റി പാർവതി പറഞ്ഞുതുടങ്ങി: 

ടേക്ക് ഓഫ് കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത് സമീറയെക്കുറിച്ച് ആണല്ലോ? സമീറയാണ് ചിത്രത്തിന്റെ ഹൃദയമെന്നും ബാക്കിയുള്ളവർ ഹൃദയത്തിനു വേണ്ട രക്തം പമ്പു ചെയ്യുകയാണു ചെയ്തതെന്നും ഒക്കെ പറയുന്നുണ്ട്.

വളരെ സന്തോഷം. അതിന്റെ ക്രെഡിറ്റ് സംവിധായകനും തിരക്കഥാകൃത്തിനും ഉള്ളതാണ്. പിന്നെ രക്തം പമ്പു ചെയ്താലല്ലേ ഹൃദയം ശരിയായി പ്രവർത്തിക്കാനാകൂ. എല്ലാവരും പരസ്പരം സപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതൊരു ടീമിന്റെ വിജയമാണ്. ഇതിൽ ഒരുപാടൊരുപാട് സന്തോഷം.

പശ്ചാത്തല സംഗീതം നിർവഹിച്ച ഗോപീ സുന്ദർ പറഞ്ഞത് പല സമയങ്ങളിലും പാർവതിയുടെ അഭിനയം കണ്ട് സംഗീതം ചെയ്യാനാകാതെ ഇരുന്നു പോയ സന്ദർഭങ്ങളുണ്ടായി എന്നാണല്ലോ!

എന്നോടും ഗോപി ഇതു പറഞ്ഞിരുന്നു. അഭിനയിക്കുന്ന സമയത്ത് മറ്റൊന്നിനെക്കുറിച്ചും നമ്മൾ ചിന്തിക്കുന്നില്ല. പറഞ്ഞു കേൾക്കുമ്പോൾ നമുക്ക് അവിശ്വസനീയമായേ തോന്നുകയുള്ളു. ഗോപി ആ പടത്തിന്റെ ലെവൽ തന്നെ കൂട്ടുകയായിരുന്നു. ചിത്രം കണ്ടവർക്കറിയാം, അതിനകത്ത് അയഥാർഥ്യമായ സംഭവങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. വളരെ സാധാരണമായിട്ടുള്ള ത്രില്ലിങ് പോയിന്റുകളേയുള്ളു. എഡിറ്റിങ്, ക്യാമറ തുടങ്ങിയ ടെക്നിക്കൽ കാര്യങ്ങൾ വർക്ഔട്ട് ആയാലേ ഇത്രയും ഇമോഷണലായുള്ള ഒരു പടവും വർക്ഔട്ട് ആകൂ. അല്ലെങ്കിൽ അതിൽ ഇഴച്ചിൽ വരും. ചിത്രത്തിന്റെ പേസ്  നിലനിർത്തുന്നതിൽ ഗോപിയും നല്ല പങ്കു വഹിച്ചിട്ടുണ്ട്.

take-off

 

വെള്ളം കുടിച്ച് വയർ വീർപ്പിച്ചാണ് പാർവതി ഗർഭിണിയായി അഭിനയിക്കുന്ന സീൻ ചെയ്തതെന്ന് ചാക്കോച്ചനും പറഞ്ഞിരുന്നു. അത്രയും എഫർട്ടായിരുന്നു പാർവതിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന്.

അത് ആ നിമിഷമെടുത്ത തീരുമാനമായിരുന്നു. അങ്ങനെ ഒരു സീൻ വരാൻ പോകുന്നു, അതിൽ വയർ കാണണം. അതൊരു സീനിൽ ചെയ്യുമ്പോൾ, ആ ഒരു നിമിഷം ഞാനും മഹേഷും സാനുവും കൂടി ഇരുന്ന് ആലോചിക്കുമ്പോൾ വയറിനായി ഉപയോഗിക്കുന്ന പാഡോ മറ്റോ വച്ച് ചെയ്യാൻ സാധിക്കില്ല. കാരണം അത്രയും മാസം ആയിട്ടില്ല. സത്യം പറഞ്ഞാൽ അതിനെക്കുറിച്ചു ചിന്തിക്കുക പോലും ചെയ്യാതെയാണ് കുംഭ വീർപ്പിപ്പിച്ചുവച്ച് ചെയ്യാമെന്ന തീരുമാനം എടുത്തത്. അത് ഒരു ഡെഡിക്കേഷനായി കരുതാൻ പറ്റില്ല. അതെന്നെ കളിയാക്കാനായി ചാക്കോച്ചൻ വെറുതേ എല്ലാവരുടേയും മുന്നിൽവച്ചു പറയുന്നതാണ്. കാരണം അനിയത്തിപ്രാവ് ഇറങ്ങിയിട്ട് 20 വർഷം കഴിഞ്ഞൂന്നു പറയുമ്പോൾ ഞാൻ ചാക്കോച്ചനെ ഇടയ്ക്കിടെ കളിയാക്കും, പ്രായമായി, വയസ്സായി എന്നൊക്കെപ്പറഞ്ഞ്. അതിനെതിരായി എന്നെവച്ചു പറഞ്ഞതാണ്. പക്ഷേ അതങ്ങ് ഹിറ്റായി. ഇതിനെക്കാൾ കൂടുതലായി പല പല രീതിയിൽ എനിക്കു സമീറയായി എക്സ്പീരിയൻസ് ചെയ്യാൻ സാധിച്ചു. ഒരു ഡിസ്കംഫർട്ടിലാണല്ലോ അവർ ജീവിക്കുന്നത്. അതിന്റെ ഒരു ശതമാനം പോലും ഞാൻ എക്സ്പീരിയൻസ് ചെയ്തിട്ടില്ലെങ്കിലും കുറച്ചെങ്കിലും അറിയാൻ പറ്റിയിട്ടുണ്ട്. 

take-off-chakochan-1

ചിത്രത്തിനു വേണ്ടി നഴ്സുമാരോട് ഒപ്പം ഒരു ദിവസം ചെലവഴിച്ചിരുന്നല്ലോ? ആ അനുഭവം...

ചിത്രത്തിൽ ആ ഒരു എക്സ്പീരിയൻസ് ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒരു ഹോസ്പിറ്റലിലെ നൈറ്റ് ഷിഫ്റ്റിലാണ് ഞാൻ നഴ്സുമാരോടൊപ്പം ഉണ്ടായിരുന്നത്. ആ ഹോസ്പിറ്റലിലെ പിആർഒ ഉൾപ്പടെയുള്ളവരെല്ലാം അതിനൊരുപാട് സഹായിക്കുകയും ചെയ്തു. റൗണ്ട്സ് എടുക്കുന്ന നഴ്സുമാരുടെ ടീമിന്റെ കൂടെ എനിക്കു പോകാനും അവരെ നിരീക്ഷിക്കാനും ഒരുപാട് സംശയങ്ങൾ ചോദിക്കാനുമുള്ള അവസരം ലഭിച്ചു. അതൊരു വലിയ സഹായം തന്നെയായിരുന്നു. 

ജീവിതത്തിൽ ഒരിക്കലെങ്കിലും നഴ്സ് ആകാൻ ആഗ്രഹിച്ചിട്ടുണ്ടോ?

കണക്കും സയൻസുമൊന്നും തലയിൽ കയറാത്തതുകൊണ്ടാകാം അങ്ങനെയുള്ള ആഗ്രഹം ഉണ്ടായിട്ടില്ല. സ്നേഹം, അനുകമ്പ എന്നിവയൊക്കെ ഉള്ളതുകൊണ്ടാകാം ഒരു നടി ആയതെന്നു തോന്നുന്നു.

സമീറയാകാൻ എന്താണ് പാർവതിയെ പ്രേരിപ്പിച്ചത്?

ഏകദേശം ഒന്നര വർഷം മുൻപായിരുന്നു മഹേഷ് ഈ കഥ എന്നോടു പറഞ്ഞത്. അപ്പോൾ സമീറ അല്ലായിരുന്നു കാരക്ടർ. ഒരു സ്ത്രീയുടെ കഥ എന്ന രീതിയിൽ ചെറിയൊരു കോൺസപ്റ്റ് മാത്രമാണ് എന്നോടു പറഞ്ഞത്. ആ ഔട്ട്ലൈൻ തന്നെ എനിക്കൊത്തിരി ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. ആ കോൺസപ്റ്റ് ഇപ്പോഴും ഈ സിനിമയിലുണ്ട്. സമീറയുടെ കാരക്ടർ അതുതന്നെയാണ്. സമീറയുടെ ജീവിതത്തിലുള്ള പ്രശ്നങ്ങളെല്ലാം ആ കോൺസപ്റ്റിലുള്ളതുതന്നെയാണ്. പക്ഷേ അതൊരു നഴ്സ് ആയി മാറി എന്ന വ്യത്യാസം മാത്രമേയുള്ളു. ചിത്രം എടുക്കാൻ തീരുമാനിച്ചപ്പോൾ ഈ കഥയാണ് എടുക്കുന്നത്, ഇങ്ങനെയൊരു തീമിലാണ് എന്നറിഞ്ഞപ്പോൾ വളരെ നല്ലതായിരിക്കുമെന്ന് തോന്നി. പിന്നെ ചെയ്യണമോ വേണ്ടയോ എന്നു ചിന്തിക്കേണ്ട ആവശ്യമേ വന്നില്ല.

parvathy

ഇതൊരു റിയൽ ലൈഫ് സ്റ്റോറിയാണ്. ഇതുമായി ബന്ധപ്പെട്ട ആരെയെങ്കിലും നേരിട്ടു കാണുകയോ അവരുടെ അനുഭവങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയോ ചെയ്തിരുന്നോ?

മഹേഷ് എനിക്ക് ഒരുപാട് റിസർച് മെറ്റീരിയൽസ് തന്നിട്ടുണ്ടായിരുന്നു. മഹേഷും പി.വി. ഷാജികുമാറും ഇതുമായി ബന്ധപ്പെട്ട് ഒരുപാടു പേരെ മീറ്റ് ചെയ്തിരുന്നു. പിന്നെ നഴ്സായ മറീനയെ ഞങ്ങൾ പോയി കണ്ടിരുന്നു. മറീന ആ ഗ്രൂപ്പിൽ ഉണ്ടായിരുന്ന നഴ്സ് ആണ്. അവിടെ നടന്ന കാര്യങ്ങളൊക്കെ അവർ പറഞ്ഞുതന്നു. അതൊക്കെ ഒരുപാടു സഹായിച്ചിട്ടുണ്ട്. 

സമീറ ആയപ്പോഴുള്ള ആനുഭവം?

നല്ല അനുഭവമെന്ന് ചെറിയൊരു വാചകത്തിൽ ഒതുക്കാനാവില്ല. സിനിമ നല്ലതാണ്, സ്ക്രിപ്റ്റ് നല്ലതാണ്, നല്ല ടെക്നീഷ്യൻസ് ആണ്. പരിമിതമായ ബജറ്റിൽ, രാജ്യാന്തര നിലവാരത്തിൽത്തന്നെ ചെയ്യാൻ ആന്റോ ചേട്ടനും മറ്റും സഹായിച്ചിട്ടുണ്ട്. അതിലെല്ലാമുപരി എനിക്ക് ഈ സിനിമ രാജേഷിനുള്ള ഒരു ആദരം കൂടിയാണ്. നമ്മുടെ ഏറ്റവും അടുത്ത സുഹൃത്ത് രാജേഷിനെ ഓർത്തിട്ടാണ് ഈ സിനിമ എടുത്തത്. രാജേഷിന്റെ ഭാര്യ മേഘ ആണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മേഘയും ഞാനും ബോബി - സഞ്ജയ് സാറും മഹേഷും ഒക്കെ ഒത്തിരി അടുപ്പമുള്ള ആൾക്കാരാണ്. നമുക്ക് എല്ലാവർക്കും നമ്മുടെ കൂടെ രാജേഷ് ഉണ്ടാകണം, ഉണ്ടാകും എന്നുള്ള ഉറപ്പ് – അതാണ് രാജേഷ് പിള്ള ബാനറിൽ ഫിലിമുകൾ എടുത്തുകൊണ്ടിരിക്കുന്നത്. ടേക്ക് ഓഫിന്റെ തുടക്കത്തിൽതന്നെ ആന്റോ ചേട്ടൻ വന്ന് നമ്മളുമായി അസോസിയേറ്റ് ചെയ്തു. എല്ലാവരും നല്ല റിവ്യൂ പറയുന്നു, എല്ലാം നല്ല കാര്യങ്ങളാണ്. പക്ഷേ ഇതിലെല്ലാം ഉപരി നമുക്കുള്ളത് രാജേഷിന്റെ സാന്നിധ്യമാണ്. 

രാജേഷിന്റെ നിശബ്ദ സാന്നിധ്യം ചിത്രത്തിൽ എവിടെയൊക്കെയോ കാണാനും സാധിക്കുന്നുണ്ട്!

നമ്മൾ എല്ലാവരും രാജേഷിൽനിന്ന് ഒരുപാടു കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. നൂറ്റിയൊന്ന് ശതമാനവും സിനിമയെ വല്ലാതെ പ്രണയിച്ച ആളാണ് രാജേഷ്. (എനിക്കൊരിക്കലും രാജേഷിനെക്കുറിച്ച് ഭൂതകാലത്തിൽ സംസാരിക്കാനാവില്ല. വർത്തമാന കാലത്തിലേ സാധിക്കൂ– ആണ് എന്നേ പറയാൻപറ്റൂ). ആ ഒരു റിസർച് എന്താണെന്ന് മഹേഷ് കണ്ടിട്ടുണ്ട്, ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് രാജേഷിന്റെ സിനിമകളിൽ അഭിനയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും സിനിമയെക്കുറിച്ചുള്ള ചർച്ചകളും വാദങ്ങളും ഒരുപാട് നടന്നിട്ടുണ്ട്. ട്രാഫിക്കും വേട്ടയും മിലിയുമൊക്കെ പോലുള്ള സിനിമകൾ കൊണ്ട് മലയാളസിനിമയെ നല്ലൊരു ഒഴുക്കിലേക്ക് കൊണ്ടുപോകാൻ രാജേഷ് സഹായിച്ചിട്ടുണ്ട്. അത്ര പെട്ടെന്ന് രാജേഷിനെ ഞങ്ങൾ വിട്ടുകൊടുക്കില്ല. 

parvathy

 

ഒരു കഥാപാത്രം ചെയ്തു കഴിയുമ്പോൾ പാർവതി തന്നെ ഒരു ബ്രേക് എടുക്കാറുണ്ട്. സമീറ വന്നു. ഇനിയുള്ള ബ്രേക് ആർക്കു വേണ്ടിയാണ്?

തീർച്ചയായിട്ടും. കഴിഞ്ഞ വർഷം ജൂലൈയിൽ തുടങ്ങിയ പടമാണ് ടേക്ക് ഓഫ്. ഇപ്പോഴാണ് റിലീസ് ആകുന്നത്. ഇതിനിടയിൽ മൈ സ്റ്റോറിക്കു വേണ്ടി പോർച്ചുഗലില്‍ പോയി. പിന്നെ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നു. സാങ്കേതികമായി പറഞ്ഞാൽ ഞാൻ ഒരു ബ്രേക്ക് എടുത്തിട്ട് കുറേക്കാലമായി. ടേക്ക് ഓഫ് റിലീസ് കഴിഞ്ഞു. മൈ സ്റ്റോറി ബാക്കിയുണ്ട്. ഹിന്ദി പടത്തിന്റെ ഷൂട്ടും കുറച്ചുകൂടിയുണ്ട്. അതു കഴിഞ്ഞാൽ ഞാനെന്റെ റെഗുലർ ബ്രേക്കിനു പോകും. ബാറ്ററി റീ ചാർജ് ചെയ്യണമെങ്കിൽ എനിക്കതു ചെയ്തേ പറ്റൂ. ഒരു സിനിമയിൽനിന്ന് മറ്റൊരു സിനിമയിലേക്ക് എന്തിനാ ഗ്യാപ്പെന്ന് എല്ലാവരും ചോദിക്കുമ്പോൾ അതിനുള്ള ഉത്തരം എന്റെ സിനിമയിൽ നിന്നുതന്നെ കിട്ടട്ടെയെന്ന് ഞാൻ ആശിക്കുന്നു. 

ഹിന്ദി സിനിമയുടെ വിശേഷങ്ങൾ?

ചിത്രത്തിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്തു പറയാനാവില്ല. ജാർ പിക്ചേഴ്സും വി സിനിമാസും ചേർന്നാണ് നിർമാണം. തനൂജ ചന്ദ്രയാണ് ഡയറക്ടർ. ഇർഫാൻ ഖാനാണ് നടൻ. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിടാത്തതുകൊണ്ട് അതും പറയാൻ സാധിക്കില്ല. 

Your Rating: