Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ കരിയർ നശിപ്പിച്ചു; അവർക്ക് മാപ്പ് ലഭിക്കില്ല: വിനയൻ

vinayan

കോംപറ്റീഷൻ കമ്മീഷന്റെ വിധിക്കെതിരെ ഹർജി നൽകുമെന്ന അമ്മ, ഫെഫ്ക് അംഗങ്ങളുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ. എത്ര കോടതിയിൽ ഇവർ അപ്പീലിനു പോയാലും തള്ളപ്പെടുകയേ ഉള്ളൂ. കാരണം അത്രത്തോളം തെളിവുകൾ കമ്മീഷൻ ശേഖരിച്ചിട്ടുണ്ട്. മുൻ സുപ്രിം കോടതി ജഡ്ജി ഉൾപ്പെടെ ഉള്ളവർ ഇതിലുണ്ട്.

എന്റെ കരിയർ ഇവർ നശിപ്പിച്ചു. എട്ടു വർഷം മുമ്പ് വരെ വർഷം ഒരുകോടി രൂപ വരുമാനം ഉണ്ടാക്കിയിരുന്ന ആളാണ് ഞാൻ. വിലക്കിനിടയിലും ഏറ്റവും കൂടുതൽ സിനിമ ഞാൻ എടുത്തിട്ടുണ്ട്. അതാണ് വിനയൻ. ആസമയത്ത് ഞാൻ ചെയ്ത രഘുവിന്റെ സ്വന്തം റസിയ, ഡ്രാക്കുള എന്നീ ചിത്രങ്ങൾ വൻ വിജയമായിരുന്നു.

ഒരുപാട് പ്രതിസന്ധികൾക്കിടയിൽ നിന്നാണ് ഞാൻ നാല് പടങ്ങൾ ചെയ്തത്. ഇതിൽ ലിറ്റിൽ സൂപ്പർമാൻ സാങ്കേതിക തകരാർ കൊണ്ടാണ് പൊളിഞ്ഞു പോയത്. എനിക്ക് ടെക്നീഷ്യൻസിനെ ഇവർ തന്നില്ല. ഒരു ദിവസം ഷൂട്ട് ചെയ്താൽ അടുത്ത ദിവസം അവരെ വരാൻ അനുവദിക്കില്ല. കാമറ തരില്ല. എന്നിട്ടും അവരെ അപേക്ഷിച്ച് സിനിമ കൂടുതൽ എടുത്തെങ്കിൽ അതാണ് വിനയൻ എന്നവർ മനസിലാക്കണം. 

പിഴ ശിക്ഷ എന്ന വിധി വന്നശേഷം ഒട്ടേറെപ്പേർ വിളിച്ചിരുന്നു. സിനിമയിൽ നിന്ന് 75 ശതമാനം ആളുകളും എന്നെ വിളിച്ചു, ഐക്യദാർഡ്യം പ്രഖ്യാപിച്ചു. എന്നാൽ അവരുടെ പേരുകൾ ഞാൻ വെളിപ്പെടുത്തുന്നില്ല, ഞങ്ങൾക്ക് സത്യമെല്ലാം അറിയാം, എന്നാൽ പുറമേ നിന്നുള്ള സമ്മർദം കൊണ്ട് മൗനം പാലിക്കുകയാണെന്ന് അവർ പറഞ്ഞു.

എന്നെ വിലക്കിയിട്ടില്ലെന്നാണ് അമ്മയും ഫെഫ്കയും പറയുന്നത്. ഇതിന് തെളിവ് ശേഖരിക്കാൻ കമ്മീഷൻ ഇവിടെ എത്തിയിരുന്നു. ജയസൂര്യയിൽ നിന്നും മധുസാറിൽ നിന്നുമൊക്കെ നേരിട്ട് കമ്മീഷൻ മൊഴിയെടുത്തു. 

ഉണ്ണികൃഷ്ണനും സിബിമലയിലും ഇന്നസെന്റും  അടക്കമുള്ളവർ കുടുങ്ങിയിരിക്കുകയാണ്. അവർ പിഴ അടച്ചാൽ എന്നെ വിലക്കി എന്നാണ് അർഥം. അപ്പോൾ എനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാം. മൂന്നുതവണ അവർ ഇൗ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതെല്ലാം തള്ളി കോടതി പറ‍ഞ്ഞു ധൈര്യമായി കോംപറ്റീഷൻ കമ്മീഷന് മുന്നോട്ടു പോകാമെന്ന്.

ഇപ്പോൾ രക്ഷപെട്ടിരിക്കുന്നത് സൂപ്പർ താരങ്ങളാണ്. ഇവരൊക്കെ അറിയാതെ എങ്ങനെയാണ് അമ്മ സെക്രട്ടറി ഇടവേള ബാബു പ്രവർത്തിക്കുന്നത്. എല്ലാസൂപ്പർ താരങ്ങൾക്കും എന്നെ വിലക്കിയതിൽ പങ്കുണ്ട്. അവരുടെ പ്രവർത്തികൾ എന്റെ ജോലിയെ ബാധിച്ചു. മാനസികമായി തളർത്തി. നമ്മൾ ഒരു കഥയെഴുതാൻ ഇരിക്കുമ്പോൾ പത്ത് അൽസേഷ്യൻ നായകൾ ഒരുമിച്ചിരുന്നു കുരച്ചാൽ നമുക്ക് ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുമോ? അതാണ് എന്റെ ജീവിതത്തിലും സംഭവിച്ചത്. 

ജയസൂര്യ ഉൗമപ്പെണ്ണിന്റെ  രണ്ടാംഭാഗമെടുക്കാൻ എന്നെ സമീപിച്ചിരുന്നു. അവനെ കൊണ്ടുവന്നത് ഞാനാണെന്ന നന്ദി ജയസൂര്യയ്ക്ക് ഇപ്പോഴുമുണ്ട്. നാലുവർഷം മുമ്പാണ് സംഭവം. ജയസൂര്യയോട് ഞാൻ അന്നേ പറഞ്ഞു, ‘എടാ ‌എന്നെ വിലക്കിയിരിക്കുകയാണ്. എന്നോട് സഹകരിച്ചാൽ നിന്നെയും ബാധിക്കുമെന്ന്.’ അവൻ പ്രൊജക്ടുമായി മുന്നോട്ടു പോകാൻ തയ്യാറായിരുന്നു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞു ജയസൂര്യ വിളിച്ചു പറഞ്ഞു. ചേട്ടാ അവർ എന്നെ മുന്നോട്ടു പോകാൻ അനുവദിക്കുന്നില്ല. സാറിനോടൊപ്പം പ്രവർത്തിക്കാൻ അനുവദിക്കില്ല എന്നു പറയുന്നു. ഞാൻ എന്തുചെയ്യണമെന്ന് അവൻ ചോദിച്ചു. ഞാൻ പറഞ്ഞു, നിനക്ക് നല്ല ഭാവിയുണ്ട്. അത് എനിക്ക് വേണ്ടി നശിപ്പിക്കരുതെന്ന്.

മധുസാർ അമ്മയുടെ ആദ്യ പ്രസിഡന്റാണ് അതുകൊണ്ട് അമ്മയെ ഒരുപാട് കുറ്റം പറയാൻ അദ്ദേഹത്തിന് കഴിയില്ല. അതുകൊണ്ടാണ് തിലകനോട് അധികം ദ്രോഹമൊന്നും അമ്മ ചെയ്തിട്ടില്ലെന്ന് പറ‍ഞ്ഞത്. ട്വന്റി ട്വന്റി എന്ന ചിത്രത്തിൽ നിന്ന് തിലകനെ മന:പൂർവം ഒഴിവാക്കുകയായിരുന്നു. അദ്ദേഹത്തെ ആപടം എൽപിച്ചിട്ടില്ലെന്ന് മാത്രമല്ല, അഭിനയിക്കാൻ പോലും ക്ഷണിച്ചിട്ടില്ല. മധുസാറിനെ അമ്മയുടെ ആളുകൾ കുറെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. എന്റെ രഘുവിന്റെ സ്വന്തം റസിയയിൽ അഭിനയിക്കാമെന്ന് ഏറ്റപ്പോഴാണ് അദ്ദേഹത്തോട് പിന്മാൻ ആവശ്യപ്പെട്ടത്. എങ്കിലും അദ്ദേഹം കോംപറ്റീഷൻ കമ്മീഷനിൽ സത്യസന്ധമായി എനിക്കാനുകൂലമായി മൊഴികൊടുത്തു. ‌

ഞാൻ എന്റെ പുതിയ ചിത്രവുമായി മുന്നോട്ടു പോകുകയാണ്. അതിൽ താരങ്ങളും സാങ്കേതിക വിദഗ്ധരും സഹകരിച്ചില്ലെങ്കിൽ ഞാൻ ശക്തമായി മുന്നോട്ടു നീങ്ങും. അവർക്ക് സഹകരിച്ചേ മതിയാകൂ., വിനയൻ മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

വിനയനെ വിലക്കിയ സംഭവത്തില്‍ സിനിമ സംഘടനകളായ അമ്മയ്ക്കും ഫെഫ്ക്കയ്ക്കും കോംപറ്റീഷന്‍ കമ്മിഷന്‍ ഒാഫ് ഇന്ത്യ  പിഴ ചുമത്തിയിരുന്നു. തനിക്കെതിരെ അപ്രഖ്യാപിത വിലക്കുണ്ടെന്നും തന്‍റെ സിനിമകളുമായി സഹകരിക്കരുതെന്ന് അഭിനേതാക്കളോടും സാങ്കേതികപ്രവര്‍ത്തകരോടും നിര്‍ദേശമുള്ളതായും ആരോപിച്ച് വിനയന്‍ നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്.

അഭിനേതാക്കളുടെ സംഘടനയായ അമ്മ നാല് ലക്ഷം രൂപ പിഴയടക്കണം. ഫെഫ്ക്ക 85,594 രൂപയും ഡയറക്ടേഴ്സ് യൂണിയന്‍ 3,86,354 രൂപയും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ 56,661 രൂപയും പിഴയായി നല്‍കണം. ഇന്നസെന്‍റ് 51,478 രൂപയും ഇടവേളബാബു 19,113 രൂപയും സിബി മലയില്‍ 66,356 രൂപയും ബി ഉണ്ണികൃഷ്ണന്‍ 32,026 രൂപയും കെ മോഹനന്‍ 27,737 രൂപയുമാണ് പിഴയടയ്ക്കേണ്ടതെന്നായിരുന്നു വിധി.

കോർപറേറ്റ് രംഗത്തും തൊഴിൽ രംഗത്തുംമുള്ള അനീതിക്കെതിരെ പ്രവർത്തിക്കുന്നതാണ് കോംപറ്റീഷൻ കമ്മീഷൻ‌.