Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശകർ അറിയാൻ; പ്രിയദർശനു പറയാനുള്ളത്

priyan-lal-1

പ്രിയദർശൻ ‌ഇപ്പോഴും തളർന്നിട്ടില്ല. എതിരെ വരുന്ന ആരോപണങ്ങൾ ശ്രദ്ധിക്കുന്നുപോലുമില്ല. കാരണം, ചെയ്ത എല്ലാ കാര്യങ്ങൾക്കും പ്രിയദർശനു കൃത്യമായ ഉത്തരമുണ്ട്.

∙ മോഹൻലാലിനു കൊടുത്തതു സൗഹൃദ അവാർഡാണെന്നു പറയുന്നുണ്ടല്ലോ...

ഇതു പറയുന്നവർ ആദ്യം ദേശീയ അവാർഡിന്റെ ഘടന പഠിക്കണം. റീജനൽ ജൂറിയിൽനിന്നുള്ള 10 പേരും ചെയർമാനായ ഞാനും ചേർന്നതാണ് ജൂറി. ഒരു ദിവസം രാവിലെ വന്ന് ഇവന് ഒരു അവാർഡ് കൊടുക്കെടാ എന്നു ഞാൻ പറഞ്ഞാൽ തലകുലുക്കി പോകുന്ന മണ്ടന്മാരല്ല ഇവരൊന്നും. സിനിമ, സാഹിത്യം, പത്രപ്രവർത്തനം, കല തുടങ്ങിയ രംഗങ്ങളിലെ പ്രമുഖരാണവർ. അവർക്കാർക്കും പ്രിയദർശൻ പറഞ്ഞാൽ കേൾക്കേണ്ട ആവശ്യമില്ല. സ്വന്തം സിനിമയ്ക്ക് അവാർഡ് കിട്ടാത്ത എല്ലാ കൊല്ലവും നടന്നതെല്ലാം പിഴയാണെന്നു പറയുന്നവർക്ക് എന്തും വിളിച്ചുപറയാം. വോട്ടിങ് വേണ്ടി വന്നാൽ 10 പേരാണ് ആദ്യം വോട്ട് ചെയ്യുന്നത്. അതു തുല്യമായാലേ ജൂറി ചെയർമാൻ വോട്ട് ചെയ്യൂ. ഞാൻ ആദ്യമേ പറഞ്ഞതു വോട്ടിങ് തുല്യമായാൽ നമുക്കു ചർച്ച ചെയ്തു തീരുമാനമെടുക്കാമെന്നാണ്. മോഹൻലാലിനും അക്ഷയ് കുമാറിനും അവാർഡ് കൊടുക്കാൻ ഞാൻ പറഞ്ഞാൽ അതേപടി അനുസരിക്കുന്ന ഏറാൻമൂളികളല്ല ജൂറിയിലുള്ളവർ. ഈ രണ്ടു തിരഞ്ഞെടുപ്പിലും ഞാൻ വോട്ട് ചെയ്തിട്ടേ ഇല്ല.

∙ എങ്ങനെ അക്ഷയ് മികച്ച നടനായി..?

അക്ഷയ്കുമാ‌റിനും മോഹൻലാലിനും അവസാന റൗണ്ട‌ിൽ കിട്ടിയതു തുല്യ വോട്ടാണ്. ഞാൻ കയറി വോട്ടു ചെയ്തു പ്രശ്നമുണ്ടാക്കേണ്ട എന്നു കരുതി വീണ്ടും ചർച്ച ചെയ്തു. മുൻപു പല തവണ മോഹൻലാൽ അവാർഡ് നേടിയതുകൊണ്ട് അക്ഷയ്കുമാറിനു മുൻതൂക്കം കിട്ടി. പഴി പറയുന്നവർ ഒരു കാര്യം ഓർക്കണം, ജൂറിയിലുള്ളവരിൽ ഭൂരിഭാഗവും നമ്മളെപ്പോലെ മോഹൻലാലിന്റെ അഭിനയ പാടവം കണ്ടിട്ടില്ല. പലരും അതു കാണുന്നത് ആദ്യമാണ്. സ്വാഭാവികമായും അവർ മോഹൻലാലിനെ തിരഞ്ഞെടുത്തുവെന്നു മാത്രം. ഈ 10 പേരെക്കൊണ്ടും മോഹൻലാലിനു വോട്ട് ചെയ്യിക്കാൻ കഴിവുള്ളവനാണോ ‍ഞാൻ. എത്ര വലിയ സിനിമ എടുത്തവരാണെങ്കിലും മണ്ടത്തരം പറയുന്നതിന് അതിരില്ലേ?

∙ ദംഗൽ പോലുള്ള സിനിമ തഴയപ്പെട്ടില്ലേ.. ?

റീജനൽ ജൂറി 344 സിനിമകളിൽനിന്നു തിരഞ്ഞെടുത്ത 86 സിനിമകളാണ് ഞങ്ങൾ കണ്ടത്. ദംഗൽ എന്ന സിനിമ വടക്കേ ഇന്ത്യൻ റീജനൽ ജൂറി തിരഞ്ഞെടുത്ത് അയച്ചിട്ടേയില്ല. അവാർഡ് നിരസിക്കുമെന്ന് ആമിർ ഖാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. രാഷ്ട്രപതി ഒപ്പുവച്ചു നൽകുന്ന അവാർഡ് നിരസിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കേണ്ടത് ഏതൊരു സംവിധാനത്തിന്റെയും ആവശ്യമാണ്. സ്വാഭാവികമായും ആമിർ ഖാനെ പരിഗണിച്ചില്ല. മുൻപൊക്കെ നടനും സഹനടനുമെല്ലാം ആരെന്നു തീരുമാനിക്കുന്നത് അപേക്ഷിക്കുന്നവർ തന്നെയായിരുന്നു. ഇപ്പോൾ ജൂറിയാണ് തീരുമാനിക്കുന്നത്. പിങ്ക് എന്ന സിനിമ കണ്ടശേഷം അമിതാഭ് ബച്ചൻ സഹനടനാണെന്നു തീരുമാനിച്ചത് 10 അംഗ ജൂറിയാണ്. സ്വാഭാവികമായും മികച്ച നടനായി അക്ഷയ്കുമാറും മോഹൻലാലും മാത്രം പരിഗണിക്കപ്പെട്ടു. അമിതാഭ് ബച്ചൻ അവസാന റൗണ്ടിലെത്തി എന്നതെല്ലാം തെറ്റായ വിവരമാണ്. വിനായകനും സഹനടനായാണ് പരിഗണിക്കപ്പെട്ടത്. അമിതാഭ് ബച്ചനുമായും എനിക്കു രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ബന്ധമുണ്ട്. ഞാനാണു തീരുമാനിച്ചതെങ്കിൽ അദ്ദേഹത്തിനും എന്തെങ്കിലും കൊടുക്കാമായിരുന്നില്ലേ..

∙ പുലിമുരുകൻ പ്രാദേശിക ജൂറി തിരഞ്ഞെടുക്കാതിരുന്നിട്ടും ദേശീയ പുരസ്കാരത്തിനുള്ള ജൂറി തിരിച്ചു വിളിച്ചതോ.. ?

പുലിമുരുകൻ തിരിച്ചു വിളിച്ചത് ആക്‌ഷൻ അവാർഡിനു വേണ്ടി മാത്രമാണ്. അതു രേഖപ്പെടുത്തി തന്നെയാണ് തിരിച്ചു വിളിച്ചത്. ആക്‌ഷനു വേണ്ടി പരിഗണിച്ച പല സിനിമകളും പുലിമുരുകന്റെ അത്ര നന്നായിരുന്നില്ല. അതുകൊണ്ടു പുലിമുരുകനിലെ ആക്‌ഷൻ കണ്ട ഞാൻ ആ സിനിമ തിരിച്ചു വിളിച്ചു. ദംഗൽ  എന്ന സിനിമ തിരിച്ചു വിളിച്ചതും ഞാനാണ്. സഹനടിക്കുള്ള അവാർഡ് പരിഗണിച്ചപ്പോഴായിരുന്നു അത്. ജൂറിയിൽ ഉത്തരേന്ത്യക്കാർ ധാരാളം ഉണ്ടായിരുന്നിട്ടും ഐശ്വര്യ റായിക്കും സോനം കപൂറിനും ഓരോ വോട്ടു മാത്രമാണു മികച്ച നടിക്കുള്ള തിരഞ്ഞെടുപ്പിൽ കിട്ടിയത്. അവസാന ഘട്ടത്തിൽ അവരും മലയാളിയായ സുരഭിയെ മികച്ച നടിയായി തിരഞ്ഞെടുക്കാൻ നിർദേശിച്ചു. ആ കമ്മിറ്റിയിലെ 11 പേർക്കും സുരഭി ആരെന്നറിയില്ലായിരുന്നു. കൊടുത്തില്ലെങ്കിലും ആരും അറിയില്ലായിരുന്നു. ജൂറിയുടെ സത്യസന്ധതയാണ് അതിൽ വ്യക്തമാകുന്നത്.

∙ കിട്ടാതെ പോയ പലരും അവഗണിച്ചുവെന്നു പരാതി പറയുന്നു, വിമർശിക്കുന്നു..

ഞാൻ സംവിധാനം ചെയ്ത സിനിമയായ ‘ചില സമയങ്ങളിൽ’ കഴിഞ്ഞ തവണ റീജനൽ ജൂറി തള്ളിയതാണ്. അതേ സിനിമയാണ് ആയിരത്തിലേറെ സിനിമകളിൽനിന്നു ഗോൾഡൻ ഗ്ലോബിന്റെ അവസാന പട്ടികയിൽ എത്തിയത്. ജൂറികൾ വ്യത്യസ്തമാണ്. അവരുടെ തീരുമാനം അംഗീകരിക്കുകയേ നിവർത്തിയുള്ളൂ. എന്റെ സിനിമ എടുക്കാത്തതുകൊണ്ടു ജൂറി മോശമാണെന്നു പറയാനാകില്ല. അങ്ങിനെ കരുതുന്നവരാണ് ഇപ്പോൾ എനിക്കെതിരെ പറയുന്നത്. കളി തുടങ്ങിയാൽ പിന്നെ ‌അംപയറെ അനുസരിക്കണമെന്നതാണ് കളിയിലെ നിയമം. അത് എല്ലാവർക്കും ബാധകമാണ്, എനിക്കും.