Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തും സഹിക്കാന്‍ ടൊവീനോ തയ്യാർ: ബേസിൽ

tovino-basil-godha

പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ യുവസംവിധായകന്‍ ബേസില്‍ ജോസഫും കൂട്ടരും ബോക്‌സ് ഓഫിസില്‍ ഗോദക്കിറങ്ങുന്നു. ചിത്രീകരണത്തിനിടയിലെ നായികയുടെ പരുക്കും സിനിമ സമരമൂലമുള്ള റിലീസിങ് വൈകലും ഉള്‍പ്പടെ ഒട്ടേറെ പ്രതിസന്ധികളോട് ഗുസ്തി പിടിച്ചാണ് ബേസിലിന്റെയും സംഘത്തിന്റെയും വരവ്. എമര്‍ജിങ് സൂപ്പര്‍ സ്റ്റാര്‍ ടൊവീനോ തോമസിനൊപ്പം ബോളിവുഡ് താരം വമിഖ ഗാബി പ്രധാന വേഷത്തിലെത്തുന്ന 'ഗോദ'യുടെ വിശേഷങ്ങള്‍ സംവിധായകന്‍ ബേസില്‍ ജോസഫ് പങ്കുവെക്കുന്നു... 

Godha Official Teaser | Malayalam Movie | Tovino Thomas | Renji Panicker | Basil Joseph

കുഞ്ഞിരാമായണം ഒരു ദേശത്തിന്റെ കഥയായിരുന്നു, ഗോദ മറ്റൊരു ദേശത്തിന്റെ കഥയാണോ? 

ഗോദയും കണ്ണാടിക്കല്‍ എന്ന ദേശത്തിന്റെ കഥയാണ്. കുഞ്ഞിരാമായണത്തിന്റെയും ഗോദയുടെയും കഥാപശ്ചാത്തലും കഥാപാത്രങ്ങളും വ്യത്യസ്തമാണ്. കുഞ്ഞിരാമായണത്തിലെ ദേശം ഏറെക്കുറെ ഒരു സാങ്കല്‍പ്പിക ഭൂമികയായിരുന്നു. കഥാപാത്രങ്ങള്‍ ക്യാരിക്കേച്ചര്‍ സ്വാഭവമുള്ളവരും. ഗോദയുടെ കഥയും കഥാപാത്രങ്ങളും കൂടുതല്‍ റിയലസ്റ്റിക്കാണ്. കുഞ്ഞിരാമായണത്തിലെ കഥ നടക്കുന്നതും വികസിക്കുന്നതും ദേശത്ത് തന്നെയാണ്. ഗോദയിലേക്ക് വരുമ്പോള്‍ സിനിമയുടെ കാന്‍വാസ് കുറച്ചു കൂടി വലുതാകുന്നു. കണ്ണാടിക്കല്‍ എന്ന ഗ്രാമത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. കേരളത്തിനൊപ്പം മഹാരാഷ്ട്ര, പഞ്ചാബ് എന്നീ പ്രദേശങ്ങളിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. എന്നിരുന്നാലും ഇതൊരു ഗ്രാമീണ സിനിമയാണ്. പ്രാദേശികതക്കു പ്രാധാന്യമുള്ള തിരക്കഥയാണ് 'ഗോദ'യുടേത്. 

മലയാളത്തിന്റെ ദംഗല്‍, സുല്‍ത്താന്‍ എന്നീ വിശേഷണങ്ങളുണ്ടല്ലോ ഗോദക്ക് 

സുല്‍ത്താനും ദംഗലിനൊപ്പം ഗോദയെ താരതമ്യപ്പെടുത്തുന്നത് തന്നെ ശരിയല്ല. ആമീര്‍ഖാനേയും സല്‍മാന്‍ഖാനേയും പോലെയുള്ള ഇതിഹാസങ്ങൾ അഭിനയിച്ച വലിയ മുതല്‍മുടക്കുള്ള സിനിമകളാണ് അവ. ഗോദ മലയാളത്തിന്റെ പരിമിതമായ ബഡ്ജറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒരു കൊച്ചു സിനിമയാണ്. സുല്‍ത്താനും ദംഗലും സ്‌പോര്‍സ് മൂവികളോ ബയോഗ്രാഫിക്കല്‍ നരേറ്റിവ് സിനിമകളോ ആണ്. ഗോദ ഹാസ്യത്തിനു പ്രധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയിനറാണ്.  

സുല്‍ത്താന്‍, ദംഗല്‍ എന്നീ സിനിമകള്‍ റിലീസ് ചെയ്യും മുമ്പേ ഗോദയുടെ തിരക്കഥ രൂപപ്പെട്ടിരുന്നു. സാങ്കേതികമായ കാരണങ്ങള്‍ മൂലം ഷൂട്ടിങ് മൂന്നു മാസത്തോളം മുടങ്ങിപോയിരുന്നു. സിനിമ സമരം കാരണം ചിത്രത്തിന്റെ റിലീസിങ് തീയതി മാറ്റേണ്ടിയും വന്നിരുന്നു. അതേ സമയം സാങ്കേതികമായി ഏറ്റവും മികച്ച രീതിയില്‍ തന്നെയാണ് ഗോദ ഒരുക്കിയിരിക്കുന്നത്. നന്നായി ഹോം വര്‍ക്ക് ചെയ്തിട്ടു തന്നെയാണ് സിനിമ ചിത്രീകരിച്ചത്. 

tovino-basil-5

ഗുസ്തി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ സിനിമയിലുണ്ട്. അത് വിശ്വസീനയമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടണം. ഗുസ്തി അറിയാവുന്ന ഒരാള്‍ നാളെ സിനിമ കണ്ടിട്ടു ഇത് ഗുസ്തിയൊന്നുമല്ല നാടന്‍തല്ലാണെന്ന് പറയാന്‍ പാടില്ലല്ലോ. അതുകൊണ്ട് തന്നെ പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം പരീശിലനം നല്‍കുകയും അവര്‍ ശാരീരികമായും മാനസികമായും സിനിമക്കു വേണ്ടി തയ്യാറെടുക്കുകയും ചെയ്തിട്ടുണ്ട്. 

സിനിമക്കു വേണ്ടി അഭിനേതാക്കള്‍ക്ക് വലിയ കായികാദ്ധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ടോ

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ടൊവീനോ തോമസ്, രൺജി പണിക്കര്‍, വമിഖ എന്നിവരെല്ലാം തന്നെ സിനിമക്കു വേണ്ടി ശാരീരികമായും മാനസികമായും വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ടൊവീനോ ഒരു മാസത്തോളം ഫയല്‍വാന്‍ മിന്നല്‍ ജോര്‍ജ്ജിന്റെ കീഴില്‍ ഗുസ്തി പരീശിലിച്ചു. മൂന്നു മാസത്തോളം ബോഡി ബില്‍ഡിങ്ങനായി മാറ്റിവെച്ചു. കഥാപാത്രത്തിന്റെ പൂര്‍ണതക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ മടിയില്ലാത്ത വ്യക്തിയാണ്. ‍

Road to Godha - Tovino Thomas| Godha making video series| Episode 1

ടൊവീനെയെപ്പോലെ ഒരു യുവനടനെ പോലെ അത്ര എളുപ്പമായിരുന്നില്ല രൺജി പണിക്കര്‍ സാറിനെ പോലെ 56 വയസ്സുള്ള ഒരാളുടെ ബോഡി ബില്‍ഡിങ്. പ്രായത്തെ വകവെക്കാതെ അവിശ്വസിനീയമായ അദ്ധ്വാനം അദ്ദേഹം കഥാപാത്രത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. ഷൂട്ടിങ് ലൊക്കേഷനില്‍ അദ്ദേഹം ഡബല്‍സും വെയിറ്റുമായിട്ടാണ് വന്നിരുന്നത്. ഷൂട്ടിങ് ഇടവേളകളില്‍ അദ്ദേഹം വ്യായാമത്തിനായി സമയം കണ്ടെത്തിയിരുന്നു. നായിക വമിഖ മൂന്നു മാസത്തോളം പഞ്ചാബില്‍ അശോക് കുമാര്‍ എന്ന ഫയല്‍വാന്റെ കീഴില്‍ പരിശീലനം നേടിയിരുന്നു. ഒരുപാട് അപകട സാധ്യതയുള്ള വിനോദമാണ് ഗുസ്തി. പരുക്ക് പറ്റാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. അത്തരം എല്ലാ വെല്ലുവിളികളും ഏറ്റെടുത്താണ് കേന്ദ്രകഥാപാത്രങ്ങളെല്ലാം സിനിമക്കായി ഒരുങ്ങിയത്. ഷൂട്ടിങിനിടെ നായികക്കു പരിക്ക് പറ്റുകയും മൂന്നുമാസത്തോളം ചിത്രീകരണം മുടങ്ങുകയും ചെയ്തിട്ടുണ്ട്. 

tovino-basil

നായികകേന്ദ്രീകൃത സിനിമയാണോ ഗോദ 

ഇതൊരു നായിക കേന്ദ്രീകൃത സിനിമയെന്നു പറയാന്‍ പറ്റില്ല. നായികക്കു തുല്യ പ്രധാന്യമുള്ള സിനിമയെന്നു പറയുന്നതാകും ഉചിതം. ടൊവീനോ, വമിഖ, രൺജി പണിക്കര്‍ എന്നിവര്‍ക്ക് കഥാഗതിയില്‍ തുല്യ പ്രധാന്യമാണുള്ളത്. 

godha-making

പഞ്ചാബിലെ ഷൂട്ടിങ് വിശേഷങ്ങള്‍ 

ഗോദയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു പഞ്ചാബ്. പഞ്ചാബ് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം വരുന്ന ചിത്രം ബല്ലേ ബല്ലേ ഡാന്‍സും ഉയരമുള്ള കൂറെ ആള്‍ക്കാരും ഗോതമ്പ് നിറമുള്ള പെണ്‍കുട്ടികളുമൊക്കെയാണ്. അതിനെ ഒരുപരിധി വരെ ഗോദ ബ്രേക്ക് ചെയ്യുന്നുണ്ട്. കര്‍ഷകരുടെയും വീടിനുള്ളില്‍ കന്നുകാലികളെ വളര്‍ത്തുന്നവരുടെയുമൊക്കെ നമുക്ക് ചിരപരിചിതമല്ലാത്ത പഞ്ചാബിനെയാണ് സിനിമയില്‍ കാണാന്‍ കഴിയുക.. വിന്റര്‍ സീസണിലായിരുന്നു പഞ്ചാബിലെ ഷൂട്ടിങ്. അതുകൊണ്ടു തന്നെ മഞ്ഞു പൊഴിയുന്നത് ഉള്‍പ്പടെയുള്ള കാഴ്ചകള്‍ ഫ്രെയിമുകളെ സമ്പന്നമാക്കും. 

godha

ഗോദയൊരു മുഴുനീള ഗുസ്തിപടമാണോ 

ഗുസ്തിയാണ് സിനിമയുടെ പശ്ചാത്തലം എങ്കിലും ഇതൊരു മുഴുനീളം ഗുസ്തിപടമല്ല. ഗോദയൊരു കോമഡി ഫാമിലി എന്റര്‍ടെയിനറാണ്. കുട്ടികള്‍ക്കും ഫാമിലിക്കും സ്ത്രീകകള്‍ക്കും യുവാക്കള്‍ക്കും എല്ലാം ഒരേപോലെ ആസ്വദിക്കാവുന്ന ചിത്രമാണിത്. ഗോദയൊരു മ്യൂസിക്കല്‍ മൂവിയാണ്. ഷാന്‍ റഹ്മാന്‍ ഈണമിട്ട ഒന്‍പതു ഗാനങ്ങളാണ് സിനിമയിലുള്ളത്. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹണം. 

tovino-basil-1

സിനിമക്കു വേണ്ടി ക്രെയിനോ ജിബോ ഒന്നും ഉപയോഗിച്ചിട്ടില്ല. ജിബ്ബല്‍ എന്ന ഉപകരണത്തിന്റെ സഹായത്തോടെ ക്യാമറ കയ്യില്‍ ഹോള്‍ഡ് ചെയ്തായിരുന്നു ഷൂട്ടിങ്. നാലും അഞ്ചും മിനിട്ട് ദൈര്‍ഘ്യമുള്ള ഷോട്ടുകള്‍ ചിത്രീകരിക്കുമ്പോള്‍ ഭാരമേറിയ ക്യാമറ ഹോള്‍ഡ് ചെയ്തായിരുന്നു ഷൂട്ടിങ്. അക്ഷരാര്‍ത്ഥത്തില്‍ ക്യാമറയോട് ഗുസ്തി പിടിച്ചാണ് വിഷ്ണു പല രംഗങ്ങളും ചിത്രീകരിച്ചത്. ഗോദയൊരു ടീം സിനിമയാണ്. ഗുസ്തിരംഗങ്ങള്‍ പലതും അഞ്ഞൂറും ആയിരവും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. അത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിച്ചു ഷൂട്ട് ചെയ്യുക ശ്രമകരമായിരുന്നു.