Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹങ്കാരിയെന്ന വിശേഷണം; ടൊവിനോ മറുപടി പറയുന്നു

tovino-thomas

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് റേഡിയോ ജോക്കിയും ചാനല്‍ അവതാരകനുമായ സുഹൃത്തിനെ വിളിച്ചപ്പോള്‍ അദ്ദേഹം ഒരു ഇന്റര്‍വ്യൂ എടുക്കുന്ന തിരക്കിലായിരുന്നു. കൗതുകംകൊണ്ട് ആരെയാണ് അഭിമുഖം ചെയ്യുന്നതെന്ന് ചോദിച്ചു. എബിസിഡി സിനിമയിലെ ഒരു നടനാണെന്ന് പറഞ്ഞു. ആര് കോരയാണോ എന്ന് മറുചോദ്യം ചോദിച്ചു. അല്ലെന്നു പറഞ്ഞ ‌ആ സുഹൃത്ത് ഒട്ടും പരിചിതമല്ലാത്ത വായികൊള്ളാത്ത ഒരു പേര് പറഞ്ഞു. അതാരാപ്പാ എന്ന് ഞാന്‍ വീണ്ടും സംശയത്തോടെ ചോദിച്ചു. എബിസിഡിയിലെ രാഷ്ട്രീയക്കാരന്‍ അഖിലേഷ് വര്‍മ്മയെന്നു പറഞ്ഞു വ്യക്തത വരുത്തി. ഓകെയെന്നു പറഞ്ഞു ഫോണ്‍ കട്ട്് ചെയ്തു.

Tovino Thomas Gym Workout Video || Tovino WorkOut Video || Godha Movie Official

നാലുവര്‍ഷങ്ങള്‍ക്ക് ഇപ്പുറം ആ നടന് മുഖവരകളുടെയോ പരിചയപ്പെടുത്തലുകളുടെയോ ആവശ്യമില്ല. എന്നു നിന്റെ മൊയ്തീനിലെ അപ്പുവേട്ടനായും ഗപ്പിയിലെ എൻജിനീയര്‍ തേജസ് വര്‍ക്കിയായുമൊക്കെ അദ്ദേഹം മലയാള പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം കണ്ടെത്തി കഴിഞ്ഞു. സിനിമയില്‍ ഗോഡ്ഫാദര്‍മാരില്ലാതെ സ്വന്തം പ്രയത്‌നത്തിലൂടെ മലയാളത്തിലെ യുവനായകന്‍മാരിലെ ശ്രദ്ധേയ സാന്നിധ്യമാകുന്ന ടൊവീനോ തോമസ് തന്റെ ഏറ്റവും പുതിയ ചിത്രം ഗോദയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

ഗോദക്കു വേണ്ടി കഠിനമായ ശാരീരിക തയ്യാറെടുപ്പുകള്‍ വേണ്ടി വന്നിരുന്നോ

ഗോദ സിനിമ അനൗണ്‍സ് ചെയ്യുമ്പോള്‍ ഞാന്‍ ഔട്ട് ഓഫ് ഫിറ്റായിരുന്നു. ഗോദയെ സംബന്ധിച്ചിടത്തോളം അമാനുഷികനെന്നു തോന്നിപ്പിക്കുന്ന ഒരു ബോഡി ബില്‍ഡപ്പിന്റെ ആവശ്യമില്ലായിരുന്നു. ഒരു ഗുസ്തിക്കാരനെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ നാച്ചുറ്വല്‍ ഫിറ്റാകുകയായിരുന്നു വേണ്ടത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വൃത്തിയുള്ള ശരീരമാണ് ഗോദയിലെ കഥാപാത്രം ആവശ്യപ്പെട്ടിരുന്നത്. അതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിയത്. ഗുസ്തി കായികക്ഷമത ആവശ്യപ്പെടുന്ന കായികവിനോദമാണ്. ഫിറ്റായിരിക്കാനും സ്റ്റാമിന നിലനിര്‍ത്താനുമായിരുന്നു ശ്രമം. അതുപോലെ ചിത്രത്തിലെ ഗുസ്തി രംഗങ്ങള്‍ ചെയ്യുമ്പോള്‍ അത് പ്രേക്ഷകര്‍ക്കു വിശ്വസനീയമായി അനുഭവപ്പെടണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. ഒരു മാസത്തോളം ഫയല്‍വാന്‍ മിന്നല്‍ ജോര്‍ജ്ജ് ആശാന്റെ കീഴില്‍ ഗുസ്തിയില്‍ പരിശീലനം നേടിയിരുന്നു. ഷൈജന്‍ ആഗസ്റ്റിന്റെ മേല്‍നോട്ടത്തിലായിരുന്നു ബോഡി ബില്‍ഡിങ് വര്‍ക്ക് ഔട്ട്‌സ് ചെയ്തിരുന്നത്.

tovino-basil-godha

ഗോദ സിനിമയുടെ ഭാഗമാകുന്നതിനു മുമ്പ് ഗുസ്തിയില്‍ തല്‍പരനായിരുന്നോ

എനിക്ക് ഗുസ്തിയെക്കുറിച്ചു കൃത്യമായി ധാരണ ഉണ്ടായിരുന്നില്ല. ഗുസ്തിയില്‍ തന്നെ ഗാട്ടാ ഗുസ്തിയും ഫ്രീ സ്റ്റെല്‍ ഗുസ്തിയും തമ്മില്‍ നല്ല അന്തരമുണ്ട്. സിനിമക്കു വേണ്ടിയാണ് ആദ്യമായി ഗുസ്തി നിയമങ്ങള്‍ പഠിക്കുന്നത്. സിനിമക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ ഗാട്ടാ ഗുസ്തിയുടെയും ഫ്രീ സ്റ്റെയില്‍ ഗുസ്തിയുടെയും നിയമങ്ങള്‍ എനിക്കറിയാം. സിനിമക്കു വേണ്ടി തിയറിയായി നിയമങ്ങള്‍ പഠിക്കുകയും പ്രാക്ടീക്കലായി അത് ചെയ്തു നോക്കുകയും വേണമായിരുന്നു.

tovino-godha

ആജ്ഞനേയ ദാസെന്ന കഥാപാത്രത്തെക്കുറിച്ച്

ആജ്ഞനേയ ദാസ് അഥാവ ദാസന്‍ പ്രത്യേകിച്ചു ജീവിതത്തില്‍ ലക്ഷ്യങ്ങളൊന്നും ഇല്ലാത്ത ഒരു വ്യക്തിയാണ്. കൂട്ടുകാര്‍ക്കൊപ്പം ഇങ്ങനെ അടിച്ചുപൊളിച്ചു നടക്കുന്ന ഒരാള്‍. എന്നാല്‍ അയാള്‍ക്കൊരു ഭൂതകാലമുണ്ട്. അയാളുടെ ഭൂതകാലം, പ്രണയം, സൗഹൃദം ഇവയിലൂടെയൊക്കെയാണ് സിനിമ സഞ്ചരിക്കുന്നത്. പിതാവ് ക്യാപ്റ്റന്‍ ഫയല്‍വാനും (രൺജി പണിക്കര്‍) അയാളും തമ്മിലുള്ള ആത്മസംഘര്‍ഷങ്ങളുടെ കഥകൂടിയാണിത്.

രൺജി പണിക്കരെ പോലെ സീനിയറായ ആര്‍ട്ട്‌സിറ്റിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായിരുന്നോ ബോഡി ബില്‍ഡിങ്

ഞാനൊക്കെ സിനിമയിലെ കഥാപാത്രങ്ങള്‍ക്കു വേണ്ടി മാത്രം വര്‍ക്ക്ഔട്ട് ചെയ്യുകയും ഫിറ്റാകുകയും ചെയ്യുന്ന വ്യക്തിയാണ്. രൺജി പണിക്കര്‍ സാര്‍ അങ്ങനെയല്ല. അദ്ദേഹം കഴിഞ്ഞ 30 വര്‍ഷത്തോളമായി കൃത്യമായി വര്‍ക്ക്ഔട്ട് ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹം കോളജ് കാലഘട്ടത്തിലൊക്കെ ബോക്‌സിങ് ചാംപ്യനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. 'ഗോദ'യിലെ കഥാപാത്രത്തിന്റെ പൂര്‍ണതക്കു വേണ്ടി അദ്ദേഹം നന്നായി കായിക അദ്ധ്വാനം ചെയ്തിട്ടുണ്ട്. ഷൂട്ടിങിന്റെ ഇടവേളകളില്‍ പോലും അദ്ദേഹം ബോഡി ബില്‍ഡ് ചെയ്യാനായി വിനിയോഗിക്കുമായിരുന്നു.

tovino-makeover

ദംഗല്‍, സുല്‍ത്താന്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പമുള്ള താരതമ്യം ചിത്രത്തെ നെഗറ്റീവായി ബാധിക്കുമോ

ദംഗലിനൊപ്പമോ സുല്‍ത്താനൊപ്പമോ ഗോദയെ താരതമ്യപ്പെടുത്തുന്നതില്‍ ഭയമില്ല. കാരണം ഗോദ ആ ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവ വലിയ ബഡ്ജറ്റില്‍ വലിയ ക്യാന്‍വസില്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളും സന്നാഹങ്ങളും ഉപയോഗിച്ചു ചെയ്തിട്ടുള്ള സിനിമയാണ്. ഗോദ നമ്മുടെ
പരിമിതമായ ബഡ്ജറ്റില്‍ നിന്നു കൊണ്ട് പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി നി്‍മ്മിച്ച ചിത്രമാണ്. എന്നാല്‍ ഏറ്റവും മികച്ച റിസല്‍ട്ട് ലഭിക്കാന്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രയത്‌നിച്ചിട്ടുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് നിര്‍മ്മിച്ച ഒരു ചിത്രമെന്ന നിലയില്‍ ദംഗലിനേക്കാളും സുല്‍ത്താനേക്കാളും കൂടുതല്‍ അദ്ധ്വാനം ഗോദക്കു പിന്നിലുണ്ടെന്നതാണ് സത്യം. ഇത് ഗുസ്തിയുടെ പശ്ചാത്തലത്തില്‍ പറയുന്ന കോമഡി ചിത്രമായിരിക്കുമെന്ന വ്യക്തമായ സൂചന ട്രെയിലര്‍ നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്കിടയില്‍ അത്തരമൊരു ആശയകുഴപ്പമുണ്ടെന്നു തോന്നുന്നില്ല.

ഗപ്പിയില്‍ നിന്ന് മെക്‌സിക്കന്‍ അപാരതയില്‍ എത്തിനില്‍ക്കുമ്പോള്‍ ടൊവീനയുടെ താരമൂല്യം സിനിമയുടെ വിജയത്തില്‍ നിര്‍ണായമാകുന്നില്ലേ

ഞാന്‍ അതിനെ താരമൂല്യമെന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നില്ല, മറിച്ച് ജനപ്രീതി കൂടിയിട്ടുണ്ട്. അതിനു തുടര്‍ച്ചയുണ്ടാകണമെന്നു പ്രേക്ഷകരുടെ പിന്തുണ വേണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന, മിനിമം ഗ്യാരന്റിയുള്ള സിനിമകളുടെ ഭാഗമാകണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്.

കഥാപാത്രങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സെലക്റ്റീവാണോ

tovino

ഞാന്‍ തുടക്കം മുതലേ സെലക്റ്റീവാണ്. എന്നെ തൃപ്തിപ്പെടുത്തുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്നു തോന്നുന്ന കഥാപാത്രങ്ങളാണ് ആദ്യം മുതല്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നത്.

ജനപ്രീതിക്കൊപ്പം അഹങ്കാരി, ജാഡ എന്നൊക്കെയുള്ള ടാഗുകളും ടൊവീനോക്കൊപ്പം ചേര്‍ത്തുവെക്കുന്നുണ്ടല്ലോ

എന്നെ വ്യക്തിപരമായി അറിയാവുന്ന ആളുകള്‍ക്കോ എന്നോട് ഒരു തവണയെങ്കിലും സംസാരിച്ചിട്ടുള്ളവര്‍ക്കോ അറിയാം ഞാന്‍ അത്തരത്തിലുള്ള ഒരു വ്യക്തിയല്ലെന്ന്. ഇന്നൊരു അഭിമുഖം നല്‍കുമ്പോള്‍ അതില്‍ വലിയ അപകടമുണ്ട്. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാം. ഞാന്‍ പറഞ്ഞ കാര്യത്തിലെ ഒരു വാചകം അടര്‍ത്തിയെടുത്തു നല്‍കിയാല്‍ പറഞ്ഞതിന്റെ അര്‍ത്ഥം മുഴുവന്‍ മാറിയേക്കാം. നമ്മള്‍ പറയുന്നതും ആളുകള്‍ മനസ്സിലാക്കുന്നതും രണ്ടു രീതിയിലാകും. കുറച്ചുകാലം കഴിയുമ്പോള്‍ അത്തരം തെറ്റിദ്ധാരണകള്‍ക്കു മാറ്റം വരുമെന്നു കരുതാം.

ഒരു നടന്‍ സിനിമക്കു അകത്തും പുറത്തുമുള്ള കാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കേണ്ടയാളാണെന്നു കരുതുന്നുണ്ടോ

സ്വന്തം അഭിപ്രായമോ നിലപാടോ പങ്കുവെക്കാന്‍ അയാള്‍ രാഷ്ട്രീയക്കാരനോ സിനിമക്കാരനോ ആകണമെന്നു നിര്‍ബന്ധമൊന്നുമില്ല. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എനിക്ക് സ്വതന്ത്രമായി എന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കാം. ഓരോ ആളുകളും ഓരോ രീതിയിലാണ് ഓരോ വിഷയങ്ങളോട് പ്രതികരിക്കുക. ചില വ്യക്തികള്‍ പരസ്യമായി നിലപാട് എടുക്കാന്‍ താല്‍പര്യപ്പെടാറില്ല. അത് അവരുടെ രീതി. അവരെ അതിനു നിര്‍ബന്ധിക്കുന്നതും ശരിയല്ല.

പുതിയ സിനിമകള്‍

tovino

സുഹൃത്ത് കൂടിയായ അരുണ്‍ ഡൊമിനിക്ക് സംവിധാനം ചെയ്യുന്ന തരംഗമാണ് റിലീസിങിനു തയ്യാറെടുക്കുന്ന ചിത്രം. ആഷിക്ക് അബുവിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നു കരുതുന്നു.