Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ശുദ്ധവിവരക്കേട്, ബീഫ് നിരോധനം മോദി അറിഞ്ഞോ ആവോ; മാമൂക്കോയ

mamukkoya-latest

രാജ്യത്തെ ജനങ്ങൾ ബീഫ്(കാള, പോത്ത്, പശു എന്നിവയയെല്ലാം നമ്മൾ അങ്ങനെയാണല്ലോ പൊതുവേ പറയാറ്)കഴിക്കുന്നതിന് കേന്ദ്ര ഭരണം മാറിയതിനു ശേഷം പലയിടത്തും അസ്വാരസ്യങ്ങളുയർന്നിരുന്നു. ചിലയിടങ്ങളിൽ ബീഫ് നിരോധനം തന്നെ ഏർപ്പെടുത്തി. എവിടെ ബീഫ് നിരോധനം വന്നാലും നമ്മൾ മലയാളികൾ ശക്തമായ പ്രതിഷേധം, അതും ബീഫ് ഫെസ്റ്റിവൽ നടത്തി അറിയിച്ചിരുന്നു. അങ്ങനെ ഇങ്ങനെ പോകും എന്നു കരുതിയ ബീഫ് നിരോധനത്തെ അൽപം വളച്ചൊടിച്ച് ഉത്തരവായി തന്നെ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്നു. പ്രതിഷേധം പലവിധേന മുന്നോട്ടു പോകുമ്പോൾ ചിലര്‍ എങ്ങനെയാണ് ഈ വിഷയത്തോട് പ്രതികരിക്കുന്നതെന്നറിയാൻ ഒരു കൗതുകമുണ്ടാകുമല്ലോ. അതിലൊരാളാണ് നടൻ മാമുക്കോയ. മാമുക്കോയയോട് ഇക്കാര്യത്തിൽ അഭിപ്രായം ചോദിച്ചു തുടങ്ങിയപ്പോൾ പ്രതിരോധത്തിന്റ മാർഗമാണ് ആദ്യം പുറത്തെടുത്തത്...

ഞാനെന്ത് പറയാനാണ്...

എല്ലാരും പറഞ്ഞില്ലേ...

അതൊക്കെ തന്നെയുള്ളൂ പറയാനായിട്ട്...

ചോദ്യം ഒന്നുകൂടി ആവർത്തിച്ചപ്പോൾ പതിവുപോലെ മാമുക്കോയ തന്റേതായ ശൈലിയിൽ സംസാരിച്ചു തുടങ്ങി...ഇതൊക്കെ ശുദ്ധ വിവരക്കേടല്ലേയെന്ന് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ വ്യക്തം. 

സുപ്രീംകോടതി പറഞ്ഞോ രാജ്യത്ത് കശാപ്പിനായി കന്നുകാലിയെ വില്‍ക്കരുതെന്ന്? ഇല്ലാലോ? അപ്പോൾ പിന്നെന്താണ്? മാമുക്കോയ ചോദിക്കുന്നു. 

‘ഇതൊക്കെ ശുദ്ധ വിവരക്കേടാണ്. മതത്തെ കുറിച്ചറിയാത്തവരാണീ ഈ നാട്ടിലെ പല മതമേലധ്യക്ഷന്‍മാരും രാഷ്ട്രീയത്തെ കുറിച്ചറിയാത്തവരാണ് പല രാഷ്ട്രീയ നേതാക്കളും. അവരിൽ നിന്നു മറ്റെന്താണു നമ്മൾ പ്രതീക്ഷിക്കേണ്ടത്. ഈ നിയമത്തോടുള്ള പ്രതിഷേധമായി കണ്ണൂരിൽ മാടിനെ പരസ്യമായി അറുത്ത് കറിവയ്ക്കാൻ നൽ‌കിയില്ലേ? അതിനെയൊക്കെ വിവരക്കേട് എന്നല്ലാതെ മറ്റെന്തു പറയാനാണ്? 

പ്രധാനമന്ത്രി പോലും ഇതു മനസറിഞ്ഞ് ഏര്‍പ്പെടുത്തിയതാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. അല്ലെങ്കിൽ ഇത്രയും യുക്തിയില്ലാത്ത തീരുമാനങ്ങൾ അദ്ദേഹം എടുക്കുമോ? നരേന്ദ്ര മോദി രാജ്യത്തിന്റെ വികസനത്തിനായി കുറേ നൂതനമായ കാര്യങ്ങളൊക്കെ അവതരിപ്പിച്ചുകൊണ്ടു കടന്നുവന്നയാളാണ്. അദ്ദേഹം ഇത്തരത്തിലുള്ള കുറേ കാര്യങ്ങളിലേക്കു വ്യതിചലിച്ചു പോകുന്നത് ശരിയല്ല. അദ്ദേഹത്തിനു ചുറ്റുമുള്ള ആരൊക്കെയോ ചേർന്നാണ് ഇത്തരം തീരുമാനങ്ങളിലേക്കെത്തിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്. 

ഭക്തി എന്ന പേരില്‍ കാണിച്ചു കൂട്ടുന്നതും പറഞ്ഞു നടക്കുന്നതുമെല്ലാം വെറും ഭ്രാന്തു മാത്രമാണ്. ശരിയായ രീതിയിൽ ദൈവത്തെ അറിഞ്ഞവരാരും ഭക്തി എന്ന പേരിൽ നടക്കുന്ന കോപ്രായങ്ങളിൽ ചെന്നു ചാടില്ല. എനിക്കുറപ്പാണ്. ഇത്രയേയുള്ളൂ ഈ വിഷയത്തിൽ പറയാൻ. രാഷ്ട്രീയത്തിന്റെ കാര്യത്തിലായാലും ശരി തന്നെ. പണ്ടൊക്കെ എല്ലാ പാർട്ടിയിലും നല്ല ബോധമുള്ള നേതാക്കൻമാരുണ്ടായിരുന്നു. കാര്യബോധമുള്ളവർ. ഇന്ന് ഒരു പാർട്ടിയിലും അത്തരക്കാരില്ല. അതിന്റെയൊക്കെ ഫലമാണ് ഇത്തരം കാര്യങ്ങളൊക്കെ. മാമുക്കോയ പറഞ്ഞു.

ഒന്നിനോടും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. എന്റെ കാഴ്ചപ്പാട് പറഞ്ഞുവെന്നു മാത്രം. ബീഫ് കഴിക്കണമെന്നോ കഴിക്കരുതെന്നോ ഇസ്ലാം മതഗ്രന്ഥത്തിൽ പറഞ്ഞിട്ടൊന്നുമില്ല. 

ഇനി ബീഫ് കഴിച്ചില്ലേൽ ചത്തു പോകുമോ എന്നു ചോദിച്ചാല്‍ അതും ഇല്ല. രാജ്യത്തെ നോട്ടുകളെല്ലാം പിന്‍വലിച്ച് 2000ന്റെ നോട്ട് ഇറക്കിയപ്പോൾ നമ്മൾ സഹിച്ചില്ലേ?  കാലങ്ങളായുള്ള മനുഷ്യന്റെ ജീവിതരീതിയുടെ ഭാഗമായാണല്ലോ ആഹാരശൈലി ഉടലെടുത്തത്. ബീഫും അത്തരത്തിലൊരു ആഹാരമാണ്. അത് പെട്ടെന്ന് വേണ്ടെന്നു പറയുമ്പോൾ ഒരു വിഷമം. അത്രയേയുള്ളൂ.’–മാമൂക്കോയ പറഞ്ഞു.

വയനാടിലാണ് ഇപ്പോൾ എന്നു പറഞ്ഞു മാമുക്കോയ ഫോൺ വയ്ക്കുമ്പോൾ ചിലതു പറയാതെ വയ്യ. വെള്ളിത്തിരയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളോടു തോന്നിയത്രയും ആത്മബന്ധം സിനിമയ്ക്കപ്പുറം നിന്നുകൊണ്ട് സമൂഹത്തിൽ സൃഷ്ടിക്കാൻ ചില താരങ്ങൾക്കേ സാധിക്കുകയുള്ളൂ. ഒൗപചാരികതകളില്ലാത്ത അവരുടെ വർത്തമാനങ്ങളിൽ തെളിയുന്ന നിലപാടുകൾ തന്നെയാകും ഇനിയും യുക്തിബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹത്തിനു പറയാനുളളതും. മാമുക്കോയ അത്തരത്തിലൊരു അഭിനേതാവാണ്.