Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമൽ നീരദിനും അൻവർ റഷീദിനും മലയാളസിനിമയിൽ വിലക്കോ?

amal-neerad-anwar-rasheed

കൊച്ചി ∙ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച സമരത്തിൽ പങ്കെടുത്തില്ല എന്ന ഒറ്റക്കാരണത്താൽ റിലീസ് ചെയ്ത സിനിമയുടെയും റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളുടെയും ഭാവി സംബന്ധിച്ച് ആശങ്കയിൽ സംവിധായകരും നിർമാതാക്കളുമായ അമൽ നീരദും അൻവർ റഷീദും. സി.ഐ.എ എന്ന പുതിയ ചിത്രം നേരിടുന്ന വിലക്കിനെക്കുറിച്ചും പറവ എന്ന വരാനിരിക്കുന്ന ചിത്രം നേരിടുന്ന ഭീഷണിയെക്കുറിച്ചും ഇരുവരും മനോരമ ഒാൺലൈനിനോടു സംസാരിക്കുന്നു. 

‘‘മേയ് അഞ്ചിനാണ് സി.െഎ.എ റിലീസ് ചെയ്തത്. ബാഹുബലി റിലീസ് ചെയ്തത് ഏപ്രിൽ 28–നാണ്. അന്യഭാഷാ സിനിമകൾക്ക് നേരത്തെ മുതൽ മൾട്ടിപ്പിൾ റിലീസ് സാധ്യമായിരുന്നെങ്കിലും മലയാള സിനിമകൾക്ക് അത്തരത്തിൽ റിലീസ് ചെയ്യാൻ അനുമതി ലഭിച്ചത് അടുത്തിടെയാണ്. ബാഹുബലി റിലീസ് ചെയ്തതോടെ സി.ഐ.എ പ്രദർശിപ്പിക്കാമെന്നു വാക്കാൽ പറഞ്ഞ പല തിയറ്ററുകളും അതിൽനിന്നു പിന്മാറി. കോഴിക്കോട് അപ്സര തിയറ്ററുമായി 4 ഷോ കളിക്കാമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. 

 

റിലീസിന്റെ തലേന്ന് അവർ പറഞ്ഞു, 3 ഷോയെ കളിക്കൂ 2 ഷോ ബാഹുബലി കളിക്കുമെന്ന്. ഉടമ്പടി ലംഘനം കാണിച്ച് അപ്പോൾത്തന്നെ ഞങ്ങൾ അസോസിയേഷനിൽ പരാതി കൊടുത്തു. എന്നാൽ സി.ഐ.എ ഇറങ്ങി 3 ദിവസം കഴിഞ്ഞപ്പോൾ ബാഹുബലി 3 ഷോയും ഞങ്ങളുടെ സിനിമ രണ്ടു ഷോയുമാക്കി. ഹോൾഡ് ഒാവറായാൽ മാത്രമെ ഒരു പടം മാറ്റാൻ പറ്റൂ. സി.ഐ.എ ഹോൾഡ് ഒാവറായില്ലെന്നു മാത്രമല്ല ആദ്യ 3 ദിവസം ഹൗസ്ഫുൾ ആയാണ് ഒാടിയതും. ഷോകളുടെ എണ്ണം രണ്ടാമതും കുറച്ചപ്പോൾ വീണ്ടും കത്തു കൊടുത്തു. എന്നാൽ ഇൗ രണ്ടു കത്തുകളും സംബന്ധിച്ച് ഒരു നടപടിയും അവിടെ നിന്നുണ്ടായില്ല. ഒന്നു രണ്ട് ആളുകൾ ഫോണിൽ വിളിച്ച് ‘ഞങ്ങൾ നോക്കിക്കോളാം’ എന്നൊക്കെ പറഞ്ഞതല്ലാതെ സിനിമയെ സഹായിക്കുന്ന ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നുണ്ടായില്ല.

 

മെയ് 16–ന് ഞങ്ങളുടെ ഒാഫിസ് നമ്പറിലേക്ക് (എന്റെയോ അൻവറിന്റെയോ മൊബൈലിലേക്കല്ല) ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഒാഫിസിലെ മാനേജരായ മോഹനൻ എന്നയാൾ വിളിച്ച് 19–ാം തീയതി മുതൽ മൾട്ടിപ്ലെക്സ് സമരമാണ്. പടം കൊടുക്കാൻ പാടില്ല എന്നു പറഞ്ഞു. സാധാരണ ഒരു സമരം വരുമ്പോൾ അപ്പോൾ തിയറ്ററിൽ ഒാടുന്ന സിനിമകളെ ഒഴിവാക്കാറാണ് പതിവ്. ഒന്നു രണ്ടു വർഷത്തെ അധ്വാനം കൊണ്ട് ഉണ്ടാക്കിയ ചിത്രമാണ്. മൾട്ടിപ്ലെക്സുകളിൽനിന്നു മാറ്റിയാൽ നഷ്ടം നേരിടും. സി.ഐ.എ ഇറങ്ങി രണ്ടാം ദിവസം പൈറേറ്റഡ് കോപ്പി ഇറങ്ങിയതാണ്, അതിനു പിന്നാലെ സിനിമ മാറ്റുക കൂടി ചെയ്താൽ അതു കനത്ത നഷ്ടമാകും. ഇതെല്ലാം കാണിച്ച് മൂന്നാമതൊരു കത്തു കൂടി അസോസിയേഷനു കൊടുത്തു. പക്ഷേ അതിനും മറുപടി ലഭിച്ചില്ല. കത്തോ അറിയിപ്പോ ഒന്നുമില്ലാതെ ഒരു സമരം. നാളെ ഒരു പ്രശ്നമുണ്ടാകുമ്പൊ തെളിവ് ഉണ്ടാകാതിരിക്കാനാവണം, ഒരു അറിയിപ്പും ഒരു കാലത്തും ലഭിച്ചിട്ടില്ല. 

 

ബാഹുബലി പോലൊരു വലിയ സിനിമ റിലീസ് ചെയ്യുന്നു. അതിനും നോമ്പിനും മഴയ്ക്കുമിടയിലുള്ള ചെറിയ ഒരു സമയത്താണ് ഇൗ ചിത്രം റിലീസ് ചെയ്തത്. രണ്ടാം ദിവസം ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പിയുമിറങ്ങി. അങ്ങനെയൊരു അവസ്ഥയിൽ സമരത്തിൽനിന്ന് ഞങ്ങളെ ഒഴിവാക്കണം എന്നാണ് ഞങ്ങൾ കത്തിൽ പറഞ്ഞിരുന്നത്. അഞ്ചാം തീയതി ഞങ്ങൾ കൊടുത്ത പരാതിയിൽ  ഒരു തീർപ്പും കൽപ്പിക്കാത്ത സംഘടന പെട്ടെന്നൊരു ദിവസം, ഓടിക്കൊണ്ടിരിക്കുന്ന സിനിമ പിൻവലിക്കണം എന്ന് ഒരു ഒൗദ്യോഗിക അറിയിപ്പു പോലുമില്ലാതെ ആവശ്യപ്പെടുന്നത് അനീതിയല്ലേ ?

 

ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഒരു ബെനിഫിഷ്യറി സംഘടനയാണ്. അതിലെ അംഗങ്ങളുടെ ഗുണത്തിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ഒരു പ്രസ്ഥാനം. ഞങ്ങളാരും സമരത്തിന് എതിരല്ല. ഇങ്ങനെയൊരു സമരം വരുന്നുണ്ടെന്ന് മൂന്നു മാസം മുമ്പോ, ഒരു മാസം മുമ്പോ, 15 ദിവസം മുമ്പോ എങ്കിലും  അറിയിച്ചിരുന്നെങ്കിൽ ഞങ്ങളും ഒപ്പം നിന്നേനെ. മലയാള സിനിമയിൽ ഇപ്പോൾ മാർക്കറ്റിങ്ങിനു വേണ്ടി ലക്ഷങ്ങളാണ് മുടക്കുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച തികയും മുമ്പ് ചിത്രം മാറ്റണമെന്ന് പറഞ്ഞാൽ അതെങ്ങനെ അംഗീകരിക്കാനാവും ?

cia-review-1

 

ഒരു ചർച്ചയും നടത്താതെ, ഒാടിക്കൊണ്ടിരിക്കുന്ന സിനിമ നിർത്തണം എന്നു പറയുന്നത് ആ സിനിമയെ കൊല്ലുന്നതിനു തുല്യമാണ്. അതുകൊണ്ട് ആ അപ്രഖ്യാപിത സമരത്തിൽ പങ്കെടുക്കാതെ ഞങ്ങൾ സി.ഐ.എ മൾട്ടിപ്ലെക്സിൽ ഒാടിച്ചു. രക്ഷാധികാരി ബൈജു എന്ന ചിത്രവും സമരത്തിൽ പങ്കെടുക്കാതെ മൾട്ടിപ്ലെക്സിലെ ഷോ തുടർന്നു. പിന്നീടിറങ്ങിയ ഗോദ, കെയർഫുൾ, അഡ്വഞ്ചേഴ്സ് ഒാഫ് ഒാമനക്കുട്ടൻ എന്നീ സിനിമകളും മൾട്ടിപ്ലെക്സിൽ കളിച്ചു. അച്ചായൻസ്, രാമന്റെ ഏദൻതോട്ടം എന്നീ ചിത്രങ്ങൾ മൾട്ടിപ്ലെക്സിൽ കളിച്ചുമില്ല. അങ്ങനെ അഞ്ചു സിനിമകൾ സമരത്തിൽ പങ്കെടുത്തില്ല. രണ്ടു സിനിമകൾ പങ്കെടുത്തു. പക്ഷേ നഷ്ടം വന്നത് മലയാള സിനിമയ്ക്കു മാത്രം. 

 

സമരത്തിൽ പങ്കെടുക്കാതെ മൾട്ടിപ്ലെക്സിൽ ഞങ്ങൾ സിനിമ പ്രദർശിപ്പിക്കുന്നത് തുടർന്നതോടെ, പിന്നീട് സിനിമ പ്രദർശിപ്പിക്കേണ്ട ബി, സി ക്ലാസ് തിയറ്ററുകളിൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിൽനിന്നു വിളിച്ച് ‘ഇൗ ചിത്രം പ്രദർശിപ്പിക്കരുത്, വിലക്കാണ്’ എന്നു പറഞ്ഞു. അങ്ങനെ 49 തിയറ്ററുകളിലെ റിലീസ് കഴിഞ്ഞ 42 ദിവസമായി അസോസിയേഷൻ തടഞ്ഞു വച്ചിരിക്കുകയാണ്. പെരുന്നാളിനോട് അനുബന്ധിച്ച് മലബാറിലെ പല തിയറ്ററുകളും ചിത്രം പ്രദർശിപ്പിക്കാമെന്നു അറിയിക്കുകയും പോസ്റ്റർ വരെ ഒട്ടിക്കുകയും ചെയ്തു. എന്നാൽ അസോസിയേഷനിൽനിന്ന് വിളിച്ച് സി.ഐ.എയ്ക്ക് വിലക്കാണ് പ്രദർശിപ്പിക്കരുത് എന്ന് പറഞ്ഞു. വിലക്കു ലംഘിച്ചാൽ ഇനി മറ്റു സിനിമകൾ ലഭിക്കില്ലെന്നു ഭീഷണിയും.

 

parava

കുറച്ചു നാൾ മുമ്പും ഇതു പോലൊരു സമരം മലയാള സിനിമയിൽ ഉണ്ടായിരുന്നു. അന്ന് സമരം തീർന്നതിനോടൊപ്പം ഒരു കോർ കമ്മിറ്റി കൂടി രൂപീകരിക്കപ്പെട്ടു. മുന്നറിയിപ്പില്ലാത്ത സമരങ്ങൾ ഇനി ഉണ്ടാവില്ല, സിനിമകൾ കളിക്കാതിരിക്കില്ല എന്നൊക്കെയായിരുന്നു അന്ന് ആ കമ്മിറ്റി നൽകിയ ഉറപ്പുകൾ. അതിനാൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായപ്പോൾ ഞങ്ങൾ കോർ കമ്മിറ്റിക്കും പരാതി കൊടുത്തു. കോർ കമ്മിറ്റി അങ്ങനെ ഞങ്ങളെ ചർച്ചയ്ക്ക് വിളിച്ചു. ദിലീപുൾപ്പടെയുള്ള കോർ കമ്മിറ്റി അംഗങ്ങൾ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഞങ്ങൾ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പരാതി കൊടുത്ത കാര്യമൊന്നും കോർ കമ്മിറ്റി അംഗങ്ങൾക്ക് അറിയില്ലായിരുന്നു. 

 

ആ ചർച്ചയിൽ ഞങ്ങൾ നേരത്തെ പരാതി കൊടുത്തതും അപ്സര തിയറ്ററിന്റെ വിഷയവുമൊക്കെ പറഞ്ഞു. അതൊക്കെ പരിഹരിക്കാം എന്നവർ ഉറപ്പു നൽകി. ആ സമയത്ത് മൾട്ടിപ്ലെക്സ് സമരവും ഏതാണ്ട് ഒത്തുതീർപ്പാക്കിയിരുന്നു. അന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലെ ചലച്ചിത്ര രാമകൃഷ്ണൻ എന്ന ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹി ഞങ്ങളോടു പറഞ്ഞത് ‘സമരം ഒത്തുതീർപ്പായി, നിങ്ങളുടെ പരാതികൾക്കും പരിഹാരം ഉണ്ടാക്കിത്തരാം. പക്ഷേ നിങ്ങൾ സിനിമ പിൻവലിക്കണം’ എന്നാണ്. സമരം ഒത്തുതീർപ്പായെങ്കിൽ പിന്നെന്തിനാണ് സിനിമ പിൻവലിക്കുന്നതെന്ന് ഞങ്ങൾ ചോദിച്ചു. പക്ഷേ അതിന് അവർക്ക് ഉത്തരമില്ലായിരുന്നു. ഒടുവിൽ ‘നിങ്ങളുടെ പരാതികൾ പരിഹരിക്കാം, നിങ്ങളെ ബന്ധപ്പെട്ടോളാം’ എന്നു പറഞ്ഞു ചർച്ച പിരിഞ്ഞു. അതു കഴിഞ്ഞ് രണ്ടാഴ്ചയായി. ഇതു വരെ ആരും വിളിച്ചുമില്ല. ഒന്നും പരിഹരിച്ചുമില്ല. ഇൗ മീറ്റിങ്ങിനു ശേഷം ബാക്കിയുള്ള സിനിമകളുടെ വിലക്ക് അവർ നീക്കി. അവരുടെ ചിത്രങ്ങൾ ബി, സി ക്ലാസ് തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുമുണ്ട്. പക്ഷേ ഞങ്ങളെ മാത്രം ഇപ്പോഴും വിലക്കിയിരിക്കുകയാണ്. കോർ കമ്മിറ്റി അംഗങ്ങളോട് അന്വേഷിച്ചപ്പോൾ ഞങ്ങളെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. 

 

dulquer-amal-neerad

ഇൗ വിലക്കുകൾ നിയമപരമല്ല. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയാൽ നോട്ടിസ് നൽകി പുറത്താക്കാം. അല്ലാതെ ഫോൺ വിളിച്ച് അവരുടെ സിനിമ പ്രദർശിപ്പിക്കരുത് എന്നുപറയുന്നത് ശരിയല്ലല്ലോ. വിലക്കിയോ എന്നു ചോദിച്ചാൽ വിലക്കി. തെളിവുണ്ടോ എന്നു ചോദിച്ചാൽ ഇല്ല. സമരവും വിലക്കും അപ്രഖ്യാപിതമാണ്. ലെവി അടച്ചാണ് നമ്മളൊക്കെ സംഘടനയിൽ അംഗങ്ങളായി നിൽക്കുന്നത്. എന്നാൽ ഒരു അപ്രഖ്യാപിത സമരം നടത്തുന്നതു പോലുള്ള നിർണായകമായ തീരുമാനങ്ങൾ എടുക്കുന്ന സമയത്ത്, അപ്പോൾ‌ ഒാടുന്ന സിനിമയുടെ നിർമാതാവെന്ന നിലയിൽ ഒരു വാക്കെങ്കിലും ചർച്ച ചെയ്യാൻ  വിളിക്കേണ്ടേ ?

 

വിലക്കുകൾ എല്ലായ്പ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാൽ എന്തുകൊണ്ട് ഉണ്ടാവുന്നു എന്നാരും ചിന്തിക്കുന്നില്ല. അപ്രഖ്യാപിത സമരങ്ങൾ വരുന്നതെപ്പോഴാണ് ? ഞങ്ങളുടെ സിനിമകൾ ഉള്ളപ്പോൾ. അസോസിയേഷന്റെ നേതൃത്വത്തിലുള്ളവരുടെ സിനിമകൾ ഉള്ളപ്പോൾ സമരമില്ല എന്ന അവസ്ഥ. റമസാൻ സിനിമകൾ റിലീസ് ചെയ്യാറായപ്പോഴേക്ക് സമരം പെട്ടെന്ന് ഒത്തുതീർന്നതിന്റെ പിന്നിലെ രഹസ്യം എന്താണ് ? ഇങ്ങനെയൊരു സമരം ഉണ്ടാവുമെന്ന് നേരത്തെ അറിയാമായിരുന്നവർ റിലീസ് മാറ്റി വച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്.  അന്യഭാഷാ ചിത്രങ്ങൾ റിലീസ് ചെയ്യാനെടുക്കുന്ന താൽപര്യം കാണിച്ചില്ലെങ്കിലും അൽപം കരുണയെങ്കിലും ഞങ്ങളുടെ ഇൗ പാവം സിനിമകളോട് കാണിക്കേണ്ടതല്ലേ? നിത്യ മേനോന് വിലക്കുണ്ടായിരുന്ന സമയത്ത് അവരെ ബാച്ചിലർ പാർട്ടിയിലും ഉസ്താദ് ഹോട്ടലിലും അഭിനയിപ്പിച്ചതിന് പിഴ അടച്ചവരാണ് ഞങ്ങൾ. 

 

baiju-ranjan

എല്ലാ സംഘടനകളിലും ഞങ്ങൾ പരാതി കൊടുത്തു. കോർ കമ്മിറ്റി, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫെഫ്ക എന്നിങ്ങനെ എല്ലാവർക്കും. കോർ കമ്മിറ്റി നേതൃത്വത്തിലുള്ള ദിലീപ് എല്ലായിടത്തും സമരത്തിനെതിരായാണ് പറഞ്ഞത്. എന്നിട്ടും ഞങ്ങൾക്ക് നീതി കിട്ടിയില്ല. ഇൗ സമരം അപക്വമായ തീരുമാനമായിരുന്നെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. സമരം വരുന്നുണ്ടെന്ന് ആർക്കറിയാം ആർക്കറിയില്ല എന്ന് നമുക്കറിയില്ല. ഞങ്ങളോടാരും പറഞ്ഞിട്ടില്ല.

 

രക്ഷാധികാരി ബൈജു വളരെ നല്ല അഭിപ്രായം നേടിയ സിനിമയായിരുന്നു. സമരം മൂലം അതിനുണ്ടായ നഷ്ടം ചില്ലറയല്ല. ഇതു സംബന്ധിച്ച് സാംസ്കാരിക വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി കൊടുക്കാനാണ് ഞങ്ങളുടെ തീരുമാനം. ഇൗ സംഘടനയിൽനിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷ ഞങ്ങൾക്കില്ല. പറവ എന്ന വരാനിരിക്കുന്ന സിനിമ പ്രദർശിപ്പിക്കരുതെന്നും എ ആൻ‍ഡ് എ എന്ന ഞങ്ങളുടെ വിതരണക്കമ്പനിക്ക് വിലക്കാണെന്നും അസോസിയേഷനിൽനിന്നു തിയറ്ററുകളിൽ വിളിച്ചു പറയുകയാണ്. 

trance-movie-fahad-anwar-rasheed

 

ഞങ്ങൾ പരമ്പരാഗത നിർമാതാക്കളോ വലിയ പണമുള്ള വീട്ടിലെ ആളുകളോ അല്ല. സാധാരണക്കാരായ സർക്കാർ ജീവനക്കാരുടെ മക്കളാണ്. ഏതൊരു സാധാരണക്കാരനും സിനിമ നിർമിക്കാനും വിതരണം ചെയ്യാനും കഴിയുമെന്ന് തെളിയിച്ചു കൊടുക്കാൻ ഞങ്ങൾക്കായി. പുതിയ ചെറുപ്പക്കാർ വരുന്നതു കൊണ്ടാണ് മലയാള സിനിമ നന്നാവുന്നത്. വിലക്കു കൊണ്ട് സിനിമയിൽനിന്നു ഞങ്ങളെ പുറത്താക്കാമെന്നാരും വിചാരിക്കേണ്ട. ഞങ്ങൾ ഇനിയും സിനിമകൾ ചെയ്യും. ഇതു ഞങ്ങൾ രണ്ടു പേരുടെ മാത്രം സ്വരമല്ല. മാറ്റം ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ മലയാള സിനിമയിൽ ഉണ്ട്. ’’

മലയാള സിനിമയിലെ കഴിവുറ്റ രണ്ട് സംവിധായകരുടെ വാക്കുകളാണ് ഇവ. പ്രേക്ഷകർ ഒരുപാട് പ്രതീക്ഷ വയ്ക്കുന്ന ഇവരുടെ ചിത്രങ്ങൾ‌ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും വിലക്കുകളുമൊക്കെ ഒരു സിനിമാക്കഥയെക്കാൾ നാടകീയമാണ്. ഇതൊക്കെ സിനിമയ്ക്കുള്ളിലും പുറത്തുമുള്ള എത്ര ആളുകൾക്കറിയാം ? ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ നിർമിക്കാനിരുന്ന ‘മണിയറയിലെ ജിന്ന്’ എന്ന അൻവർ റഷീദ് ചിത്രം തിരക്കഥ പൂർത്തിയാവാഞ്ഞതിനാൽ ഉപേക്ഷിച്ചിരുന്നു. ഇവരുടെ നിർമാണക്കമ്പനിയെ മാത്രം ടാർജറ്റ് ചെയ്ത് ആക്രമിക്കുന്നതിന് അതും കാരണമാകാം. 

അമലിന്റെയും അൻവറിന്റെയും ആരോപണങ്ങൾ‌ വാസ്തവവിരുദ്ധമല്ലെന്നാണ് സംഘടനയോട് അടുത്ത വൃത്തങ്ങളിൽനിന്ന് അറിയാൻ കഴിഞ്ഞത്. സിയാദ് കോക്കർ പ്രസിഡന്റായിരിക്കുന്ന ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിൽ ഒരു സംഘടനാ തിരഞ്ഞെടുപ്പ് നടന്നിട്ട് നാലു വർഷമായെന്നാണ് ആരോപണം.കോംപറ്റീഷൻ കമ്മിഷൻ ഒാഫ് ഇന്ത്യ പല തവണ പിഴ ചുമത്തിയിട്ടുള്ള സംഘടനയാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ. ജനാധിപത്യ രാജ്യത്ത് ഏകാധിപത്യ സ്വഭാവം പേറുന്ന ഇത്തരം സംഘടനകൾ ചെയ്യുന്നതെന്താണ് ? ചലച്ചിത്രപ്രവർത്തകർക്ക് താങ്ങും തണലുമാകേണ്ട സംഘടനകൾ അവരെ ദ്രോഹിച്ചാലോ ? സമരം വേണോ വേണ്ടയോ, എപ്പോൾ വേണം എന്നൊക്കെ കുറച്ചു പേർ കൂടിയിരുന്ന് തീരുമാനിക്കേണ്ടതാണോ ? തലപ്പത്തുള്ളവർക്ക് തങ്ങളുടെ തന്നിഷ്ടം നടത്താനുള്ളതാണോ സംഘടനാ പ്രവർത്തനം ? സിനിമയിൽ സംഘടനകൾക്ക് പഞ്ഞമില്ല. പുതിയവ ഒാരോ ദിവസവും ഉണ്ടാകുന്നുമുണ്ട്. പക്ഷേ ഇവയിൽ എത്രയെണ്ണം ജനാധിപത്യ സ്വഭാവത്തിൽ പ്രവർത്തിക്കുന്നവയാണ് ?  ഇത്തരം സംഘടനകൾക്കൊക്കെ സർക്കാർ ഒരു നിയന്ത്രണം കൊണ്ടുവരേണ്ടതല്ലേ ?

ഒരു വശത്ത് ലോക നിലവാരമുള്ള സിനിമകൾ പിറവിയെടുക്കുമ്പോൾ മറുവശത്ത് അമലിന്റെയും അൻവറിന്റെയും അനുഭവങ്ങൾ ഉയർത്തുന്നത് ഇത്തരത്തിലുള്ള ഒരായിരം ചോദ്യങ്ങളാണ്; തൽക്കാലത്തേക്കെങ്കിലും ആർക്കും ഉത്തരം തരാൻ കഴിയാത്ത ചോദ്യങ്ങൾ. വിനയന്റെ സിനിമകളിൽ അഭിനയിക്കരുതെന്ന ഒൻപതു വർഷം നീണ്ട വിലക്ക് അമ്മ എന്ന താരസംഘടന കഴിഞ്ഞ ദിവസം പിൻവലിച്ചു. എന്തിനായിരുന്നു വിലക്കെന്ന് ഇപ്പോഴും ആർക്കും അറിയില്ലെങ്കിലും ഒന്നുണ്ട്, സിനിമാ സംഘടനകൾ ചേർന്ന് വിലക്കിയതും നശിപ്പിച്ചതും തിലകനെയും വിനയനെയും പോലുള്ള അനേകം കലാകാരന്മാരുടെ ജീവിതമാണ്. സ്വന്തം നിലനിൽപ്പ് ഭയന്നാവാം പലരും പ്രതികരിക്കാത്തത്. വിളക്കിനെ മൂടി അതിന്റെ പ്രകാശത്തെ മറയ്ക്കാം. പക്ഷേ ഒരു നാൾ ആ മൂടി മാറ്റപ്പെടും പ്രകാശം പരക്കും. ആർക്കും ആരെയും അധികകാലം അടിച്ചമർത്താനാവില്ലല്ലോ.