Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പു ആരാകണമെന്നല്ല, ആരാകരുതെന്ന് ആഗ്രഹിച്ചിട്ടുണ്ട്: മോഹൻലാൽ

mohanlal-and-pranav

തിരുവനന്തപുരം താജ് ഹോട്ടലിന്റെ വരാന്തയിൽ നിൽക്കുമ്പോൾ മോഹൻലാൽ പറഞ്ഞു, ഇതു ഞാൻ കളിച്ചു വളർന്ന സ്ഥലമാണ്. എത്രയോ വൈകുന്നരങ്ങളിൽ തൊട്ടടുത്ത ഗ്രൗണ്ടിൽ കളിച്ചിട്ടുണ്ടെന്നോ. രാത്രി വൈകി സൈക്കിൾ ചവിട്ടി വീട്ടിലേക്കു പോകുമ്പോൾ നേരം വെളുക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയാകും മനസ്സിൽ. പഠിച്ച് എന്താകണമെന്നു അന്നു ആലോചിട്ടിട്ടുപോലുമില്ല. പുസ്തകങ്ങൾക്കും പരീക്ഷകൾക്കും അപ്പുറമൊരു ലോകമുണ്ടെന്നു തോന്നിയിരുന്നുവെന്നു മാത്രം. സിനിമാ നടനാകുമെന്നു അന്നു ആലോചിച്ചിട്ടുപോലുമില്ല. എന്നെ സുഹൃത്തുക്കൾ തള്ളി വിടുകയായിരുന്നു. ഫാസിൽ സാറും സിബി മലയിൽ  സാറും എന്നെ കണ്ട് ഓകെ പറഞ്ഞപ്പോഴും അതിരുവിട്ടു വിസ്മയം തോന്നിയിട്ടില്ല. പറ്റില്ലെങ്കിൽ ഇതവസാനിപ്പിച്ചു പോകാമെന്നാണു തോന്നിയിട്ടുള്ളത്. പത്തു മുപ്പത്തിയാറു വർഷത്തിനു ശേഷം ഇന്നു വൈകീട്ടും ഞാൻ അഭിനയിക്കാൻ പോകുന്നു. കളിച്ചു വളർന്ന അതേ സ്ഥലത്തുള്ള വലിയൊരു ഹോട്ടലിൽ എന്റ മകൻ അപ്പു(പ്രണവ് മോഹൻലാൽ) അഭിനയിക്കുന്ന സിനിമയ്ക്കു ഞാൻ തിരി കൊളുത്തുന്നു. അന്നുണ്ടായിരുന്നവരെല്ലാം ഇപ്പോഴും ചുറ്റിലും നിൽക്കുന്നു. ഇതിനെയല്ലെ ദൈവ കൽപ്പിതമെന്നു പറയുന്നത്. ഇതിൽ എന്റെതായ ഒരു തീരുമാനവും ഇല്ല. 

അപ്പു സിനിമയിൽ വരുമെന്നു ലാൽ കരുതിയിരുന്നോ ? 

അവൻ എന്താകുമെന്ന് എനിക്കറിയില്ലായിരുന്നു. അവൻ എന്തെങ്കിലും ആകണമെന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. കുട്ടിക്കാലത്തു മുതലെ ഹോസ്റ്റലിലാണു വളർന്നത്.ഒരു മുറിയിൽ  ഒതുങ്ങുന്ന സാധാരണ ജീവിതമാണു അവൻ അനുഭവിച്ചത്. ഞാൻ അഭിനയിച്ച സിനിമയിൽ സഹസംവിധായകനായി ജോലി ചെയ്യുമ്പോഴും അവൻ തിരഞ്ഞെടുത്തത് വളരെ പരിമിതമായ സൗകര്യമാണ്. അപ്പുവിന്റെ ലോകം എന്നും കുറഞ്ഞ സൗകര്യങ്ങളുടെ ലോകമായിരുന്നു. കൂടുതൽ  വേണമെന്നവൻ പറഞ്ഞിട്ടുമില്ല. ഞങ്ങൾ ചോദിച്ചിട്ടുമില്ല. 

അച്ഛൻ എന്ന നിലയിൽ അപ്പു എന്തെങ്കിലും ആകണമെന്നു ആഗ്രഹിച്ചില്ലെ. 

ഒരിക്കലുമില്ല. അവൻ എന്താകരുത് എന്നതിനെക്കുറിച്ചു മാത്രമാണു ഞാൻ ആലോചിച്ചത്. ബൈക്ക് അടക്കം അപകടത്തിന്റെതായ വലിയൊരു ലോകം അവന്റെ മുന്നിലുണ്ടായിരുന്നു. ലഹരിപോലുള്ള വിപത്തുകളുടെ ലോകവും കുട്ടികളുടെ വളരെ അടുത്താണല്ലോ. അവന് അതിൽ  എന്തു വേണമെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു. അതു രഹസ്യമായി സൂക്ഷിക്കാനും കഴിയുമായിരുന്നു. ആ വഴിയൊന്നും തിരഞ്ഞെടുത്തില്ല എന്നതു മാത്രമാണു സന്തോഷം. അവിടെക്കൊന്നും പോകരുതെന്നു മാത്രമാണു ആഗ്രഹിച്ചത്. കുട്ടികൾ എന്താകണമെന്നു ആഗ്രഹിക്കരുതെന്നു എനിക്കു തോന്നിയിട്ടുണ്ട്. കുട്ടികൾ എന്താകരുതെന്ന് എന്നതുമാത്രമായിരിക്കണം അവരുടെ കരുതൽ. ഞാൻ എന്താകണമെന്നു എന്റെ അച്ഛൻ ആഗ്രഹിച്ചതായി പറഞ്ഞിട്ടില്ല. ഒരു ഡിഗ്രി വേണമെന്നു അച്ഛൻ പറഞ്ഞിരുന്നു. അതുപോലും എനിക്കു അപ്പുവിനോടു പറയേണ്ടി വന്നില്ല. അവൻ അതിലേക്കു വഴി സ്വയം തിരഞ്ഞെടുത്തു. 

വളർത്തു ഗുണം എന്നു പറഞ്ഞുകൂടെ. അതിലും കൂടുതൽ രക്ഷിതാക്കൾക്ക് എന്തഭിമാനിക്കാനാണ്. 

അവർക്കു എല്ലാ സ്വാതന്ത്ര്യവും നൽകിയിരുന്നു. ഏഴു മണിക്കു കുളിക്കുകയും രാത്രി 10നു ഉറങ്ങുകയും രാവിലെ രണ്ട് ഇഢലിയും ഏത്തപ്പഴവും കഴിക്കുകയും ചെയ്യണമെന്നു ഞാനോ സുചിയോ പറഞ്ഞിട്ടില്ല. അവർക്കു നൽകിയ സ്വാതന്ത്ര്യം അവർ ശരിയായ വഴിക്ക് ഉപയോഗിച്ചു എന്നാണെനിക്കു തോന്നുന്നത്. ജീവിതത്തിന്റെ വില അവൻ മനസ്സിലാക്കി എന്നു തോന്നുന്നു. കുട്ടികളുടെ ലോകം വളരെ വലലുതാണ്. അവരുടെ സൗഹൃദങ്ങൾ, അവർ കാണുന്ന ലോകം അവർ  അനുഭവിക്കുന്ന സ്വാതന്ത്ര്യം, അവർകിട്ടുന്ന സ്നേഹം എന്നിവയെല്ലാം അവരെ നയിക്കുന്നതു വേറെയൊരു ലോകത്തേക്കാണ്. എന്റെ കുട്ടികൾ എന്റെ ലോകത്തു ജീവിക്കണമെന്നു ഞാൻ കരുതിയിട്ടില്ല. അവർക്കു അവരുടെ ലോകം വേണമെന്നെ കരുതിയിട്ടുള്ളു. 

സുചിത്ര ഇതിൽ വലിയ പങ്കു വഹിച്ചു കാണില്ലെ. 

mohanlal-and-pranav-family1

തീർച്ചയായും. അവരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താതെ അവരെ സുചി സ്നേഹിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പു സംഗീതത്തിന്റെയും യാത്രയുടെയും ലോകത്തായിരുന്നു കുറെക്കാലം. അന്ന് അവൻ എന്താകുമെന്ന ആകാംഷ ഒരു പക്ഷെ സുചിക്കുണ്ടായിരുന്നിരിക്കാം. എന്നോട് ഇതുവരെ അതു പറഞ്ഞിട്ടില്ല. കുട്ടികൾ അമ്മയോടു എല്ലാം തുറന്നു പറയുമായിരുന്നു. അമ്മ നൽകിയ ആത്മവിശ്വാസത്തിന്റെ കരുത്തിലാകാം അവർ ദിശി നിശ്ചയിച്ചത്. എന്നെ അവർ പലപ്പോഴും കാണാറില്ലല്ലോ. ഹോസ്റ്റൽ മുറിയിൽ തനിച്ചാകുന്ന കുട്ടികൾക്കു അമ്മയുടെ ശബ്ദംപോലും കരുത്തായിക്കാണും. ഞങ്ങൾക്ക് ഒരു പേടിയും സമ്മാനിക്കാതെ വളർന്നതും അതുകൊണ്ടാകാം. എന്നെക്കാൾ അവരെക്കുറിച്ചു സുചിയാണു ചിന്തിച്ചതെന്നു തോന്നുന്നു. 

അപ്പു ലാലിന്റെ വഴിതന്നെയാണെന്നു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ. 

ഞാൻ സ്കൂൾ നാടകത്തിൽ ആദ്യമായി അഭിനയിക്കുന്നതു ആറാം ക്ളാസിലാണ്. മികച്ച നടനുള്ള സമ്മാനം കിട്ടുന്നതു പത്താം ക്ളാസിലാണ്. അത്ഭുതംപോലെ അപ്പുവിനും ഇതുതന്നെ സംഭവിച്ചു. ടി.കെ.രാജീവ് കുമാർ പറഞ്ഞു, അപ്പുവൊരു വിസ്മയമാണെന്ന്. അതു വളരെ കൃത്യമാണ്. അവൻ എന്താകുമെന്നോ എന്തു ചിന്തിക്കുമെന്നോ അവനു പോലും അറിയുമെന്നു തോന്നുന്നില്ല. ഞാൻ സിനിമയിൽ  ജീവിക്കാൻ വേണ്ടി വന്നുപോയ ആളല്ല. എന്താണെന്നു നോക്കി തിരിച്ചുപോകാൻ വന്നയാളാണ്. അപ്പോഴേക്കും എനിക്കു സിനിമകൾ വന്നുകൊണ്ടേയിരുന്നു. ഇപ്പോൾ ഇവിടെ എത്തി നിൽക്കുന്നു. അപ്പുവും അഭിനയിക്കാൻ വേണ്ടി വന്നയാളല്ല. അഭിനയിച്ചു നോക്കാൻവന്നതാണ്. അവനു ശരിയല്ലെന്നു തോന്നുന്ന നിമിഷം അവൻ വേറെ ഏതെങ്കിലും മേഖലയിലേക്കു കടക്കും. 

മകനെന്നനിലയിലല്ലാതെ വ്യക്തി എന്ന നിലയിൽ  എന്തു തോന്നിയിട്ടുണ്ട് ലാലിന് 

mohanlal-and-pranav-family

അപ്പു സ്ഫടികംപോലെ സുതാര്യമാണെന്നു തോന്നിയിട്ടുണ്ട്. ശരിയല്ലെന്നു തോന്നുന്നതു ചെയ്യില്ല. അതിനായി കള്ളം പറയില്ല. നുണപറഞ്ഞു എന്തെങ്കിലും ചെയ്യാമെന്നു ഒരിക്കലും കരുതിയിട്ടുണ്ടെന്നു തോന്നിയിട്ടില്ല. ഇന്ന് ഞങ്ങൾക്കു നൽകാവുന്ന ചില സൗകര്യങ്ങളുണ്ട്.  അതൊന്നുമില്ലെങ്കിലും സുഖമായി അപ്പു ജീവിക്കുന്നുണ്ട്. അവന്റെ യാത്രകളിൽ ഒരിക്കൽപ്പോലും എനിക്കു നൽകാവുന്ന സൗകര്യങ്ങൾ അവൻ അനുഭവിച്ചിട്ടില്ല. ഒറ്റമുറിയിൽ കിടക്കുന്ന കുട്ടിമാത്രമാണ് അപ്പും എന്നും.