Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നും ഒളിക്കാനില്ലാത്ത ആളാണു പ്രണവ്; കല്യാണി

kalyani-pranav

നാഗാർജ്ജുനയുടെ ഫോൺ കോൾ കഴിഞ്ഞപ്പോൾ പ്രിയദർശന്റെ മനസ്സിൽ ഓർമ്മകളുടെ കാറ്റ​ു വീശുകയായിരുന്നു. വീണ്ടും ജീവിതത്തിന്റെ വഴിത്തിരിവിൽ നാഗാർജ്ജുന കാത്തുനിൽക്കുന്നു. അതും തികച്ചും അപ്രതീക്ഷിതമായി. പ്രിയന്റെ മകൾ കല്യാണിയെ തന്റെ മകൻ നായകനായ തെലുങ്കു ചിത്രത്തിലെ നായികയാക്കാനാണു നാഗാർജ്ജുന വിളിച്ചത്. 26 വർ‌ഷങ്ങൾക്കു മുൻപു തിരുവനന്തപുരത്തെ വീട്ടിലെ ലാന്റ് ഫോണിലേക്കു ഇതേ നാഗാർജ്ജു വിളിച്ചിരുന്നു. 

പ്രിയദർശൻ സംവിധാനം ചെയ്ത മലയാള സിനിമയെല്ലാം പൊട്ടി തകർന്നു അദ്ദേഹം ചെന്നൈയിൽനിന്നു തിരുവനന്തപുരത്തേക്കു നാടുവീട്ടു മനസ്സു തർക്കുന്ന നിൽക്കുന്ന സമയത്ത്. അന്നു നാഗാർജ്ജുന ചോദിച്ചതു വന്ദനം സംവിധാനം ചെയ്ത പ്രിയദർശനല്ലെ എന്നാണ്. തകർന്നു തരിപ്പണമായ മനസ്സുമായി ഇരിക്കുകയാണെന്നും ഇനി സിനിമയിലേക്കില്ലെങ്കിലും പറഞ്ഞെങ്കിലും നാഗാർജ്ജുന വിട്ടില്ല. ഉടൻ ഹൈദരാബാദിലെത്തുക എന്നു മാത്രം പറഞ്ഞു ഫോൺ വച്ചു. നിർണ്ണയമെന്ന ആ തെലുങ്കു സിനിമ സംവിധാനം ചെയ്തു തിരിച്ചെത്തിയ പ്രിയദർശൻ ആ വർഷം ഒരു സിനിമകൂടി സംവിധാനം ചെയ്തു. ജീവിതം അട്ടിമറിച്ച കിലുക്കം. ഇപ്പോൾ നാഗാർജ്ജുന വീണ്ടും സിനിമയ്ക്കു വേണ്ടി വിളിച്ചിരിക്കുന്നു. അച്ഛനെയല്ല മകളെയാണെന്നു മാത്രം. 

വിക്രം കുമാർ സംവിധാനം ചെയ്തു നാഗിന്റെ മകൻ യുവസൂപ്പർതാരം അ‌ഖിൽ അക്കിനേനി നായകനായ തെലുങ്കു ചിത്രത്തിൽ പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി നായികയാകുന്നു. 

എന്റെ ആഗ്രഹം മലയാളത്തിലൂടെ തുടങ്ങണമെന്നായിരുന്നു,, പക്ഷെ നാഗാർജ്ജുനയെപ്പോലുള്ള !ഒരാൾ വിളിച്ചപ്പോൾ ‌ഞങ്ങൾക്കു ‘നോ’ എന്നു പറയാനാകില്ല. അത്രയേറെ അടുപ്പമാണു ആ കുടുംബവുമായിട്ടുള്ളത്. കല്യാണി പറഞ്ഞു. കല്യാണി സംസാരിച്ചുകൊണ്ടേയിരിക്കും. . അമ്മയെപ്പോലെത്തന്നെ .എപ്പോഴുമൊരു ഊർജ്ജം കൂടെയുള്ളതായി തോന്നും. 

1497872109051

കല്യാണി സംസാരിക്കുകയാണ് : 

കുട്ടിക്കാലം മുതൽ ജീവിതത്തിൽ സിനിമയുണ്ടായിരുന്നു. അച്ഛന്റെ സഹ സംവി‌ധാകൻ അബി എനിക്കും അനുജൻ ചന്തുവിനും സഹോദരനായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും അബി സിനിമകൾ കാണിക്കും. മിക്കപ്പോഴും ക്ളാസിക്കുകൾ. അതേക്കുറിച്ചു വിശദമായി ചർച്ച ചെയ്യും. സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ ഞാൻ സിനിമയുടെ ലോകത്തായിരുന്നു. എല്ലാ രക്ഷിതാക്കളെയുംപോലെ എന്നെയും വഴി തിരിച്ചുവിടാൻ നോക്കി. അങ്ങിനെയാണു ആർക്കി ടെക്ചർ പഠിച്ചത്. സിനിമയിലെ വിമർശനവും വിജയ പരാജയവും എനിക്കു താങ്ങാനാകില്ലെന്നു അവർ കരുതിക്കാണും. അതെല്ലാം പഠിച്ചിട്ടും ഞാൻ തിരിച്ചെത്തിയതു സാബു സിറിലിന്റെ കൂടെ ജോലി ചെയ്യാനാണ്. അച്ഛൻ എന്നും വീട്ടിൽ !സാബു അങ്കിളിനെക്കുറിച്ചു പറയും. അറിയാതെ വലിയൊരു ബഹുമാനം മനസ്സിൽ വളർന്നുവന്നു. ക്രിഷ് എന്ന സിനിമയിൽ ഞാനും സഹായിയായി കൂടെയുണ്ടായിരുന്നു. പിന്നീടു ഞാൻ സാബു അങ്കിളിന്റെ അസിസ്റ്റന്റ് സുരേഷിന്റെ കൂടെ ഒരു സിനിമയിൽ കലാസംവിധാനം ചെയ്തു. 

1497872060989

അന്നും സംവിധാനമായിരുന്നു സ്വപ്നം.. ക്യാമറ​യ്ക്കു മുന്നിൽ നിൽക്കുന്നവർ എന്നും വലിയ എതിർപ്പു നേരിടേണ്ടി വരുന്നതു ഞാൻ കണ്ടിട്ടുണ്ട്. അതു താങ്ങാനുള്ള കരുത്ത് എനിക്കില്ല എന്നാണു ഞാൻ കരുതിയത്. പക്ഷെ പിന്നീടു തോന്നു എന്റെ വഴി അഭിനയത്തിന്റെതുതന്നെയാണെന്ന്.. ഏത് എതിർപ്പിനെയും നേരിടാനുള്ള ശക്തി എന്റെ മനസ്സിന് ഇപ്പോൾ ഉണ്ടെന്നാണു കരുതുന്നത്. സ്കൂളിൽ നാടകം പഠിക്കുമ്പോഴുണ്ടായിരുന്ന അതേ സ്പിരി​റ്റിലാണ് ‌ഞാനിപ്പോൾ. അമേരിക്കയിൽ പഠിക്കുന്ന കാലത്തും ഞാൻ പല നാടക സംഘങ്ങളുടെ കൂടെയും ജോലി ചെയ്തിരുന്നു. അതെല്ലാം വലിയ സ്പിരിറ്റുതന്നെയാണ്. 

അച്ഛൻ ഒരു ജോലി തുടങ്ങിയാൽ അതിനുവേണ്ടി ജീവിതം സമർപ്പിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ അപ്പോഴും ഒരു ദിവസംപോലും വിടാതെ വീടുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കും. അമ്മയാകട്ടെ രാവിലെ നാലിനു എഴുനേൽക്കും. യോഗ ചെയ്യും. പിന്നീടു പ്രാർഥിക്കും. ലളിതാസഹസ്രനാമം ചൊല്ലും. വളരെ ചിട്ടയായാണു അമ്മ ജീവിച്ചു കാണിച്ചത്. എന്നെയും ചന്തുവിനെയും രൂപപ്പെടുത്തിയത് ഈ രണ്ടു മാതൃകകൾതന്നെയായിരിക്കണം. .ഇതല്ലാതെ ആരും എന്റെ ജീവിതത്തിൽ എന്നെ സ്വാധീനിച്ചതായി തോന്നിയിട്ടില്ല. അഭിനയിക്കണമെന്നു പറഞ്ഞപ്പോൾ അച്​ഛൻ പറഞ്ഞതു അമ്മയോടു ചോദിക്കണമെന്നാണ്. അമ്മ അച്ഛനോടു ചോദിക്കാൻ പറഞ്ഞു. എനിക്കുതോന്നുന്നു എന്റെ വഴി ഇതാണെന്നു അവർക്കറിയാമായിരുന്നുവെന്ന്. 

1497871983938

ലാലങ്കിളിന്റെ മകൻ അപ്പുച്ചേട്ടൻ( പ്രണവ് മോഹൻലാൽ) ആണ് ഞങ്ങളുടെ ഫാമിലി സർക്കിളിലെ എല്ലാ കുട്ടികളുടെയും ഹീറോ. ഇത്രയും വലിയ ഒരാളുടെ മകനായിട്ടും വളരെ ലളിതമായി അപ്പുച്ചേട്ടൻ ജീവിക്കുന്നതു കാണുമ്പോൾ അത്ഭുതമാണ്. ഒരു ടീ ഷർട്ടും ഒരു ജീൻസും ഒരു ചപ്പലും ഉണ്ടെങ്കിൽ അപ്പുച്ചേട്ടനു സന്തോഷമായി ജീവിക്കാനാകും. ഞാനും അപ്പുച്ചേട്ടനും പ്രണയത്തിലാണെന്നു ചില മെസേജുകൾ വന്നു. അന്നു അപ്പുച്ചേട്ടനും ഞങ്ങളും ചിരിച്ചതിനു കണക്കില്ല. കുട്ടിക്കാലും മുതൽ എന്റെ ചേട്ടനും ഫ്രണ്ടുമാണ് അപ്പുച്ചേട്ടൻ. ഞങ്ങൾ ഒരു കുടുംബംതന്നെയാണ്. അന്നുതന്നെ അപ്പുച്ചേട്ടൻ ഞങ്ങൾ ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിലിട്ടു. ഒന്നും ഒളിക്കാനില്ലാത്ത ആളാണു അപ്പുച്ചേട്ടൻ. 

pranav-kalyani

ഞാൻ സിനിമ കണ്ടു കരയാറില്ല. പക്ഷെ കാ‍ഞ്ചീവരം കണ്ടു കരഞ്ഞിട്ടുണ്ട്. അവർ തമ്മിലുള്ള സ്നേഹം കണ്ടിട്ടാകാം കരഞ്ഞത്. അമേരിക്കയിലേക്കുള്ള യാത്രക്കിടയിൽ എന്റെ അടുത്തിരിക്കുന്ന ആൾ ഒരു സിനിമ കണ്ടു പരിസരം മറന്നു അലറിച്ചിരിക്കുന്നുണ്ടായിരുന്നു.. ഞാൻ പതുക്കെ ലാപ്ടോപ്പിലേക്കു നോക്കിയപ്പോൾ അച്ഛൻ സംവിധാനം ചെയ്ത മലാമൽ വീക്കിലിയാണു കാണുന്നതെന്നു മനസ്സിലായി. അന്നും എന്റെ കണ്ണു നിറഞ്ഞു. എല്ലാം മറന്നു പരിസരം മറന്നു ചിരിപ്പിക്കാൻ എന്റെ അച്ഛനു കഴിയുന്നുണ്ടല്ലോ എന്നോർത്ത്.

1497872067804

ഹിന്ദി സിനിമകൾ ചെയ്യുന്ന കാലത്തുപോലും അച്ഛനും അമ്മയും സ്ഥിരമായി പാർട്ടികൾക്കു പോകുകയോ അവരുടെ ജീവിത രീതി അനുകരിക്കുകയോ ചെയ്തിട്ടില്ല. കഴിയുന്നതും ലളിതമായി ജീവിക്കുക എന്നാണു പറഞ്ഞ​ിരുന്നത്. ഒരു കളിപ്പാട്ടം വാങ്ങുമ്പോൾ പോലും രണ്ടു വട്ടം ആലോചിക്കും. അമ്പലം കണ്ടാൽ അറിയാതെ തൊഴുതുപോകുന്നൊരു കുട്ടിയായി ഞാൻ വളർന്നു. അവരുടെ സിനിമാ പാരമ്പര്യത്തിലേക്കു ഞാൻ വരുമ്പോൾ എന്റെ മനസ്സു വളരെ ‌ശാന്തമാണ്. ടെൻഷനെയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.