Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിലിൽ ദിലീപിനു നരകജീവിതം, നെഞ്ചുരുകി കുടുംബം: സുരേഷ് കുമാർ

suresh-kumar-dileep

കൊച്ചി:  നടൻ ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയെന്നത് ആരോപണമാണെന്നും ദീലീപ് ശാരീരികമായി തകർന്നിരിക്കയാെണന്നും നിർമാതാവും ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പ്രസിഡന്റുമായ ജി സുരേഷ്കുമാർ.  ജയിലിൽ കഴിയുന്ന ദിലീപിനെ കഴിഞ്ഞ ദിവസം സന്ദർശിച്ച സുരേഷ്കുമാർ ആ അനുഭവവും കേസിനെക്കുറിച്ചുള്ള സംശയങ്ങളും മനോരമ ഒാൺലൈനിനോട് പങ്കു വച്ചു. 

‘‘ചേട്ടാ സത്യം എന്റെ കൂടെയാണ്. അത് എന്നായാലും ജയിക്കും. എനിക്കിപ്പോൾ മോശം സമയമാണ്. ചെയ്യാത്ത കുറ്റത്തിനാണ് അകത്ത് കിടക്കുന്നത്. സത്യം തെളിയിക്കപ്പെടും. എനിക്കൊരു മകളുള്ളതാണ്. ഒരിക്കലും ഇങ്ങനെയൊരു കാര്യം ഞാൻ ചെയ്യില്ല.’’  ഇങ്ങനെയാണ് ദിലീപ് എന്നോടു പറഞ്ഞത്. ഡി ജി പിയിൽ നിന്ന് അനുമതി വാങ്ങിയാണ് ഞാൻ അദ്ദേഹത്തെ സന്ദർശിച്ചത്. എനിക്ക് ഏറ്റവുമടുത്ത, അനിയനെ പോലെ കരുതുന്ന ഒരാള്‍ ജയിലിൽ കിടക്കുമ്പോൾ പോയി കാണണ്ടേ. അതാണ് ഞാനും ചെയ്തത്. തീർത്തും വ്യക്തിപരമായ കൂടിക്കാഴ്ച.

പ്രത്യേക പരിഗണനയെന്നത് പച്ചക്കള്ളം

ചെവിക്കുള്ളിലെ ഫ്ലൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിന്. അദ്ദേഹത്തിന് തുടർച്ചയായ തലകറക്കം അനുഭവപ്പെട്ടിരുന്നു. ഞാൻ കാണുമ്പോഴും ദിലീപ് തലകറക്കം വന്നു കിടക്കുകയായിരുന്നു. അതിനു ചികിത്സ നൽകിയതിനാണ് ഒരു ചാനൽ ദിലീപിന് സ്പെഷൽ ട്രീറ്റ്മെന്റ് നൽകിയെന്ന വാർത്ത നൽകിയത്. ഏതൊരു സാധാരണ തടവുകാരനേയും പോലെ നാലു പേർക്കൊപ്പമാണ് സെല്ലിൽ കഴിയുന്നത്. അല്ലെങ്കിൽ തന്നെ എങ്ങനെയാണ് ഇത്രയും ജനശ്രദ്ധ ആകർഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആളിന് പ്രത്യേക പരിഗണന നല്‍കാനാകുന്നത്. ഞാൻ അദ്ദേഹത്തെ ചെന്നു കണ്ടു. കുറച്ചു നേരം സംസാരിച്ചു പോന്നു. മറ്റേതൊരാളേയും സന്ദർശിക്കുന്ന പോലെ വളരെ കുറച്ചു സമയം മാത്രമേ ഞങ്ങൾക്കും കിട്ടിയുള്ളൂ. 

കുടുംബം മാനസ്സിക തകർച്ചയിൽ

ദിലീപിന്റെ കുടുംബത്തെക്കുറിച്ചൊക്കെ  എന്തൊക്കെയാണ് പ്രചരിക്കുന്നത്.  അവരെല്ലാം നിസംഗരാണ്.  എന്തു ചെയ്യണമെന്ന്  അറിയാത്ത അവസ്ഥ.  ദിലീപിന്റെ അനിയൻ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു,  കാവ്യ ഗർഭിണിയാണ്,  മീനാക്ഷി സ്കൂളിൽ പോകുന്നില്ല  എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും വെറും നുണകളാണ്.  കാവ്യയുമായും സംസാരിച്ചു.  എന്തു ചെയ്യണമെന്ന് ആ കുട്ടിയ്ക്ക് അറിയില്ല.  അവരുടെയൊക്കെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.  കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായൊരു അമ്മയാണ്.  മകൾ സിനിമയിൽ അഭിനയിച്ചു താരമായി എന്നു കരുതി എന്തൊക്കെയാണ് അവർ കേൾക്കേണ്ടത്. 

മീനാക്ഷി സ്കൂളിൽ പോകുന്നുണ്ട്. ആ സ്കൂൾ അധികൃതരും കൂട്ടുകാരും വലിയ പിന്തുണയാണു നൽകുന്നത്. ആ കുട്ടിയ്ക്ക് എന്തെങ്കിലും തരത്തിലുളള ശല്യമുണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും തടയിടണം എന്നാണ് അവരുടെ നിർദ്ദേശം.

ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏതു നിമിഷവും കരച്ചിലാണവർ.  എന്നെ കെട്ടിപ്പിടിച്ചു കരയുകായിരുന്നു കണ്ടപ്പോൾ.  ദിലീപ് ഇന്നു വരും നാളെയെത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിർത്തിയിരിക്കുന്നത്.

ദിലീപിന്റെ അനിയൻ ദിലീപിനേക്കാൾ താത്വികനാണ്. ഭീഷണിപ്പെടുത്താൻ പോയിട്ട് അയാൾക്ക് നന്നായി സംസാരിക്കാൻ തന്നെയറിയില്ല.  എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കില്‍ തന്നെ അന്നേരത്തെ അവസ്ഥയിൽ പറഞ്ഞതാണ്. എല്ലാവരും നിർത്തട്ടെ എന്നിട്ടു ഞങ്ങൾ സത്യം പറയാം എന്നേ ഉദ്ദേശിച്ചു കാണുകയുളളൂ. എനിക്കിപ്പോഴും മനസിലാകുന്നില്ല ഒരു വ്യക്തിയെ ഇത്രമേൽ ആക്രമിച്ചിട്ട് ചാനലുകാർക്കും യുട്യൂബിൽ വിഡിയോ ചെയ്യുന്നവർക്കും എന്തു നേട്ടമാണ് ഉണ്ടാകുകയെന്ന്.

ദിലീപ് അനിയനെ പോലെ, ഇങ്ങനെയൊന്നും ചെയ്യാനാകില്ല

കൊടും കുറ്റവാളി (പൾസർ സുനി) ഒരാൾ തെറ്റുകാരനാണെന്ന് പറയുമ്പോൾ കൃത്യമായ അന്വേഷണം നടത്തി വേണ്ടേ ആ കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാൻ. അല്ലാതെ അയാൾ പറയുമ്പോൾ തന്നെ പിടിച്ച് ജയിലിൽ ഇടുകയാണോ വേണ്ടത്? തെളിവിനായി പൊലീസ് ഇപ്പോൾ അലഞ്ഞ് നടക്കുകയല്ലേ? അയാളുടെ വാക്കു കേട്ടല്ലേ ദിലീപിനെ അറസ്റ്റ് ചെയ്തത്. ഞാൻ പൂർണമായും വിശ്വസിക്കുന്നു ദിലീപ് ഇതിൽ തെറ്റുകാരനല്ലെന്ന്. 

ചെയ്യാത്ത കുറ്റത്തിനാണ് അയാൾ ജയിലിൽ കിടക്കുന്നത്. ഞാന്‍ 100 ശതമാനവും അങ്ങനെയാണ് വിശ്വസിക്കുന്നത്. അയാൾക്കിത് ചെയ്യാൻ കഴിയില്ല. ചെയ്യുകയുമില്ല. ഞാൻ നിർമിച്ച ചിത്രത്തിലൂടെയാണ് ദിലീപ് ആദ്യം സിനിമയിലെത്തുന്നത്. അന്ന് 1000 രൂപയായിരുന്നു പ്രതിഫലം. അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. പിന്നീടാണ് അഭിനേതാവായതും ഈ നിലയിലെത്തിയതുമെല്ലാം. അന്നുമുതൽ ഇന്നോളം എന്നോട് എന്ത് വിശേഷപ്പെട്ട കാര്യങ്ങളുണ്ടെങ്കിലും  പറയുന്നൊരാളാണ്. അത്രയ്ക്ക് അടുപ്പമാണ്. എനിക്ക് അനിയനെ പോലെയാണ് ദിലീപ്. 

പൊലീസിന്റെ മൂക്കിൻ തുമ്പിലൂടെ നടന്ന പൾസർ സുനി

2011ൽ പൾസർ സുനി ഇതേകുറ്റം ചെയ്തിട്ടുണ്ട്. ഇതിനു മുൻപ് വേറെ ചെയ്തിട്ടുണ്ടോ എന്നു കൂടി അറിയില്ല ആർക്കും. 2011ൽ എന്റെ കുടുംബത്തിലുള്ള ആളിനു തന്നെ സംഭവിച്ചിട്ടുണ്ട്. ഇവന്റെ ജോലി ഇതാണ്. തട്ടിക്കൊണ്ടുപോകാനും ഉപദ്രവിക്കാനുമുള്ള മനസുള്ളവനാണ്. അന്ന് അവൻ സ്വയം ചെയ്തതാണെന്നാണു മനസ്സിലാക്കുന്നത്. ആരും ക്വട്ടേഷനൊന്നും കൊടുത്തതല്ല. ഇവൻ കൊടുംകുറ്റവാളിയാണ്. 2014ൽ പൊലീസ് ഇവനായി ലുക്കൗട്ട് നോട്ടിസ് വരെ ഇറക്കിയിരുന്നു. അന്ന് അവൻ പൊലീസിന്റെ മൂക്കിന്റെ തുമ്പത്തൂടെ ഈ നാട്ടിൽ നടക്കുകയായിരുന്നു. അന്ന് എവിടെ പോയി എല്ലാവരും? 

ഞാനും ജോണി സാഗരികയും എന്റെ അസോസിയേഷനിലെ ആൾക്കാരും കൂടി പോയാണ് പരാതി നൽകിയത്. ആ പരാതി പോലും ഇന്ന് കാണാനില്ല. അന്ന് പൾസർ സുനിയ്ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് അവൻ ഇങ്ങനെ ചെയ്യുമായിരുന്നോ? പൊലീസിന്റെ വീഴ്ചയല്ലേ ഇതൊക്കെ. ഇന്ന് അവൻ ചെയ്തപ്പോൾ ഇത് ആരുടെയൊക്കെയോ തലയിൽ കെട്ടി വയ്ക്കാൻ നോക്കുകയാണ്. 

ചാനലുകാരുടെ ആക്രമണം

ചാനലുകൾ എന്തിനാണ് ദിലീപിനെതിരെ ഇത്രയ്ക്കു വലിയ കടന്നാക്രമണം നടത്തുന്നതെന്നു മനസിലാകുന്നില്ല. അവർ സത്യത്തിന്റെ കൂടെയാണ് നിൽക്കേണ്ടത്. അത് അവർ ചെയ്യുന്നില്ല. റേറ്റിങ് കൂട്ടാൻ വേണ്ടിയുള്ള മത്സരമാണ് നടക്കുന്നത്. ഒരു സ്ത്രീ ചാനലിൽ വിളിച്ച് പറഞ്ഞില്ലേ ഞങ്ങൾക്ക് ഇനി ദിലീപിന്റെ ന്യൂസ് വേണ്ടന്ന്. അത്രമേൽ ആയിരുന്നു ആക്രമണം. എന്തിനു വേണ്ടിയാണിത്. സിനിമാക്കാരെ മൊത്തം മോശക്കാരാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് എല്ലായിടത്തും നടന്നത്. 

എല്ലാവരും സത്യത്തിൽ ഭയന്നിരിക്കുകയാണ്. ഞാൻ അടക്കം ആരും ഒന്നും അധികം സംസാരിക്കാത്തത് ഒരു കൊടുങ്കാറ്റ് വന്നിട്ട് പോകട്ടെ എന്നു വിചാരിച്ചിട്ടാണ്. കൊടുങ്കാറ്റാണ് ഈ അടിച്ചത്. എല്ലാ ചാനലുകാരും രാവിലെ മുതൽ തുടങ്ങുകയായിരുന്നില്ലേ ദിലീപിനെ കുറിച്ച്. എത്രയോ പേര്‍ പനി വന്നു മരിച്ചു...വേറെന്തൊക്കെ കാര്യങ്ങളുണ്ടായി. വിൻസന്റ് എന്നൊരു എംഎൽഎ സ്ത്രീ പീഡന കേസിൽ അറസ്റ്റിലായില്ലേ? രാഷ്ട്രീയക്കാരെല്ലാം അന്നേരം വായ മൂടിയിരുന്നത് എങ്ങനെയാണ്? എല്ലാ പാർട്ടിക്കാരും ഇക്കാര്യത്തിൽ ഒരുപോലെയായിരുന്നല്ലോ ?എല്ലാവർക്കും അറിയേണ്ടത് ദിലീപ് എന്തൊക്കെ ചെയ്തുവെന്ന് മാത്രമായിരുന്നു...

കേസ് അന്വേഷിച്ച ദിനേന്ദ്ര കശ്യപ് എവിടെ പോയി

ഗ്ലാമറിൽ നിൽക്കുന്നൊരാൾക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് വാർത്തകളും ചർച്ചകളുമാക്കിയാൽ ടാം റേറ്റിങ് കൂട്ടാം. അതിനു വേണ്ടി രണ്ടോ മൂന്നോ ആഴ്ചയായി ഇതിനു പുറകേ തന്നെയല്ലേ. പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിട്ടിട്ട് തെളിവിനു തിരയുകയല്ലേ? ഈ കേസ് അന്വേഷിച്ചിരുന്ന ദിനേന്ദ്ര കശ്യപ് എവിടെ പോയി. ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെയൊക്കെ പോയി നിങ്ങൾ അഭിമുഖം എടുക്കണം അവർക്കൊക്കെ ഓരോന്ന് പറയാനുണ്ടാകും.

ഡി സിനിമാസ് പൂട്ടുമ്പോൾ

ദിലീപ് എങ്ങനെയാണ് ഡീ സിനിമാസ് കെട്ടിപ്പൊക്കിയതെന്ന് അറിയാമോ? ഇപ്പോഴും അയാൾ മാസം തോറും 30 ലക്ഷം രൂപ ലോൺ അടയ്ക്കുന്നുണ്ട്. ലോണ്‍ എടുത്താണ് ഡി സിനിമാസ് പണി കഴിപ്പിച്ചത്. ഡീ സിനിമാസിൽ ഒരു പടം ഓടുകയായിരുന്നു. അതിനിടയിലാണ് അടച്ചു പൂട്ടിയത്. ഇത് സിനിമാ മേഖലയോടു മാത്രമല്ല ഒരു വ്യക്തിയോടു തന്നെ ചെയ്യുന്ന ദ്രോഹമാണ്. വ്യക്തിഹത്യയാണ് ഇവിടെ നടക്കുന്നത്. 

സിനിമയില്ലെങ്കിലും സിനിമാക്കാർക്കു ജീവിക്കണ്ടേ?

ദിലീപിന് കോടികളുടെ സമ്പാദ്യം ഉണ്ടെന്നു പറയുന്നവർ അദ്ദേഹത്തിന് ഒരു സിനിമയിൽ നിന്ന് എത്രയാണ് പ്രതിഫലം കിട്ടുന്നതെന്ന് അന്വേഷിക്കണം. ദിലീപ് ചതിച്ചിട്ടുണ്ടെങ്കിൽ ഒതുക്കിയിട്ടുണ്ടെങ്കിൽ അതിന് വിധേയരായവർ മുൻപിൽ വന്നു പറയട്ടെ. എല്ലാ താരങ്ങളും സിനിമയിലെ പ്രതിഫലം വീട്ടിൽ കൊടുക്കും അല്ലെങ്കിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കും. സിനിമയില്ലെങ്കിലും അവർക്ക് ജീവിക്കണ്ടേ? സിനിമയില്‍ എത്ര കാലം നില്‍ക്കാനാകും എന്നു നമുക്കറിയില്ലല്ലോ. അതുകൊണ്ട് എല്ലാവരും ഓരോന്നിൽ നിക്ഷേപിക്കും. ദിലീപ് ആരെയെങ്കിലും ചതിച്ചിട്ടാണ് ‌ഈ നിക്ഷേപമൊക്കെ ഉണ്ടാക്കിയതെങ്കിൽ അവർ പറയട്ടെ. ദിലീപിന്റെ പ്രതിഫലം നോക്കിയാൽ മതിയാകും ഈ കണക്കുകൾ അറിയാൻ. പിന്നെ താരങ്ങളല്ല ആരായാലും പത്തോ പതിനഞ്ചോ കൊല്ലം മുൻപ് വസ്തുക്കൾ വാങ്ങിയെന്നിരിക്കട്ടെ. ഇന്ന് അതിനൊക്കെ ഇരട്ടി വില കിട്ടില്ലേ?

സിനിമാക്കാർ എന്ത് തെറ്റ് ചെയ്തു

ഇപ്പോഴിറങ്ങുന്ന സിനിമകൾക്ക് പൊതുവെ കളക്ഷന്‍ കുറവാണ്. അത് സിനിമയുടെ മെച്ചമില്ലായ്മ എന്ന പോലെ ആളുകളിലും ഒരു അകലം വന്നിട്ടുണ്ടെന്നത് സത്യമാണ്. അത്രമേൽ ആക്രമണമായിരുന്നല്ലോ എല്ലായിടത്തു നിന്നും നേരിടേണ്ടി വന്നത്. ചാനലുകാരും രാഷ്ട്രീയക്കാരും കടന്നാക്രമിക്കുകയായിരുന്നല്ലോ.

കോൺഗ്രസ് നേതാവ് എംഎം ഹസൻ പറഞ്ഞത് അമ്മ സംഘടന പൂട്ടിക്കെട്ടണമെന്നാണ്. അദ്ദേഹത്തിന് എങ്ങനെയാണിത് പറയാൻ സാധിക്കുന്നത്. രാഷ്ട്രീയക്കാർക്കും ചാനലുകാർക്കുമെല്ലാം എന്ത് ഉദ്ഘാടനത്തിനും സിനിമാക്കാർ വേണമായിരുന്നല്ലോ. അതൊക്കെ എത്ര പെട്ടന്നാണ് മറന്നുപോകുന്നത്. ഒരു രാത്രികൊണ്ട് സിനിമാക്കാർ എങ്ങനെയാണ് കൊള്ളരുതാത്തവരായത്. എന്ത് കാര്യത്തിനും പബ്ലിസിറ്റിയ്ക്കു സിനിമാക്കാർ വേണമായിരുന്നല്ലോ? എന്നിട്ടൊരു പ്രശ്നം വന്നപ്പോൾ ഞങ്ങളെല്ലാവരും കള്ളൻമാരായി. അങ്ങനെയുള്ള നിലപാടുകളിൽ ഞങ്ങൾക്കെല്ലാവർക്കും നല്ല വിഷമമുണ്ട്. 

ഓണം പ്രോഗ്രാമുകളിൽ നിന്ന് വിട്ടു നിൽക്കുകയാണല്ലോ?

സിനിമാക്കാരെ ഒന്നടങ്കം അധിക്ഷേപിച്ച ചില ചാനലുകളിൽ പോയിരുന്നു ഓണത്തിന് സംസാരിക്കുന്നത് എന്തിനാണ്. എല്ലാ ചാനലും അങ്ങനെയാണെന്നല്ല. ഒരു ചാനൽ പറയുന്ന കേട്ടു മോഹൻലാലിനും മമ്മൂട്ടിക്കും പ്രായമായെന്ന്. പ്രായത്തിന് അനുസരിച്ചാണോ അവരുടെ അഭിനയം അല്ലല്ലോ? ഒരു ആർടിസ്റ്റ് ആയാൽ അങ്ങനെ തന്നെ വേണം. മരണം വരെയാണ് ഒരു ആർടിസ്റ്റിന്റെ വയസ്. അമിതാഭ് ബച്ചൻ അഭിനയിക്കുന്നില്ലേ?  77 വയസായ എന്നു കരുതി അഭിനയിക്കേണ്ട എന്നാണോ? രജനീകാന്തും കമല്‍ഹാസനും എത്ര വയസായി ഇവരൊന്നും അഭിനയിക്കുന്നില്ലേ? മമ്മൂട്ടി എങ്ങനെ അഭിനയിക്കുന്നു എന്നല്ലേ നോക്കേണ്ടത്...അല്ലാതെ വയസ് എത്രയാണെന്നാണോ?

ചാനലുകാർക്ക് അവാര്‍ഡ് നൈറ്റിനും ഷോകൾക്കും താരങ്ങളെ വേണം. ഒരു പ്രശ്നം വന്നാൽ ആ കൂട്ടരെയെല്ലാം അടച്ചാക്ഷേപിക്കുകയും ചെയ്യും. ഒറ്റപ്പെട്ട സംഭവമാണ് സിനിമയിൽ‌ നടന്നത്. സിനിമയിൽ നടക്കുന്നതിലും എത്രയോ വലിയ വൃത്തികേടാണ് പുറത്തു നടക്കുന്നത്. രാഷ്ട്രീയത്തിലില്ലേ?

ദിലീപിന്റെ പി.ആർ ഏജൻസി

ജയിലിൽ കിടക്കുന്ന ദിലീപ് എങ്ങനെയാണ് പി.ആർ.ഏജൻസി തുടങ്ങുന്നത്. കുറേ ആളുകൾ ദിലീപിനെ എതിർക്കും. കുറേ പേർ അനുകൂലിക്കും. ഏത് കാര്യത്തിനും രണ്ടു പക്ഷമില്ലേ? അതാണിവിടെയും നടന്നത്. ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. കോടതി തീരുമാനിക്കാതെ ഒരാൾ കുറ്റക്കാരനാണെന്ന് എങ്ങനെയാണു പറയാനാകുക. കുറേ പേർ അനുകൂലിച്ച് സംസാരിച്ചതുകൊണ്ട് എങ്ങനെയാണ് പി.ആർ.ഏജന്‍സിയ്ക്ക് ക്വട്ടേഷൻ നൽകിയെന്നൊക്കെ പറയാനാകുക. ദിലീപ് തെറ്റുകാരനല്ലെന്ന് എനിക്കറിയാം. ഞാൻ അത് പറയുകയും ചെയ്യുന്നു. ദിലീപ് തെറ്റുകാരനല്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണമെങ്കിൽ കേസ് തീരണം. കേസ് ഇപ്പോൾ പക്ഷേ അനന്തമായി നീണ്ടുപോകുകയാണല്ലോ. കുറേ കേട്ടു കഴിയുമ്പോൾ ആളുകൾക്ക് മടുക്കും. അത്രതന്നെ. സരിത നായരുടെ കേസ്ിൽ എന്തായിരുന്നു ഇവിടെ ആഘോഷം.

മറക്കരുത് നമ്പി നാരായണനെ, സുമനെ

നമ്പി നാരായണന്റെ അവസ്ഥ മറക്കരുത്. രാജ്യത്തിന്റെ ചാരനായി എന്ന് ആരോപിച്ച് അദ്ദേഹത്തെ ജയിലിലടച്ചില്ലേ? അദ്ദേഹത്തിന്റെ വീടിനെ കല്ലെറിഞ്ഞില്ലേ? അദ്ദേഹത്തിനും കുടുംബത്തിനും റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വന്നില്ലേ? എന്നിട്ടെന്തായി അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടില്ലേ? അന്ന് അങ്ങനെയൊരു കേസ് ഉണ്ടായിരുന്നില്ലെങ്കിൽ എന്നേ ജിഎസ്എൽവി എന്ന റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് പൊങ്ങിയേനെ.‌ നമ്പി നാരായണൻ എത്ര നല്ലൊരു ശാസ്ത്രജ്ഞനായിരുന്നു. കള്ള കേസുണ്ടാക്കി അദ്ദേഹത്തെ തകർത്തില്ലേ? കെ.കരുണാകരനെ ഒതുക്കാനല്ലേ അന്ന് അങ്ങനെയൊരു സംഭവം ഉണ്ടാക്കിക്കൊണ്ടു വന്നത്. അന്ന് ഇടതുപക്ഷമൊക്കെ ആരുടെയൊക്കെ കോലം കത്തിച്ചു. 

സുമൻ എന്നൊരു നടനുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും നല്ല സമയത്താണ് ഒരു പൊലീസ് കേസിൽ കുരുങ്ങുന്നത്. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങളിലുള്ള പകപോക്കൽ. വലിയ കോലാഹലമായിരുന്നു അന്ന്. സുമൻ പിന്നീട് എല്ലാ കുറ്റങ്ങളിൽ നിന്നും മുക്തനായി പുറത്തിറങ്ങി. പക്ഷേ അപ്പോഴേക്കും അദ്ദേഹത്തിന്റെ കരിയർ പോയിരുന്നു. നല്ലൊരു നടനാണ് അദ്ദേഹം. 

ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. കേരളത്തിൽ ഇതാദ്യമാണെന്നു മാത്രം. കേരളത്തിലെ ആളുകളുടെ പ്രശ്നം ഒരു സംശയം ഇട്ടുകൊടുത്താൽ അവരെല്ലാം അത് വിശ്വസിക്കും. നമ്മൾ നല്ല വിദ്യാഭ്യാസമുള്ള ആളുകളാണെങ്കിലും ഇങ്ങനെയൊരു പ്രശ്നമുണ്ട്. 

മമ്മൂട്ടിയുടെ കോലം കത്തിച്ചതെന്തിന്?

ദിലീപ് കേസിൽ മമ്മൂട്ടിയുടെ വീടിന് മുൻപിൽ യൂത്ത് കോൺഗ്രസ്കാർ അദ്ദേഹത്തിന്റെ കോലം കത്തിച്ച് സമരം നടത്തിയില്ലേ? എന്തിനു വേണ്ടിയാണത്. മമ്മൂട്ടി ഒരു ചാനലിന്റെ ചെയര്‍മാൻ ആയതുകൊണ്ടോ? മമ്മൂട്ടിയൊക്കെ എത്രയോ പേരുടെ ഹൃദയശസ്ത്രക്രിയയ്ക്കുള്ള സഹായം നൽകിയിട്ടുണ്ട്, വേറെന്തൊക്കെ കാര്യങ്ങൾ െചയ്തിട്ടുണ്ട് ദിലീപ് എത്രയോ പേർക്ക് വീടുവച്ച് നൽകിയിട്ടുണ്ട്. ആർടിസ്റ്റുകൾ എന്തൊക്കെ കാരുണ്യ പ്രവർത്തകർ ചെയ്യുന്നു. സർക്കാരിന്റെ എല്ലാ പരസ്യങ്ങളിലും സിനിമാക്കാരുടെ തല വച്ചല്ലേ ചെയ്യുന്നേ? അത്രയും സ്വാധീനമുള്ള ആളുകളെ ഒരു കാര്യംവന്നപ്പോൾ ഇങ്ങനെ അടച്ചാക്ഷേപിക്കാന്‍ പാടുണ്ടോ?

ദിലീപിന്റെ വ്യക്തി ജീവിതം എന്തിന് വലിച്ചിഴയ്ക്കുന്നു?

എനിക്ക് മനസിലാകാത്ത മറ്റൊരു കാര്യമാണിത്. കേസിലേക്ക് എന്തിനാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ വലിച്ചിഴയ്ക്കുന്നത്. അദ്ദേഹം മഞ്ജു വാര്യറെ കല്യാണം കഴിച്ചോ കാവ്യയെ കല്യാണം കഴിച്ചോ അതിനു മുൻപ് വേറെ ആരെയെങ്കിലും വിവാഹം ചെയ്തിട്ടുണ്ടോയെന്നൊക്കെ അന്വഷിക്കേണ്ട കാര്യമെന്താണ്. മൂന്നും നാലും കല്യാണം കഴിച്ച എത്രയോ പേരാണ് പുറത്ത് വിലസുന്നത്?

എന്തിനാണ് ദിലീപിനെ ഇത്രയും പിന്തുണയ്ക്കുന്നത്.

വിഷ്ണുലോകം എന്ന എന്റെ ചിത്രത്തിലൂടെയാണ് ദിലീപ് സിനിമയിലെത്തുന്നത്. അതിനെ കുറിച്ച് നേരത്തെ പറഞ്ഞല്ലോ. അന്നുമുതല്‍ക്കേ എനിക്കു ദിലീപിനെ അറിയാം. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ സംസാരിക്കുന്നത്. ഉള്ളുതുറന്നാണ് സംസാരിക്കുന്നത്. എല്ലാവരും കൂടി ഒരാളെ ഇങ്ങനെ ആക്രമിക്കരുത്. നൂറു കള്ളം പറയുമ്പോൾ ഒടുവിലത് സത്യമെന്നേ തോന്നൂ. ദിലീപിന്റെ കാര്യത്തിലും അതാണ് നടക്കുന്നത്. 

ജനങ്ങൾ മാറിനിന്ന് ചിന്തിക്കണം. ഇത്രയും വലിയ നിലയിൽ നിൽക്കുന്നൊരാൾ ഒരു നടിയെ ഇത്രയും മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുമോ? അങ്ങനെ ചെയ്താൽ ഞാൻ അടക്കമുള്ളവരെ നാളെ തല്ലില്ലേ? ദിലീപിനും ഒരു മകളുണ്ട്. ഇതെല്ലാം അറിഞ്ഞുവച്ചു കൊണ്ട് ദിലീപ് ഇങ്ങനെയൊരു കൃത്യത്തിന് ഇറങ്ങിപ്പുറപ്പെടുമോ? ഒരാളെ കുത്തിക്കൊന്നാൽ പോലും ഇത്ര വലിയ നാണക്കേടില്ല. അത് ദിലീപിനും അറിയാം. എന്നിട്ടും ഇങ്ങനെയൊരു കൃത്യം ചെയ്യുമോ? 

ദിലീപ് ഇങ്ങനെയൊക്കെ ചെയ്തതെന്നു പറയുന്ന പൾസർ സുനി ആരാണെന്ന് അന്വേഷിക്കണം. എന്നിട്ടു വേണം ദിലീപിനെ ഇത്ര ക്രൂരമായി ആക്രമിക്കുവാൻ. 

ഒരു സ്ത്രീ ഒരു ചാനലിൽ വിളിച്ച് പറഞ്ഞു, ഇനി ദിലീപിന്റെ വാർത്ത കാണിക്കേണ്ടെന്ന്. അപ്പോൾ അവർ പറയുകയാണ് ഞങ്ങൾ കാരണമാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന്. ഒരു ചാനൽ പറഞ്ഞത് കേട്ടാണോ ഒരാളെ അറസ്റ്റ് ചെയ്യേണ്ടത്. അങ്ങനെയാണെങ്കിൽ ഇവിടെ ജീവിക്കാനാകുമോ? ദിലീപിനെ വിട്ട് നാളെ മോഹൻലാലിനെ കുരുക്കാം എന്ന് ഇവരൊക്കെ ചിന്തിച്ചാൽ അതൊക്കെ നടക്കുമോ?