Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ആ നടൻ!

suraj

തിരശ്ശീലയിൽ ‘പൂന്തുവിളയാടിയും’ ഇളകിയാർത്തുമുള്ള ചിരിമസാലച്ചേരുവകളുടെ പുറംകുപ്പായം അഴിച്ചുമാറ്റിയപ്പോൾ തെളിഞ്ഞുറച്ച പേരാണു സുരാജ് വെഞ്ഞാറമ്മൂട്. സമീപകാലത്തെ ഏതാനും സിനിമകൾകൊണ്ട് ‘ഇതാണ് ഞങ്ങൾ പറഞ്ഞ നടൻ’ എന്നു കാണികളെക്കൊണ്ടു പറയിച്ച സുരാജ് സംസാരിക്കുന്നു. 

∙ ശരിക്കും നടനാ... 

പത്തുപതിനൊന്നു വർഷമായെങ്കിലും അടുത്തകാലത്താണ് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ഭാഗ്യം കിട്ടിയത്. ബാബു ജനാർദനന്റെ ‘ഗോഡ് ഫോർ സെയിലിൽ’ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു. പിന്നെ, സ്പിരിറ്റ്, ഗദ്ദാമ പോലുള്ള പടങ്ങൾ... എബ്രിഡിന്റെ ആക്‌ഷൻ ഹീറോ ബിജുവിലെ വേഷം കണ്ടാണ് തൊണ്ടിമുതലിലേക്കു വിളിക്കുന്നത്. ഇപ്പോൾ അൻപത്തിയെട്ടു വയസ്സുകാരനായ റിട്ട. പൊലീസുകാരനായും അഭിനയിച്ചു. അടുത്തിടെയിറങ്ങിയ സിനിമകൾകണ്ട് കിട്ടിയ അഭിനന്ദനങ്ങൾ ദേശീയ അവാർഡ് കിട്ടിയ സമയത്തേതുപോലെ... ഒരുപാടുപേർ വിളിച്ച് സിനിമയെക്കുറിച്ചും വേഷത്തെക്കുറിച്ചുമൊക്കെ അഭിപ്രായങ്ങൾ അറിയിക്കുന്നുണ്ട്. വലിയ സംവിധായകരും തിരക്കഥാകൃത്തുക്കളും സാധാരണക്കാരും ഉൾപ്പെടെ ഒരുപാടുപേർ. നല്ല കഥാപാത്രങ്ങളാണെങ്കിൽ ഒരു സീനാണെങ്കിൽപോലും പോയി ചെയ്യും. ഹീറോ ആകണമെന്നില്ല. ആരുമായും മത്സരത്തിനുമില്ല. ഇപ്പൊത്തന്നെ പോകുന്നത് പ്രതീക്ഷിക്കാത്ത വഴികളിൽക്കൂടെയാണ്. 

suraj-4

∙ കോമഡി മാത്രമല്ല, കട്ട സീരിയസ്... 

ശരിക്കും പറഞ്ഞാൽ, കിട്ടുന്ന എല്ലാ വേഷവും ചാലഞ്ചിങ്ങാണ്. നല്ല കഥാപാത്രങ്ങൾ കിട്ടുമ്പോൾ പരമാവധി നന്നാക്കാൻ ശ്രമിക്കുന്നു. ഒരു കഥാപാത്രം ചെയ്യാൻ കിട്ടുമ്പോൾ എന്തെങ്കിലുമൊക്കെ സ്പാർക് കിട്ടും. മുൻപ് എവിടെയെങ്കിലുമൊക്കെ കണ്ട ആളുകളെ കഥാപാത്രവുമായി ചേർത്തുവയ്ക്കും. ആളുകളെ നിരീക്ഷിച്ചു മനസ്സിലാക്കുന്നത് രസമുള്ള കാര്യമല്ലേ... സത്യം പറഞ്ഞാൽ എനിക്ക് ഇതിനെക്കുറിച്ചൊന്നും ആധികാരികമായൊന്നും പറയാനറിയില്ല (ചിരി). നല്ല കഥാപാത്രങ്ങൾ കിട്ടുന്നു. അതു നന്നാക്കാൻ ആത്മാർഥമായി ശ്രമിക്കുന്നു. അത്രേയുള്ളൂ. വരാനിരിക്കുന്ന പടങ്ങളിലും നല്ല കഥാപാത്രങ്ങളാണ്. 

ഇപ്പോൾ തിയറ്ററിലുള്ള സിനിമ സിദ്ധാർഥ് ഭരതന്റെ ‘വർണ്യത്തിലാശങ്ക’യാണ്. പുതിയ സംവിധായകൻ ജുബിത്തിന്റെ സിനിമ ‘ആഭാസം’ ഏകദേശം കഴിഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും കോമഡി വിട്ടൊരു പരിപാടിയില്ല. അതല്ലെ ബെയ്സ്... അവിടന്നല്ലെ ഇവിടെയെത്തിയത്. വിനീത് ശ്രീനിവാസന്റെയൊപ്പം മുഴുനീള കോമഡി സംഗതിയൊരെണ്ണം വരുന്നുണ്ട്. ശരിക്കും ‘പൂന്തുവിളയാടൽ’. 

suraj-7

∙ എന്തും ചെയ്യും 

ചുറ്റും കാണുന്ന, ഇതുവരെ ചെയ്യാത്ത എത്രയോ കഥാപാത്രങ്ങളുണ്ട്. കോമഡി റോൾ, നെഗറ്റീവ് അങ്ങനൊന്നുമില്ല. ഇഷ്ടപ്പെട്ടാൽ, കയ്യിൽ നിൽക്കുമെന്നു തോന്നിയാൽ ചെയ്യും. എന്നെക്കൊണ്ടു പറ്റില്ലെന്നുകണ്ടാൽ ‘ഇതു ഞാൻ ചെയ്താൽ ശരിയാവില്ല. വേറെയാരെങ്കിലും ചെയ്താൽ നന്നാകും’ എന്നും പറയും. കോമഡി വേഷങ്ങൾ ചെയ്യുന്നു എന്നുകരുതി ആരും മാറ്റിനിർത്താറില്ല. സംവിധായകർ അങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്ക് ഇപ്പോഴത്തെ വേഷങ്ങളൊന്നും കിട്ടില്ലല്ലോ... ഈ കഥാപാത്രം ആരു ചെയ്താൽ നന്നാകും എന്നൊക്കെയേ അവർ ചിന്തിക്കുന്നുള്ളൂ. കഥാപാത്രത്തെ നന്നായി മോൾഡ് ചെയ്തെടുക്കുന്നതിന്റെ ക്രെഡിറ്റ് ‌സംവിധായകനാണ്. ഇമേജ് ബ്രേക്ക് ചെയ്യാനുള്ള മനസ്സ് അവർ കാണിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതും. പുതുതലമുറ നല്ല പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. മുൻ തലമുറയിൽ ചിലർ അതിനൊപ്പം ഓടിയെത്താൻ ശ്രമിക്കുന്നുമുണ്ട്. അതു സാങ്കേതിക കാര്യങ്ങളിലും കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിലുമുണ്ട്. 

∙ സ്വപ്നം കാണുന്ന നിശ്ചൽ 

നാഷനൽ അവാർഡ് ഒക്കെ കിട്ടിയെങ്കിലും എപ്പോൾ ചോദിച്ചാലും ഡ്രീം റോൾ കിലുക്കത്തിൽ അമ്പിളിച്ചേട്ടന്റെ കഥാപാത്രമാണ് – നിശ്ചൽ. അതും ലാലേട്ടനും അമ്പിളിച്ചേട്ടനും ചേർന്നുള്ള കോംബോ. എന്ത് രസമായിട്ടാ അതു ചെയ്തിരിക്കുന്നെ. പുതിയ ആൾക്കാർ ആരെങ്കിലും ആ സിനിമ വീണ്ടും ചെയ്യുമോ എന്നു പറയാൻ പറ്റില്ലല്ലൊ. അങ്ങനെ ചെയ്താൽ നിശ്ചലിന്റെ കഥാപാത്രം ചെയ്യണം. എത്രവട്ടം ആ കഥാപാത്രത്തെക്കണ്ട് അന്തംവിട്ടിട്ടുണ്ട്. 

∙ നാലു‘പേരറിയണം’... 

ദേശീയ അവാർഡ് കിട്ടിയ ‘പേരറിയാത്തവർ’ കൂടുതൽ ആളുകളിലേക്ക് ഇനിയും എത്തിയിട്ടില്ല. എല്ലാ തിയറ്ററുകളിലും പടം വന്നില്ല. ആ സിനിമ എന്താണെന്നും എന്താണ് ഞാനതിൽ ചെയ്തതെന്നും എന്തിനാണ് അവാർഡ് കിട്ടിയതെന്നും മറ്റുള്ളവർ മനസ്സിലാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതു പൂർണമായും നടന്നില്ലെന്ന വിഷമമുണ്ട്. അടുത്തകാലത്തു ചെയ്യുന്ന പടങ്ങളിൽ ചിലതുകണ്ട് ആളുകൾ അഭിനന്ദിക്കുമ്പോൾ സന്തോഷമുണ്ട്; അവാർഡ് കിട്ടുന്നതുപോലെതന്നെ ആ സന്തോഷവും. 

∙ സിനിമാ കാഴ്ചക്കാരൻ 

കുറച്ചു സമയം വീണുകിട്ടുമ്പോൾ പോയി പടങ്ങൾ കാണും. കൂടുതൽ കാണുന്നതു മലയാളം പടങ്ങൾതന്നെ. ഞാൻ അഭിനയിച്ചത് എന്നല്ല; ആരുടെ പടങ്ങളും കാണും. പറ്റുമെങ്കിൽ കുടുംബത്തോടൊപ്പം തിയറ്ററിൽപോയി. ഫോറിൻ പടങ്ങളൊക്കെ കാണുന്നതു വളരെക്കുറവാണ്. ഈ സിനിമയൊന്നു കണ്ടുനോക്കൂ എന്ന് സിനിമയെക്കുറിച്ചു അറിയാവുന്നവർ പറയുമ്പോൾ തപ്പിയെടുത്തു കാണാറുണ്ട്. കൂടെ നാഷനൽ അവാർഡ് കിട്ടിയ രാജ്കുമാർ റാവുവിന്റെ ‘ഷാഹിദ്’ ഒക്കെ കണ്ടിരുന്നു. അസാധ്യ പടമാണ് അതൊക്കെ. 

∙ ഇത്തവണ ദൃക്സാക്ഷിയല്ല 

മഹേഷിന്റെ പ്രതികാരം കണ്ടപ്പോൾ ദിലീഷ് പോത്തന്റെ പടത്തിൽ അഭിനയിച്ചാൽ കൊള്ളാമെന്ന് ആഗ്രഹം തോന്നിയിരുന്നു. നേരിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ‘നോക്കട്ടെ, ആലോചനയിലുള്ള വ്യക്തികളാണ്..’ എന്നൊക്കെയാണു മറുപടി. തൊടുപുഴയിൽ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ കൂടെയുള്ള ഒരാൾ പറയുകയാണ് ‘ദിലീഷിന്റെ അടുത്ത പടത്തിന്റെ പേര് അനൗൺസ് ചെയ്തു – തൊണ്ടിമുതലും ദൃക്സാക്ഷിയും’. പേരുകേട്ടപ്പോൾതന്നെ ചിരിവന്നു. കൊള്ളാമല്ലൊ... രസമുള്ള പേര്. ദിലീഷിന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കാനിരിക്കുകയാണ്. അപ്പോൾ, എനിക്കൊരു കോൾ, ദിലീഷിന്റേതാണ്. ഇങ്ങോട്ട് എന്തൊക്കെയോ സംസാരിക്കാൻ വന്ന പോത്തനെ തടഞ്ഞ് ആദ്യ ഡയലോഗ്: ‘നിങ്ങടെ അടുത്ത പടത്തിൽ ഒരു സീനെങ്കിലും തരണം.’ വിളിച്ച കാര്യംപോലും ചോദിക്കാതെയാണു സംസാരം. 

suraj-2

അന്നുവൈകിട്ടു ദിലീഷിനെക്കണ്ടു സംസാരിച്ചു. ‘പുതിയ സിനിമയിൽ ഒരു വേഷമുണ്ട്. അണ്ണാ, ഡിസംബറിലൊക്കെ എങ്ങനാ ഡേറ്റ് ? ത്രൂഔട്ട് ക്യാരക്ടറാണ്. അതിനുള്ള സമയം കിട്ടുമോ ? എന്നാൽ സംഭവം പറയാം’ എന്നായി ദിലീഷ്. അങ്ങനെ കഥ പറഞ്ഞു. ‘ഇതിൽ പ്രസാദ് എന്ന ക്യാരക്ടർ സുരാജാണ്. എന്തു പറയുന്നു ?’ 

ഞാൻ ചോദിച്ചത് ഒരു സീൻ, തന്നത് ഒരു ത്രൂഔട്ട് വേഷം! ആ സമയം മറ്റൊരു പടമുണ്ട്. അതിന്റെ ഡയറക്ടറോട് കാര്യം പറഞ്ഞിട്ട് ഇതിലേക്കുപോന്നു. 

∙ ദിലീഷ് പോത്തൻ – രാജീവ് രവി 

ദിലീഷിന്റെ സംവിധാനശൈലി രസകരമായിത്തോന്നി. ഒരു ക്യാരക്ടർ ചെയ്യാൻ വരുന്നവരും സിനിമയിലെ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കും. കഥാപാത്രത്തെക്കുറിച്ചു പറയുമ്പോൾ അതിന്റെ വിശദാംശങ്ങളെല്ലാം പറയും. ഇതാണ് കഥാപാത്രത്തിന്റെ മാനസികാവസ്ഥ, ചുറ്റുപാട്, പ്രായം ഇത്രയാണ്, സ്വഭാവം ഇങ്ങനെയാണ്... ഉദാഹരണത്തിന് ഒരു പൊലീസ് സ്റ്റേഷനിലേക്ക് കയറിച്ചെല്ലുമ്പോൾ എന്തായിരിക്കും പറയുക, ചെയ്യുക ? അങ്ങനെയാണ് ഡവലപ് ചെയ്തത്. ഇതിൽ സ്ക്രിപ്റ്റ് ഉണ്ട്. എന്നാലും ഇത്തരം സന്ദർഭങ്ങളിൽ അങ്ങനെയൊന്നും കണ്ടില്ല. കഥാപാത്രങ്ങളും സിനിമയും വളരുന്നതു കാണുകയാണ്. ക്യാമറ ചെയ്യുന്ന രാജീവ് രവിച്ചേട്ടൻ പിന്നെ, മേക്കപ്പ് ഒന്നും നോക്കുന്നയാളല്ലല്ലൊ. നാചുറൽ ആകണം. അദ്ദേഹം ക്യാമറ ചെയ്ത രണ്ടു സിനിമകളിലും സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലും അഭിനയിച്ചെങ്കിലും ത്രൂഔട്ട് അദ്ദേഹത്തിന്റെ ഫ്രെയിമിൽ പതിയാൻ പറ്റിയത് തൊണ്ടിമുതലിലാണ്. സിനിമ ചെയ്യുമ്പോൾ ഇതിൽ ക്യാമറയുണ്ടെന്നുപോലും തോന്നിക്കാതെയാണ് ചെയ്യുന്നത്. ക്രിയേറ്റീവ് ഡയറക്ടറായിരുന്ന ശ്യാം പുഷ്കരൻ കുറച്ചു സമയംകൊണ്ടുതന്നെ ക്യാരക്ടറിലേക്ക് നമ്മളെ ഈസിയായി കടത്തിവിടും. എനിക്ക് ഇതെല്ലാം പുതിയ അനുഭവങ്ങളാണ്. 

suraj-fahad-move

∙ ശരിക്കും ദൃക്സാക്ഷി... 

സിനിമയിൽ പ്രസാദും ശ്രീജയും പെട്ടുപോയപോലെ അവസ്ഥ എന്റെയൊരു സുഹൃത്തിനുണ്ടായി. അദ്ദേഹം സിനിമ കണ്ടിട്ട് അതിനെക്കുറിച്ച് ഒരു കത്തെഴുതിയിരുന്നു. ഈ സിനിമ ഒരു വർഷം മുൻപ് ഇറങ്ങിയിരുന്നെങ്കിൽ എന്റെ കുടുംബം വഴിയാധാരമാകില്ലെന്നായിരുന്നു അയാൾ പറഞ്ഞത്. അയാളുടെ വീട്ടിൽനിന്ന് ഒരു മാല മോഷണംപോയ കേസുമായി വലഞ്ഞു. വീടുപോലും കൈവിട്ടു പോകുന്ന അവസ്ഥ. നമ്മുടെ ചുറ്റുപാടുമുള്ള സിസ്റ്റത്തെക്കുറിച്ചാണ് പറഞ്ഞത്. സിനിമ അന്നിറങ്ങിയിരുന്നെങ്കിൽ അതു ചർച്ചയായി കുടുംബമെങ്കിലും രക്ഷപ്പെടുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.