Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചുണ്ണി; മലയാള സിനിമയ്ക്ക് ആദ്യമായി ഒരു ഗവേഷണ വിഭാഗം

nivin-research-team മോനിഷ–ആദിൽ–മുഹ്സിൻ

മികച്ച ഒരു ഉൽപന്നം ഉണ്ടാക്കാൻ മികച്ച ഒരു റിസർച്ച് വിഭാഗം വേണമെന്ന തത്വം ഏറ്റവുമധികം പ്രായോഗികമാക്കപ്പെടുന്ന ഇക്കാലത്ത് ഇതാ മലയാള സിനിമയിലേക്കും ഒരു ഗവേഷണ വിഭാഗം ആദ്യമായി വലതുകാൽ വച്ചു കയറുന്നു.

റോഷൻ ആൻഡ്രൂസ്–ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ അടുത്ത ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’ക്കു വേണ്ടിയാണ് ഒരു റിസർച്ച് ടീമിനെ ഔദ്യോഗികമായി നിയമിച്ചിരിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള ജീവിത കഥയാണ് കായംകുളം കൊച്ചുണ്ണി എന്ന കള്ളന്റേത്, ഇത്രയും ചരിത്രപ്രാധാന്യമുള്ള ഒരു വിഷയമാവുമ്പോൾ സ്വയം ഗവേഷണം നടത്താതെ ഒരു ടീമിനെ ആ ജോലി എൽപ്പിക്കാമെന്ന് സംവിധായകനും തിരക്കഥാകൃത്തുക്കളും മറ്റും ചേർന്ന് തീരുമാനിച്ചു. പ്രമുഖ ടി വി അവതാരകനും നടനുമായ ഗോവിന്ദൻകുട്ടി വഴിയാണ് മോനിഷ–ആദിൽ–മുഹ്സിൻ എന്നീ മൂവർ സംഘം കായംകുളം കൊച്ചുണ്ണിയുടെ റിസർച്ച് ടീമായി തിരഞ്ഞെടുക്കപ്പെടുന്നത്.

ഇതുവരെ മലയാള സിനിമ കണ്ടിട്ടുള്ള ഗവേഷണ രീതിയിൽ സംവിധായകനും തിരക്കഥാകൃത്തുക്കളും ഉൾപ്പെടുന്ന ടീം തന്നെയാണ് അവരുടെ സിനിമാ വിഷയത്തെ ആസ്പദമാക്കി റിസർച്ച് നടത്തിയിട്ടുള്ളത്. ‘ഹൗ ഓൾഡ് ആർ യു ?’ എന്ന ചിത്രത്തിലെ ജൈവകൃഷിയെക്കുറിച്ചൊക്കെ തിരക്കഥാകൃത്തുക്കളും സംവിധായകനും അവരുടേതായ രീതിയിൽ അന്വേഷണം നടത്തി കാര്യങ്ങൾ പഠിച്ചു.

കായംകുളം കൊച്ചുണ്ണി എന്ന വിഷയത്തിന്റെ ആഴവും പരപ്പും കണക്കിലെടുത്ത് വസ്തുതകൾ കൃത്യമായി അവതരിപ്പിക്കുക എന്ന ഉദ്യേശത്തോടെയാണ് ഒരു റിസർച്ച് ടീമിനെത്തന്നെ ദൗത്യം ഏൽപ്പിക്കാമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.

ഏകദേശം ഒരു വർഷമായി മൂവർ സംഘം കായംകുളം കൊച്ചുണ്ണിയെ അന്വേഷിക്കുവാൻ തുടങ്ങിയത്. ഓരോ വിവരവും വസ്തുതകളും പുതുതായി അറിയുമ്പോഴും എല്ലാ മലയാള സിനിമകൾക്കും ഒരു റിസർച്ച് വിഭാഗം വേണമെന്ന് സഞ്ജയ് പറയുന്നു. അത്രയ്ക്ക്് ഭംഗിയായാണ് മൂവർ സംഘം കാര്യങ്ങൾ അന്വേഷിച്ച് പഠിച്ചത്.

nivin-research-team-1

മോനിഷ–ആദിൽ–മുഹ്സിൻ ടീം

എഞ്ചിനീയറിങ് ബിരുദധാരിയായ മോനിഷ മോഹൻ മേനോൻ സിനിമയിലെന്തെങ്കിലുമൊക്കെ ആയിത്തീരണം എന്നാഗ്രഹത്തോടെയാണ് റിസർച്ച് ടീമിൽ  ആദ്യം എത്തുന്നത്. ആദിൽ തൻമീർ, മുഹ്സീൻ തുടങ്ങിയവർ പിന്നീട് മോനിഷയ്ക്കൊപ്പം ചേർന്നു. മലയാള സിനമയിലെ ആദ്യ ഔദ്യോഗിക ഗവേഷണ ടീമിന് 15 ദിവസത്തെ പ്രൊബേഷൻ  പീരിയഡ് മറ്റെല്ലാ ജോലികളിലുമെന്നതുപോലെ ഉണ്ടായിരുന്നു. ഈ സമയത്ത് കായംകുളത്തുപോയി കൊച്ചുണ്ണി ജീവിച്ചിരുന്ന സ്ഥലത്തെ ആളുകളെയൊക്കെ കാണുവാൻ ശ്രമിച്ചു. കൊച്ചുണ്ണിയുടെ ഭാര്യയുടെ ഒരു അകന്ന ബന്ധുവിനെ അവർ അവിടെ കണ്ടെത്തി. 86 വയസുള്ള ആ ഉമ്മച്ചി കൊച്ചുണ്ണി എന്ന കള്ളനെക്കുറിച്ച് തനിക്കറിയാവുന്ന വിവരങ്ങളെല്ലാം മൂവർ ടീമുമായി പങ്കുവച്ചു. കള്ളനെങ്കിലും ആ നാട്ടുകാർക്ക് ഉപകാരിയായിരുന്ന കൊച്ചുണ്ണിയെക്കുറിച്ച് ഏവർക്കും മതിപ്പും ആദരവും നൂറുനാവുമാണ്.

കള്ളന്റെ കഥയിലെ ചരിത്രം

19ാം നൂറ്റാണ്ട് എല്ലാ വിധത്തിലും തിരശീലയിൽ പുനഃരാവിഷ്ക്കരിക്കപ്പെടുമ്പോൾ ഒരു കള്ളന്റെ കഥ എന്നതിലുപരി അക്കാലത്തെ ആളുകളുടെ വേഷവിധാനം അന്നത്തെ സാമൂഹിക വ്യവസ്ഥ, ആളുകളുടെ ജീവിതരീതി, അവരുടെ തൊഴിൽ, ആളുകൾ ഉപയോഗിച്ചിരുന്ന സാധനങ്ങൾ, അക്കാലത്തെ കായംകുളത്തുണ്ടായിരുന്ന പൊതു ഗതാഗത സംവിധാനം എന്നിവയെല്ലാം കൃത്യമായി അവതരിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതിനായി പുരാവസ്തു ഗവേഷണവിഭാഗത്തെയും ചില ചരിത്രകാരന്മാരെയും സമീപിച്ചു. അവരാണ് വിവരങ്ങൾ നൽകി ഏറ്റവുമധികം സഹായിച്ചത്. 

മേൽ ജാതിക്കാരുടെ അധികാരങ്ങളും കീഴാളരുടെ അവസ്ഥയുമെല്ലാമാണ് അന്നത്തെ ചുറ്റുപാടിൽ ഏറ്റവും പ്രാധാന്യമുള്ള വസ്തുത. വൈദ്യുതി അക്കാലത്ത് ഉണ്ടായിരുന്നില്ല എന്നത് ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കുവാൻ കഴിയുമോ? ഇന്നുള്ള സർക്കാർ സ്ഥാപനങ്ങളുടെ അന്നത്തെ രൂപവും അവിടെ ഉണ്ടായിരുന്ന ജീവനക്കാരുടെ ഔദ്യോഗിക നാമങ്ങളുമെല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തിയ വസ്തുതകളാണ്. ഇങ്ങനെ സ്വയം ബന്ധിപ്പിക്കുവാൻ സാധിക്കുന്നതും അല്ലാത്തവയുമായ ഓരോരോ പുതിയ അറിവുകൾ കായംകുളത്തും പരിസരത്തും ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു.

nivin-research-team-3

എന്തു ചോദിച്ചാലും വിരൽത്തുമ്പിൽ കിട്ടും

തിരക്കഥയെഴുത്തിനിടെ എന്തു സംശയം ചോദിച്ചാലും വളരെ അപ് ടു ഡേറ്റായി വസ്തുതകൾ ടീം നൽകിയിരുന്നുവെന്ന് സഞ്ജയ് ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഗവേഷണ സംഘം ആദ്യം മുതൽക്കേ കൃത്യമായി വിവരങ്ങൾ ക്രോഡീകരിച്ചിരുന്നു. എല്ലാം റിക്കോർഡുകളാക്കി. എന്ത് സംശയ നിവാരണത്തിനും ഈ റെക്കോഡുകളുടെ ആശ്രയിച്ചു. അവയിലൂടെ ദൂരീകരിക്കുവാൻ കഴിയാത്തത് സംശയങ്ങളുടെ നിവാരണത്തിനായി ഒരുകൂട്ടം ആളുകളുമായും സംഘം ബന്ധം നിലനിർത്തിപ്പോന്നു.

ഇങ്ങനെ മികച്ച ഒരു പ്രയത്നത്തിലൂടെ നല്ലൊരു സിനിമ നമുക്ക് ലഭിക്കുമ്പോൾ ബോളിവുഡ് സിനിമകളിലൊക്കെയുള്ളതുപോലൊരു റിസർച്ച് വിഭാഗം എന്ന പ്രവണത മലയാള സിനിമയിലെ മറ്റൊരു പുതിയ തുടക്കമാകട്ടെ എന്നാശംസിക്കാം നമുക്ക്.